Friday, March 14, 2014

കടത്തനാടിന്റെ മനസ്സറിഞ്ഞ് യുവപോരാളി

വടകര: യുവത്വത്തിന്റെ കരുത്തും തീക്ഷ്ണമായ സമരാനുഭവങ്ങളുമായി കടത്തനാടിന്റെ ജനവിധി തേടി എ എന്‍ ഷംസീര്‍. കാമ്പസിന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥി നേതാവ്, യുവജന-വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ മുന്‍നിര സമരപോരാളി, അശരണരും നിരാലംബരുമായ ജീവിതങ്ങള്‍ക്ക് സാന്ത്വനമരുളുന്ന ജീവകാരുണ്യ-മനുഷ്യസേവന പ്രവര്‍ത്തനങ്ങളുടെ സംഘാടകന്‍, വിഷയങ്ങള്‍ മികവോടെ അവതരിപ്പിക്കുന്ന വാഗ്മി, ഇടതുപക്ഷത്തിന്റെ സംവാദാത്മകമുഖം .......എന്നിങ്ങനെ സമര സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ അനുഭവ സമ്പത്തുമായാണ് വടകരയുടെ തെരഞ്ഞെടുപ്പ് മത്സരവേദിയിലേക്ക് ഷംസീര്‍ എത്തുന്നത്. സൗമ്യമായ പെരുമാറ്റത്തിലൂടെ ജനഹൃദയം കീഴടക്കിയ ഷംസീര്‍ പോര്‍നിലങ്ങളിലെ ധീരയൗവനസാന്നിധ്യമാണ്.

ഇടതുപക്ഷത്തിനെതിരായ കോ-ലീ-ബി അവിശുദ്ധസഖ്യത്തെ കെട്ടുകെട്ടിച്ച സമുജ്വല രാഷ്ട്രീയ പാരമ്പര്യമുള്ള മണ്ണാണ് വടകരയുടേത്. ശക്തമായ ഈ രാഷ്ട്രീയബോധ്യത്തിന്റെ കൊടിയേന്താന്‍ കഴിവും കരുത്തും പ്രതിബദ്ധതയുമുള്ള യുവനേതാവിനെയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചിട്ടുള്ളത്. ജന്മനാടായ തലശേരിയടങ്ങുന്ന വടകര ലോക്സഭാമണ്ഡലത്തില്‍പുതുമുഖമായ ഷംസീറിന്റെ അരങ്ങേറ്റം എല്‍ഡിഎഫ് ക്യാമ്പില്‍ ഉണര്‍വ് പകര്‍ന്നിട്ടുണ്ട്. യുവത്വത്തിന്റെ തുടിപ്പും ആവേശവും കൈമുതലായുള്ള വിനയവും ആത്മാര്‍ഥതയും തുളുമ്പുന്ന ശൈലിയുടെ ഉടമ, വിഷയങ്ങള്‍ പഠിക്കുന്നതിലും ആര്‍ജവത്തോടെ അവതരിപ്പിക്കുന്നതിലുമുള്ള മിടുക്ക്, പൊലീസ് അതിക്രമങ്ങളും ആര്‍എസ്എസിന്റെ വധശ്രമങ്ങളും അതിജീവിച്ച പോരാളി, കേരളത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനത്തെ സമരപഥങ്ങളില്‍ നയിച്ച വിദ്യാര്‍ഥി നേതാവ്... എക്കണ്ടി നടുവിലേരി ഷംസീര്‍ എന്ന എ എന്‍ ഷംസീര്‍ പ്രതിസന്ധികളില്‍ കൂസാതെ കുറഞ്ഞ കാലത്തിനകം നാടിന്റെയും നാട്ടുകാരുടെയും സമ്മതിയാര്‍ജിച്ച യുവനേതാവാണ്. കാമ്പസിലും തെരുവിലും സമരമുഖങ്ങളിലുമെല്ലാം സമരോത്സുകമായ സാന്നിധ്യമായി നിറഞ്ഞുനിന്ന പ്രവര്‍ത്തനാനുഭവമാണ് മുപ്പത്തിയാറുകാരനായ ഷംസീറിന്റെ കൈമുതല്‍.

പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം തലശേരി ബിഇഎംപി ഹൈസ്കൂളില്‍ നിന്ന് എസ്എസ്എല്‍സിയും ബ്രണ്ണന്‍കോളേജില്‍ നിന്ന് പ്രീഡിഗ്രിയും ഫിലോസഫിയില്‍ ബിരുദവും നേടി. കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്പസില്‍ നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം. പാലയാട് സ്കൂള്‍ ഓഫ് ലീഗല്‍സ്റ്റഡീസില്‍ നിന്ന് എല്‍എല്‍ബിയും എല്‍എല്‍എമ്മും പൂര്‍ത്തിയാക്കി. മലബാര്‍ കാന്‍സര്‍സെന്ററിലെ അര്‍ബുദരോഗികളുടെ കണ്ണീരൊപ്പാന്‍ രൂപീകരിച്ച ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി വര്‍ക്കിങ്ചെയര്‍മാനാണ്. തലശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. 1998-99ലാണ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായത്. 1995ല്‍ ബ്രണ്ണന്‍കോളേജ് യൂനിയന്‍ ജനറല്‍സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സമീപകാലത്ത് കണ്ണൂരില്‍ സംഘടിപ്പിച്ച ഇടതുപക്ഷവും മലബാറിലെ മുസ്ലീങ്ങളും എന്ന സെമിനാറിന്റെ മുഖ്യ സംഘാടകനായിരുന്നു.

വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനത്തിനിടയില്‍ ധര്‍മടം വെള്ളൊഴുക്കില്‍ വെച്ച് 1999 ഒക്ടോബര്‍ 22ന് ആര്‍എസ്എസ് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു. രണ്ടാഴ്ചയോളം തലശേരി സഹകരണ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും ചികിത്സക്ക് ശേഷമാണ് സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പ്രൊഫഷണല്‍കോളേജ് പ്രവേശനകൗണ്‍സിലിങ്ങിനെതിരെ 2005ല്‍ കോഴിക്കോട് നടത്തിയ സമരത്തിനിടയില്‍ പൊലീസിന്റെ ഭീകരമര്‍ദനത്തിന്വിധേയനായി. അറസ്റ്റുചെയ്തു ജയിലിലടക്കുകയുംചെയ്തു. സോളാര്‍തട്ടിപ്പിനെതിരെ കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം സെക്രട്ടറിയറ്റിന് മുന്നിലേക്കുള്ള യുവജനമാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോഴും പരിക്കേറ്റു. കള്ളക്കേസുകളില്‍പെടുത്തി വിവിധ കാലങ്ങളിലായി 94 ദിവസം കണ്ണൂരും കോഴിക്കോടുമായി ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. തലശേരി കലാപകാലത്ത് ഏറെ പ്രയാസം അനുഭവിച്ചതാണ് ഷംസീറിന്റെ കുടുംബം. തലശേരി മാടപ്പീടികപള്ളിക്കടുത്ത എക്കണ്ടി നടുവിലേരി തറവാട്ടിലെ അംഗമാണ്. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുള്‍ഖാദറുടെ മരുമകളുടെ മകനാണ് ഷംസീര്‍. ഉപ്പ: റിട്ടയേഡ് സീമാന്‍ കോമത്ത് ഉസ്മാന്‍. ഉമ്മ: എ എന്‍ സറീന. കണ്ണൂര്‍ യൂണിവേഴ്സിറ്റി റിസര്‍ച്ച് സ്കോളര്‍ പി എം ഷഹലയാണ് ഭാര്യ. മകന്‍: ഇസാന്‍. സഹോദരങ്ങള്‍: എ എന്‍ ഷാഹിര്‍ (ബിസിനസ്, മസ്ക്കറ്റ്), എ എന്‍ ആമിന(ഗള്‍ഫ്).

deshabhimani

No comments:

Post a Comment