Tuesday, March 11, 2014

മലയാളത്തിന്റെ സ്നേഹവായ്പേറ്റ് അന്‍സാരിയും മോച്ചിയും മടങ്ങി

കണ്ണൂര്‍: സ്വന്തം നാട്ടില്‍ ഒന്നിച്ചിരിക്കാന്‍പോലും പറ്റാത്തവര്‍ മലബാറിന്റെ സ്നേഹവായ്പ് ഏറ്റുവാങ്ങി സ്വദേശത്തേക്ക് മടങ്ങി. വര്‍ഗീയതയ്ക്ക് മറുമരുന്ന് തീവ്രവാദമല്ല, മതേതര ജനാധിപത്യ വേദികളില്‍നിന്നുള്ള പോരാട്ടമാണെന്ന് ഉറപ്പിച്ചു പറയാന്‍ ഇവര്‍ക്കായി. "വംശഹത്യയുടെ വ്യാഴവട്ടം" സെമിനാറില്‍ പങ്കെടുക്കാനാണ് കുത്തുബ്ദീന്‍ അന്‍സാരിയും അശോക്് മോച്ചിയും ഗുജറാത്തില്‍നിന്ന് മൂന്നിന് തളിപ്പറമ്പിലെത്തിയത്. ഗുജറാത്ത് കലാപത്തിന്റെ 12-ാം വര്‍ഷത്തില്‍ മതനിരപേക്ഷതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് കിലോമീറ്റര്‍ താണ്ടി അന്‍സാരിയും മോച്ചിയും വന്നത്. വംശഹത്യക്കുശേഷം, ഇരകളുടെ പ്രതീകമായ കുത്തുബ്ദീന്‍ അന്‍സാരിയും കലാപകാരികളുടെ പ്രതീകമായ അശോക് മോച്ചിയും ആദ്യമായി ഒരേ വേദിയിലെത്തി എന്ന പ്രത്യേകതയുമുണ്ട് സെമിനാറിന്. സഹീദ് റൂമി രചിച്ച കുത്തുബ്ദീന്‍ അന്‍സാരിയുടെ ആത്മകഥ ഇവിടെ പ്രകാശനം ചെയ്തു. തുടര്‍ന്ന് കൊയിലാണ്ടിയിലും തൃക്കരിപ്പൂരിലും സിപിഐ എം സംഘടിപ്പിച്ച മതനിരപേക്ഷ സംഗമങ്ങളില്‍ ഇവര്‍ പങ്കെടുത്തു. അസുഖത്തെ തുടര്‍ന്ന് അന്‍സാരി മടങ്ങിയപ്പോഴും "കലാപത്തില്‍ വാളെടുത്ത അസുരന്‍" മോച്ചി മതനിരപേക്ഷതയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി നാദാപുരം, പേരാമ്പ്ര, മലപ്പുറം എന്നിവിടങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു.

ഗുജറാത്ത് കലാപത്തില്‍ കരഞ്ഞുകൊണ്ട് ജീവനുവേണ്ടി യാചിച്ച അന്‍സാരിയുടെയും സര്‍വതും തകര്‍ക്കാന്‍ അക്രമോത്സുകനായി വാളേന്തിനിന്ന മോച്ചിയുടെയും ചിത്രങ്ങള്‍ ലോക മനസ്സാക്ഷിയെ പിടിച്ചുലച്ചതാണ്. ""ഒരിക്കലും ഇനി ജാതിയുടെയും മതത്തിന്റെയും പേരില്‍ ആരും പരസ്പരം വാളെടുക്കരുത്. തമ്മില്‍ സ്നേഹിക്കുന്ന മനുഷ്യരുടെ ഇന്ത്യയെയാണ് ഞാന്‍ സ്വപ്നം കാണുന്നത്.""-കുത്തുബ്ദീന്‍ അന്‍സാരി പറഞ്ഞു. ജാതിയുടെപേരില്‍ നരേന്ദ്രമോഡിയും ആര്‍എസ്എസ് നേതൃത്വവും ദളിതനായ തന്നെ മുതലെടുത്തുവെന്ന തിരിച്ചറിവാണ് മോച്ചിയെ മനംമാറ്റത്തിന് പ്രേരിപ്പിച്ചത്

deshabhimani

No comments:

Post a Comment