Thursday, March 20, 2014

ഖദര്‍ധാരികള്‍ കൂട്ടത്തോടെ കാവിയണിയുന്നു

ഉത്തരേന്ത്യയില്‍ ഖദര്‍ധാരികള്‍ ഒരുമടിയും കൂടാതെ കാവിക്കൊടി കൈയിലെടുത്തു തുടങ്ങി. തെരഞ്ഞെടുപ്പില്‍ വന്‍തോല്‍വി ഉറപ്പായതോടെയാണ് മതേതരത്വം ജപിച്ചവര്‍ മോഡി സ്തുതി തുടങ്ങിയത്. ഗുജറാത്ത്, ഹരിയാന, യുപി, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി അംഗത്വത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ ക്യൂ നില്‍ക്കുകയാണ്. നയങ്ങളിലും നിലപാടുകളിലും വ്യത്യാസമില്ലാത്തതിനാല്‍ കൂടുമാറ്റം വേഗത്തിലാണ്.

ബിജെപിയുടെ എ ടീം എന്ന മട്ടിലാണ് പല സംസ്ഥാനത്തും കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനം. കേന്ദ്രമന്ത്രി പുരന്ദേശ്വരി, ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്നനേതാവുമായ ജഗംദബികാപാല്‍, ഗുഡ്ഗാവ് എംപി റാവു ഇന്ദര്‍ജിത്സിങ്, മധ്യപ്രദേശില്‍നിന്നുള്ള എംപി ഉദയ്പ്രതാപ്സിങ്, രാജസ്ഥാനിലെ മുതിര്‍ന്നനേതാവും എംഎല്‍എയുമായ ഭന്‍വര്‍ലാല്‍ശര്‍മ, ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രി നര്‍ഹരി അമിന്‍, പിസിസി വൈസ്പ്രസിഡന്റും രാജീവ്ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന സുരേന്ദ്രരാജ്പുത്ത്, ഒഡിഷയില്‍ മുന്‍ ധനമന്ത്രി രാമകൃഷ്ണപട്നായിക്, ഹരിയാനയില്‍ നാലുവട്ടം എംഎല്‍എയായ സുഖ്ബീര്‍സിങ് ഗെലോട്ട് തുടങ്ങി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാക്കളുടെ പട്ടിക നീളും. എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ച നേതാവ് തൊട്ടടുത്തദിവസം ബിജെപി ഓഫീസിലെത്തി നേതാക്കള്‍ക്ക് കൈകൊടുക്കുന്നതും കാണേണ്ടിവന്നു. മധ്യപ്രദേശിലെ ഭിണ്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭഗീരഥ്പ്രസാദാണ് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്. ഇവിടെ ഇനി സ്ഥാനാര്‍ഥിയെ നിര്‍ത്തണോയെന്ന ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞതവണ ഭിണ്ടില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഭഗീരഥ്പ്രസാദ് മത്സരിച്ചുതോറ്റിരുന്നു. കോണ്‍ഗ്രസില്‍ അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചതോടെ ഭാവിയില്ലെന്ന് ബോധ്യപ്പെട്ടതായി പ്രസാദ് പറഞ്ഞു. ആന്ധ്ര മുന്‍മുഖ്യമന്ത്രി എന്‍ ടി രാമറാവുവിന്റെ മകള്‍ കൂടിയായ പുരന്ദേശ്വരി കോണ്‍ഗ്രസ് വിടാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. ആന്ധ്രയെ വിഭജിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍ ചേരുന്നതെന്ന പുരന്ദേശ്വരിയുടെ വിശദീകരണം വിശ്വാസയോഗ്യമല്ല. ബിജെപിയുടെ നിലപാടും ആന്ധ്രയെ വിഭജിക്കുന്നതിന് അനുകൂലമായിരുന്നു. അപ്പോള്‍ വിഭജനമല്ല പുരന്ദേശ്വരിയുടെ മനംമാറ്റത്തിനു കാരണമെന്ന് വ്യക്തം.

ഹരിയാനയില്‍ ഗുഡ്ഗാവ് എംപി റാവുഇന്ദര്‍ജിത്സിങ്, മുന്‍ കേന്ദ്രമന്ത്രി വിനോദ്ശര്‍മ, നാലുവട്ടം എംഎല്‍എയായ സുഖ്ബീര്‍ ഗെലോട്ട് എന്നിവരാണ് കോണ്‍ഗ്രസ് വിട്ട പ്രമുഖര്‍. ഗുജറാത്തില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് കൂട്ടത്തോടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. കച്ച് മേഖലയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എയായ ഛബ്ബിപട്ടേല്‍, മാണ്ഡ്വി്യയിലെ പ്രഭുവാസവ, സോമനാഥിലെ ജസബറാഡ്, ഹിമ്മത്ത് നഗറിലെ രാജേന്ദ്രചാവ്ഡ, ലാട്ടിയിലെ ബാവ്ക്കു ഉന്‍ഹദ് എന്നിവരാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ ഉപമുഖ്യമന്ത്രി നര്‍ഹരി അമിനും കാവി ക്യാമ്പില്‍ ചേര്‍ന്നു. ഒഡിഷയില്‍നിന്നുള്ള മുതിര്‍ന്നനേതാവും മുന്‍കേന്ദ്രമന്ത്രിയുമായ കെ പി സിങ്ദേവ് അടുത്തുതന്നെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്നാണ് സൂചന.

എം പ്രശാന്ത് deshabhimani

No comments:

Post a Comment