Sunday, March 9, 2014

ആധ്യാത്മിക കേന്ദ്രങ്ങള്‍ക്കെതിരെ ആര്‍എസ്എസ് മുന്‍ നേതാവ്

ആധ്യാത്മിക കച്ചവടത്തിന്റെ മറവില്‍ വിദേശചാരന്മാര്‍ ഇവിടെ തമ്പടിക്കുകയാണെന്നും ആധ്യാത്മികകേന്ദ്രങ്ങള്‍ സിഐഎയുടെ കൈയിലാണെന്നും ദീര്‍ഘകാലം ആര്‍എസ്എസിന്റെ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന ടി ആര്‍ സോമശേഖരന്‍. ഏത് ആധ്യാത്മിക ആശ്രമത്തിലാണ് സിഐഎക്കാര്‍ വന്ന് താമസിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. ഇക്കൂട്ടര്‍ വന്നുപോകുന്നതിനു വല്ല രേഖയുമുണ്ടോ. ഒരു വിദേശിവന്ന് ഹോട്ടലില്‍ താമസിച്ചാല്‍ പൊലീസ് അന്വേഷിക്കും. അല്ലെങ്കില്‍ ഹോട്ടലുടമ പരിശോധിക്കും. പക്ഷേ സിഐഎക്കാരന്‍ ഏതെങ്കിലും ആശ്രമത്തില്‍ താമസിച്ചാല്‍ പൊലീസിനെ അറിയിക്കണ്ട. അയാള്‍ സുഖമായി താമസിച്ച് തിരിച്ചുപോകും.

ഈ വിദേശികളെല്ലാം വന്നുമറിയുന്നത് ആധ്യാത്മികത പഠിക്കാനാണോ എന്നും അദ്ദേഹം ചോദിച്ചു. പച്ചക്കുതിര മാസികയുടെ മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് സോമശേഖരന്‍ ആള്‍ദൈവങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ചത്.

അമൃതാനന്ദമയിക്കെതിരെ ദീര്‍ഘകാല ശിഷ്യയായിരുന്ന ഗെയ്ല്‍ ട്രെഡ്വെല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് എതിരെ സംഘപരിവാര്‍ സംഘടനകള്‍ അണിനിരക്കുമ്പോഴാണ് 12 വര്‍ഷം ആര്‍എസ്എസ് മുഖപത്രം "കേസരി"യുടെ പത്രാധിപര്‍ കൂടിയായിരുന്ന സോമശേഖരന്‍ രംഗത്തെത്തിയിരിക്കുന്നത്. ആധ്യാത്മികമെന്ന് വ്യാഖ്യാനിക്കപ്പെടുന്ന പല പ്രസ്ഥാനങ്ങളും വന്‍ കുത്തകകളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും പണത്തിലാണ് നിലനില്‍ക്കുന്നത്. ഈ പ്രസ്ഥാനങ്ങളൊന്നും ഹിന്ദുതാല്‍പ്പര്യങ്ങളെയോ ഐക്യത്തെയോ പ്രതിനിധാനംചെയ്യുന്നില്ലെന്നും അദ്ദേഹം പറയുന്നു.

1969ല്‍ സംഘ പ്രവര്‍ത്തനം ആരംഭിച്ച സോമശേഖരന്‍ 25 കൊല്ലം ഭാരതീയ വിചാരകേന്ദ്രം ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്നു. മൂന്നുവര്‍ഷമായി ആത്മീയമേഖലയില്‍ ഗവേഷണം നടത്തുന്ന "ഭാരതീയ വിദ്യാ പ്രതിഷ്ഠാനം" സംഘടനയുടെ പ്രവര്‍ത്തനത്തിലാണ്. ആര്‍എസ്എസ്-സംഘപരിവാര്‍ രാഷ്ട്രീയത്തില്‍നിന്ന് പോഷണം നേടുന്ന ആള്‍ദൈവങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അത്തരക്കാരോട് താല്‍പ്പര്യമുള്ളവര്‍ ആര്‍എസ്എസ് തലപ്പത്തുണ്ടാകാമെന്നായിരുന്നു മറുപടി.

എം എന്‍ ഉണ്ണിക്കൃഷ്ണന്‍ deshabhimani

No comments:

Post a Comment