Friday, March 14, 2014

വഞ്ചനയ്ക്ക് തിരിച്ചടി നല്‍കാന്‍

കൊല്ലം: തൊഴിലാളിവര്‍ഗത്തിന് നിര്‍ണായക സ്വാധീനമുള്ള കൊല്ലം ലോക്സഭാ മണ്ഡലത്തിന് ഇടതുപക്ഷ മനസ്സാണ്. കയര്‍, കശുവണ്ടി, മത്സ്യം തുടങ്ങിയ പരമ്പരാഗതവ്യവസായവും കൃഷിയും അനുബന്ധതൊഴിലുമാണ് മണ്ഡലത്തിലെ സാമ്പത്തിക ജീവിതത്തെ നയിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ ഇവയെയെല്ലാം കടുത്ത പ്രതിസന്ധിയിലാക്കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയോരജനതയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പറ്റിയ കൈപ്പിഴയ്ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ ഒരുങ്ങുകയാണ് കൊല്ലം ജനത. അവസാനിമിഷം കൂറുമാറി യുഡിഎഫില്‍ ചേക്കേറിയ ആര്‍എസ്പിയുടെ വഞ്ചനയില്‍ കടുത്ത അമര്‍ഷമാണ് ജനങ്ങളില്‍. ആര്‍എസ്പിക്കകത്തും ഈ തീരുമാനം കടുത്ത എതിര്‍പ്പിന് ഇടയാക്കി.

കൊല്ലം, കുണ്ടറ, ഇരവിപുരം, ചാത്തന്നൂര്‍, ചടയമംഗലം, പുനലൂര്‍, ചവറ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കൊല്ലം ലോക്സഭാ മണ്ഡലം. വോട്ടര്‍മാര്‍ 11,95,763. പുരുഷന്മാര്‍ 5,61,904, സ്ത്രീകള്‍ 6,33,859. 2009ല്‍നിന്നും 2014ല്‍ എത്തുമ്പോള്‍ 92,343 വോട്ടര്‍മാര്‍ കൂടുതല്‍. 1119 ബൂത്തുകളാണുള്ളത്.

1952ല്‍ നിലവില്‍വന്ന കൊല്ലം മണ്ഡലം കൊല്ലം, മാവേലിക്കര ദ്വയാംഗ മണ്ഡലമായിരുന്നു. അന്ന് കൊല്ലത്ത് ആര്‍എസ്പി നേതാവ് എന്‍ ശ്രീകണ്ഠന്‍നായരും മാവേലിക്കരയില്‍ ആര്‍എസ്പിയിലെ തന്നെ ആര്‍ വേലായുധനും ജയിച്ചു. 1957ലും ദ്വയാംഗസ്വഭാവം നിലനിര്‍ത്തിയ മണ്ഡലത്തില്‍ വി പി നായരും പി കെ കൊടിയനും യഥാക്രമം കൊല്ലം, മാവേലിക്കര മണ്ഡലങ്ങളില്‍ വിജയം നേടി. 1962ല്‍ മണ്ഡലം ദ്വയാംഗസ്വഭാവം കൈവെടിഞ്ഞു. 62, 67, 71, 77 വര്‍ഷങ്ങളില്‍ ആര്‍എസ്പിക്കുവേണ്ടി എന്‍ ശ്രീകണ്ഠന്‍നായര്‍ വിജയം ആവര്‍ത്തിച്ചു. 1980ല്‍ കോണ്‍ഗ്രസിലെ ബി കെ നായര്‍ ജയിച്ചു. ഐഎഎസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലെത്തിയ എസ് കൃഷ്ണകുമാറിനായിരുന്നു അടുത്ത ഊഴം. 1984, 89, 91 തെരഞ്ഞെടുപ്പുകളില്‍ കൃഷ്ണകുമാര്‍ ലോക്സഭയിലെത്തി. 96ലും 98ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എന്‍ കെ പ്രേമചന്ദ്രന്‍ ജയിച്ചു. 1999, 2004 തെരഞ്ഞെടുപ്പുകളില്‍ സിപിഐ എം നേതാവ് പി രാജേന്ദ്രന്‍ വിജയിച്ചു. 2004ല്‍ പി രാജേന്ദ്രന്റെ ഭൂരിപക്ഷം 1,11,071 വോട്ടാണ്. 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍ പീതാംബരക്കുറുപ്പ് 17,531 വോട്ടുകള്‍ക്ക് വിജയിച്ചു.

എന്നാല്‍, 2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ലോക്സഭാ മണ്ഡലത്തിലെ ഏഴില്‍ ആറ് അംസംബ്ലി മണ്ഡലങ്ങളിലും എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചു. ആറ് മണ്ഡലങ്ങളിലായി 79,502 വോട്ടുകള്‍ക്ക് മുന്നിലാണ് എല്‍ഡിഎഫ്. എംപിയെന്ന നിലയില്‍ പീതാംബരക്കുറുപ്പ് പൂര്‍ണപരാജയമായിരുന്നു. കാര്യമായ പദ്ധതികളൊന്നും കൊണ്ടുവരാനായില്ല. നടി ശ്വേത മേനോനെ അപമാനിച്ച എന്‍ പീതാംബരക്കുറുപ്പിന്റെ നടപടി ഏറെ വിവാദമായിരുന്നു. എംപിയുടെ പ്രവര്‍ത്തനം, മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരെ രക്ഷിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ രഹസ്യനീക്കം, ജനദ്രോഹനയങ്ങള്‍ എന്നിവയ്ക്കെതിരെ ജനങ്ങള്‍ക്ക് ശക്തമായി പ്രതികരിക്കാനുള്ള വേദിയായി തെരഞ്ഞെടുപ്പ് മാറും.

deshabhimani

No comments:

Post a Comment