Sunday, March 9, 2014

കണ്ടമ്പാറയിലെ ആദിവാസികള്‍ക്ക് നല്‍കിയത് ആനയിറങ്ങുന്ന ഭൂമി

കോതമംഗലം: മൃഗങ്ങളുടെ ശല്യം സഹിക്കാനാവാതെ കാട്ടില്‍ നിന്നിറങ്ങിയ കുട്ടമ്പുഴയിലെ ആദിവാസികളെ പട്ടയവാഗ്ദാനം നല്‍കി സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചത് കാട്ടാനക്കൂട്ടം വിഹരിക്കുന്ന ഭൂമിയിലേക്ക്. പൂയംകുട്ടി വനമേഖലയിലെ വാരിയം കുടിയില്‍നിന്ന് ഏഴുവര്‍ഷം മുമ്പ് കണ്ടമ്പാറയില്‍ താമസം തുടങ്ങിയ 262 കുടുംബങ്ങളില്‍ 62 കുടുംബങ്ങളെയാണ് 10 സെന്റ് ഭൂമിവീതം നല്‍കി സര്‍ക്കാരിന്റെ തേക്ക് പ്ലാന്റേഷനിലേക്കു മാറ്റിയത്. ഇവിടെ അടിസ്ഥാനസൗകര്യങ്ങളോ കുടിക്കാന്‍ ശുദ്ധജലമോ ഇല്ല. സംസ്ഥാന വനംവകുപ്പിന്റെയോ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെയോ അനുമതിയോടെയല്ല സ്ഥലം നല്‍കിയത് എന്നത് പിന്നീട് വിനയായേക്കാം. അനുമതി ലഭിച്ചാല്‍തന്നെ ഇവിടെ ജീവിക്കാനാകുമോയെന്നത് കണ്ടറിയണം. മഴക്കാലത്ത് കരകവിയുന്ന പിണവൂര്‍ ക്കുടി തോടിന്റെ കരയിലാണ് ഇവര്‍ക്കു നല്‍കിയ സ്ഥലം.

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍പെടുത്തി പട്ടയം അനുവദിക്കാന്‍ മുഖ്യമന്ത്രി എറണാകുളത്തു നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലും തിരുവനന്തപുരത്തു നടന്ന പ്രത്യേക യോഗത്തിലും ടി യു കുരുവിള എംഎല്‍എയുടെ സാന്നിധ്യത്തില്‍ ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. സ്ഥലം നല്‍കുന്നതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ 10 സെന്റ് ഭൂമിവീതം നല്‍കുകയാണെന്നും തുടര്‍ന്ന് ഒരു ഹെക്ടര്‍ ഭൂമികൂടി തരാമെന്നും പറഞ്ഞാണ് കഴിഞ്ഞദിവസം പാന്തമ്പ്ര പ്ലാന്റേഷനിലെ പിണവൂര്‍ക്കുടി തോടിന്റെ കരയിലേക്കു മാറ്റിയത്. കാട്ടാനശല്യംമൂലം കൃഷിചെയ്ത് ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായി രക്ഷപ്പെടാന്‍ ഊരുമാറിയവരെ വീണ്ടും അതേ അവസ്ഥയിലേക്കുതന്നെയാണ് കൊണ്ടുചെന്നെത്തിച്ചത്. വനഭൂമിയില്‍ സ്കൂളും ആശുപത്രിയും സ്ഥാപിച്ചുനല്‍കും എന്ന വാഗ്ദാനം നല്‍കിയാണ് സ്ഥലം എംഎല്‍എ ടി യു കുരുവിള മുന്‍കൈയെടുത്ത് ഒരാഴ്ച മുമ്പ് കണ്ടമ്പാറയില്‍നിന്ന് കിലോമീറ്ററുകള്‍ മാറി കൂട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്തിനടുത്ത് മാറ്റിത്താമസിപ്പിച്ചത്. ഇവിടെ കുടില്‍ കെട്ടാന്‍ ആരംഭിച്ച കുടുംബങ്ങള്‍ക്ക് എല്ലാ ആവശ്യത്തിനും ആശ്രയം തോട്ടിലെ വെള്ളമാണ്. ഇതില്‍നിന്നുതന്നെയാണ് കാട്ടാനക്കൂട്ടങ്ങളും വെള്ളം കുടിക്കുന്നത്. ഒന്നാം തീയതി ഇവിടെയെത്തിയ ഇവര്‍ കുടില്‍ കെട്ടുന്ന പണി തുടങ്ങിയിട്ടേയുള്ളൂ. വ്യാഴാഴ്ച വൈകിട്ട് പെയ്ത മഴയില്‍ കൊച്ചുകുട്ടികളടക്കം എല്ലാവരും പണിതീരാത്ത കൂരകള്‍ക്കു കീഴെ നഞ്ഞൊലിച്ചാണ് കിടപ്പ്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പരാജയപ്പെട്ടതിനു പിന്നാലെ പട്ടയം നല്‍കാമെന്ന് വാഗ്ദാനംചെയ്ത് ആദിവാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ് എംഎല്‍എയും സര്‍ക്കാരും ചെയ്യുന്നത്. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെ നടത്തിയ നീക്കംവഴിയാധാരമാക്കുന്നത് സ്വന്തം കിടപ്പാടം ഉപേക്ഷിച്ച കാടിന്റെ മക്കളെയാകും.

deshabhimani

No comments:

Post a Comment