Thursday, March 20, 2014

സുധീരനറിയുമോ ഷിബു ജോര്‍ജിനെ

തൃശൂര്‍: 2009 ജനുവരി 31. മന്ത്രി അടൂര്‍ പ്രകാശിന്റെ ഉടമസ്ഥതയിലുള്ള അടൂരിലെ യമുനലോഡ്ജ്. അവിടെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന-ജില്ലാ ഭാരവാഹികളുടെ പഠനക്യാമ്പ്. തൃശൂരില്‍നിന്നുള്ള ഷിബുജോര്‍ജ് മൂന്നാമത്തെ നിലയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുനില്‍ക്കുകയായിരുന്നു. പിന്നില്‍നിന്ന് തലയ്ക്ക് അടിയേറ്റതായാണ് തോന്നിയത്. തന്നെ ആരോ ആക്രമിച്ചുവെന്ന് ഷിബുവിന് ഉറപ്പുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് ഇരയായി മാറുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റും ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന ഷിബുജോര്‍ജ്. 2014-ചേര്‍പ്പിലെ ഓടിട്ട വീടിന്റെ ഇടുങ്ങിയ മുറിയില്‍ കട്ടിലില്‍ അരയ്ക്കു താഴെ തളര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഷിബുജോര്‍ജിന്റെ ദുരിതപര്‍വത്തിന് അഞ്ചുവര്‍ഷമാകുന്നു. വീല്‍ചെയറിലും കിടക്കയിലുമായാണ് ജീവിതം. സഹായത്തിന് വൃദ്ധരായ മാതാപിതാക്കള്‍ മാത്രം. പിന്നെ കുറച്ചു സുഹൃത്തുക്കളും.

"കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ തിരിഞ്ഞു നോക്കിയില്ല. രാഷ്ട്രീയമുതലെടുപ്പിന് ഞൊടിയിടയില്‍ പെരിഞ്ഞനത്ത് പ്രത്യക്ഷപ്പെട്ട കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്നെ ഇതുവരെ കണ്ടില്ല- "ദേശാഭിമാനി"യോട് കോണ്‍ഗ്രസ് നേതാക്കളുടെ വഞ്ചന വിവരിച്ചപ്പോള്‍ കോണ്‍ഗ്രസിനുവേണ്ടി ദീര്‍ഘകാലം ജീവിതം ഹോമിച്ച ഈ യുവനേതാവിന് കണ്ണീര്‍നവ്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ്പോരിന് ഇരയായി മാറിയതാണ് താനെന്ന് എ ഗ്രൂപ്പുകാരനായ ഷിബുജോര്‍ജിന് ഉറപ്പുണ്ട്. എ ഗ്രൂപ്പിലെതന്നെ ഒരു പ്രബലവിഭാഗത്തിന് കണ്ണില്‍ കരടായിരുന്നു. ഈ വിഭാഗം തന്നെ അടൂരില്‍ വച്ച് ആക്രമിച്ച് അപായപ്പെടുത്തിയെന്ന് ഷിബു ഉറപ്പിച്ചുപറയുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ അന്ന് നിശബ്ദത പാലിച്ചു. നിയമസഭയില്‍ ഈ വിഷയം അവതരിപ്പിച്ചത് മുരളി പെരുനെല്ലിയും വി എസ് സുനില്‍കുമാറുമാണ്. തുടര്‍ന്ന് പ്രത്യേക അനേഷണവും നടന്നു. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍തന്നെ അന്വേഷണം അട്ടിമറിച്ചു. മൂന്നാംനിലയില്‍നിന്ന് വീണതെന്നായിരുന്നു പ്രചാരണം. മൂന്നാംനിലയിലെ കൈവരി തകര്‍ത്ത് നിലത്തേക്ക് വീഴണമെങ്കില്‍ അത്ഭുതം സംഭവിക്കണം. അന്ന് അവിടെയുണ്ടായിരുന്നത് സഹപ്രവര്‍ത്തകരായ തൃശൂര്‍ ജില്ലയില്‍നിന്നുള്ള ഭാരവാഹികളാണ്- തന്നെ അപായപ്പെടുത്തിയവരെക്കുറിച്ച് വ്യക്തമായ സൂചനകളാണ് ഷിബു നല്‍കുന്നത്. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരശ്ശീലക്ക് പിന്നിലെ ചിത്രങ്ങള്‍ തെളിഞ്ഞിട്ടില്ല. ഇതുവരെയുള്ള ചികിത്സക്ക് ലക്ഷങ്ങള്‍ ചെലവഴിച്ചു. ഇപ്പോഴും ചികിത്സ തുടരുകയാണ്. ദുരിതക്കയത്തിലായിട്ടും കോണ്‍ഗ്രസ് ഒരുരൂപപോലും സഹായിച്ചില്ല. കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും എംഎല്‍എമാരും കാണാനെത്തിയില്ല. പലരും ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് തന്നെ ഉപയോഗിച്ചിട്ടുണ്ട്. ജീവച്ഛവമായപ്പോള്‍ ആര്‍ക്കും ആവശ്യമില്ല. ഇതില്‍ ഏറെ വേദനയുണ്ട്-ഷിബുജോര്‍ജ് പറഞ്ഞു.

ടി വി വിനോദ് deshabhimani

No comments:

Post a Comment