Sunday, March 9, 2014

വെറ്ററിനറി-ഡെയ്റി സയന്‍സ് കോഴ്സുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നു

തൃശൂര്‍: സംസ്ഥാനത്ത് വെറ്ററിനറി-അനിമല്‍ സയന്‍സ്, ഡെയ്റി സയന്‍സ് കോഴ്സുകളും സ്വകാര്യവല്‍ക്കരിക്കുന്നു. സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി എയ്ഡഡ്, സ്വാശ്രയ കോളേജുകളില്‍നിന്ന് വെറ്ററിനറി-ഡെയ്റി സയന്‍സ് കോഴ്സുകളുടെ രജിസ്ട്രേഷനും അഫിലിയേഷനുംവേണ്ടി കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. അടുത്ത അധ്യയന വര്‍ഷത്തില്‍ സ്വാശ്രയ കോഴ്സിനുള്ള അപേക്ഷകള്‍ മെയ് 20നകം ലഭിക്കണമെന്ന് സര്‍വകലാശാലാ രജിസ്ട്രാറുടെ വിജ്ഞാപനത്തില്‍ പറയുന്നു. സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തിന് സ്വയം പണംകണ്ടെത്തണമെന്ന യുഡിഎഫ് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് വെറ്ററിനറി കോഴ്സുകളും സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ കോഴ്സുകള്‍ക്ക് സര്‍വകലാശാല ഈടാക്കുന്ന ഫീസ് നിരക്കും വളരെ ഉയര്‍ന്നതാണ്. കോളേജുകളുടെ താല്‍ക്കാലിക അഫിലിയേഷന് ഒരുവര്‍ഷം അഞ്ചുലക്ഷം രൂപയും സ്ഥിരം അഫിലിയേഷന് 50 ലക്ഷം രൂപയുമാണ് ഫീസ്. വാര്‍ഷിക രജിസ്ട്രേഷന്‍ ഫീസ് നിരക്ക് ഇപ്രകാരം: ബിവിഎസ്സി-25,000, ബി ടെക്-20,000, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍- 10,000, ഒരു വര്‍ഷത്തെ ഡിപ്ലോമ-5,000, രണ്ടു വര്‍ഷത്തെ ഡിപ്ലോമ 10,000. സ്വാശ്രയ കോളേജുകളില്‍ 50:50 അനുപാതത്തില്‍ സീറ്റ് നല്‍കാന്‍ വ്യവസ്ഥ ചെയ്യുമ്പോള്‍ മാനേജ്മെന്റ് സീറ്റിലെ ഫീസ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനപ്പുറമാണ്. ബിവിഎസ്സി മാനേജ്മെന്റ് സീറ്റില്‍ മൂന്നുലക്ഷം രൂപയും എന്‍ആര്‍ഐ ക്വാട്ടയില്‍ ആറുലക്ഷം രൂപയുമാണ് വാര്‍ഷിക ഫീസ്. ബിടെക് ഡെയ്റി സയന്‍സിന് രണ്ടുലക്ഷം രൂപയും എന്‍ആര്‍ഐ ക്വാട്ടയില്‍ നാലുലക്ഷവുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ബിവിഎസ്സി ആന്‍ഡ് എഎച്ച്, ബിടെക് (ഡെയ്റി സയന്‍സ് ആന്‍ഡ് ടെക്നോളജി), എംടെക്, എംവിഎസ്സി തുടങ്ങിയവയാണ് നിലവിലുള്ള കോഴ്സുകള്‍. പത്തു കോഴ്സുകള്‍ പുതുതായി തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

deshabhimani

No comments:

Post a Comment