Thursday, May 26, 2011

തദ്ദേശസ്വയംഭരണവകുപ്പ് വിഭജനം; വിവാദം രൂക്ഷമാകുന്നു

തദ്ദേശസ്വയം ഭരണവകുപ്പിനെ മൂന്നായി വിഭജിക്കാനുള്ള യു ഡി എഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആക്ഷേപം ശക്തമാകുന്നു. സംസ്ഥാനത്ത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കരുതലാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശക്തിയാര്‍ജിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അടിമുടി തകര്‍ക്കുന്ന തീരുമാനമാണ് യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വകുപ്പ് വിഭജനം വിവാദമായതോടെ ഉപസമിതി രൂപീകരിച്ച് വിവാദങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള ശ്രമത്തിലാണ് ഉമ്മന്‍ചാണ്ടിയും യു ഡി എഫും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മൂന്നുമന്ത്രിമാരുടെ കൈകളിലുള്ള വകുപ്പുകളുടെ ഏകീകരണത്തിനായി മന്ത്രിസഭാ ഉപസമിതിയെന്ന സ്ഥിരം സംവിധാനത്തിന് രൂപം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയര്‍മാനായുള്ള ഉപസമിതിയില്‍ പഞ്ചായത്തുകളുടെ ചുമതലയുള്ള ഡോ. എം കെ മുനീര്‍, നഗരാസൂത്രണത്തിന്റെയും മുനിസിപ്പാലിറ്റികളുടെയും നഗരസഭകളുടെയും ചുമതലയുള്ള പി കെ കുഞ്ഞാലിക്കുട്ടി, ഗ്രാമവികസനത്തിന്റെ ചുമതലയുള്ള കെ സി ജോസഫ് എന്നിവര്‍ അംഗങ്ങളാണ്. ഈ മൂന്ന് വകുപ്പുകളും ഒരു സെക്രട്ടറിയുടെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക.

വകുപ്പു വിഭജനം അധികാരവികേന്ദ്രീകരണത്തെ ബാധിക്കുമെന്ന തരത്തിലുള്ള ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സമിതി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. വകുപ്പുവിഭജനം അധികാരവികേന്ദ്രീകരണത്തെ ബാധിക്കാത്ത വിധത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അതീവശ്രദ്ധ പുലര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2001ല്‍ ഗ്രാമവികസനത്തിനും തദ്ദേശസ്വയം ഭരണ വകുപ്പിനും വെവ്വേറെ മന്ത്രിമാരായിരുന്നു. അക്കാലങ്ങളിലൊന്നും യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. മറ്റു പല സംസ്ഥാനങ്ങളിലും പഞ്ചായത്ത് ഭരണവും മുനിസിപ്പാലിറ്റി ഭരണവും പ്രത്യേകം വകുപ്പ് മന്ത്രിമാരാണ് കൈകാര്യം ചെയ്യുന്നത്. വകുപ്പ് വിഭജിച്ചതിനാല്‍ ഭരണപരമായ പ്രശ്‌നമുണ്ടാകില്ലെന്നും മുമ്പു ലഭിച്ചതിനെക്കാള്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുകയും ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. എന്നാല്‍ വകുപ്പ് മൂന്നായി വിഭജിച്ചശേഷം ഉപസമിതി രൂപീകരിക്കുന്നതുകൊണ്ടു മാത്രം പ്രശ്‌നപരിഹാരം സാധ്യമാകില്ലെന്ന് മുന്‍മന്ത്രി ടി എം തോമസ് ഐസക് പറയുന്നു. ഈ സര്‍ക്കാര്‍ തെറ്റില്‍ നിന്ന് തെറ്റിലേക്ക് നീങ്ങുകയാണെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു

തദ്ദേശവകുപ്പിനെ മൂന്നായി വിഭജിച്ച് മൂന്നു മന്ത്രിമാരുടെ കീഴിലാക്കിയത് വികേന്ദ്രീകൃതാസൂത്രണത്തിനേറ്റ കനത്ത തിരിച്ചടിയായാണ് ആസൂത്രണ വിദഗ്ധര്‍ വിലയിരുത്തുന്നത്. അധികാര വികേന്ദ്രീകരണത്തിലും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും രാജ്യത്തിന് തന്നെ മാതൃകയാകാന്‍ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ തന്നെ തദ്ദേശസ്വയംഭരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികവിന് നിരവധി ദേശീയ അംഗീകാരങ്ങള്‍ കേരളത്തിന്് ലഭിച്ചിട്ടുണ്ട്.  ഇപ്പോള്‍ നടത്തിയിട്ടുള്ള വിഭജനത്തിലൂടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതിന് പലവിധത്തിലുള്ള തടസ്സങ്ങളുണ്ടാകുമെന്ന ആശങ്കയാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് ഗ്രാമവികസനവകുപ്പ് നടത്തുമ്പോള്‍ അതിനാവശ്യമായ പണം നല്‍കേണ്ടത് തദ്ദേശ സ്വയംഭരണവകുപ്പാണ്. എന്നാല്‍ വിഭജനത്തിന് ശേഷം ഇവ എങ്ങനെ നടപ്പാക്കും എന്നതിനെ സംബന്ധിച്ച് വ്യക്തത നല്‍കാന്‍ മുഖ്യമന്ത്രിയോ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരോ ഇതുവരെ തയ്യാറായിട്ടില്ല. ഓംബുഡ്‌സ്മാന്‍, അപ്പലേറ്റ് അതോറിറ്റി, കില തുടങ്ങിയ സ്ഥാപനങ്ങള്‍ ഏതു വകുപ്പിന് കീഴില്‍ വരുമെന്നതിനെസംബന്ധിച്ച അവ്യക്തത നിലനില്‍ക്കുകയാണ്.

1996ല്‍ ജനകീയാസൂത്രണ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഗ്രാമവികസനത്തിന് പ്രത്യേക വകുപ്പുണ്ടായിരുന്നു. എന്നാല്‍ അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസ്സമാകുന്നുവെന്ന് തിരിച്ചറിഞ്ഞ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഇത് തന്നെ നിര്‍ത്തലാക്കി. എന്നാല്‍ 2001ല്‍ യു ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍ ഗ്രാമവികസന വകുപ്പ് പുനസ്ഥാപിച്ചു. 2006ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേക്ക് മടങ്ങിയെത്തിയപ്പോള്‍ വകുപ്പുകള്‍ സംയോജിപ്പിച്ചു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും കീഴിലായിരുന്ന തദ്ദേശസ്വയംഭരണവകുപ്പ് വിഭജനത്തിലൂടെ ഇപ്പോള്‍ മൂന്നു മന്ത്രിമാരുടെ കൈകളിലാണ്.

janayugom 260511

1 comment:

  1. തദ്ദേശസ്വയം ഭരണവകുപ്പിനെ മൂന്നായി വിഭജിക്കാനുള്ള യു ഡി എഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആക്ഷേപം ശക്തമാകുന്നു. സംസ്ഥാനത്ത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കരുതലാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശക്തിയാര്‍ജിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അടിമുടി തകര്‍ക്കുന്ന തീരുമാനമാണ് യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വകുപ്പ് വിഭജനം വിവാദമായതോടെ ഉപസമിതി രൂപീകരിച്ച് വിവാദങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള ശ്രമത്തിലാണ് ഉമ്മന്‍ചാണ്ടിയും യു ഡി എഫും.

    ReplyDelete