Wednesday, March 12, 2014

സര്‍ക്കാരിന്റെ "ഇല്ലാത്ത നേട്ട"ത്തിന്റെ പട്ടിക വഴിയോരങ്ങളില്‍

കല്‍പ്പറ്റ: സര്‍ക്കാരിന്റെ നടപ്പാക്കാത്ത "നേട്ടങ്ങ"ളുടെ പട്ടിക നിരത്തിയ ഫ്ളക്സ് ബോര്‍ഡുകള്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടും വഴിയോരങ്ങളില്‍. ഇപ്പോള്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടും നീക്കം ചെയ്തിട്ടില്ല. പേരിന് മാത്രമാണ് ബോര്‍ഡുകള്‍ മാറ്റിയത്. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും എംപിയുടെയും ചിത്രങ്ങള്‍ പതിച്ച കൂറ്റന്‍ ബോര്‍ഡുകള്‍ ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാമുണ്ട്. നടപ്പാക്കാത്ത പദ്ധതികളാണ് ഇതില്‍ "നേട്ട"മായി അവതരിപ്പിച്ചിട്ടുള്ളത്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് സര്‍ക്കാര്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്്. വന്‍ ധൂര്‍ത്താണ് ഇതിന്റെ മറവില്‍ നടന്നത്. ചെയ്യാത്ത കാര്യങ്ങളും നടപ്പാക്കാത്ത പദ്ധതികളുമാണ് നേട്ടങ്ങളായി അവതരിപ്പിച്ചിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരാത്ത നഞ്ചങ്കോട്-നിലമ്പൂര്‍ റെയില്‍ പാതയ്ക്ക് ബജറ്റില്‍ അഞ്ചുകോടി മാറ്റിവെച്ചതാണ് പട്ടികയിലെ ഒരുനേട്ടം. എന്നാല്‍ കേന്ദ്രബജറ്റില്‍ നഞ്ചങ്കോട്-നിലമ്പൂര്‍ റെയില്‍ പാത സംബന്ധിച്ച് പരാമര്‍ശം പോലും ഉണ്ടായില്ല. ഫലത്തില്‍ സംസ്ഥാനത്തിന്റെ അഞ്ചുകോടികൊണ്ട് യാതൊരു നേട്ടവുമില്ല. നഞ്ചങ്കോട്-നിലമ്പൂര്‍ റെയില്‍ പാതയ്ക്കായി കഴിഞ്ഞ അഞ്ചുവര്‍ഷം കേന്ദ്രം ചെറുവിരലനക്കിയില്ല. സംസ്ഥാനമാകട്ടെ ഈ ആവശ്യം നേടിയെടുക്കാന്‍ ശ്രമിച്ചതുമില്ല. ഇതിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംസ്ഥാനം അഞ്ചുകോടി ബജറ്റില്‍ വകയിരുത്തി. ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രമായിരുന്നെന്ന് തൊട്ടുപിന്നാലെ കേന്ദ്രബജറ്റ് വന്നപ്പോള്‍ വ്യക്തമായി. ഈ കബളിപ്പിക്കലും ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ "നേട്ട"ത്തിന്റെ പട്ടികയിലുണ്ട്.

അരിവാള്‍ രോഗികള്‍ക്ക് പ്രതിമാസം ആയിരം രൂപ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതാണ് മറ്റൊരു നേട്ടം. കഴിഞ്ഞ 10 മാസമായി ജില്ലയില്‍ വിവിധ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്തിട്ടില്ലെന്നതാണ് സത്യം. പെന്‍ഷന്‍ ലഭിക്കാതെ നിര്‍ധനരായ പതിനായിരങ്ങളാണ് ജില്ലയില്‍ വിഷമിക്കുന്നത്. മുഴുവന്‍ പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കും ബിപിഎല്‍ കാര്‍ഡ് അനുവദിച്ചതായാണ് മറ്റൊരു അവകാശവാദം. നിരവധി കുടുംബങ്ങളാണ് ഇപ്പോഴും എപിഎല്‍ കാര്‍ഡുമായി ഓഫീസുകള്‍ കയറിയിറങ്ങുന്നത്. ജില്ലാശുപത്രിയില്‍ സിടി സ്കാന്‍, അരിവാള്‍ രോഗികള്‍ക്ക് പ്രത്യേക വാര്‍ഡ് എന്നിവയാണ് ഫ്ളക്സ് ബോര്‍ഡിലെ മറ്റുചില നേട്ടങ്ങള്‍. എന്നാല്‍ അരിവാള്‍ രോഗികള്‍ക്കുള്ള വാര്‍ഡ് തുറന്നിട്ടുപോലുമില്ല. മാസങ്ങളായി സിടി സ്കാന്‍ പ്രവര്‍ത്തന രഹിതമാണ്. പ്രാരംഭ പ്രവര്‍ത്തികള്‍പോലും തുടങ്ങാത്ത മെഡിക്കല്‍ കോളേജാണ് നേട്ടത്തിന്റെ പട്ടികയില്‍ മറ്റൊരിനം. ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന്റെ അതേ അവസ്ഥയിലേക്കാണ് ഇതിന്റെയും പോക്ക്.

deshabhimani

No comments:

Post a Comment