Wednesday, March 12, 2014

ആളില്ലാപ്പാര്‍ടിക്ക് പാലക്കാട്; കോണ്‍ഗ്രസില്‍ അമര്‍ഷം

പാലക്കാട്: "ആരുമില്ലാ പാര്‍ടിക്ക് പാര്‍ലമെന്റ് സീറ്റ് വില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളേ, കോണ്‍ഗ്രസിനെ കൊല്ലാതിരുന്നുകൂടേ" പാലക്കാട് മണ്ഡലം സോഷ്യലിസ്റ്റ് ജനതക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി ഉയര്‍ത്തിയ ബാനറുകളിലെ ചോദ്യമാണിത്. മണ്ഡലം രൂപീകരണംതൊട്ട് പാലക്കാട് പാര്‍ലമെന്റ് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിനെ ഒഴിവാക്കി അഞ്ച്വര്‍ഷം മുമ്പ് യുഡിഎഫില്‍ ഘടകകക്ഷിയായ സോഷ്യലിസ്റ്റ് ജനതയ്ക്ക് സീറ്റ് നല്‍കിയതില്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അമര്‍ഷം പുകയുകയാണ്. ആളില്ലാത്ത പാര്‍ടിക്ക് സീറ്റ് നല്‍കി ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാകെ നേതൃത്വം അപമാനിച്ചെന്നാണ് വിമര്‍ശം.

കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിയായിരുന്നു കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഐ എമ്മിലെ എം ബി രാജേഷിനോടാണ് പരാജയപ്പെട്ടത്. ഇത്തവണ ജില്ലയിലെ കോണ്‍ഗ്രസിനുതന്നെ സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. അതിന് കളമൊരുക്കാന്‍ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപക്ഷയാത്രയും സംഘടിപ്പിച്ചു. ഒപ്പം ഫണ്ട് ശേഖരണവും നടത്തി. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെത്തന്നെ പാലക്കാട് സീറ്റില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഐ ഗ്രൂപ്പിന് അവകാശപ്പെട്ട പാലക്കാട് സീറ്റ് ഏതുവിധേനയും ഒഴിവാക്കണമെന്ന വാശിയിലായിരുന്നു എ വിഭാഗം. അത് സാധിച്ചതിലുള്ള ആഹ്ലാദത്തിലാണ് എ വിഭാഗം.

വി എസ് വിജയരാഘവന്‍, വി കെ ശ്രീകണ്ഠന്‍, വി സി കബീര്‍, എ വി ഗോപിനാഥ്, ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ എന്നിവരുടെ പേരുകള്‍ നേതൃത്വം മുന്നോട്ടുവച്ചിരുന്നു. അതൊഴിവാക്കിയാണ് ഏകപക്ഷീയമായി സീറ്റ് വീരന്റെ പാര്‍ടിക്ക് നല്‍കിയത്. ഒരുബൂത്തില്‍പോലും ആളില്ലാത്ത പാര്‍ടിയാണ് എസ്ജെഡി. എല്‍ഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് യുഡിഎഫിലെത്തിയതോടെ അണികളില്‍ ഭൂരിഭാഗവും ഇടതുചേരിയില്‍ത്തന്നെ ഉറച്ചുനിന്നു. ഈ പ്രബല വിഭാഗം കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞമാസം ജനതാദള്‍ എസില്‍ ലയിച്ചതോടെ വീരന്റെ പാര്‍ടി ജില്ലയില്‍ പേരിന് മാത്രമായി.

എസ്ജെഡി നാണംകെട്ടു

കോഴിക്കോട്: എം പി വീരേന്ദ്രകുമാറിന്റെയും സോഷ്യലിസ്റ്റ് ജനതാദളിന്റെയും (എസ്ജെഡി) വീരവാദങ്ങള്‍ തകര്‍ന്നടിഞ്ഞു. വടകര, വയനാട് സീറ്റുകള്‍ യുഡിഎഫ് നിഷേധിച്ചിട്ടും വീരേന്ദ്രകുമാറിന് മിണ്ടാട്ടമില്ല. കോണ്‍ഗ്രസിന്റെ ദയയില്‍ കിട്ടിയ പാലക്കാട് മണ്ഡലവുമായി ഒതുങ്ങിയിരിക്കയാണ് വീരേന്ദ്രകുമാര്‍. കഴിഞ്ഞതവണ വടകരയില്‍ ജയിച്ചത് തങ്ങളുടെ ശക്തിയിലാണെന്നായിരുന്നു എസ്ജെഡി അവകാശവാദം. തങ്ങള്‍ക്ക് കോഴിക്കോട് സീറ്റ് നിഷേധിച്ചെന്ന് പറഞ്ഞാണ് വീരനും അനുയായികളും ഇടതുമുന്നണി വിട്ടത്. വയനാട് സീറ്റ് എന്ന എല്‍ഡിഎഫ് വാഗ്ദാനമടക്കം തള്ളിയാണ് അന്ന് വലതുപക്ഷത്തേക്ക് ചാഞ്ഞത്. ഇക്കുറി വയനാട്, വടകര ഇതിലേതെങ്കിലും കിട്ടിയേതീരുവെന്ന് അന്ത്യശാസനം നല്‍കിയിരുന്നു വീരേന്ദ്രകുമാര്‍. വടകരയാണ് താല്‍പര്യമെന്ന് പലകുറി പരസ്യമായി വ്യക്തമാക്കി. മാതൃഭൂമി പത്രവും ചാനലും ആയുധമാക്കിയായിരുന്നു സമ്മര്‍ദങ്ങള്‍. വടകരയില്‍ തങ്ങളുടെ പാര്‍ടിക്ക് ഒരുലക്ഷം വോട്ടുണ്ടെന്നാണ് പ്രചരിപ്പിച്ചത്. എന്നാല്‍ വടകര നിയമസഭാ സീറ്റിലടക്കം തോറ്റ എസ്ജെഡിയുടെ അവകാശവാദം കോണ്‍ഗ്രസ് നേതൃത്വം മുഖവിലക്കെടുത്തില്ല. കോഴിക്കോട് ഡിസിസി വീരേന്ദ്രകുമാറിന് സീറ്റ് കൊടുക്കുന്നതിനെ പരസ്യമായി വിമര്‍ശിച്ചു. ഇതിനിടയില്‍ ഡല്‍ഹിയില്‍ എ കെ ആന്റണിയെ കണ്ടും മുസ്ലിംലീഗ് വഴിയുമെല്ലാം വീരേന്ദ്രകുമാര്‍ ഇടപെടല്‍ നടത്തി. വയനാട്ടില്‍ എം ഐ ഷാനവാസിനെ ലീഗ് എതിര്‍ത്തതും ഇതേ അജന്‍ഡ പ്രകാരമായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിലും ആന്റണിയിലും തുടര്‍ച്ചയായി സ്വാധീനം ചെലുത്തിയതോടെ വടകര കിട്ടില്ലെന്നുറപ്പായി. മാര്‍ക്സിസ്റ്റ്വിരുദ്ധസംഘമായ ആര്‍എംപി വഴിയും കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുല്ലപ്പള്ളി സമ്മര്‍ദം ചെലുത്തിയിരുന്നു.

വടകരയില്ലെങ്കില്‍ വയനാട് കിട്ടിയേ തീരൂ എന്ന ആവശ്യം ഇതോടെ വീരേന്ദ്രകുമാര്‍ ഉയര്‍ത്തി. മകന്‍ എം വി ശ്രേയാംസ്കുമാറിനെ ലോക്സഭയില്‍ സ്ഥാനാര്‍ഥിയാക്കി കല്‍പറ്റ നിയമസഭാസീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്നടക്കം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. എന്നാല്‍ വീരേന്ദ്രകുമാറിന്റെ പാര്‍ടി വന്നശേഷം കല്‍പറ്റയില്‍ യുഡിഎഫിലുണ്ടായ വോട്ട്വര്‍ധന 700 മാത്രമായിരുന്നു. ഈ കണക്ക് അവതരിപ്പിച്ച് ലോക്സഭാ സീറ്റ് കൊടുക്കരുതെന്ന് ഡിസിസി ശക്തമായി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് വേണ്ടാത്ത സീറ്റാണ് ദാനം ചെയ്ത പാലക്കാട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായ സീറ്റ് നല്‍കി അപമാനിച്ച അതേ അവസ്ഥയാണ് എസ്ജെഡി നേരിടുന്നത്. കെ കൃഷ്ണന്‍കുട്ടിയടക്കം മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ ഈയടുത്താണ് പാലക്കാട്ടുനിന്ന് വലിയൊരുവിഭാഗം എസ്ജെഡി വിട്ട് ജനതാദളില്‍ ചേര്‍ന്നത്. ഇതോടെ പാലക്കാട് മേല്‍വിലാസമില്ലാതായി. പ്ലാച്ചിമടയിലെ കൊക്കകോള സമരമടക്കം അട്ടിമറിക്കാന്‍ കോളക്കമ്പനിയുമായി ഒത്തുകളിച്ചെന്ന ആരോപണമുള്ളതിനാല്‍ വീരനും പാര്‍ടിക്കും പാലക്കാട്ടെ മത്സരം കടുത്തതാകും.


No comments:

Post a Comment