Sunday, March 9, 2014

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

ശൂരനാട്: ഡിവൈഎഫ്ഐ നേതാവിനെ ആര്‍എസ്എസ് സംഘം വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ശൂരനാട് ഏരിയസെക്രട്ടറിയും തഴവ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ വി ബിനു (35)വിനെയാണ് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തടസ്സം പിടിക്കാനെത്തിയ അച്ഛനമ്മമാരെയും സംഘം ക്രൂരമായി മര്‍ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ആര്‍ എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്കു ഗുരുതരമായി വെട്ടേറ്റ ബിനുവിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനുവിന്റെ തലയില്‍ 18 തുന്നലിട്ടു. ഇടതുകൈ ഒടിഞ്ഞു. വാരിയെല്ല് ചതയുകയും ചെയ്തു.

വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്കാണ് സംഭവം. അച്ഛന്‍ മെഴുവേലിത്തറ വാസവന്‍ (70), അമ്മ രത്നമ്മ എന്നിവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാവണ്ണൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ കച്ചവടക്കാരില്‍ ചിലരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഇത് ഡിവൈഎഫ്ഐ സൊസൈറ്റിമുക്ക് യൂണിറ്റ് പ്രസിഡന്റ് ഉണ്ണിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തു. തുടര്‍ന്ന് വീടിനു സമീപം ഒളിച്ചുനിന്ന് ഗുണ്ടാസംഘം രാത്രി ഒമ്പതരയോടെ വീട്ടിലെത്തിയ ബിനുവിനെ മാരകായുധങ്ങളുമായി വെട്ടുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് തഴവയില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. എവിഎച്ച്എസ് ജങ്ഷനില്‍ ചേര്‍ന്ന പ്രതിഷേധയോഗം സിഐടിയു ജില്ലാപ്രസിഡന്റ് ഇ കാസിം ഉദ്ഘാടനംചെയ്തു. എം ഗംഗാധരക്കുറുപ്പ്, എം ശിവശങ്കരപ്പിള്ള, വി വി ജയകുമാര്‍, അഡ്വ. ആര്‍ അമ്പിളിക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. തഴവ, തൊടിയൂര്‍ മേഖലയിലെ ആര്‍എസ്എസ് ക്വട്ടേഷന്‍ സംഘാംഗങ്ങളായ വിഷ്ണു, ദിലീപ്, അഖില്‍, അജയന്‍, വിജിത് എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

deshabhimani

No comments:

Post a Comment