Wednesday, March 12, 2014

മുഖ്യമന്ത്രിയുടെ വഞ്ചന; മനം തളര്‍ന്ന് മാഹിറും കുടുംബവും

മഞ്ചേരി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഗ്ദാനം യാഥാര്‍ഥ്യമായെങ്കില്‍ മാഹിറിനും സക്കിയക്കും വീല്‍ചെയറില്‍നിന്ന് വിടുതല്‍ കിട്ടുമായിരുന്നു. നാലുവയസുള്ള മകന്‍ മുഹമ്മദ്ജയ്സിന്റെ നാളുകള്‍ കൂടുതല്‍ ആഹ്ലാദകരമായേനെ. എന്നാല്‍ ജനസമ്പര്‍ക്കത്തില്‍ 50,000 രൂപയും മുച്ചക്ര വാഹനവും നല്‍കാമെന്ന ഉറപ്പ് വാക്കിലൊതുങ്ങിയതോടെ മഞ്ചേരി മേലാക്കം കോഴിക്കാട്ട്കുന്ന് "അല്‍ഫലഖി"ലെ ഈ മലപ്പുറത്ത് നടന്ന ജനസമ്പര്‍ക്ക പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പാഴ്വാക്ക്. സ്വയംതൊഴില്‍ കണ്ടെത്താന്‍ സക്കിയക്ക് 25,000 രൂപയും മുച്ചക്ര വാഹനവും മാഹിറിന് 25,000 രൂപയും ബിപിഎല്‍ കാര്‍ഡുമായിരുന്നു വാഗ്ദാനം. രണ്ടുദിവസത്തിനുള്ളില്‍ മുച്ചക്രവാഹനം വീട്ടിലെത്തിക്കാമെന്നും ഉറപ്പ് നല്‍കി. എന്നാല്‍ മാസങ്ങളായിട്ടും നടപടിയില്ലാതായതോടെ റവന്യൂ അധികൃതരെ പലതവണ നേരില്‍ കണ്ടപ്പോഴാണ് മാഹിറിന്റെ പരാതി തള്ളിയ വിവരം അറിയുന്നത്.

മലപ്പുറത്തെ ജനസമ്പര്‍ക്കവേദിയില്‍ ഏറെ പ്രയാസപ്പെട്ടാണ് മുഖ്യമന്ത്രിയെ കാണാനായതെന്ന് മാഹിര്‍ ഓര്‍ക്കുന്നു. ഭക്ഷണംപോലും കഴിയ്ക്കാതെ പത്തുമണിക്കൂര്‍ വരിയില്‍. ഓണ്‍ലൈനായി നല്‍കിയ പരാതി വായിച്ചറിഞ്ഞ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് ഇവരോട് ജനസമ്പര്‍ക്കത്തിന് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. രേഖകളും പരാതിയുടെ പകര്‍പ്പുമായി രാവിലെത്തന്നെ പന്തലിലെത്തി. മണിക്കൂറുകള്‍ വീല്‍ചെയറിലിരുന്ന് അവശനായപ്പോള്‍ മന്ത്രി അനില്‍കുമാറിന്റെ പി എ ഇടപ്പെട്ട് ഇവരെ സ്റ്റേജിനടുത്ത് എത്തിച്ചു. എന്നാല്‍ മുഖ്യമന്ത്രി കണ്ട ഭാവം നടിച്ചില്ല. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും അനില്‍കുമാറും പി കെ ബഷീര്‍ എംഎല്‍എയും മാഹിറിന്റെ പരാതി പരിശോധിച്ച് ആവശ്യമായതെല്ലാം ചെയ്യുമെന്നും വീട്ടിലേക്ക് മടങ്ങാനും നിര്‍ദേശിച്ചു. എന്നാല്‍ മുഖ്യമന്ത്രിയെ കണ്ടശേഷമേ മടങ്ങൂവെന്ന് പറഞ്ഞപ്പോള്‍ മന്ത്രിമാര്‍ അധിക്ഷേപിച്ചതായും മാഹിര്‍ വേദനയോടെ ഓര്‍ക്കുന്നു.

ജന്മനാ എണ്‍പതുശതമാനം വൈകല്യം ബാധിച്ചവരാണ് മാഹിറും സക്കിയയും. സക്കിയയെക്കുറിച്ചുള്ള വാര്‍ത്ത മാസികയില്‍ വായിച്ചറിഞ്ഞാണ് വൈക്കം സ്വദേശിയായ മാഹിര്‍ പരിചയപ്പെടുന്നത്. ദീര്‍ഘകാലത്തെ സൗഹൃദം പ്രണയത്തിന് വഴിമാറുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇലക്ട്രിക് ചോക്കുകള്‍ നിര്‍മിച്ചായിരുന്നു ഇവരുടെ ഉപജീവനം. രണ്ടു വര്‍ഷംമുമ്പ് മാഹിറിന്റെ കഴുത്തിലെ എല്ലുകള്‍ക്ക് തേയ്മാനം സംഭവിച്ചതോടെ ആ ജോലി ഉപേക്ഷിച്ചു. വീല്‍ചെയറില്‍ ഇരുന്നാണ് സക്കിയ വീട്ടുജോലികള്‍ ചെയ്യുന്നത്. അടുത്തവര്‍ഷം മകനെ സ്കൂളില്‍ ചേര്‍ത്തണം, ജീവിതം പച്ചപിടിപ്പിക്കണം... ചെലവേറെയുണ്ടെന്ന് മാഹിര്‍. ചെറിയ ധനസഹായവും മുച്ചക്രവാഹനവും ലഭിച്ചാല്‍ ഉപജീവനം കണ്ടെത്തുന്നതിനുള്ള പദ്ധതി മനസ്സിലുണ്ട്. എന്നാല്‍ അധികൃതര്‍ കനിയാത്തതിനാല്‍ ഇനിയെന്ത് എന്ന ആശങ്കയിലാണ് ഇവര്‍.

deshabhimani

No comments:

Post a Comment