Monday, March 10, 2014

എതിര്‍ പ്രചാരകര്‍ റാന്നിയുടെ ചരിത്രം പഠിക്കണം: സിപിഐ എം

റാന്നി: പത്തനംതിട്ട ജില്ലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പീലിപ്പോസ് തോമസിനെ നിര്‍ത്തി റാന്നി നിയോജകമണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെ വെട്ടിലാക്കി എന്ന് ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത റാന്നിയുടെ ചരിത്രം അറിയാത്തതുകൊണ്ടാണെന്ന് സിപിഐ എം റാന്നി ഏരിയ സെക്രട്ടറി എം എസ് രാജേന്ദ്രന്‍ പറഞ്ഞു.

മൂന്നു പ്രാവശ്യം റാന്നി നിയോജകമണ്ഡലത്തില്‍ രാജു ഏബ്രഹാം എംഎല്‍എക്കെതിരേ മത്സരിച്ച സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ടുപിടിക്കാനിറങ്ങാന്‍ സിപിഐ എം പ്രവര്‍ത്തകര്‍ മടിക്കും എന്ന് പത്രം ആശങ്കപ്പെടുന്നതായി കണ്ടു. സിപിഐ എം നേതൃത്വം എടുക്കുന്ന തീരുമാനം അച്ചടക്കത്തോടെ അനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാണ് പാര്‍ട്ടി അംഗങ്ങള്‍. ആരോടും വ്യക്തി വിരോധം വച്ചുപുലര്‍ത്തുന്നവരല്ല സിപിഐ എം പ്രവര്‍ത്തകര്‍. കാലഘട്ടത്തിനുസരിച്ച് മനംമാറിവന്ന പാര്‍ട്ടി വിരോധികളേപ്പോലും സിപിഐ എം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എതിര്‍പാനലില്‍ നില്‍ക്കുന്നവരെ കൂടെ നിര്‍ത്തുന്ന ചരിത്രം റാന്നിക്കാര്‍ക്ക് അന്യമല്ല. യുഡിഎഫ് പാനലില്‍ 1970 ലും 1980 ലും രണ്ടുതവണ മത്സരിച്ചു തോറ്റശേഷമാണ് സണ്ണി പനവേലി എല്‍ഡിഎഫില്‍ വന്നതും സ്ഥാനാര്‍ത്ഥിയായി റാന്നിയില്‍ തന്നെ നിന്നു മത്സരിച്ചു വിജയിച്ചതും. മുന്‍ എംഎല്‍എ എം സി ചെറിയാന്‍ ആദ്യമായി റാന്നി എംഎല്‍എയായത് എല്‍ഡിഎഫ് പാനലില്‍ നിന്നാണ്. പിന്നാടാണ് മറുപക്ഷത്തുപോയി മത്സരിച്ചത്.

പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഒരേ മനസ്സോടെയാണ് നിറവേറ്റാനിറങ്ങുന്നത്. ഒറ്റക്കെട്ടായി നില്‍ക്കുന്നവര്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് നുണ പ്രചരണം കൊണ്ട് ലക്ഷ്യമിടുന്നത്. പാര്‍ട്ടിയംഗങ്ങളെപ്പറ്റി സാധാരണക്കാരായ വോട്ടര്‍മാരുടെ ഇടയില്‍ അവമതിപ്പുണ്ടാക്കാനും വോട്ട് മറുചേരിയിലേക്ക് മറിക്കാനുമുള്ള ഗൂഢലക്ഷ്യമാണ് പത്രവാര്‍ത്തകള്‍ക്കു പിന്നിലെന്നും രാജേന്ദ്രന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment