Wednesday, March 12, 2014

പൊറ്റെക്കാട്ട് X അഴീക്കോട്

തലശേരി: സാഹിത്യകാരന്മാര്‍ക്ക് അങ്കത്തട്ടൊരുക്കിയ ചരിത്രഭൂമിയാണ് തലശേരി. വടക്കേ വയനാട് ഉള്‍പ്പെട്ട പഴയ തലശേരി മണ്ഡലത്തിലാണ് സാഹിത്യത്തറവാട്ടിലെ പ്രമാണിമാരായ എസ് കെ പൊറ്റെക്കാട്ടും സുകുമാര്‍ അഴീക്കോടും പോരിനിറങ്ങിയത്. കേരളത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച തീപാറിയ പോരാട്ടമായിരുന്നു അത്. കമ്യൂണിസ്റ്റ് പിന്തുണയോടെ സ്വതന്ത്രനായി ദേശത്തിന്റെ കഥാകാരന്‍ ജനവിധി തേടിയപ്പോള്‍ അഴീക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. 1962ല്‍ മൂന്നാം ലോക്സഭയിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ ജനവിധി എസ് കെ പൊറ്റെക്കാടിന് അനുകൂലമായിരുന്നു. പൂവന്‍കോഴി ചിഹ്നത്തില്‍ മത്സരിച്ച് 64,950 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഴീക്കോടിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. പൊറ്റെക്കാടിന് 2,16,836ഉം അഴീക്കോടിന് 1,51,886ഉം വോട്ട് ലഭിച്ചു.

തലശേരി മണ്ഡലത്തില്‍ എസ് കെ പൊറ്റെക്കാടിന്റെ രണ്ടാമത് ജനവിധിയായിരുന്നു 1962ലേത്. 1957ലെ രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പിലും പൊറ്റെക്കാടായിരുന്നു കമ്യൂണിസ്റ്റ് പിന്തുണയോടെ മത്സരിച്ചത്. എതിരാളിയാകട്ടെ എം കെ ജിനചന്ദ്രനും. ആദ്യതെരഞ്ഞെടുപ്പില്‍ വിജയം വഴിമാറിയത് കേവലം 1,382 വോട്ടിനായിരുന്നു. 1,10,114 വോട്ട് ജിനചന്ദ്രനും 1,08,732 വോട്ട് പൊറ്റെക്കാടിനും ലഭിച്ചു. മണ്ഡല പുനര്‍വിഭജനത്തോടെ തലശേരി ലോക്സഭാമണ്ഡലത്തിലുള്‍പ്പെട്ട പ്രദേശങ്ങള്‍ കണ്ണൂര്‍, വടകര മണ്ഡലത്തിന്റെ ഭാഗമായി. കഴിഞ്ഞ മണ്ഡല വിഭജനത്തോടെ കണ്ണൂരിനും വടകരക്കും പുറമെ വയനാട് മണ്ഡലത്തിന്റെകൂടി ഭാഗമായി പഴയ തലശേരി മണ്ഡലത്തിലെ ചിലഭാഗങ്ങള്‍. മണ്ഡലം ചരിത്രത്തിന്റെ ഭാഗമായെങ്കിലും ഇടതുപക്ഷത്തിനൊപ്പമായിരുന്നു എന്നും തലശേരിയുടെ മനസ്. അതിന്നും മാറ്റമില്ലാതെ തുടരുന്നു.

deshabhimani

No comments:

Post a Comment