Friday, March 7, 2014

അന്വേഷണം അവസാനിപ്പിക്കാന്‍ തരൂരിന്റെ കത്ത്

സുനന്ദ പുഷ്കറിന്റെ അസ്വാഭാവികമരണത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂര്‍ വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു. തെരഞ്ഞെടുപ്പുവിജ്ഞാപനം ഇറങ്ങുന്നതിനുമുമ്പ് കേസ് ഏതുവിധേനയും അവസാനിപ്പിക്കുകയെന്ന ലക്ഷ്യമാണ് തരൂരിന്. കേസ് അധികം നീട്ടരുതെന്ന് സുനന്ദയുടെ മരണത്തിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയ്ക്ക് അയച്ച കത്തില്‍ തരൂര്‍ ആവശ്യപ്പെട്ടിരുന്നു. ഒന്നരമാസം പിന്നിട്ടിട്ടും കേസ് അവസാനിപ്പിക്കാത്തതില്‍ തരൂര്‍ അസ്വസ്ഥനാണ്. തെരഞ്ഞെടുപ്പുവിജ്ഞാപനം ഇറങ്ങിയാല്‍ ഡല്‍ഹി പൊലീസിനുമേല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള സ്വാധീനം നഷ്ടമാകും.

സുനന്ദയുടെ ആന്തരികാവയവങ്ങള്‍ ഡല്‍ഹി പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് ഇനിയും ലഭ്യമാകാത്ത സാഹചര്യത്തിലാണ് അന്വേഷണം നീളുന്നത്. ഈ റിപ്പോര്‍ട്ടുകൂടി കിട്ടിയാല്‍ കേസ് തരൂരിന് അനുകൂലമായി അവസാനിപ്പിക്കാന്‍ പൊലീസ് ഒരുക്കവുമാണ്. എന്നാല്‍,റിപ്പോര്‍ട്ട് നീണ്ടുപോവുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്താല്‍ പൊലീസ് നിലപാട് മാറുമോയെന്ന ആശങ്കയാണ് തരൂരിനുള്ളത്.

സുനന്ദയുടെ മരണത്തില്‍ ബന്ധുക്കള്‍ക്കൊന്നും പരാതിയില്ലെന്ന ന്യായമാണ് ഡല്‍ഹി പൊലീസ് മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, സുനന്ദയുടെ ശരീരത്തിലെ മുറിവുകളെക്കുറിച്ചോ കുത്തിവയ്പിന്റെ പാടിനെക്കുറിച്ചോ അന്വേഷണത്തിന് പൊലീസ് തയ്യാറായിട്ടില്ല. പ്രാഥമികറിപ്പോര്‍ട്ട് തയ്യാറാക്കി സബ്ഡിവിഷണല്‍ മജിസ്ട്രേട്ട് മൊഴിയെടുത്തതല്ലാതെ തരൂരിനെ ചോദ്യംചെയ്യാന്‍പോലും പൊലീസ് തയ്യാറായിട്ടില്ല. കേസന്വേഷണം ക്രൈംബ്രാഞ്ചിനാണ് ആദ്യം വിട്ടിരുന്നതെങ്കിലും അവര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഐപിഎസ്തലത്തില്‍ നടക്കേണ്ടിയിരുന്ന അന്വേഷണം ബോധപൂര്‍വം അട്ടിമറിക്കുകയായിരുന്നു. ഉന്നതങ്ങളില്‍നിന്ന് സമ്മര്‍ദമുണ്ടായെന്ന കാരണമാണ് കേസ് ഫയല്‍ മടക്കാന്‍ ക്രൈംബ്രാഞ്ച് ന്യായമാക്കിയത്.

deshabhimani

No comments:

Post a Comment