Wednesday, May 25, 2011

രണ്ട് രൂപ അരി പദ്ധതി തുടരുമോ?

ബി പി എല്ലുകാര്‍ക്ക് ഒരു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി നടപ്പാക്കുമ്പോള്‍ ബി പി എല്‍ എ പി എല്‍ വ്യത്യാസമില്ലാതെ രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി തുടരുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു. യു ഡി എഫ് പ്രകടനപത്രികയിലെ ബി പി എല്ലുകാര്‍ക്ക് ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന വാഗ്ദാനം ഓണത്തിന് നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി തിങ്കളാഴ്ച അറിയിച്ചത്.

ആസൂത്രണ കമ്മിഷന്റെ കണക്കനുസരിച്ച് കേരളത്തില്‍ 11 ലക്ഷത്തില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ബി പി എല്ലുകാര്‍. എ പി എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന് അര്‍ഹതയില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. യു ഡി എഫ് സര്‍ക്കാര്‍ ഇത് അംഗീകരിക്കുകയും എ പി എല്‍ കുടുംബങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന ആനുകൂല്യം ഇല്ലാതാക്കുകയും ചെയ്യുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ രണ്ടു രൂപ അരി പദ്ധതി എഴുപതു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നുണ്ട്. ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കിയത്. യു പി എ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭക്ഷ്യസുരക്ഷാ പദ്ധതി ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി നിലനിര്‍ത്തിക്കൊണ്ടായിരിക്കണം ബി പി എല്ലുകാര്‍ക്ക് ഒരു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി നടപ്പാക്കേണ്ടത്.
കേരളത്തിനുള്ള എ പി എല്‍ റേഷന്‍ അരി വിഹിതത്തില്‍ കേന്ദ്രസര്‍ക്കാര്‍ 25 ശതമാനത്തിന്റെ വെട്ടിക്കുറവ് വരുത്തിയിരുന്നു. വെട്ടിക്കുറച്ച റേഷന്‍ വിഹിതം പൂര്‍ണമായി പുനസ്ഥാപിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമോ എന്നും വ്യക്തമാക്കണം.

ഗോഡൗണുകളില്‍ കെട്ടിക്കിടന്ന് നശിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കണമെന്ന് സുപ്രിംകോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വരുന്നുണ്ട്. ഗോഡൗണുകളിലുള്ള ഈ ധാന്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയാല്‍ മാത്രമേ പുതുതായി സംഭരിക്കുന്ന ധാന്യങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലം കണ്ടെത്താന്‍ കഴിയുകയുള്ളൂ. ഇങ്ങിനെ ഒഴിവാക്കുന്ന അരിയുടെയും ഗോതമ്പിന്റെയും ഒരു വിഹിതം കേരളത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനുവേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ യു ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് ചന്ദ്രപ്പന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

janayugom 250511

1 comment:

  1. ബി പി എല്ലുകാര്‍ക്ക് ഒരു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി നടപ്പാക്കുമ്പോള്‍ ബി പി എല്‍ എ പി എല്‍ വ്യത്യാസമില്ലാതെ രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി തുടരുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു. യു ഡി എഫ് പ്രകടനപത്രികയിലെ ബി പി എല്ലുകാര്‍ക്ക് ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന വാഗ്ദാനം ഓണത്തിന് നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി തിങ്കളാഴ്ച അറിയിച്ചത്.

    ReplyDelete