Sunday, March 9, 2014

ആധാര്‍: ബിപിഎല്ലുകാരെയടക്കം സര്‍ക്കാര്‍ കബളിപ്പിച്ചു

ആധാര്‍ രജിസ്ട്രേഷന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാനത്തെ മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങളെയും ശയ്യാവലംബരെയും യാത്ര ചെയ്യാനാകാത്ത വികലാംഗരെയും സര്‍ക്കാര്‍ കബളിപ്പിച്ചു. ബിപിഎല്‍ കുടുംബത്തിലെ എല്ലാം അംഗങ്ങളും ആധാര്‍ രജിസ്റ്റര്‍ ചെയ്താല്‍ 150 രൂപ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ശയ്യാവലംബരുടെയും യാത്ര ചെയ്യാന്‍ കഴിയാത്ത വികലാംഗരുടെയും രജിസ്ട്രേഷന്‍ വീട്ടില്‍വന്ന് നടത്തുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. ബിപിഎല്ലുകാരുടെ ചെലവ് പൂര്‍ണമായും എപിഎല്ലുകാരുടേത് ഭാഗികമായും സര്‍ക്കാര്‍ വഹിക്കുമെന്ന വാഗ്ദാനവും സര്‍ക്കാര്‍ പാലിച്ചില്ല. പദ്ധതി നടപ്പാക്കാന്‍ മതിയായ പണം ലഭ്യമാണെന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ വ്യക്തമാക്കുന്നു.

ബിപിഎല്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളും ആധാര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ടില്‍ 150 രൂപ നിക്ഷേപിക്കുമെന്നാണ് ഐടി വകുപ്പിന്റെ വാഗ്ദാനം. 2011 ജൂണ്‍ 30നാണ് ഉത്തരവ് വന്നത്. ധനവകുപ്പ് ഇതിനായി പണം നല്‍കുമെന്നും ആസൂത്രണ കമീഷന്‍ പദ്ധതിക്ക് അനുവദിക്കുന്ന തുകയില്‍നിന്ന് ധനവകുപ്പിന് ഇത് വകവച്ച് നല്‍കുമെന്നും ഉത്തരവിലുണ്ട്. മന്ത്രിസഭ അംഗീകരിച്ച കണക്കനുസരിച്ച് 32,29,823 ബിപിഎല്‍ കുടുംബങ്ങളാണ് കേരളത്തില്‍. കര്‍ഷകത്തൊഴിലാളി, കൈവേല, ബീഡി, കയര്‍, അലക്ക്, ബാര്‍ബര്‍, കളിമണ്‍പാത്രം, ഈറ്റ-പനമ്പ്, മത്സ്യബന്ധനം, കൊല്ലപ്പണി, തെങ്ങുകയറ്റം, പട്ടികജാതി-വര്‍ഗം, കൂലിവേല, മത്സ്യവ്യാപാരം, ഹോട്ടല്‍, ചെറുകിടവ്യാപര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, തയ്യല്‍ക്കട-വര്‍ക്ഷോപ് തട്ടുകട-പെട്ടിക്കട നടത്തിപ്പുകാര്‍, വീട്ടുജോലി, സ്വര്‍ണപ്പണി, തെങ്ങ്-പനകയറ്റം, ലോട്ടറി ടിക്കറ്റ് വില്‍പ്പന, വഴിയോരവാണിഭം, കരകൗശലം, മണ്‍പാത്രനിര്‍മാണം, ഈറ-മുള-പനമ്പ് പണി, അലക്ക് തുടങ്ങിയ മേഖലകളില്‍ തൊഴിലെടുക്കുന്നവരെയാണ് പറ്റിച്ചത്. ഗുണഭോക്താക്കളില്‍ ഒരാള്‍ക്കുപോലും സഹായം ലഭിച്ചില്ല.

ശയ്യാവലംബരുടെയും യാത്ര ചെയ്യാന്‍ കഴിയാത്ത വികലാംഗരുടെയും വീട്ടിലെത്തി ആധാര്‍ രജിസ്ട്രേഷന്‍ നടത്തുന്നതിന് പ്രഖ്യാപിച്ച സഹായവും നിഷേധിക്കപ്പെട്ടു. ഈ വിഭാഗത്തില്‍ ഒരുലക്ഷത്തിലേറെ പേരുണ്ട്. ശയ്യാവലംബരുടെയും വികലാംഗരുടെയും വീട്ടിലെത്തി രജിസ്ട്രേഷന്‍ നടത്താന്‍ 2013 ജനുവരി 31നാണ് ഐടി വകുപ്പ് ഉത്തരവിറക്കിയത്. ബിപിഎല്‍ കുടുംബത്തിലെ ഒരാളുടെ രജിസ്ട്രേഷന് ബന്ധപ്പെട്ട ഏജന്‍സിക്ക് 150 രൂപ കേരള സ്റ്റേറ്റ് ഐടി മിഷന്‍ നല്‍കണമെന്ന് ഉത്തരവിലുണ്ട്. എപിഎല്‍ കുടുംബാംഗമാണെങ്കില്‍ ഇതില്‍ 100 രൂപ സ്വയം കണ്ടെത്തണം. 50 രൂപ ഐടി മിഷന്‍ നല്‍കും. ആധാര്‍ രജിസ്ട്രേഷന്റെ മുഖ്യ ചുമതലക്കാരായ ഐടി മിഷന് രജിസ്ട്രേഷന് 10 രൂപ വീതം യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ നല്‍കുന്നു. ഈയിനത്തില്‍ മാത്രം 35 കോടി രൂപയാണ് ഐടി മിഷന്റെ വരുമാനം. ആധാര്‍ പദ്ധതി നടത്തിപ്പിനായി ആസൂത്രണ കമീഷന്റെ പ്രത്യേക സഹായവും സംസ്ഥാനത്തിനുണ്ട്. ഐടി മിഷന്‍ ഈ തുക വകമാറ്റി ധൂര്‍ത്തടിക്കുകയാണ്.

ജി രാജേഷ്കുമാര്‍ deshabhimani

No comments:

Post a Comment