Friday, May 27, 2011

ബാര്‍ -സ്പിരിറ്റ് ലോബിക്കുവേണ്ടി ബിവറേജസ് ഷോപ്പുകള്‍ റദ്ദാക്കി

ബിവറേജസ് കോര്‍പറേഷന്‍ പുതുതായി തുടങ്ങാന്‍ തീരുമാനിച്ച 15 വില്‍പ്പനശാല ബാര്‍ ഉടമകളുടെയും സ്പിരിറ്റ് മാഫിയയുടെയും സമ്മര്‍ദത്തിനു വഴങ്ങി യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. താന്‍ ആദ്യം ഒപ്പിട്ടത് റദ്ദാക്കല്‍ സംബന്ധിച്ച ഫയലാണെന്ന് എക്സൈസ് മന്ത്രി കെ ബാബു വെളിപ്പെടുത്തി. കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് എം ഉന്നതരുമായി അടുത്ത ബന്ധമുള്ളവരുടേതടക്കമുള്ള ബാറുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ പുതിയ വില്‍പ്പനശാലകള്‍ തുറക്കുന്നതാണ് ഒരു ന്യായീകരണവുമില്ലാതെ സര്‍ക്കാര്‍ തടഞ്ഞത്. അതേസമയം, സംസ്ഥാനത്ത് കൂടുതല്‍ ബാര്‍ ലൈസന്‍സ് അനുവദിക്കാനും തീരുമാനിച്ചു. പുതിയ വില്‍പ്പനശാലകള്‍ തുടങ്ങാനുള്ള കണ്‍സ്യൂമര്‍ഫെഡ് തീരുമാനവും നടപ്പാക്കില്ലെന്ന് സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണനും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്ത് ബിവറേജസ് കോര്‍പറേഷന്റെ 23 പുതിയ വില്‍പ്പനശാല കൂടി തുറക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ 15 എണ്ണമാണ് റദ്ദാക്കുന്നത്. എട്ടെണ്ണം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 305 വില്‍പ്പനകേന്ദ്രമാണ് ഉണ്ടായിരുന്നത്. 33 വില്‍പ്പനശാല പിന്നീട് അനുവദിച്ചു. തുടര്‍ന്നാണ് 23 കേന്ദ്രം കൂടി ആരംഭിക്കാന്‍ അനുമതി നല്‍കിയത്. വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയുകയായിരുന്നു പുതിയ വില്‍പ്പനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്റെ ലക്ഷ്യം. ബാറുടമകളും സ്പിരിറ്റ് ലോബിയും ഇതിനെതിരെ നീങ്ങിയെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ വഴങ്ങിയില്ല. എന്നാല്‍ , യുഡിഎഫ് അധികാരമേറ്റശേഷം അതിവേഗമാണ് വില്‍പ്പനകേന്ദ്രങ്ങള്‍ റദ്ദാക്കാനുള്ള നടപടികള്‍ എടുത്തത്.

തൃശൂര്‍ ജില്ലയില്‍ ചാലക്കുടി, പരിയാരം, പട്ടിക്കാട്ട് രണ്ടു കേന്ദ്രങ്ങള്‍ , കാസര്‍കോട് ജില്ലയിലെ പനത്തടി, പാലക്കാട് ജില്ലയില്‍ മീനാക്ഷിപുരം, കണ്ണൂര്‍ ജില്ലയില്‍ മാലൂര്‍ , ഇടുക്കി ജില്ലയില്‍ ചെറുതോണി, അടിമാലി, തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ , എറണാകുളം ജില്ലയില്‍ അരയന്‍കാവ്, നെല്ലാട്, ആലപ്പുഴ ജില്ലയില്‍ തണ്ണീര്‍മുക്കം, പത്തനംതിട്ട ജില്ലയില്‍ ഏനാത്ത്, കോഴിക്കോട് ജില്ലയില്‍ കല്ലാച്ചി തുടങ്ങിയ ഇടങ്ങളില്‍ ആരംഭിക്കാനിരുന്ന വില്‍പ്പനകേന്ദ്രങ്ങളാണ് വേണ്ടെന്നുവച്ചത്. ഇതില്‍ മിക്ക സ്ഥലത്തും സമീപപ്രദേശത്തും ബാറുകള്‍ പ്രവര്‍ത്തിക്കുന്നു. കാസര്‍കോട് പനത്തടിക്കടുത്ത് മൂന്ന് ബാറുണ്ട്. ഇതിലൊന്ന് കോട്ടയം സ്വദേശിയുടേതാണ്. പട്ടിക്കാട് ആരംഭിച്ച ബാറിന്റെ പാര്‍ട്ണര്‍മാരില്‍ ഒരാള്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്. അടിമാലിയില്‍ മൂന്നു ബാറിലൊന്ന് കെ എം മാണിയുമായി അടുത്ത ബന്ധമുള്ളവരുടേതാണ്. മീനാക്ഷിപുരത്ത് ബാറുറില്ലെങ്കിലും കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നു.

കൊച്ചിയിലെ പ്രമുഖ ബാര്‍ ഉടമയാണ് മന്ത്രിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൂടുതല്‍ വില്‍പ്പനശാലകള്‍ തുടങ്ങുന്നത് അബ്കാരി ലോബിയെ പ്രകോപിപ്പിച്ചിരുന്നു. ബാറുകളില്‍ യഥേഷ്ടം വില്‍പ്പന നടക്കുന്നതിന് വില്‍പ്പനകേന്ദ്രങ്ങള്‍ തടസ്സമായി. ഏറെക്കാലമായി ബാറുകാരും സ്പിരിറ്റ് ലോബിയും ഇതിനെതിരെ നീങ്ങിയെങ്കിലും എല്‍ഡിഎഫ് ഗവണ്‍മെന്റ് വിട്ടുവീഴ്ച കാണിച്ചില്ല. സര്‍ക്കാര്‍ മാറിയ ഉടന്‍ അബ്കാരി ലോബി സമര്‍ദം ചെലുത്തി കാര്യം നേടുകയായിരുന്നു. യുഡിഎഫ് തീരുമാനം സര്‍ക്കാറിന് വലിയതോതില്‍ വരുമാനനഷ്ടമുണ്ടാക്കും. ബാറുകളിലെ വില്‍പ്പന ഉയരും. മദ്യവില്‍പ്പന കുറയ്ക്കാനാണ് വില്‍പ്പനശാലകള്‍ വേണ്ടെന്നുവച്ചതെന്നാണ് ന്യായീകരണം. അതേസമയം, കൂടുതല്‍ ബാര്‍ ലൈസന്‍സ് നല്‍കുന്നതിനെ കുറിച്ച് വ്യക്തമായ വിശദീകരണമില്ല. യുഡിഎഫില്‍ മദ്യലോബിക്കുള്ള സ്വാധീനത്തിന്റെ പ്രഖ്യാപനമാണ് അധികാരത്തില്‍ വന്ന് ഒരാഴ്ചയ്ക്കകം കണ്ടത്. വകുപ്പു മന്ത്രിയുമായി ഏറെ അടുപ്പമുള്ള ആളാണ് കൊച്ചിയിലെ ബാറുടമ.
(കെ എം മോഹന്‍ദാസ്)

കൂടുതല്‍ ബാറുകള്‍ അനുവദിക്കും: കെ ബാബു

സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുമെന്ന് എക്സൈസ്മന്ത്രി കെ ബാബു. ബിവറേജസ് കോര്‍പറേഷന്‍ തുടങ്ങാന്‍ നിശ്ചയിച്ച 15 ചില്ലറവില്‍പ്പനശാലയുടെ അനുമതി നിഷേധിച്ചതായും മന്ത്രി പറഞ്ഞു. കള്ളുചെത്തു വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുമെന്നും എറണാകുളം പ്രസ്ക്ലബ്ബില്‍ നടത്തിയ മുഖാമുഖത്തില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് തൊഴിലാളിസംഘടനകളുമായി ചര്‍ച്ച നടത്തും. പാലക്കാട്ടുനിന്ന് കള്ളുകൊണ്ടുവരാന്‍ അനുവദിക്കും.കഴിഞ്ഞ രണ്ടു സര്‍ക്കാരുകളുടെ കാലത്തെ മദ്യനയം പരിശോധിച്ച് മാറ്റങ്ങളോടെ പുതിയ മദ്യനയം രൂപീകരിക്കും.

മന്ത്രിയായശേഷം ബിവറേജസിന്റെ വില്‍പ്പന കേന്ദ്രങ്ങള്‍ റദ്ദാക്കാനുള്ള ഫയലില്‍ ഒപ്പിടാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ബിവറേജസ് കോര്‍പറേഷന്‍ ചില്ലറ വില്‍പ്പനശാലകളുടെ പ്രവര്‍ത്തനസമയം ക്രമീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. മദ്യാസക്തി കുറയ്ക്കാന്‍ വിദ്യാലയങ്ങളില്‍ വിപുലമായ ബോധവല്‍ക്കരണം ആരംഭിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ പൂര്‍ത്തീകരണത്തിന് മുഖ്യ പരിഗണന നല്‍കും. ജൂണ്‍ ഏഴിനു വിഴിഞ്ഞം സന്ദര്‍ശിച്ച് സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തി വേഗത്തിലാക്കും.

ദേശാഭിമാനി 280511

2 comments:

  1. ബിവറേജസ് കോര്‍പറേഷന്‍ പുതുതായി തുടങ്ങാന്‍ തീരുമാനിച്ച 15 വില്‍പ്പനശാല ബാര്‍ ഉടമകളുടെയും സ്പിരിറ്റ് മാഫിയയുടെയും സമ്മര്‍ദത്തിനു വഴങ്ങി യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. താന്‍ ആദ്യം ഒപ്പിട്ടത് റദ്ദാക്കല്‍ സംബന്ധിച്ച ഫയലാണെന്ന് എക്സൈസ് മന്ത്രി കെ ബാബു വെളിപ്പെടുത്തി. കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് എം ഉന്നതരുമായി അടുത്ത ബന്ധമുള്ളവരുടേതടക്കമുള്ള ബാറുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ പുതിയ വില്‍പ്പനശാലകള്‍ തുറക്കുന്നതാണ് ഒരു ന്യായീകരണവുമില്ലാതെ സര്‍ക്കാര്‍ തടഞ്ഞത്. അതേസമയം, സംസ്ഥാനത്ത് കൂടുതല്‍ ബാര്‍ ലൈസന്‍സ് അനുവദിക്കാനും തീരുമാനിച്ചു. പുതിയ വില്‍പ്പനശാലകള്‍ തുടങ്ങാനുള്ള കണ്‍സ്യൂമര്‍ഫെഡ് തീരുമാനവും നടപ്പാക്കില്ലെന്ന് സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണനും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

    ReplyDelete
  2. ഗാന്ധി ബാബൂന്റെ സൂത്രം കൊള്ളാലോ?

    http://baijuvachanam.blogspot.com/2011/05/blog-post_31.html

    ReplyDelete