Wednesday, March 12, 2014

ആര്‍എസ്എസ് അക്രമികള്‍ എസ്എഫ്ഐ നേതാവിനെയും അമ്മയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു

കടയ്ക്കല്‍: ചിതറയില്‍ ആര്‍എസ്എസ് ഗുണ്ടകള്‍ വീടുകയറി എസ്എഫ്ഐ നേതാവിനെയും അമ്മയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ കടയ്ക്കല്‍ ഏരിയ ജോയിന്റ് സെക്രട്ടറി ചിതറ ഐരക്കുഴി എസ്ജെ നിവാസില്‍ ബിജോയ് (22), അമ്മയും അങ്കണവാടി ടീച്ചറുമായ ജലജ (42) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. പ്രദേശത്തെ ക്രിമിനലുകളും ആര്‍എസ്എസ് പ്രവര്‍ത്തകരുമായ വിജയകുമാറും മകന്‍ ഹരികൃഷ്ണനും വീടിനുള്ളില്‍ അതിക്രമിച്ചുകയറി ബിജോയിയെ വെട്ടി. തടയാന്‍ ശ്രമിച്ച അമ്മ ജലജയെയും സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. ബഹളംകേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. പ്രദേശത്ത് നിരന്തരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിന് നേതൃത്വം നല്‍കിവരുന്ന വിജയകുമാറും ഹരികൃഷ്ണനും സിപിഐ എം-ഡിവൈഎഫ്ഐ പതാകകളും കൊടിമരവും നശിപ്പിക്കുന്നത് പതിവാണ്. ഇവര്‍ക്കെതിരെ അടുത്തിടെ ബിജോയിയുടെ നേതൃത്വത്തില്‍ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നില്‍. എസ്എഫ്ഐ ഏരിയ ജോയിന്റ്സെക്രട്ടറി ബിജോയിയെയും അമ്മയെയും വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച ആര്‍എസ്എസ് ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്എഫ്ഐ കടയ്ക്കല്‍ ഏരിയകമ്മിറ്റി ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീട് ആര്‍എസ്എസ് സംഘം തകര്‍ത്തു

അഞ്ചാലുംമൂട്: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ വീട് ആര്‍എസ്എസുകാര്‍ അടിച്ചുതകര്‍ത്തു. ഞാറയ്ക്കല്‍ കുറ്റിക്കാട്ടുവിള യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ അനസിന്റെ വീടാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ തകര്‍ത്തത്. വീടിന്റെ ജനല്‍ചില്ലുകളെല്ലാം അടിച്ചുതകര്‍ത്തു. മുറ്റത്തെ വാഴകള്‍ അരിഞ്ഞുതള്ളി. കതക് തല്ലിപ്പൊളിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബഹളംകേട്ട് അയല്‍ക്കാര്‍ ഉണര്‍ന്നതിനാല്‍ അക്രമികള്‍ ഓടിമറഞ്ഞു. വീട് ആക്രമിക്കുന്നതുകണ്ട് കുഴഞ്ഞുവീണ അനസിന്റെ അമ്മ നസീമാബീവിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനയത്തെ ആര്‍എസ്എസ് ക്രിമിനലുകളായ എസ് ബാബു, ശരത് എന്ന അരുണ്‍ലാല്‍, വലിയകുമാര്‍ എന്നിവരാണ് അഞ്ചംഗ അക്രമിസംഘത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞദിവസം സംഘം യൂണിറ്റ് പ്രവര്‍ത്തകരെ ആക്രമിച്ചതിനെതിരെ അനസ് പരാതി നല്‍കിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നില്‍. സ്റ്റേഷനു മുന്നില്‍ അക്രമികള്‍ അനസിനെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവദിവസം രാത്രി ഏഴോടെ ഇവര്‍ അനസിന്റെ വീട്ടിലെത്തി അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.

deshabhimani

No comments:

Post a Comment