2ജി സ്പെക്ട്രം അഴിമതിക്കുപിറകെ കേന്ദ്രസര്‍ക്കാരിന് 85,000 കോടി രൂപ നഷ്ടംവരുത്തിയ മറ്റൊരു അഴിമതികൂടി പുറത്തായിരിക്കുന്നു. സ്വകാര്യകമ്പനികള്‍ക്ക് ഖനനത്തിന് കല്‍ക്കരിപ്പാടങ്ങള്‍ ലേലം വിളിക്കാതെ തന്നിഷ്ടപ്രകാരം നല്‍കിയതുവഴിയാണ് ഇത്രയും ഭീമമായ തുക സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കല്‍ക്കരിമന്ത്രാലയത്തിന്റെ ചുമതലയുള്ള കാലത്താണ് ആദ്യം വന്നവര്‍ക്ക് ആദ്യം എന്നരീതിയില്‍ 2ജി സ്പെക്ട്രം മാതൃകയില്‍ തുച്ഛമായ നിരക്കില്‍ കല്‍ക്കരിപ്പാടങ്ങള്‍ ഖനനത്തിനായി നല്‍കിയത്. 73 കല്‍ക്കരിപ്പാടം 143 സ്വകാര്യകമ്പനിക്കാണ് അനുവദിച്ചത്. 1973ല്‍ ഇന്ദിരാഗാന്ധി ദേശസാല്‍ക്കരിച്ച കല്‍ക്കരി ഖനനമേഖല മന്‍മോഹന്‍സിങ് സ്വകാര്യമേഖലയ്ക്ക് കൈമാറുകയാണ് ചെയ്തത്. സ്വകാര്യവല്‍ക്കരണത്തിന്റെ മുഖ്യവക്താവായ പ്രധാനമന്ത്രിക്ക് സാമ്രാജ്യത്വ സാമ്പത്തികനയം ഒരു മറയാവുകയായിരുന്നു എന്നുവേണം കരുതാന്‍ . കമ്പോളത്തില്‍ ടണ്ണിന് 2000 രൂപ വിലയുള്ള കല്‍ക്കരി കുഴിച്ചെടുക്കുമ്പോള്‍ ടണ്ണൊന്നിന് 50 രൂപമാത്രമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ഒരു ടണ്‍ കല്‍ക്കരി കുഴിച്ചെടുക്കാന്‍ കമ്പനിക്ക് ചെലവാകുന്ന തുക 850 രൂപയാണെന്ന് കണക്കാക്കുന്നു. ടണ്ണൊന്നിന് സര്‍ക്കാരിന് 500 രൂപ നഷ്ടംവരുമെന്നാണ് കണക്ക്. 51 ലക്ഷം കോടി രൂപയുടെ മൂല്യം കണക്കാക്കുന്ന കരുതല്‍ശേഖരമാണ് ഈ ഇടപാടിലൂടെ ജിന്‍ഡാല്‍ , ടിസ്കോ, ടാറ്റാ പവര്‍ , എ സ്റ്റാര്‍ , ജിഎംആര്‍ , ആര്‍സല്‍ മിത്തല്‍ , ജെകെ സിമന്റ് എന്നീ വന്‍കിട കമ്പനികള്‍ക്ക് പതിച്ചുനല്‍കിയത്.
2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പങ്ക് ഇതിനകം വ്യക്തമായതാണ്. 1,76,000 കോടി രൂപ കേന്ദ്രഖജനാവിന് നഷ്ടംവരുത്തിയ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി യുപിഎയിലെ ഘടകകക്ഷിയായ ഡിഎംകെയുടെ തലയില്‍ കെട്ടിവച്ച് കൈകഴുകാനാണ് പ്രധാനമന്ത്രിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ഭാര്യയും മകളും മന്ത്രിയായിരുന്ന എ രാജയും ഉള്‍പ്പെടെ പലര്‍ക്കും അഴിമതിയില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കുണ്ടെന്നനിലയില്‍ എ രാജയും കനിമൊഴിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തിഹാര്‍ ജയിലില്‍ അഴിയെണ്ണുകയാണ്. 2007 നവംബര്‍ രണ്ടിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്റെ മന്ത്രിസഭയിലെ ടെലികോംമന്ത്രി എ രാജയ്ക്ക് അയച്ച കത്ത് പരസ്യമായ രേഖയായി മാറിക്കഴിഞ്ഞു. അന്നുതന്നെ സ്പെക്ട്രം വില്‍പ്പനയില്‍ ക്രമക്കേടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്തിന് എ രാജ യഥാസമയം മറുപടി നല്‍കിയില്ല. പിന്നീട് നല്‍കിയ മറുപടിയില്‍ പ്രധാനമന്ത്രിയോട് കാണിക്കേണ്ടതായ ബഹുമാനത്തിന്റെ തരിമ്പും ഇല്ലായിരുന്നു എന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചതാണ്. ഇത്രയും ഗൗരവമുള്ള ഒരു അഴിമതി ശ്രദ്ധയില്‍പ്പെട്ടിട്ടും അത് തടയാനുള്ള ഒരു നടപടിയും ഉണ്ടാകാതിരുന്നത് പ്രധാനമന്ത്രിയുടെ വീഴ്ചയാണെന്നതില്‍ സംശയമില്ല.
2009ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭ പുതുതായി രൂപീകരിച്ചപ്പോള്‍ അഴിമതിക്കാരനായ അതേരാജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തയ്യാറായതും തന്നില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിക്കാതിരിക്കലാണ്. ഇതിനൊക്കെ ന്യായീകരണമായി പ്രധാനമന്ത്രി പറഞ്ഞത് മുന്നണിധര്‍മമാണ്. മുന്നണിഭരണവും മുന്നണിധര്‍മവും സര്‍ക്കാര്‍ ഖജനാവിന് ലക്ഷക്കണക്കിന് കോടി രൂപ നഷ്ടംവരുത്തുന്ന ഇടപാടുകള്‍ നടത്താനുള്ള സൗകര്യമായി ഉപയോഗിക്കുകയാണുണ്ടായത്. നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ പണാധിപത്യ വ്യവസ്ഥയായി അതിവേഗം മാറുകയാണ്. നിയമസഭകളിലും പാര്‍ലമെന്റിലും തെരഞ്ഞെടുപ്പില്‍ ജയിച്ച് അംഗമാകുന്നവരില്‍ ഗണ്യമായ വിഭാഗം കോടീശ്വരന്മാരാണെന്ന് വന്നിരിക്കുന്നു. കേരള നിയമസഭയില്‍ നാലിലൊന്ന് അംഗങ്ങള്‍ കോടീശ്വരന്മാരാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ക്ക് പണം കൊടുത്ത് സ്വാധീനിക്കുന്ന വിവരം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. എന്നാല്‍ , സ്ഥാനാര്‍ഥികളും അവരുടെ സ്വന്തക്കാരും വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും വന്‍തുക നല്‍കി സ്വാധീനിക്കുന്ന സമ്പ്രദായം വ്യാപകമാകുകയാണ്. തെരഞ്ഞെടുപ്പുവേളയില്‍ കോടിക്കണക്കിന് രൂപ അനധികൃതമായി രേഖയില്ലാതെ കടത്തിക്കൊണ്ടുപോകുന്നത് അധികൃതര്‍ പിടിച്ചെടുക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ ചെലവഴിക്കുന്ന തുകയുടെ ചെറിയ അംശംമാത്രമേ ഇത്തരത്തില്‍ പിടിയില്‍ പെടുന്നുള്ളൂ.
തെരഞ്ഞെടുപ്പില്‍ പണം വിതയ്ക്കുകയും ജയിച്ചാല്‍ ജനപ്രതിനിധിയെന്നനിലയിലും മന്ത്രിയെന്നനിലയിലും പണം കൊയ്തെടുക്കുകയും ചെയ്യുന്ന സമ്പ്രദായം മറയില്ലാതെ തുടരുകയാണ്. ഈ രീതി തുടരുന്നിടത്തോളം കാലം അഴിമതി അവസാനിക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. കോര്‍പറേറ്റുകളാണ് മന്ത്രിസഭകളെയും മന്ത്രിമാരെയും നിയന്ത്രിക്കുന്നത്. അഴിമതിവിരുദ്ധ നിലപാടെടുക്കുന്നവര്‍ക്കെതിരെ കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ കുപ്രചാരവേലകള്‍ സംഘടിപ്പിക്കുന്നത് നാം കാണുന്നു. 1959ല്‍ അഴിമതിവിരുദ്ധ സര്‍ക്കാരിനെ പിരിച്ചുവിടുവിക്കാനാണ് അമേരിക്കന്‍ സിഐഎ പണം നല്‍കിയത്. ഇപ്പോള്‍ പശ്ചിമബംഗാളില്‍ സംഭവിച്ചതിന്റെ യഥാര്‍ഥ ചിത്രം പുറത്തുവരാനിരിക്കുന്നതേയുള്ളൂ. കേരളത്തില്‍ മലപ്പുറം ജില്ലയിലുള്‍പ്പെടെ പണത്തിന്റെ കുത്തൊഴുക്ക് അന്വേഷിച്ചറിയാന്‍ കഴിയുന്നതേയുള്ളൂ. ഈ പണത്തിന്റെ പ്രധാന സ്രോതസ്സ് അഴിമതിയാണ്. അങ്ങനെ പണംവാരുന്ന അഴിമതികളില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്നത് കല്‍ക്കരി കുംഭകോണമാണ്. ഇനിയും പലതും പുറത്തുവരാനിരിക്കുന്നു. കേരളത്തില്‍ യുഡിഎഫിന്റെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന മത്സരവും വിലപേശലും എന്തിനുവേണ്ടിയാണെന്ന് പകല്‍വെളിച്ചംപോലെ വ്യക്തമാണ്. സ്പീക്കറാകാന്‍ താല്‍പ്പര്യമില്ല, മന്ത്രിയാകാന്‍ കടുത്ത മത്സരം. കാരണമറിയാന്‍ പാഴൂര്‍പ്പടിവരെ പോകേണ്ടതില്ല. ആരോപണവിധേയര്‍ മന്ത്രിസഭയില്‍മാത്രമല്ല, സര്‍ക്കാരിനുവേണ്ടി കോടതിയില്‍ വാദിക്കേണ്ടവരും അങ്ങനെയുള്ളവരാണെന്ന് വരുന്നത് യഥാര്‍ഥ ചിത്രം വ്യക്തമാക്കുന്നു. വെറുതെയല്ല യുപിഎ സര്‍ക്കാരിന്റെ ജനപിന്തുണ നാള്‍തോറും ചോര്‍ന്നുപോകുന്നതായി സര്‍വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ദേശാഭിമാനി മുഖപ്രസംഗം 250511

ReplyDelete