Sunday, May 29, 2011

മാങ്കുളത്ത് വന്‍ കൈയേറ്റം

വനംവകുപ്പ് അധികൃതരുടെ അറിവോടെ മാങ്കുളത്തെ വിവിധ മേഖലകളില്‍ വനഭൂമി കൈയേറുന്നു. ഉന്നത അധികാരികള്‍ അടക്കമുള്ളവര്‍ക്ക് ലക്ഷങ്ങള്‍ കോഴ നല്‍കി വനാതിര്‍ത്തിയിലെ ജണ്ടകള്‍ മാറ്റിയിട്ടാണ് കൈയേറ്റം. ഇതിനിടെ ഈ ഭൂമി റെവന്യൂ വകുപ്പിന്റേതാണെന്ന് പറഞ്ഞ് വനംവകുപ്പ് ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുകയാണ്. മാങ്കുളം വില്ലേജിലെ അമ്പതാംമൈല്‍ സിങ്കുകുടി, കോഴിയളക്കുടി മേഖലയില്‍ ആദിവാസികളുടെ ഏലത്തോട്ടമുള്‍പ്പെടെയാണ് വനഭൂമി കൈയേറുന്നത്. പരാതി ഉയര്‍ന്നതോടെ സിങ്കുകുടി മേഖലയില്‍ ആദിവാസികളുടെ കൈവശഭൂമിയും വനവും വേര്‍തിരിച്ച് വനംവകുപ്പ് ജണ്ടയിട്ടു. എന്നാല്‍ ജണ്ടയിട്ടശേഷം സിങ്കുകുടി, അമ്പതാംമൈല്‍ ഭാഗത്ത് ഭൂമി കൈയേറ്റവും വ്യാപകമായി. അമ്പതാംമൈല്‍ , സിങ്കുകുടി, കോഴിയളക്കുടി മേഖലയിലെ ഭൂമി വനംവകുപ്പിന്റേതല്ലെന്നും റെവന്യൂഭൂമിയാണെന്നുമാണ് വനംവകുപ്പുകാര്‍ പറയുന്നത്.

1977ല്‍ കണ്ണന്‍ ദേവന്‍ കമ്പിനിയില്‍നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമിയുടെ ഭാഗമാണ് അമ്പതാംമൈല്‍ സിങ്കുകുടി, കോഴിയളക്കുടി പ്രദേശം. മാങ്കുളത്ത് 1967ല്‍ പാലാ സെന്‍ട്രല്‍ ബാങ്കിന്റെ റസീവറില്‍നിന്നും വിലയ്ക്ക് വാങ്ങിയ 950 ഏക്കര്‍ ഭൂമിയും ഒഴിച്ചുള്ള ഭൂമിയെല്ലാം മാങ്കുളം ഡിഎഫ്ഒയുടെ സംരക്ഷണത്തിലുള്ള വനഭൂമിയാണ്. ഈ ഭൂമി 1977 മുതല്‍ ദേവികുളം ഡിഎഫ്ഒയും മാങ്കുളം ഡിവിഷന്‍ രൂപീകരിച്ചതുമുതല്‍ മാങ്കുളം ഡിഎഫ്ഒയും സംരക്ഷിച്ചുവന്നതാണ്. എന്നാല്‍ കൈയേറ്റക്കാരെക്കൊണ്ട് ഹൈക്കോടതിയില്‍ കേസ് കൊടുപ്പിച്ച് തോറ്റുകൊടുത്തശേഷം കോടതി സ്റ്റേയില്‍ ഉള്‍പ്പെട്ട ഭൂമിയെന്ന വ്യാജേന കൈയേറ്റക്കാര്‍ക്ക് ഭൂമിയില്‍ വീട് വയ്ക്കാനും ഷെഡ് കെട്ടാനും വനംവകുപ്പ് അനുവദിക്കുകയാണ്. കോടതിയില്‍ ഭൂമിയുടെ പഴക്കത്തിന് തെളിവായി ഹാജരാക്കുന്ന ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും നാട്ടുമ്പുറത്തെ ഏതെങ്കിലും ഭൂമിയുടേതായിരിക്കും. സിങ്കുകുടിയില്‍ ജണ്ടയിട്ട് അതിരുതിരിച്ചപ്പോള്‍ ജണ്ടയ്ക്ക് വെളിയില്‍ വന്ന വനഭൂമിയും ആദിവാസികളുടെ വനത്തിലെ ഏലത്തോട്ടങ്ങളും ഇപ്പോള്‍ കൈയേറ്റക്കാരുടെ നിയന്ത്രണത്തിലാണ്. ജണ്ടയ്ക്കകത്തു വരുന്ന ആദിവാസി ഭൂമിയിലും ഇപ്പോള്‍ കൈയേറ്റം നടക്കുന്നുണ്ട്.

ഇതിനിടെ അമ്പതാംമൈലില്‍ കൈയേറ്റം നടന്ന ഭൂമിയെല്ലാം റെവന്യൂവകുപ്പിന്റേതാണെന്നാണ് ഇപ്പോള്‍ വനംവകുപ്പ് പറയുന്നത്. റവന്യൂഭൂമിയാണെങ്കില്‍ ആദിവാസി ഭൂമിയും വേര്‍തിരിക്കാന്‍ വനപാലകരെന്തിന് ജണ്ടയിട്ടു എന്ന ചോദ്യത്തിന് ഉത്തരവുമില്ല. ഇടത്തട്ടുകാരും വനംവകുപ്പ് അധികതരും ഒത്തുചേര്‍ന്ന വന്‍ തട്ടിപ്പാണിവിടെ നടക്കുന്നത്. ഭരണമാറ്റം ഇവര്‍ക്ക് തുണയുമേകുന്നു. ഭൂമി വനംവകുപ്പിന്റേതായാലും റെവന്യൂവകുപ്പിന്റേതായാലും ഈ പ്രദേശത്തെ ഭൂമി 1977 മുതല്‍ വനംവകുപ്പിന്റെ സംരക്ഷണയിലായിരുന്നു. മാങ്കുളം ഡിഎഫ്ഒയും ആനക്കുളം റേഞ്ചിലെ വനപാലകരും മാങ്കുളം വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരും അറിഞ്ഞാണ് ഇവിടെ കൈയേറ്റം നടക്കുന്നത്. ആദിവാസികള്‍ ദേവികുളം സബ്കലക്ടര്‍ക്ക് നല്‍കിയ പരാതിയിന്‍മേല്‍ റവന്യൂ അധികതര്‍ നടത്തിയ അന്വേഷണത്തില്‍ കൈയേറ്റ സ്ഥലം വനഭൂമിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആദിവാസികളുടെ പരാതി കോട്ടയം സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സഹിതം അയച്ചുകൊടുക്കാന്‍ നടപടിയായി.

deshabhimani 290511

1 comment:

  1. വനംവകുപ്പ് അധികൃതരുടെ അറിവോടെ മാങ്കുളത്തെ വിവിധ മേഖലകളില്‍ വനഭൂമി കൈയേറുന്നു. ഉന്നത അധികാരികള്‍ അടക്കമുള്ളവര്‍ക്ക് ലക്ഷങ്ങള്‍ കോഴ നല്‍കി വനാതിര്‍ത്തിയിലെ ജണ്ടകള്‍ മാറ്റിയിട്ടാണ് കൈയേറ്റം. ഇതിനിടെ ഈ ഭൂമി റെവന്യൂ വകുപ്പിന്റേതാണെന്ന് പറഞ്ഞ് വനംവകുപ്പ് ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുകയാണ്. മാങ്കുളം വില്ലേജിലെ അമ്പതാംമൈല്‍ സിങ്കുകുടി, കോഴിയളക്കുടി മേഖലയില്‍ ആദിവാസികളുടെ ഏലത്തോട്ടമുള്‍പ്പെടെയാണ് വനഭൂമി കൈയേറുന്നത്. പരാതി ഉയര്‍ന്നതോടെ സിങ്കുകുടി മേഖലയില്‍ ആദിവാസികളുടെ കൈവശഭൂമിയും വനവും വേര്‍തിരിച്ച് വനംവകുപ്പ് ജണ്ടയിട്ടു. എന്നാല്‍ ജണ്ടയിട്ടശേഷം സിങ്കുകുടി, അമ്പതാംമൈല്‍ ഭാഗത്ത് ഭൂമി കൈയേറ്റവും വ്യാപകമായി. അമ്പതാംമൈല്‍ , സിങ്കുകുടി, കോഴിയളക്കുടി മേഖലയിലെ ഭൂമി വനംവകുപ്പിന്റേതല്ലെന്നും റെവന്യൂഭൂമിയാണെന്നുമാണ് വനംവകുപ്പുകാര്‍ പറയുന്നത്.

    ReplyDelete