Sunday, May 29, 2011

ശിക്ഷയില്‍ സര്‍ക്കാര്‍ ഇളവ് നല്‍കണമെന്ന് ബാലകൃഷ്ണപിള്ള

ശിക്ഷാ കാലാവധി ഇളവ് ചെയ്ത് നല്‍കണമെന്നാവശ്യപ്പെട്ട് ആര്‍ ബാലകൃഷ്ണപിള്ള ആഭ്യന്തര വകുപ്പിന് അപേക്ഷ നല്‍കി. ഭരണഘടനയുടെ 161-ാം വകുപ്പ് പ്രകാരവും സി ആര്‍ പി സി 432, 433 വകുപ്പുകള്‍ പ്രകാരവും കൊലപാതക കേസില്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അധികാരം ഉപയോഗിച്ച് തനിക്ക് ശിക്ഷാ കാലാവധി ഇളവ് ചെയ്ത് നല്‍കണമെന്നതാണ് പിള്ളയുടെ ആവശ്യം. ഈ ആവശ്യം സര്‍ക്കാര്‍ പരിഗണനയിലാണ്. എന്നാല്‍ ഇതിന്‍മേല്‍ അനുകൂല തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടാകുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

അഴിമതികേസുകളില്‍ ശിക്ഷിക്കപ്പെട്ട്  ജയിലില്‍ കഴിയുന്നവരുടെ ശിക്ഷ ഇളവ് ചെയ്യുന്ന കീഴ്വഴക്കം രാജ്യത്ത് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ജയില്‍ നിയമത്തിലെ 132-ാം വകുപ്പ് അനുസരിച്ച് തടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന നിയമസഭയില്‍ പാസാക്കിയ പുതുക്കിയ ജയില്‍ ചട്ടങ്ങള്‍ പ്രകാരം സര്‍ക്കാരിനും ശിക്ഷ ഇളവ് ചെയ്ത് നല്‍കുന്നതിന് കര്‍ക്കശമായ നിബന്ധനകളുണ്ട്. ശിക്ഷാ കാലാവധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനോട് നേരിട്ട് ആവശ്യപ്പെടാന്‍ തടവുകാര്‍ക്ക് അനുവാദമില്ല. ഇത്തരം ആവശ്യങ്ങള്‍ എഴുതി ജയില്‍ സൂപ്രണ്ടിന് കൈമാറണമെന്നാണ് നിലവിലുള്ള ചട്ടം. ജയില്‍ സൂപ്രണ്ടില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ തടുവുകാര്‍ തങ്ങളുടെ പരാതികള്‍ ജയിലില്‍ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടിയില്‍ നിക്ഷേപിക്കണം. ഈ രണ്ട് ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് ബാലകൃഷ്ണപിള്ള ശിക്ഷാ കാലാവധി ആവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് നേരിട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാലകൃഷ്ണ പിള്ള ഇപ്പോള്‍ ചെയ്തത് തികച്ചും ചട്ടലംഘനാണ്. ഇതിന്റെ  പേരില്‍ കൂടുതല്‍ നിയമനടപടികള്‍ക്കുള്ള സാധ്യതയും നിയമ വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. ബാലകൃഷ്ണ പിള്ളയുടെ ശിക്ഷാ കാലാവധി ഇളവ് ചെയത് കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാലും കോടതിയില്‍ ഈ തീരുമാനം ചോദ്യംചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ശിക്ഷാ കാലാവധി ഇളവ് ചെയ്യണമെങ്കില്‍ മൊത്തം കാലാവധിയുടെ മൂന്നിലൊന്ന് ദിവസം ശിക്ഷ അനുഭവിക്കണം. ഇത് അനുസരിച്ച് 121 ദിവസം പിള്ള ശിക്ഷ അനുഭവിക്കണം. എന്നാല്‍ പിള്ള 59 ദിവസം മാത്രമേ ജയിലില്‍ കിടന്നിട്ടുള്ളു. പിള്ളയുടെ അപേക്ഷ പരിഗണിക്കുന്നതിന് ഇതും സര്‍ക്കാരിന് തടസമാകും.

അതിനിടെ ബാലകൃഷ്ണപിള്ളയുടെ പരോള്‍ കാലാവധി 13 ദിവസത്തേക്ക് കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ മെയ് 18ന് പിള്ളയ്ക്ക് ഉപാധിരഹിതമായി പരോള്‍ അനുവദിച്ചിരുന്നു. ഇത് ചട്ട വിരുദ്ധമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പരോള്‍ നിയമങ്ങള്‍ എല്ലാ തടവുകാര്‍ക്കും ഒരുപോലെ ബാധകമാണ്. പരോളില്‍ ഇറങ്ങുന്ന തടവുകാര്‍ക്ക് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താന്‍ അവകാശമില്ല.

രാഷ്ടിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും അതില്‍ ഇടപെടുന്നതും ഗുരുതരമായ നിയമ ലംഘനങ്ങളാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്ന ഉപാധിയോടെയാണ്  സാധാരണ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാറുള്ളത്. എന്നാല്‍ ഈ ഉപാധികള്‍ ഒഴിവാക്കി സര്‍ക്കാര്‍ പിള്ളയ്ക്ക് പരോള്‍ അനുവദിച്ചു. ഇതിന് സര്‍ക്കാരിന് ആവകാശമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജയില്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ പരോള്‍ റദ്ദാക്കപ്പെടാം. ഇതിനിടെയാണ് പരോള്‍ വീണ്ടും വീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം. ഇതോടെ നിയമപരമായി ലഭിക്കാവുന്നപരമാവധി പരോള്‍ പിള്ളയ്ക്ക് ലഭിച്ചുകഴിഞ്ഞു.

അപേക്ഷനിരാകരിക്കണം: സി കെ ചന്ദ്രപ്പന്‍

അഴിമതിക്കേസില്‍ സുപ്രിംകോടതി ശിക്ഷിച്ച മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയുടെ ജയില്‍ശിക്ഷ സര്‍ക്കാര്‍ ഇടപെട്ട് റദ്ദാക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ നിരാകരിക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണ പിള്ളയെ ഒരു വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. 52 ദിവസം മാത്രമാണ് അദ്ദേഹം ജയിലില്‍ കിടന്നത്. ഇപ്പോള്‍ പരോളില്‍ പുറത്തിറങ്ങിയിരിക്കുന്ന പിള്ളയുടെ പരോള്‍ സര്‍ക്കാര്‍ നീട്ടികൊടുത്തിട്ടുണ്ട്.

ശിക്ഷയുടെ അവശേഷിക്കുന്ന കാലാവധി സര്‍ക്കാരിന്റെ വിവേചന അധികാരം ഉപയോഗിച്ച് റദ്ദാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാളുടെ ശിക്ഷാ കാലാവധി ഇന്നുവരെ സര്‍ക്കാര്‍ ഇടപെട്ട് റദ്ദാക്കിയ ചരിത്രം രാജ്യത്തില്ല. രാഷ്ടീയ സമ്മര്‍ദത്തിന് വഴിപ്പെട്ട് നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരുമ്പെടരുതെന്ന് ചന്ദ്രപ്പന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ജനയുഗം 290511

1 comment:

  1. ശിക്ഷാ കാലാവധി ഇളവ് ചെയ്ത് നല്‍കണമെന്നാവശ്യപ്പെട്ട് ആര്‍ ബാലകൃഷ്ണപിള്ള ആഭ്യന്തര വകുപ്പിന് അപേക്ഷ നല്‍കി. ഭരണഘടനയുടെ 161-ാം വകുപ്പ് പ്രകാരവും സി ആര്‍ പി സി 432, 433 വകുപ്പുകള്‍ പ്രകാരവും കൊലപാതക കേസില്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അധികാരം ഉപയോഗിച്ച് തനിക്ക് ശിക്ഷാ കാലാവധി ഇളവ് ചെയ്ത് നല്‍കണമെന്നതാണ് പിള്ളയുടെ ആവശ്യം. ഈ ആവശ്യം സര്‍ക്കാര്‍ പരിഗണനയിലാണ്. എന്നാല്‍ ഇതിന്‍മേല്‍ അനുകൂല തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടാകുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

    ReplyDelete