തെരഞ്ഞെടുപ്പുഫലം വിലയിരുത്തുമ്പോള്‍ രണ്ടാം ഭാഗം
ഒന്നാം ഭാഗം ഇവിടെ
സര്‍ക്കാരിന്റെ ജനക്ഷേമനടപടികള്‍ക്ക് വലിയ പിന്തുണ ആര്‍ജിക്കാനായതിന്റെ തെളിവ് കൂടിയായിരുന്നു എല്‍ഡിഎഫിന്റെ പ്രചാരണപരിപാടികളില്‍ കണ്ട വന്‍ ജനപങ്കാളിത്തം. യുഡിഎഫ് നയങ്ങളോട് ജനങ്ങള്‍ക്കുള്ള വിപ്രതിപത്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രചാരണയോഗങ്ങള്‍പോലും ശുഷ്കമാക്കിയത്. രാഷ്ട്രീയമായി എല്‍ഡിഎഫിനെ പരാജയപ്പെടുത്താനാവില്ലെന്ന തിരിച്ചറിവിലേക്കാണ് ഈ സാഹചര്യം യുഡിഎഫ് നേതൃത്വത്തെ നയിച്ചത്. രക്ഷപ്പെടാനായി ജാതി-മത-വര്‍ഗീയ ശക്തികളെ സ്വാധീനിച്ചും ആശ്രയിച്ചും വോട്ട് നേടാനുള്ള ആസൂത്രണമാണ് അവര്‍ നടത്തിയത്. യുഡിഎഫിന്റെ ശക്തമായ സമ്മര്‍ദം ഉണ്ടായിരുന്നിട്ടും ജാതി-മത സംഘടനകള്‍ തെരഞ്ഞെടുപ്പിനോട് വ്യത്യസ്ത രീതിയിലാണ് പ്രതികരിച്ചത്. എങ്കിലും പൊതുവില്‍ അത്തരം സംഘടനകള്‍ എല്‍ഡിഎഫിന് എതിരായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവസഭകളില്‍ ചിലത് കടുത്ത എല്‍ഡിഎഫ് വിരോധം പ്രകടിപ്പിച്ചു. ഇടയലേഖനങ്ങള്‍ വാശിയോടെ ഇറക്കി. അത്തരമൊരു പ്രത്യക്ഷ ഇടപെടല്‍ ഇത്തവണ ഉണ്ടായില്ല. ഇത്തരം സഭകളില്‍ മിക്കതും എല്‍ഡിഎഫിനോട് പ്രത്യേക വിരോധം കാണിച്ചു എന്ന് കരുതാനാവില്ല. ചില സ്ഥലങ്ങളില്‍ ചിലര്‍ പരസ്യമായിത്തന്നെ എതിരായി പ്രവര്‍ത്തിച്ചു. പൊതുവില്‍ നിശബ്ദമായ പ്രവര്‍ത്തനം എല്‍ഡിഎഫിനെതിരെ നടത്തിയിട്ടുണ്ട് എന്ന് വ്യക്തമാണ്. മുസ്ലിം സംഘടനകളെ ഒന്നിച്ച് അണിനിരത്തി വോട്ട് നേടിയെടുക്കുക എന്ന തന്ത്രത്തിന് മുസ്ലിംലീഗ് നേതൃത്വം നല്‍കി. ആ ഇടപെടല്‍ പൂര്‍ണമായി തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടില്ല. എങ്കിലും അതിന് വലിയ സ്വാധീനം ചില മേഖലകളില്‍ ഉണ്ടാക്കാനായി. എല്‍ഡിഎഫിനെ അനുകൂലിക്കുന്നു എന്ന് ചിത്രീകരിക്കപ്പെടുന്ന ചില സംഘടനകള്‍ യുഡിഎഫിനുവേണ്ടി പ്രത്യക്ഷമായിത്തന്നെ ഇടപെടുന്ന നിലയും ഉണ്ടായി. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി എന്തെങ്കിലും പരാതി പരസ്യമായി പ്രകടിപ്പിക്കാതെയാണ് ഇവര്‍ അങ്ങനെ നിലപാട് സ്വീകരിച്ചത്. കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ സമദൂരസിദ്ധാന്തം പ്രഖ്യാപിച്ചാണ് എന്‍എസ്എസ് അടുത്തകാലംവരെ നിലകൊണ്ടത്. ഇത്തവണ ആ സമീപനത്തില്‍നിന്ന് അവര്‍ മാറി. എല്‍ഡിഎഫിനെതിരെ പരസ്യമായി സ്വീകരിച്ച നിലപാട് സംഘടനയുടെ ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള സുകുമാരന്‍നായര്‍തന്നെ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായുള്ള നിലപാടിലേക്ക് എന്തുകൊണ്ട് അവര്‍ വന്നു എന്ന് വ്യക്തമല്ല. എല്‍ഡിഎഫിനെതിരായിട്ടാണ് എന്‍എസ്എസ് നിന്നത് എന്ന് സുകുമാരന്‍നായര്‍ പ്രഖ്യാപിച്ച ഉടനെ, ഈ നിലപാട് തെരഞ്ഞെടുപ്പ് വേളയില്‍ പരസ്യമാക്കിയിരുന്നെങ്കില്‍ കാര്യം മാറുമായിരുന്നു എന്നാണ് എസ്എന്‍ഡിപി യോഗത്തിന്റെ നേതാവ് പ്രതികരിച്ചത്. കേരളത്തിലെ ഏറെ മണ്ഡലങ്ങളില്‍ എസ്എന്‍ഡിപി അവരുടെ ശേഷി ഉപയോഗിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താനുള്ള പരിശ്രമമാണ് നടത്തിയത്. മറ്റു പല ജാതി-മത സംഘടനകളും പൊതുവില്‍ എല്‍ഡിഎഫിനെതിരെ നിലപാട് സ്വീകരിച്ചു.
ജാതി-മത സംഘടനകളുടെ തലപ്പത്തിരിക്കുന്ന പലരുടെയും സ്ഥാപിതതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് യുഡിഎഫാണ് അഭികാമ്യം എന്ന ചിന്തയാണ് ഇതിനു കാരണമായത്. അല്ലാതെ ഓരോ വിഭാഗത്തിന്റെയും താല്‍പ്പര്യത്തെ അടിസ്ഥാനപ്പെടുത്തിയല്ല. ജാതി-മത സംഘടനകളുടെ ഇവ്വിധമുള്ള ഇടപെടലുകള്‍ അവര്‍ ഉദ്ദേശിച്ചതുപോലെ ഏശിയില്ല എന്ന് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നുണ്ട്. ക്രൈസ്തവ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നിര്‍ണായകമായ സ്വാധീനമുള്ള മധ്യകേരളത്തിലെ പല മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ അട്ടിമറി വിജയം നേടി. മുസ്ലിം ന്യൂനപക്ഷത്തിന് സ്വാധീനമുള്ള കോഴിക്കോട് ജില്ലയിലെ പല മേഖലകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എന്‍എസ്എസിന്റെ ആസ്ഥാനമായ ചങ്ങനാശേരിയില്‍ , എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി എന്‍എസ്എസിന് സ്വാധീനമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ വിധിയെഴുതി. എസ്എന്‍ഡിപി പരാജയപ്പെടുത്താന്‍ പരിശ്രമിച്ച പല എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചുവന്നു. ജാതി-മത സംഘടനകള്‍ പലതും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിച്ചിട്ടും അവര്‍ക്ക് സ്വാധീനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന മേഖലകളില്‍പ്പോലും ഇടതുപക്ഷം വിജയിച്ചത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ നിലപാടുകള്‍ തങ്ങളെ രക്ഷപ്പെടുത്തുമെന്നാണ് യുഡിഎഫ് കരുതിയത്. അതുകൊണ്ടാണ് 100 സീറ്റുനേടുമെന്ന ആത്മവിശ്വാസം യുഡിഎഫ് കേന്ദ്രങ്ങള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ പ്രകടിപ്പിച്ചത്. ആ കണക്കുകൂട്ടല്‍ തെറ്റിക്കുന്ന നിലപാട് ജനങ്ങള്‍ സ്വീകരിച്ചു എന്നത് പകല്‍പോലെ വ്യക്തം. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് പ്രഖ്യാപിച്ച് പ്രചണ്ഡമായ പ്രചാരണമാണ് നടത്തിയത്. അഖിലേന്ത്യാ നേതാക്കള്‍ സജീവമായി പ്രചാരണരംഗത്ത് വരുകയും ഈ തെരഞ്ഞെടുപ്പില്‍ വോട്ട് മറിക്കുകയില്ല എന്ന് പ്രഖ്യാപിക്കുകയുംചെയ്തു. എന്നാല്‍ , പ്രാദേശികമായി വോട്ട് കച്ചവടം നടന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. കോഴിക്കോട് സൗത്ത്, കഴക്കൂട്ടം, പാറശാല, കോട്ടയം, തൃത്താല, പിറവം തുടങ്ങിയ മണ്ഡലങ്ങളിലാണ് യുഡിഎഫിന് വിജയം ഉറപ്പിക്കുന്ന തരത്തില്‍ വോട്ടുകള്‍ മറിഞ്ഞിട്ടുള്ളത്. ഉദാഹരണമായി കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് 2474 വോട്ട് കുറഞ്ഞപ്പോള്‍ യുഡിഎഫ് വിജയിച്ചത് 1376 വോട്ടുകള്‍ക്കാണ്. തൃത്താല മണ്ഡലത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ 4851 വോട്ട് ബിജെപിക്ക് കുറഞ്ഞപ്പോള്‍ യുഡിഎഫ് ജയിച്ചത് 3197 വോട്ടുകള്‍ക്കാണ്. പാറശാലയില്‍ 5425 വോട്ട് പാര്‍ലമെന്റിനെ അപേക്ഷിച്ച് ബിജെപിക്ക് കുറഞ്ഞപ്പോള്‍ യുഡിഎഫ് വിജയിച്ചത് 505 വോട്ടുകള്‍ക്കാണ്.
ജാതി-മത സംഘടനകളെ അണിനിരത്തിയിട്ടും യുഡിഎഫ് വിജയിക്കാതെ പോയത് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച ജനോപകാരപ്രദമായ നടപടികളുടെയും തത്വാധിഷ്ഠിതമായ രാഷ്ട്രീയത്തിന്റെയും ഫലമാണ്. എല്ലാ വിശ്വാസങ്ങളെയും സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമാകുമ്പോള്‍ത്തന്നെ അത്തരം ഇടപെടലുകളെ രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിന് ഉതകുന്ന മതനിരപേക്ഷ രാഷ്ട്രീയമാണ് എല്‍ഡിഎഫ് മുന്നോട്ടുവച്ചത്. അതിന് കേരളജനത നല്‍കിയ പിന്തുണ കൂടിയാണ് എല്‍ഡിഎഫിന്റെ മുന്നേറ്റത്തിന് അടിത്തറയായത്. ജനങ്ങള്‍ വിവിധ ജാതി-മത വിഭാഗങ്ങളില്‍പ്പെടുന്നവരാണെങ്കിലും അവര്‍ വര്‍ഗപരമായി കര്‍ഷകരും മത്സ്യത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും ജീവനക്കാരും തൊഴിലാളികളുമൊക്കെയാണ്. അതുകൊണ്ടുതന്നെ ജാതി-മത ചിന്തകള്‍ക്കതീതമായി ഒരേ രീതിയിലുള്ള പ്രശ്നങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നവരുമാണ്. അവരുടെ പ്രയാസങ്ങള്‍ വര്‍ധിപ്പിക്കുന്ന നിലപാടാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതില്‍നിന്ന് വ്യത്യസ്തമായി അവരുടെ ദൈനംദിന ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അനുകൂലമായ വികാരം പൊതുവില്‍ എല്ലാ വിഭാഗങ്ങളിലും ഉളവാക്കി.
സംസ്ഥാന സര്‍ക്കാര്‍ കടലോരമേഖലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മത്സ്യത്തൊഴിലാളികളെ എല്‍ഡിഎഫിന് അനുകൂലമായി ചിന്തിപ്പിച്ചു. കാര്‍ഷികമേഖലയിലും പരമ്പരാഗത മേഖലയിലും ഇതേ നില കാണാവുന്നതാണ്. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിച്ച മുന്‍ യുഡിഎഫ് സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായി ശമ്പള പരിഷ്കരണ നടപടികള്‍ ഉള്‍പ്പെടെ സമയബന്ധിതമായി പൂര്‍ത്തീകരിച്ച എല്‍ഡിഎഫ് സര്‍ക്കാരിനോട് അവര്‍ക്ക് അനുഭാവമുണ്ടായി. സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ പ്രതീക്ഷയുണര്‍ത്തി. ഇത്തരം മേഖലകളില്‍ ഇടപെട്ട് സ്വത്വരാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ജാതി സംഘടനകളുടെ തീട്ടൂരങ്ങളെ ഇവര്‍ പുച്ഛിച്ചു തള്ളി. കേരളത്തിലെ 14 സംവരണ മണ്ഡലങ്ങളില്‍ 10ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചുവന്ന അനുഭവമാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായത്. സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ അത്തരം വിഭാഗങ്ങളെ എല്‍ഡിഎഫിനോട് അടുപ്പിച്ചു. തെരഞ്ഞെടുപ്പുരംഗത്തെ എല്ലാ പ്രവര്‍ത്തനങ്ങളിലും സ്ത്രീകളുടെ വന്‍ പങ്കാളിത്തം എല്‍ഡിഎഫിന്റെ പരിപാടികളില്‍ ദൃശ്യമായത് ഇതുകൊണ്ടാണ്.
അടിസ്ഥാന ജനവിഭാഗങ്ങളില്‍ എല്‍ഡിഎഫിന്റെ അടിത്തറ കൂടുതല്‍ വിപുലപ്പെട്ടുവരികയാണെന്ന് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കി. വിവിധ ജനവിഭാഗങ്ങള്‍ തങ്ങളുടെ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പോളിങ് ബൂത്തില്‍ ചെന്ന് എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. അതുകൊണ്ട് ജാതി-മത സംഘടനകള്‍ നല്‍കിയ തീട്ടൂരങ്ങളെ അതേപോലെ കേരള ജനത ഉള്‍ക്കൊണ്ടില്ല. ജാതി-മത സംഘടനകളില്‍ പലതിന്റെയും പിന്തുണ ഉറപ്പിച്ച യുഡിഎഫ് ചരിത്രവിജയം പ്രഖ്യാപിച്ച് മുന്നോട്ടുപോയപ്പോള്‍ തെരഞ്ഞെടുപ്പുഫലം അവരെ ഞെട്ടിച്ചത് ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുവന്ന ഈ രാഷ്ട്രീയ അടിയൊഴുക്ക് കാണാതിരുന്നതുകൊണ്ടാണ്. വര്‍ഗീയതയ്ക്കെതിരെ എല്‍ഡിഎഫ് സ്വീകരിച്ച നിലപാടുകള്‍ മതേതരവാദികളെ എല്‍ഡിഎഫിന് അനുകൂലമാക്കി.
കേരളത്തിലെ സാമൂഹ്യ ജീവിതത്തിലെ പൊതുമണ്ഡലങ്ങള്‍ അത്ര എളുപ്പം തകര്‍ക്കാനാവില്ലെന്ന മുന്നറിയിപ്പ് വലതുപക്ഷ ശക്തികള്‍ക്കും ജാതി-മത ശക്തികളുടെ തലപ്പത്തിരിക്കുന്നവര്‍ക്കും നല്‍കുന്നതാണ് ഈ തെരഞ്ഞടുപ്പ് ഫലം. ഭൂരിപക്ഷം നേടുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നു. അത്രത്തോളം മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ചില മണ്ഡലങ്ങളിലുണ്ടായ പരാജയത്തെക്കുറിച്ച് പ്രാദേശികതലത്തില്‍ത്തന്നെ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ മുന്നോട്ടുപോകുന്നതിനുള്ള സമീപനവും എല്‍ഡിഎഫ് സ്വീകരിക്കും. ജാതി-വര്‍ഗീയ ശക്തികള്‍ക്കു മുന്നില്‍ തല കുനിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടതുകൊണ്ടാണ് മന്ത്രിസഭാ രൂപീകരണത്തില്‍ ഉള്‍പ്പെടെ യുഡിഎഫില്‍ പ്രതിസന്ധി ഉണ്ടായത്. വിവിധ ജാതി-മത സംഘടനകള്‍ അവകാശം പറഞ്ഞ് മന്ത്രിസഭയിലേക്ക് ആളുകളെ കൊണ്ടുവരുന്ന നടപടിയുടെ അടിസ്ഥാനം ഈ രാഷ്ട്രീയ സമീപനമാണ്. ഇത് മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്ന് പ്രഖ്യാപിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അപമാനകരമാണ്, കേരളീയ സാമൂഹ്യജീവിതത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നതിന് ഇടയാക്കുന്നതുമാണ്.
മുന്നണി മര്യാദകളെപ്പോലും ലംഘിച്ച് ഘടകകക്ഷികള്‍ രംഗത്തുവരുന്ന ചിത്രം യുഡിഎഫ് സംവിധാനം എത്ര ദുര്‍ബലമാണ് എന്നതിന്റെ ദൃഷ്ടാന്തമാണ്. വര്‍ഗീയ ശക്തികളെ മാറ്റിനിര്‍ത്തി എന്നതുകൊണ്ടാണ് എല്‍ഡിഎഫിന്റെ ഭരണകാലത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ കേരളത്തില്‍ അന്യമായിത്തീര്‍ന്നത്. അത്തരം ശക്തികളെ താലോലിച്ച് മുന്നോട്ടുപോകുന്ന യുഡിഎഫിന്റെ നിലപാടുകള്‍ കേരളത്തിന്റെ മത സൗഹാര്‍ദത്തെപ്പോലും തകര്‍ക്കും. മാഫിയാ സംഘങ്ങളുടെ സംരക്ഷകരുടെ കൈകളിലേക്ക് കേരള ഭരണം നീങ്ങുന്നു എന്നതിന്റെ ആപല്‍സൂചനകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദലുയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനകളും പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനവും അധികാര വികേന്ദ്രീകരണത്തോട് എടുക്കുന്ന സമീപനവും അതാണ് സൂചിപ്പിക്കുന്നത്. ഇത്തരം ജനദ്രോഹകരമായ നയങ്ങള്‍ നടപ്പാക്കിയാല്‍ അതിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കും. കേരളത്തിന്റെ മഹത്തായ മതസൗഹാര്‍ദം തകര്‍ക്കുന്നതിനുള്ള ഇടപെടലുകള്‍ക്കെതിരെ ജാഗ്ര ത്തായ ഇടപെടലുകള്‍ക്ക് സിപിഐ എം തയ്യാറാകും. എല്ലാ വര്‍ഗീയതകള്‍ക്കുമെതിരെ ശക്തമായ നിലപാട് പാര്‍ടി സ്വീകരിക്കും. കേരളം നേടിയ നേട്ടങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ പേരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.
പിണറായി വിജയന്‍ ദേശാഭിമാനി 280511
സര്‍ക്കാരിന്റെ ജനക്ഷേമനടപടികള്‍ക്ക് വലിയ പിന്തുണ ആര്‍ജിക്കാനായതിന്റെ തെളിവ് കൂടിയായിരുന്നു എല്‍ഡിഎഫിന്റെ പ്രചാരണപരിപാടികളില്‍ കണ്ട വന്‍ ജനപങ്കാളിത്തം. യുഡിഎഫ് നയങ്ങളോട് ജനങ്ങള്‍ക്കുള്ള വിപ്രതിപത്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രചാരണയോഗങ്ങള്‍പോലും ശുഷ്കമാക്കിയത്. രാഷ്ട്രീയമായി എല്‍ഡിഎഫിനെ പരാജയപ്പെടുത്താനാവില്ലെന്ന തിരിച്ചറിവിലേക്കാണ് ഈ സാഹചര്യം യുഡിഎഫ് നേതൃത്വത്തെ നയിച്ചത്. രക്ഷപ്പെടാനായി ജാതി-മത-വര്‍ഗീയ ശക്തികളെ സ്വാധീനിച്ചും ആശ്രയിച്ചും വോട്ട് നേടാനുള്ള ആസൂത്രണമാണ് അവര്‍ നടത്തിയത്. യുഡിഎഫിന്റെ ശക്തമായ സമ്മര്‍ദം ഉണ്ടായിരുന്നിട്ടും ജാതി-മത സംഘടനകള്‍ തെരഞ്ഞെടുപ്പിനോട് വ്യത്യസ്ത രീതിയിലാണ് പ്രതികരിച്ചത്. എങ്കിലും പൊതുവില്‍ അത്തരം സംഘടനകള്‍ എല്‍ഡിഎഫിന് എതിരായിരുന്നു.
ReplyDelete