Monday, March 10, 2014

സര്‍ക്കാര്‍ കൈവിട്ടു; കശുവണ്ടിവ്യവസായം പ്രതിസന്ധിയില്‍

മൂന്നുലക്ഷത്തില്‍പരം തൊഴിലാളികളുടെ ആശ്രയമായ കശുവണ്ടി വ്യവസായം യുഡിഎഫ് ഭരണത്തില്‍ ഗുരുതര പ്രതിസന്ധി നേരിടുന്നു. കശുവണ്ടി വികസന കോര്‍പറേഷനും കാപ്പക്സിനുമുള്ള ബജറ്റ് വിഹിതം കുത്തനെ കുറച്ചതോടെ കശുവണ്ടി വ്യവസായത്തോടുള്ള സര്‍ക്കാര്‍ സമീപനം കൂടുതല്‍ വ്യക്തമായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം പരമ്പരാഗത വ്യവസായങ്ങള്‍ക്കുണ്ടാകുന്ന തകര്‍ച്ചയാണ് കശുവണ്ടി മേഖലയിലും പ്രകടമാകുന്നത്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ കശുവണ്ടി കോര്‍പറേഷനും കാപ്പക്സിനുംകൂടി 71.5 കോടി വകയിരുത്തിയെങ്കില്‍ ഇത്തവണ വിഹിതം പകുതിയാക്കി. കോര്‍പറേഷന് 28 കോടിയും കാപ്പക്സിന് 18 കോടിയുമാണ് ബജറ്റ് വിഹിതമായി പ്രഖ്യാപിച്ചത്. തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശ്ശികയായും പ്രവര്‍ത്തന മൂലധനമായും കോര്‍പറേഷന് 86 കോടിയുടെ ബാധ്യതയുണ്ട്. കോടതിവിധിപ്രകാരം 20 സ്വകാര്യ കശുവണ്ടി ഫാക്ടറി ഏറ്റെടുത്ത ഇനത്തില്‍ കോര്‍പറേഷന്‍ 25 കോടി നല്‍കാനുണ്ട്. നിയമസഭയില്‍ എ എ അസീസിന്റെ അടിയന്തരപ്രമേയത്തിനു മറുപടിയായി നഷ്ടപരിഹാരം നല്‍കാമെന്ന് വ്യവസായമന്ത്രി നല്‍കിയ ഉറപ്പ് ഇനിയും പാലിച്ചിട്ടില്ല.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് പ്രധാനമായും കശുവണ്ടി വ്യവസായം വ്യാപിച്ചുകിടക്കുന്നത്. രാജ്യത്ത് കശുവണ്ടിയുടെ ഏറ്റവും വലിയ സംസ്കരണകേന്ദ്രം എന്നറിയപ്പെടുന്ന കൊല്ലം ജില്ലയില്‍ മാത്രം 1.75 ലക്ഷം തൊഴിലാളികളുണ്ട്. അതില്‍ 90 ശതമാനവും സ്ത്രീകളാണ്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 860 കശുവണ്ടി ഫാക്ടറികളുണ്ട്. അതില്‍ 154 ഫാക്ടറികള്‍ പായ്ക്കിങ് സെന്ററുകളാണ്. ബാക്കിയുള്ളവയിലാണ് തോട്ടണ്ടി വറുപ്പും തല്ലും ഉള്‍പ്പെടെ സംസ്കരണം നടക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 2006 മുതല്‍ 2009വരെയുള്ള ഗ്രാറ്റുവിറ്റി കുടിശ്ശിക 16 കോടി തീര്‍ത്തുനല്‍കിയിരുന്നു. കോര്‍പറേഷന്‍, കാപ്പക്സ് ഫാക്ടറികളില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ഷത്തില്‍ 280 ദിവസംവരെ തൊഴില്‍നല്‍കി. ഇപ്പോള്‍ പരമാവധി നൂറുദിനത്തില്‍ താഴെയാണ് ഫാക്ടറികള്‍ പ്രവര്‍ത്തിച്ചത്. ഫാക്ടറികളുടെ നവീകരണവും ഇഴഞ്ഞുനീങ്ങുന്നു. സ്വകാര്യ ഫാക്ടറികളില്‍ നിയമനിഷേധവും തൊഴില്‍ ചൂഷണവും വ്യാപകമായിട്ടും തൊഴില്‍വകുപ്പ് അനങ്ങാപ്പാറനയം തുടരുന്നു.

ഫാക്ടറികളിലെ നിയമനിഷേധം കണ്ടെത്തി തടയാന്‍ ഉത്തരവാദപ്പെട്ട ലേബര്‍ എന്‍ഫോഴ്സ്മെന്റിനെ നിര്‍വീര്യമാക്കി. സ്വകാര്യ ഫാക്ടറികളില്‍നിന്നുള്ള തോട്ടണ്ടി വീടുകളും കോളനികളും കേന്ദ്രീകരിച്ചു സംസ്കരിക്കുന്ന പ്രവണത വര്‍ധിച്ചു. വിരമിച്ച തൊഴിലാളികള്‍ക്ക് തുച്ഛമായ കൂലിനല്‍കിയാണ് തൊഴിലെടുപ്പിക്കുന്നത്. കുടിവറുപ്പ് വ്യാപകമാക്കി വ്യവസായത്തെ വികേന്ദ്രീകരിക്കാനുള്ള സ്വകാര്യ മുതലാളിമാരുടെ ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശചെയ്യുന്നു. തൊഴിലാളികള്‍ക്ക് ആനുകൂല്യം നിഷേധിക്കാനാണ് സ്വകാര്യ മുതലാളിമാരുടെ നീക്കം. ഫാക്ടറികളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് കാഷ്യൂ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍വഴി അനുവദിക്കുന്ന പണം മുതലാളിമാര്‍ വകമാറ്റുന്നു. കോര്‍പറേഷന്‍, കാപ്പക്സ് ഫാക്ടറികളുടെ നവീകരണവും ഇഴയുന്നു. ഏറെ അധ്വാനംവേണ്ടുന്ന ഷെല്ലിങ് വിഭാഗങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളാണ് ഏറെയും. കട്ടിങ് വിഭാഗത്തിലെ യന്ത്രവല്‍ക്കരണത്തിന് സര്‍ക്കാര്‍ സഹായം നല്‍കുന്നില്ല.

സനല്‍ ഡി പ്രേം

കാഷ്യൂ കള്‍ട്ടിവേഷന്‍ ഏജന്‍സി എവിടെ?

കൊല്ലം: കശുമാവുകൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കാഷ്യൂ കള്‍ട്ടിവേഷന്‍ ഏജന്‍സിയെ യുഡിഎഫ് സര്‍ക്കാര്‍ നിര്‍വീര്യമാക്കി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച ഏജന്‍സിവഴി കശുവണ്ടിഫാക്ടറി പരിസരങ്ങളിലും ഉപയോഗശൂന്യമായ ഭൂമി ഏറ്റെടുത്തും കശുമാവുകൃഷി വ്യാപിപ്പിക്കുകയായിരുന്നു ലക്ഷ്യം. മലബാര്‍മേഖലയില്‍ ജില്ലാ പഞ്ചായത്തുകള്‍ വഴി കശുമാവിന്‍ തൈ വ്യാപകമായി വിതരണംചെയ്തു. കാഷ്യൂ സ്പെഷ്യല്‍ ഓഫീസര്‍ക്കായിരുന്നു ഏജന്‍സിയുടെ ചുമതല. ഇപ്പോള്‍ ഏജന്‍സി പിരിച്ചുവിട്ട അവസ്ഥയിലാണ്. കശുവണ്ടിയുടെ തലസ്ഥാനമെന്ന് പേരുകേട്ട കൊല്ലം കേന്ദ്രമാക്കി റബര്‍ബോര്‍ഡ് മാതൃകയില്‍ കാഷ്യൂബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍, കേന്ദ്ര കൃഷി- വാണിജ്യ മന്ത്രാലയങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പദ്ധതി ത്രിശങ്കുവിലായി.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും തൊഴില്‍മന്ത്രി പി കെ ഗുരുദാസനും കാഷ്യൂബോര്‍ഡ് യാഥാര്‍ഥ്യമാക്കാനായി കേന്ദ്രത്തില്‍ മുട്ടാത്ത വാതിലുകളില്ല. കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന സര്‍ക്കാരുകളും ജില്ലയില്‍നിന്ന് രണ്ടു കേന്ദ്രമന്ത്രിമാരും ലോക്സഭാ പ്രതിനിധിയും ഉണ്ടായിട്ടും കാഷ്യൂബോര്‍ഡ് ആരംഭിക്കാന്‍ ഒരു ശ്രമവും ഉണ്ടാകുന്നില്ല. രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 13.5 മെട്രിക് ടണ്‍ കശുവണ്ടിയാണ് സംസ്കരിക്കുന്നത്. അതില്‍ 90 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. പ്രതിവര്‍ഷം ശരാശരി 1.27 ലക്ഷം മെട്രിക് ടണ്‍ കശുവണ്ടിപ്പരിപ്പ് കയറ്റുമതിചെയ്യുന്നുണ്ടെന്നാണ് കണക്ക്. അതുവഴി 4000 കോടിയുടെ വിദേശനാണ്യമാണ് രാജ്യം നേടുന്നത്. ആഭ്യന്തരവിപണിയില്‍ വര്‍ഷം ശരാശരി രണ്ടുലക്ഷം മെട്രിക് ടണ്‍ പരിപ്പും വിറ്റഴിയുന്നു. കശുവണ്ടി വികസന കോര്‍പറേഷന്റെ അധീനതയില്‍ കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി 30 ഫാക്ടറികളുണ്ട്. കാപ്പക്സിന് പത്തും ഫാക്ടറികളുണ്ട്.

deshabhimani

No comments:

Post a Comment