Friday, March 14, 2014

അവര്‍ ചോദ്യം ചെയ്തത് എന്റെ രാഷ്ട്രീയ സത്യസന്ധതയെ: പീലിപ്പോസ് തോമസ്

2013 ജനുവരിയില്‍ ദേശാഭിമാനിക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ മുന്‍ പ്ലാനിങ് ബോര്‍ഡംഗവും എഐസിസി അംഗവുമായ അഡ്വ. പീലിപ്പോസ് തോമസ് പറഞ്ഞത് ആറന്മുള വിമാനത്താവള പദ്ധതി "എന്‍റോണ്‍" ആണെന്നാണ്. രാജ്യത്തിന്റെ അനുഭവങ്ങള്‍ നിരീക്ഷിക്കുന്ന ഒരാള്‍ക്ക് മാത്രമേ ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേരാനാകൂ. വിമാനത്താവള പദ്ധതിക്കെതിരായ ശക്തമായ നിലപാട് കൂടിയായിരുന്നു അത്. താന്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ പ്രയാണത്തിലും ദൈനംദിന സാമൂഹ്യ ജീവിതത്തിലുമെല്ലാം നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും അതില്‍ വിട്ടുവീഴ്ച ചെയ്യാതിരുന്നയാളുമാണ് അഡ്വ. പീലിപ്പോസ് തോമസ്. അദ്ദേഹത്തിന്റെ "ഉറച്ച നിലപാടുകള്‍" തന്നെയായിരുന്നു അദ്ദേഹത്തിന്റെ ശത്രുവും. ആ ശത്രുത അദ്ദേഹത്തിന് സമ്മാനിച്ചത് സ്വന്തം പ്രസ്ഥാനത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തലും അവഗണനയുമായിരുന്നു. അദ്ദേഹമിപ്പോള്‍ തിരിച്ചറിവിന്റെ പാതയിലാണ്. അക്കാര്യത്തിലും "നിലപാടുകളെ" മുറുകെ പിടിക്കുന്ന പീലിപ്പോസ് തോമസ് മനസ്സ് തുറക്കുകയാണിവിടെ.

"1999ല്‍ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്നു. പത്തനംതിട്ട ഡിസിസി പ്രസിഡന്റായിരുന്ന ഞാനാണ് അന്ന് ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍. രമേശ് വിജയിച്ചപ്പോള്‍ അവര്‍ (പാര്‍ടിയിലെ അദൃശ്യ അധികാരകേന്ദ്രം) എന്നോട് ചോദിച്ചു കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്തതെന്തിനെന്ന്. വല്ല ഒഴിവും പറഞ്ഞ് പോരാമായിരുന്നില്ലേ എന്നും ചോദിച്ചു. 2004ല്‍ വീണ്ടും രമേശ് ചെന്നിത്തല മത്സരിച്ചു. അന്ന് അഡ്വ. കെ ശിവദാസന്‍ നായരാണ് ഡിസിസി പ്രസിഡന്റും ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനറും. രമേശ് തോറ്റു. അദൃശ്യ അധികാര കേന്ദ്രം അതില്‍ തെറ്റൊന്നും കണ്ടില്ല. ചോദ്യവും ഉണ്ടായില്ല.

2001ല്‍ കെ കരുണാകരന്‍ ഇടപെട്ടാണ് ആറന്മുള നിയോജക മണ്ഡലത്തില്‍ മാലേത്ത് സരളാദേവിയെ സ്ഥാനാര്‍ഥിയാക്കിയത്. ശിവദാസന്‍ നായര്‍ പ്രചാരണം തുടങ്ങിയിരുന്നു. എ ഗ്രൂപ്പിന്റെ അതിശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നു. ആ മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ ഞാന്‍ ഡിസിസി പ്രസിഡന്റ് എന്നനിലയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായി. സരളാദേവിയെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ വ്യാപകമായി. അവിടെയെല്ലാം ഇടപെട്ട് തിരുത്തുകയും സരളാദേവി വിജയിക്കുകയും ചെയ്തു.അന്നും അദൃശ്യ അധികാര കേന്ദ്രം എന്നോട് ചോദിച്ചു. "സരളയെ വിജയിപ്പിച്ചത് ആരോട് ചോദിച്ചിട്ടാണെന്ന്". പാര്‍ടി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ നിലപാടെടുത്ത എന്റെ രാഷ്ട്രീയ സത്യസന്ധതയെയാണ് അവര്‍ ചോദ്യം ചെയ്തത്. അവിടം മുതലാണ് എന്നെ ഒറ്റപ്പെടുത്താനും അവഗണിക്കാനും തുടങ്ങിയത്.

ആ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവച്ച ജില്ലയുടെ പ്രസിഡന്റ് എന്നനിലയില്‍ എന്നെ കെപിസിസി ഭാരവാഹിയാക്കാന്‍, ഉമ്മന്‍ചാണ്ടി പറയാറുള്ളതുപോലെ "തത്വത്തില്‍" തീരുമാനിച്ചതുമാണ്. ആ ലിസ്റ്റ് ചവറ്റുകുട്ടയിലേക്കാണ് പോയത്. അദൃശ്യ അധികാര കേന്ദ്രങ്ങള്‍ അത്ര ശക്തമായാണ് ഇടപെട്ടത്. വിമാനത്താവള പ്രശ്നത്തില്‍ ഞാന്‍ നിലപാട് എടുത്തതോടെ എങ്ങനെയും പുകച്ചുപുറത്തുചാടിക്കുക എന്നതായി അവരുടെ ലക്ഷ്യം. ആറന്മുളയില്‍ നെല്‍വയലും തണ്ണീര്‍ത്തടവും നികത്തി വിമാനത്താവളം നിര്‍മിക്കുന്നതിനെയാണ് ഞാന്‍ എതിര്‍ത്തത്. പരിസ്ഥിതിക്ക് തകര്‍ച്ച ഉണ്ടാക്കാതെ മറ്റെവിടെയെങ്കിലും വിമാനത്താവളം നിര്‍മിക്കുന്നതിന് ഞാന്‍ എതിരല്ല. പക്ഷേ കോണ്‍ഗ്രസ് പാര്‍ടിക്ക് വിമാനത്താവള പദ്ധതിയോടുള്ള അമിത താല്‍പ്പര്യം വൈകിയാണ് ഞാന്‍ മനസിലാക്കുന്നത്. സ്പെക്ട്രം പണം ഉള്‍പ്പെടെ ഇവിടേക്ക് ഒഴുകുന്നുണ്ടെന്ന് ബോധ്യപ്പെട്ടു. വഴിവിട്ട രീതിയില്‍ അനുമതികള്‍ വരുന്നു. ആ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിന് എന്നെ പ്രേരിപ്പിച്ചത്. അതിന്റെ ഫലങ്ങള്‍ ഗ്രീന്‍ ട്രിബ്യൂണലിനെയടക്കം ബോധ്യപ്പെടുത്താനായത് വ്യക്തിപരമായും സമരസമിതിക്കും വലിയ നേട്ടമാണ് ഉണ്ടാക്കിയത്. തട്ടിപ്പുകള്‍ അധികകാലം മൂടിവയ്ക്കാനാകില്ല. വഴിവിട്ട് നടന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കുക

സണ്ണി മാര്‍ക്കോസ്

പീലിപ്പോസിനെ നോക്കി ചിരിച്ചാല്‍ പണിപോകും

പത്തനംതിട്ട: പീലിപ്പോസ് തോമസിനോട് അനുഭാവം പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസുകാരെ തെരഞ്ഞുപിടിച്ച് നടപടിക്ക് വിധേയരാക്കുന്നു. കോണ്‍ഗ്രസ് രാഷ്ടീയം ഉപേക്ഷിച്ച് ഇടതുപക്ഷത്തേക്ക് വന്ന പീലിപ്പോസ് തോമസിന്റെ അടുത്ത അനുയായികളെയാണ് എംഎല്‍എ ശിവദാസന്‍ നായരുടെയും ആന്റോ ആന്റണിയുടെ നിര്‍ദേശപ്രകാരം സംഘടനയില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നത്. പകരം ഇവരുടെ വിശ്വസ്തരെ പ്രതിഷ്ഠിക്കാനാണ് നീക്കം.

ഇരവിപേരൂര്‍ മണ്ഡലം പ്രസിഡന്റും പീലിപ്പോസ് തോമസിന്റെ വിശ്വസ്തനുമായ കെ ആര്‍ പ്രസാദിനെ കഴിഞ്ഞ ദിവസം തല്‍സ്ഥാനത്തുനിന്ന് പുറത്താക്കി. പകരക്കാരനാക്കിയിരിക്കുന്നത് ആര്‍ ഗോപി മോഹനനെയാണ്. ഇരവിപേരൂര്‍ ഈസ്റ്റ് കോ- ഒപ്പറേറ്റീവ് ബാങ്കിന്റെ വിവിധ ശാഖകളില്‍ മാനേജരായിരുന്ന ഇയാളെ ഇവിടെ നടന്ന പണാപഹരണത്തിന്റെ പേരില്‍ പുറത്താക്കിയിരുന്നു. കോണ്‍ഗ്രസ് സ്വാധീനം കാരണമാണ് അന്ന് കേസില്‍നിന്ന് ഒഴിവാക്കിയത്. കോയിപ്രം മണ്ഡലം പ്രസിഡന്റ് ജോര്‍ജ് വി സ്കറിയ, തോട്ടപ്പുഴശ്ശേരി മണ്ഡലം പ്രസിഡന്റ് കെ എം ഏബ്രഹാം എന്നിവര്‍ക്കെതിരെയും നടപടിക്ക് നീക്കം നടന്നിരുന്നു. എന്നാല്‍, ഇവരുടെ പേരില്‍ നടപടിയെടുക്കാനുള്ള ശ്രമം കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഇടപെട്ട് തടഞ്ഞതായാണ് അറിയുന്നത്.

ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് വി എം സുധീരന്‍ പങ്കെടുത്ത സമ്മേളനത്തില്‍ പ്രസംഗം കേള്‍ക്കാന്‍ പോയെന്ന പേരിലാണ് ഇവരുടെ പേരില്‍ നടപടിക്ക് നീക്കം നടത്തിയത്. തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അച്ചടക്ക നടപടിക്ക് വിധേയനായ ടി കെ രാമചന്ദ്രന്‍ നായരെ പ്രസിഡന്റാക്കാന്‍ നടത്തിയ നീക്കത്തില്‍ പ്രതിഷേധിച്ച് എബ്രഹാം രാജിവച്ചിരുന്നു. പീലിപ്പോസ് തോമസ് ചെല്ലുന്ന വിവാഹ, മരണ വീടുകളിലും മറ്റും കോണ്‍ഗ്രസുകാരായ ആരെക്കെയായി സംസാരിക്കുന്നുവെന്നും എന്താണ് പറയുന്നതെന്നും പരിശോധന നടത്തുന്നുണ്ട്. ഇവരുടെ ഫോണുകള്‍ ടാപ്പുചെയ്യാന്‍ ശ്രമിക്കുന്നതായും പറയുന്നു.

deshabhimani

No comments:

Post a Comment