Sunday, May 29, 2011

വീരേന്ദ്രകുമാര്‍ പങ്കെടുത്ത യോഗം ബഹളത്തില്‍ കലാശിച്ചു

ഒഞ്ചിയം: വടകര മണ്ഡലത്തില്‍ എം കെ പ്രേംനാഥിന്റെ പരാജയം ചര്‍ച്ച ചെയ്യാന്‍ സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാര്‍ വിളിച്ച യോഗം ബഹളത്തില്‍ കലാശിച്ചു. പാര്‍ടിയുടെ ശക്തികേന്ദ്രമായ മണ്ഡലത്തില്‍ അപ്രതീക്ഷിത പരാജയമുണ്ടായതിന്റെ കാരണവും, ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെതിരെയുള്ള പരാതി പരിശോധിക്കാനുമാണ് യോഗം വിളിച്ചുചേര്‍ത്തത്. ജില്ലാകമ്മിറ്റി ഓഫീസില്‍ രാവിലെ 11ന് ആരംഭിച്ച യോഗം രാത്രി എട്ടുവരെ തുടര്‍ന്നു. നേതാക്കള്‍ ചേരിതിരിഞ്ഞ് കലഹിച്ചതിനാല്‍ തീരുമാനമെടുക്കാനാകാതെ വീരേന്ദ്രകുമാര്‍ യോഗം പിരിച്ചുവിടുകയായിരുന്നു.

യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെതിരെ രൂക്ഷമായ ആക്ഷേപമാണ് ഉന്നയിച്ചത്. പാര്‍ടിക്കും മുന്നണിക്കും മനയത്ത് ചന്ദ്രന്റെ നിലപാട് അവമതിപ്പ് ഉണ്ടാക്കിയതായി അഭിപ്രായമുയര്‍ന്നു. മണ്ഡലത്തില്‍ സോഷ്യലിസ്റ്റ് ജനതക്ക് സ്വാധീനമുള്ള അഴിയൂര്‍ , ഏറാമല പഞ്ചായത്തുകളില്‍ യുഡിഎഫിന് ഭൂരിപക്ഷം കൂടിയെന്ന പത്ര പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് എം കെ പ്രേംനാഥ് കണക്കുകള്‍ നിരത്തി അവതരിപ്പിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി മണ്ഡലത്തില്‍ അനാവശ്യ വിവാദമുണ്ടാക്കി മനയത്ത് ചന്ദ്രന്‍ പ്രേംനാഥിനെ പരാജയപ്പെടുത്താന്‍ കരുക്കള്‍ നീക്കിയതായും ആക്ഷേപമുയര്‍ന്നു. കഴിഞ്ഞ ദിവസം പ്രേംനാഥിന്റെ ഓഫീസില്‍ ബോംബെറിഞ്ഞ സംഭവവും ചര്‍ച്ചാവിഷയമായി. കുറച്ചുകാലമായി തന്നെ അപകീര്‍ത്തിപ്പെടുത്താനും ഇല്ലായ്മ ചെയ്യാനും പാര്‍ടിയിലെ ഒരു വിഭാഗം നേതാക്കളുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായി പ്രേംനാഥ് വികാരാധീനനായി യോഗത്തില്‍ പറഞ്ഞു.

നാല്‍പതോളം കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത യോഗം പകുതിയിലേറെ പേര്‍ പ്രേംനാഥിന്റെ ന്യായവാദങ്ങളെ അനുകൂലിച്ചു. മനയത്ത് ചന്ദ്രനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കംചെയ്യണമെന്ന ആവശ്യമാണ് ഭൂരിഭാഗം അംഗങ്ങളും ഉയര്‍ത്തിയത്. സംസ്ഥാനസമിതിയില്‍ ചര്‍ച്ച ചെയ്ത് അനുയോജ്യ നടപടി സ്വീകരിക്കുമെന്ന് വീരേന്ദ്രകുമാര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. എന്നാല്‍ തീരുമാനം പിന്നീട് അറിയിക്കാമെന്ന സംസ്ഥാന പ്രസിഡന്റിന്റെ അഭിപ്രായത്തോട് പ്രവര്‍ത്തകരും നേതാക്കളും കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. പാര്‍ടി എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ചതിനെയും ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. പരിഗണന കിട്ടുന്നില്ലെന്ന് പറഞ്ഞ് എല്‍ഡിഎഫ് വിട്ടിട്ട് കൂടുതല്‍ നഷ്ടം സംഭവിക്കുന്ന സ്ഥിതിയാണ് യുഡിഎഫില്‍ എത്തിയപ്പോള്‍ ഉണ്ടായതെന്ന് അഭിപ്രായമുയര്‍ന്നു. പ്രേംനാഥിനെ അനുകൂലിക്കുന്ന ഒരു വിഭാഗം കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ രഹസ്യ യോഗം ചേര്‍ന്നിരുന്നു. 19 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാന പ്രസിഡന്റ് പങ്കെടുത്ത യോഗത്തില്‍ ജില്ലയിലെ ഭൂരിഭാഗം നേതാക്കളും പ്രേംനാഥിനൊപ്പം നിന്നതും ശ്രദ്ധേയമാണ്.

മന്ത്രിമാരുടെ സ്വീകരണച്ചടങ്ങില്‍ അബൂബക്കറിനെ ഒഴിവാക്കി

മലപ്പുറം: കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സ്വീകരണത്തില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ യു അബൂബക്കറിന് അവഗണന. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദിനും എ പി അനില്‍കുമാറിനും മലപ്പുറം ടൗണ്‍ഹാളില്‍ ഡിസിസി നല്‍കിയ സ്വീകരണത്തിലാണ് മുന്‍ ഡിസിസി പ്രസിഡന്റുകൂടിയായ യു അബൂബക്കറിനെ ഒഴിവാക്കിയത്. പൊന്നാനിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി ടി അജയ്മോഹനെ തോല്‍പ്പിക്കാന്‍ മണ്ഡലത്തിന്റെ ചുമതലകൂടി ഉണ്ടായിരുന്ന അബൂബക്കര്‍ ശ്രമിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് ജില്ലാ നേതൃത്വം അദ്ദേഹത്തെ അവഗണിച്ചതെന്നാണ് സൂചന. പരിപാടിയില്‍ അജയ്മോഹന്‍ പങ്കെടുത്തിരുന്നു.

പൊന്നാനിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ അബൂബക്കര്‍ പ്രവര്‍ത്തിച്ചതായി വ്യാപക പരാതിയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ കലാപം രൂക്ഷമായിരുന്നു. ചടങ്ങില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വി ഇര്‍ഫാന് ഡിസിസിയുടെയും മുഹമ്മദ് അബ്ദുറഹ്മാന്‍ സ്മാരക ട്രസ്റ്റിന്റെയും ഉപഹാരം മന്ത്രി ആര്യാടന്‍ മുഹമ്മദ് സമ്മാനിച്ചു. ഇ മുഹമ്മദ്കുഞ്ഞി അധ്യക്ഷനായി. വി വി പ്രകാശ്, പി ടി അജയ്മോഹന്‍ , മംഗലം ഗോപിനാഥ്, സി ഹരിദാസ്, കെ പി അബ്ദുള്‍ മജീദ്, എന്നിവര്‍ സംസാരിച്ചു. വി എ കരീം സ്വാഗതവും വി ബാബുരാജ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി 290511

1 comment:

  1. വടകര മണ്ഡലത്തില്‍ എം കെ പ്രേംനാഥിന്റെ പരാജയം ചര്‍ച്ച ചെയ്യാന്‍ സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാര്‍ വിളിച്ച യോഗം ബഹളത്തില്‍ കലാശിച്ചു. പാര്‍ടിയുടെ ശക്തികേന്ദ്രമായ മണ്ഡലത്തില്‍ അപ്രതീക്ഷിത പരാജയമുണ്ടായതിന്റെ കാരണവും, ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെതിരെയുള്ള പരാതി പരിശോധിക്കാനുമാണ് യോഗം വിളിച്ചുചേര്‍ത്തത്. ജില്ലാകമ്മിറ്റി ഓഫീസില്‍ രാവിലെ 11ന് ആരംഭിച്ച യോഗം രാത്രി എട്ടുവരെ തുടര്‍ന്നു. നേതാക്കള്‍ ചേരിതിരിഞ്ഞ് കലഹിച്ചതിനാല്‍ തീരുമാനമെടുക്കാനാകാതെ വീരേന്ദ്രകുമാര്‍ യോഗം പിരിച്ചുവിടുകയായിരുന്നു.

    ReplyDelete