Friday, March 7, 2014

എയര്‍ ഇന്ത്യയും വിറ്റുതുലയ്ക്കുന്നു

കേന്ദ്രസര്‍ക്കാര്‍ അധീനതയിലുള്ള എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റുതുലയ്ക്കണമെന്ന് നിര്‍ദേശം. രാജ്യത്തെ ഗതാഗതമേഖലകളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച രാകേഷ് മോഹന്‍ കമ്മിറ്റിയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. വരുന്ന അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാര്‍ ഓഹരി 26 ശതമാനത്തില്‍ എത്തിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ രാകേഷ് മോഹന്‍ അധ്യക്ഷനായ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് പോളിസി കമ്മിറ്റി (എന്‍ടിഡിപിസി) സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

വ്യോമഗതാഗതമുള്‍പ്പെടെയുള്ള മേഖലകളെക്കുറിച്ച് പഠിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമാണ് 2010ല്‍ കേന്ദ്രസര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. മൂന്ന് വോള്യങ്ങളുള്ള റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. എയര്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ ഓഹരി ഇത്തരത്തില്‍ തുടരുന്നതിന് ന്യായമില്ലെന്നാണ് പ്രധാന കണ്ടെത്തല്‍. അഞ്ചുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിച്ചെങ്കില്‍മാത്രമേ പ്രഖ്യാപിതലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കൂ എന്നും റിപ്പോര്‍ട്ട് പറയുന്നു. എയര്‍ ഇന്ത്യയില്‍ മൂലധനം വര്‍ധിപ്പിക്കാന്‍ സാധിക്കണം, ഭരണഘടനയില്‍ സമൂലമായ മാറ്റംവരുത്തണം, എയര്‍ ഇന്ത്യയുടെ ചില വിഭാഗങ്ങളെ വിഭജിച്ച് സ്വതന്ത്രമാക്കി കോര്‍പറേറ്റുവല്‍ക്കരിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു. ഇതിന് സര്‍ക്കാര്‍ ഓഹരി 26 ശതമാനമായി കുറച്ചാല്‍മാത്രമേ ഇതിന് സാധിക്കൂ എന്നാണ് കണ്ടെത്തല്‍. ഇപ്പോഴത്തെ നിലയില്‍ എയര്‍ ഇന്ത്യയുടെ ഭാവി ശുഭകരമാകില്ലെന്ന് വിലയിരുത്തുന്ന കമ്മിറ്റി, ആവശ്യത്തിലധികം ജീവനക്കാരെ നിയമിക്കുന്നതും മത്സരാധിഷ്ഠിതമായി സാങ്കേതികവിദ്യ ഉറപ്പാക്കാന്‍ സാധിക്കാത്തതും എയര്‍ഇന്ത്യയുടെ നഷ്ടത്തിന് കാരണമാകുന്നതായും വിശദീകരിക്കുന്നു.

deshabhimani

No comments:

Post a Comment