Friday, March 14, 2014

കര്‍ഷകദ്രോഹത്തിന് മറുപടിയേകാന്‍

കോട്ടയം: ഇറക്കുമതിയിലൂടെ റബര്‍ വിലയിടിച്ചതിനും പരമ്പരാഗത തൊഴില്‍മേഖലയെ തകര്‍ത്തതിനും കണക്കുതീര്‍ക്കാന്‍ കരുതിയിരിക്കുകയാണ് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടര്‍മാര്‍. ഇറക്കുമതിത്തീരുവ കുറച്ച് നിര്‍ബാധം റബര്‍ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കി. മൂന്നുവര്‍ഷത്തിനുള്ളില്‍ കിലോയ്ക്ക് നൂറ് രൂപയോളം നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. ഇടത്തരം റബര്‍ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിമാസം പതിനായിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് പരാതി. നികുതി ഇനത്തില്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം വേറെ. റബര്‍ വിലയിടിവ് വ്യാപാരമേഖലയെയും തളര്‍ത്തി. ചെറുകിട കച്ചവടക്കാര്‍ക്കുണ്ടായ നഷ്ടം തിട്ടപ്പെടുത്താവുന്നതിനും അപ്പുറമാണ്. അപ്പര്‍ കുട്ടനാടിന്റെ ഭാഗമായ, കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ നെല്‍കൃഷിയും പ്രതിസന്ധിയിലാണ്. ഓരുവെള്ള ഭീഷണി, കൊയ്ത്ത്- മെതിയന്ത്രങ്ങളില്ലാത്തത്, സംഭരണ വില കൃത്യമായി ലഭിക്കാത്തത് എന്നിവയെല്ലാം കര്‍ഷകരെ ദുരിതത്തിലാക്കി. കയര്‍, കൈത്തറി, മത്സ്യം, കക്ക തുടങ്ങി പരമ്പരാഗത മേഖലകളിലെല്ലാം തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാഴ്ത്തി. കാര്‍ഷികമേഖലയുടെ തളര്‍ച്ചയും തൊഴിലാളികളുടെ ജീവിതം വഴിമുട്ടിച്ചു. ഇതിനെല്ലാംപുറമെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ജനങ്ങളെ ആശങ്കയിലാഴ്ത്തി.

പിറവം, വൈക്കം, കടുത്തുരുത്തി, പാലാ, ഏറ്റുമാനൂര്‍, പുതുപ്പള്ളി, കോട്ടയം എന്നിവയാണ് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ അസംബ്ലി മണ്ഡലങ്ങള്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ് എന്നിവരെല്ലാം കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നുള്ളവരാണ്. നിലവില്‍ കെ എം മാണിയുടെ മകന്‍ ജോസ് കെ മാണിയാണ് എംപി. കര്‍ഷകരുടെയും പരമ്പരാഗത കാര്‍ഷിക- വ്യാവസായിക മേഖലയുടെയും തളര്‍ച്ച മാറ്റാന്‍ ഈ അധികാര കേന്ദ്രങ്ങള്‍ ഇടപെട്ടിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. പൊതുമേഖലാ സ്ഥാപനങ്ങളായ എച്ച്എന്‍എല്‍, ട്രാവന്‍കൂര്‍ സിമന്റ്സ് എന്നിവയും പ്രതിസന്ധിയിലാണ്. ഇത് മറച്ചുവയ്ക്കാന്‍ ലക്ഷക്കണക്കിന് രൂപ ചെലവിട്ട് കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് വികസന പ്രചാരണം നടത്തുകയാണ്. 1952 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ ഇരുമുന്നണികളെയും മാറിമാറി ജയിപ്പിച്ച ചരിത്രമാണ് കോട്ടയത്തിന്. കൂടുതല്‍ തവണ വിജയിച്ചത് സിപിഐ എമ്മിലെ അഡ്വ. കെ സുരേഷ്കുറുപ്പാണ്. 1984, 98, 99, 2004 വര്‍ഷങ്ങളില്‍. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടര്‍മാരുടെ നില: ആകെ വോട്ടര്‍മാര്‍: 11,40,603. പുരുഷന്മാര്‍- 5,63,445. സ്ത്രീകള്‍- 5,77,158.

deshabhimani

No comments:

Post a Comment