Saturday, March 8, 2014

ഇനി ഫാക്ടിന്റെ ശവമെടുക്കാം

ഇന്നെങ്കിലും വരുമോ... വെള്ളിയാഴ്ച രാവിലെവരെയും പാവം തൊഴിലാളികള്‍ പ്രതീക്ഷയോടെ ഡല്‍ഹിയിലേക്ക് നോക്കിയിരുന്നു. ഒടുവില്‍ അതും വെറുതെയായി. ഇനി ഫാക്ടിന്റെ ശവമെടുക്കാം... മാസങ്ങളായി കേരളവും തൊഴിലാളികളും കുടുംബാംഗങ്ങളും കാത്തിരുന്നിട്ടും കേന്ദ്രസര്‍ക്കാരും ധനമന്ത്രിയും കനിഞ്ഞില്ല. ഫാക്ട് പുനരുദ്ധാരണത്തിനുള്ള തുക അനുവദിക്കാതെ കേരളം തെരഞ്ഞെടുപ്പു തിരക്കിലേക്ക് നീങ്ങുകയാണ്. ഫലത്തില്‍ കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിന് പട്ടടയൊരുക്കിയിരിക്കുകയാണ് സര്‍ക്കാര്‍.

ശുപാര്‍ശചെയ്തു മൂന്നുമാസം പിന്നിട്ടിട്ടും ഫാക്ട് പുനരുദ്ധാരണത്തിനുള്ള തുക അനുവദിക്കാത്ത കേന്ദ്രത്തോടൊപ്പം വാറ്റ് നികുതി ഒഴിവാക്കാതെ സംസ്ഥാന സര്‍ക്കാരും കബളിപ്പിച്ചു. ഇപ്പം ശരിയാക്കിത്തരാം.. എന്ന് എത്രകാലമായി എറണാകുളത്തിന്റെ മന്ത്രിയായ കെ വി തോമസ് പറയുന്നു. തെരഞ്ഞെടുപ്പു വിജ്ഞാപനം വരുംമുമ്പെങ്കിലും ഫാക്ടിന്റെ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. വിജ്ഞാപനം എത്തിയപ്പോള്‍ കമീഷന്റെ ഇളവോടെ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ മന്ത്രി തുക അനുവദിക്കുമെന്നും ജീവനക്കാര്‍ ഉറച്ചു പ്രതീക്ഷിച്ചു. ഒന്നുമുണ്ടായില്ല. കേരളത്തില്‍നിന്ന് എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടാണ് ഈ അവഗണന അധികൃതര്‍ തുടര്‍ന്നത്.

രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ സ്തുത്യര്‍ഹ പങ്കുവഹിക്കുന്ന വളം ഉല്‍പ്പാദന സ്ഥാപനമെന്ന പരിഗണനയും കേന്ദ്ര ഭക്ഷ്യമന്ത്രിയുടെ മണ്ഡലത്തിലെ സ്ഥാപനത്തിനുണ്ടായില്ല. പുനരുദ്ധാരണത്തിനുള്ള 7000 കോടിയുടെ പാക്കേജ് തള്ളിയാണ് കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ പുനരുദ്ധാരണത്തിനുള്ള കമ്മിറ്റി (ബോര്‍ഡ് ഓഫ് റി-സ്ട്രക്ചറിങ് കമ്മിറ്റി ഓഫ് പബ്ലിക് സെക്ടര്‍- ബിആര്‍പിസി) ഫാക്ടിന് 991.9 കോടി രൂപ അടിയന്തരമായി അനുവദിക്കാന്‍ ശുപാര്‍ശചെയ്തത്. ധനമന്ത്രിയുടെ അനുമതി മാത്രമാണ് ശേഷിച്ചിരുന്നത്. എന്നാല്‍, അനുകൂല തീരുമാനം എടുപ്പിക്കുന്നതില്‍ കേരള മന്ത്രിസഭയും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും പരാജയപ്പെട്ടു. ഫാക്ടിലെ മുഴുവന്‍ ട്രേഡ് യൂണിയനുകളും കൊടിയുടെ നിറം നോക്കാതെയാണ് കമ്പനിയെ രക്ഷിക്കാന്‍ സമരത്തിനിറങ്ങിയത്. ഇതും അധികൃതരുടെ കണ്ണുതുറപ്പിച്ചില്ല.

ഫാക്ടിലെ അമോണിയം, കാപ്രോലാക്ടം പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. യൂറിയ പ്ലാന്റ് നാളുകള്‍ക്കു മുമ്പേ നിശ്ചലമായതിനെത്തുടര്‍ന്ന് കണ്ടംചെയ്തു. 2013 ഒക്ടോബര്‍വരെ നാഫ്ത ഉപയോഗിച്ചതിലുള്ള സബ്സിഡി തുകയായ 143 കോടി രൂപ മാത്രമാണ് ഒടുവില്‍ ഫാക്ടിനായി അനുവദിച്ചത്. എല്‍എന്‍ജി അധിഷ്ഠിത പദ്ധതി ഇപ്പോഴത്തെ സാഹചര്യത്തില്‍ ലാഭകരമല്ലെന്ന കാരണത്താലാണ് ബോര്‍ഡ് 7000 കോടിയുടെ പദ്ധതി തള്ളിയത്. അനുവദിച്ച തുകയാകട്ടെ നിത്യനിദാന ചെലവിനുള്ളതും. നിലവിലുള്ള കടമായ 282.73 കോടിരൂപ, ഇതിന്റെ പലിശ ഇനത്തിലെ 159.17 കോടി രൂപ, പ്രവര്‍ത്തന മൂലധനമായി 300 കോടി രൂപ വായ്പയും ഗ്രാന്റായി 250 കോടി രൂപയും ചേര്‍ത്ത് 991.9 കോടി രൂപയാണ് ശുപാര്‍ശചെയ്ത തുക. ഫാക്ടിന്റെ പ്രശ്നം പഠിക്കാന്‍ ബിആര്‍സിപി നിയോഗിച്ച ഡെലോയിഡ് എന്ന കണ്‍സള്‍ട്ടന്‍സിയാണ് ശുപാര്‍ശ ചെയ്തത്. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രം കടുത്ത അലംഭാവമാണ് പുലര്‍ത്തിയത്. വന്‍ നഷ്ടത്തിലുള്ള ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന് (ഐടിഐ) പുനരുദ്ധാരണസമിതി ശുപാര്‍ശചെയ്ത 4156.79 കോടി ഈയിടെ അനുവദിച്ച സര്‍ക്കാര്‍തന്നെയാണ് ഫാക്ടിനു നേരെ മുഖംതിരിച്ചത്. കെ വി തോമസിനെപ്പോലുള്ള കേന്ദ്രമന്ത്രിമാരാകട്ടെ വായ അനക്കിയതുമില്ല. ഒപ്പം ഇല്ലാക്കഥ പ്രചരിപ്പിച്ചു നേട്ടം കൊയ്യാനും ശ്രമിച്ചു.

എല്‍എന്‍ജിക്ക് നികുതിയിളവു നല്‍കാതെ സംസ്ഥാന സര്‍ക്കാരും ഫാക്ടിനെ ഞെരുക്കി. മുമ്പ് ഫാക്ട് ഉപയോഗിച്ച നാഫ്തയ്ക്ക് സംസ്ഥാന വാറ്റ് അഞ്ചു ശതമാനം മാത്രമായിരുന്നുവെങ്കില്‍ എല്‍എന്‍ജിയുടേത് 14.5 ശതമാനമാണ്. വളത്തിന് സബ്സിഡി നല്‍കുന്നതിനാല്‍ എല്‍എന്‍ജിക്ക് നികുതിയിളവ് നല്‍കാനാവില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഏറ്റവും ഒടുവിലും ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് പ്രഖ്യാപിക്കാതെ യുഡിഎഫ് സര്‍ക്കാര്‍ ഈ സ്ഥാപനത്തെയും തൊഴിലാളികളെയും വഞ്ചിച്ചു. ഒരുകിലോ വളം ഉല്‍പ്പാദിപ്പിക്കാന്‍ ഫാക്ടിനുള്ള ചെലവ് 32 രൂപയാണ്. ഫാക്ട് ഒരുകിലോ വളം കര്‍ഷകനു നല്‍കേണ്ടത് 16 രൂപയ്ക്കാണ്. സര്‍ക്കാര്‍ ഫാക്ടിനു നല്‍കുന്ന സബ്സിഡി എട്ട് രൂപയും. ഓരോ കിലോയ്ക്കും എട്ടു രൂപയുടെ നഷ്ടം. ഈ ഘട്ടത്തിലാണ് വളത്തിന് സബ്സിഡി നല്‍കുന്നുവെന്ന സര്‍ക്കാര്‍ വാദം പൊള്ളയാകുന്നത്.

ഷഫീഖ് അമരാവതി ദേശാഭിമാനി

ധനസഹായം കിട്ടില്ല: ചെന്നിത്തല

ന്യൂഡല്‍ഹി: ഫാക്ടിന്റെ പുനരുജ്ജീവന പാക്കേജിന് യുപിഎ സര്‍ക്കാര്‍ അംഗീകാരം നല്‍കില്ലെന്ന് തീര്‍ച്ചയായി. ഫാക്ടിന് നല്‍കാന്‍ സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്ന് ധനമന്ത്രി പി ചിദംബരം വ്യക്തമാക്കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വ്യാഴാഴ്ച ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജൂണില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും പാക്കേജ് ഫയലിന്റെ പ്രക്രിയ ആവര്‍ത്തിക്കേണ്ടി വരും. കുറഞ്ഞത് രണ്ടുമാസമെങ്കിലും ഇതിനു വേണ്ടി വരും. എന്നാല്‍ ഈ മാസം അഞ്ഞൂറ് കോടിയെങ്കിലും കേന്ദ്രസഹായം കിട്ടിയില്ലെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ട സ്ഥിതിയിലാണ് ഫാക്ട്.

No comments:

Post a Comment