Sunday, March 9, 2014

"അച്ചായന്റെ കരക്കമ്പി" പൊട്ടിയത് എട്ടുനിലയില്‍

സത്യത്തില്‍ അഡ്വ. പീലിപ്പോസ് തോമസ് സിപിഐ എം സ്ഥാനാര്‍ഥിയായത് കോണ്‍ഗ്രസുകാരെ ഞെട്ടിച്ചു എന്നതില്‍ അത്ഭുതമില്ല. സാധാരണക്കാര്‍ക്കും മറ്റ് രാഷ്ട്രീയ പാര്‍ടികള്‍ക്കും അക്കാര്യം കൗതുകമാകുകയും ചെയ്തു. എന്നാല്‍, മലയാള മനോരമയ്ക്ക് അക്കാര്യം അങ്ങോട്ട് വിശ്വസിക്കാനുമാകുന്നില്ല. വ്യാഴാഴ്ചത്തെ പത്രത്തില്‍പ്പോലും അവര്‍ അത് പ്രകടമാക്കിയിട്ടുണ്ട്. പീലിപ്പോസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച "കഥ" നേരത്തെ തന്നെ "അന്തരീക്ഷത്തില്‍" ഉണ്ടെന്നും അദ്ദേഹം അത് നിഷേധിച്ചിട്ടുണ്ടെന്നുമാണ് വ്യാഴാഴ്ചത്തെ "കരക്കമ്പി"യില്‍ മനോരമ പ്രഖ്യാപിക്കുന്നത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പലായിരുന്ന പ്രൊഫ. ജേക്കബ് ജോര്‍ജ്, മാധ്യമ പ്രവര്‍ത്തകയായ വീണ ജോര്‍ജ്, പിന്നെ സിപിഐ എം നേതാക്കളുടെ പേരുകള്‍ എല്ലാം "കരക്കമ്പി"യില്‍ വിവരിക്കുന്നു. ഒടുവില്‍ മണ്ഡലം കേരള കോണ്‍ഗ്രസിന് വെച്ചുമാറാന്‍ ഇടയുണ്ടെന്നും പി സി തോമസിന്റെ മുഖമാണ് തെളിയുന്നത് എന്നുവരെ വച്ചുകാച്ചി.

വെള്ളിയാഴ്ച നേരം വെളുത്തപ്പോള്‍ ഭാവം മാറി. ഒന്നാം പേജ് സൂപ്പര്‍ലീഡില്‍ "പത്തനംതിട്ട: പീലിപ്പോസ് തോമസ് സിപിഎം സ്ഥാനാര്‍ഥി" എന്ന തലക്കെട്ടും വാര്‍ത്തയും കണ്ട് വായനക്കാരാണ് ഞെട്ടിയത്. "അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി" പീലിപ്പോസിനെ പ്രഖ്യാപിക്കാനും മടിച്ചില്ല. കാഴ്ചപ്പാട് പേജാകട്ടെ ബ്ലാക്ക് ആന്‍ഡ് വൈറ്റിലും തിളങ്ങുന്നു. സിപിഐ എം സ്ഥാനാര്‍ഥികളുടെ ഗംഭീര ചിത്രങ്ങള്‍, ഉപതലക്കെട്ടിലും പീലിപ്പോസിന് പ്രത്യേക പരിഗണന, പ്രത്യേക ഐറ്റത്തിലും കാര്യമായ പരാമര്‍ശം. തീര്‍ന്നില്ല, 13-ാം പേജില്‍ ബോക്സ് ഐറ്റവും. (ഉരുണ്ടു കളിച്ചാല്‍ ഇങ്ങനെയൊക്കെ വേണം എന്നാണ് ഇതു നല്‍കുന്ന മാധ്യമ പാഠം).

അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വം മനോരമയ്ക്കുണ്ടാക്കിയ അങ്കലാപ്പാണ് വെള്ളിയാഴ്ച പ്രകടിപ്പിച്ചതെങ്കിലും അവരുടെ രാഷ്ട്രീയ താല്‍പര്യവും തനിനിറവും വ്യക്തമാക്കുന്നതായിരുന്നു 13-ാം പേജിലെ ബോക്സ് ഐറ്റത്തിന്റെ ഉള്ളടക്കം. ആറന്മുള വിഷയത്തില്‍ ജില്ല-സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ നിലപാടിനെതിരായ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചപ്പോള്‍ സ്വന്തം ഗ്രൂപ്പില്‍ നിന്നുപോലും പിന്തുണ ലഭിച്ചില്ലത്രേ. ജില്ല കോണ്‍ഗ്രസ് നേതൃത്വം പാര്‍ടി പരിപാടികളില്‍ വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴും പീലിപ്പോസ് നിലപാട് മാറ്റിയില്ലെന്നും ചെമ്പന്‍മുടി പാറമട ഖനത്തിനെതിരെ നിലപാട് എടുത്തുവെന്നും പറയുന്നുണ്ട്. ഇപ്പോഴെങ്കിലും അത് തുറന്ന് പറഞ്ഞത് നന്നായി. നിലപാടുകള്‍ എടുത്തപ്പോഴും അതിന് പ്രത്യാഘാതം ഉണ്ടായപ്പോഴും കണ്ടില്ലെന്നു നടിച്ചവര്‍ ഇപ്പോഴെങ്കിലും അത് സമ്മതിച്ചല്ലോ?.

പണ്ട് ഒരമ്മാവന്‍ അന്ത്യാഭിലാഷമായി "ഒരു പാരകൂടി" തന്നേക്കാന്‍ അനന്തിരവന്മാരോട് പറഞ്ഞതുപോലെയാണ് "ബോക്സിലെ" കാര്യങ്ങള്‍. മുഖ്യമന്ത്രിയുടെ വേദി പങ്കിട്ടയാള്‍ക്ക് വേണ്ടി എങ്ങിനെ വോട്ടു ചോദിക്കുമെന്നതാണത്രേ ഇടതുപക്ഷം നേരിടുന്ന സൈദ്ധാന്തിക പ്രശ്നം. തീര്‍ന്നില്ല, വിമാനത്താവള വിഷയം കത്തി നില്‍ക്കുന്ന മണ്ഡലത്തില്‍നിന്ന് സിപിഐ എമ്മിന് ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാതിരുന്നതും മനോരമയെ വല്ലാതെ വേദനിപ്പിക്കുന്നുവത്രേ. മൂന്നു തവണ എതിരിട്ട സ്ഥാനാര്‍ഥിക്കു വേണ്ടി എങ്ങിനെ വോട്ടര്‍മാരെ അഭിമുഖീകരിക്കുമെന്നതാണ് റാന്നി മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പ്രശ്നമെന്നും മനോരമ വിലപിക്കുന്നു. സിന്ധു ജോയിയെയും എ പി അബ്ദുള്ളക്കുട്ടിയെയും സെല്‍വരാജിനെയും പാര്‍ട്ടിക്കെതിരായി ഉപയോഗിച്ചപ്പോള്‍ ഉണ്ടാകാത്ത സൈദ്ധാന്തിക പ്രശ്നമാണ് ഇപ്പോള്‍ മനോരമ ഉന്നയിക്കുന്നത്.അന്ന് മനോരമ വിശുദ്ധരാക്കിയ അബ്ദുള്ളക്കുട്ടിയെയും സാക്ഷിയെന്ന നിലയില്‍ സെല്‍വരാജിനെയും സരിതാ നായര്‍ക്കറിയാം എന്ന കാര്യവും മറക്കാതിരിക്കുന്നതാണ് നന്ന്. സിന്ധുജോയിയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. എന്നാലും സന്തോഷമായി ഗോപിയേട്ടാ... പീലിപ്പോസിന് വേണ്ടി ഇത്രയേറെ സ്ഥലം മാറ്റിവച്ചല്ലോ? ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളു എന്നും അറിയാവുന്നവരാണല്ലോ നാട്ടുകാര്‍.

deshabhimani

No comments:

Post a Comment