'എന്റെ ജീവിതം തുറന്ന പുസ്തകമാണ്', 'എനിക്ക് ജനങ്ങളില്‍ നിന്ന് ഒന്നും മറച്ചുവയ്ക്കാനില്ല' എന്നൊക്കെയുള്ള വാചകങ്ങള്‍ മുന്തിയ ഇനം രാഷ്ട്രീയനേതാക്കള്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞു തേഞ്ഞുപോയ ക്ലീഷേകളാണ്. ഇത്തരക്കാരുടെ ജീവിതം ഒരിക്കലും തുറക്കാത്തതും തുറന്നാല്‍ ജനം കണ്ണുപൊത്തുന്നതുമായ അത്യപൂര്‍വവും തരംതാണതുമായ പുസ്തകമായിരിക്കുമെന്ന് ഏറ്റവും കുറഞ്ഞത് കോണ്‍ഗ്രസുകാരും ലീഗുകാരും കേരള കോണ്‍ഗ്രസുകാരുമെങ്കിലും തെളിയിച്ചിട്ടുണ്ട്. മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് വിനീതരാവുന്നവര്‍ക്ക് മറച്ചുവയ്ക്കാന്‍ മാത്രമുള്ള അതിനിഗൂഢ ജീവിതമായിരിക്കും സ്വന്തം. അവയില്‍ അല്ലറചില്ലറ മറനീക്കി പുറത്തുവരുമ്പോള്‍ തന്നെ ജനം വല്ലാതെ നാണിച്ചുപോകുന്നു. 'നാണമാകുന്നു, മേനി നോവുന്നു' എന്ന പാട്ട് ഇത്തരം സന്ദര്‍ഭങ്ങളിലും പാടാവുന്നതാണെന്നാണ് അവരുടെ വിശ്വാസം.
ചില അത്യപൂര്‍വനിമിഷങ്ങളില്‍ ചിലര്‍ ജീവിതത്തെ തുറന്ന പുസ്തകമാക്കുകയും ചിലത് മറച്ചുവയ്ക്കാതെ വെളിച്ചത്തു കൊണ്ടുവരികയും ചെയ്യും. മന്ത്രിസ്ഥാനം കാക്കക്കൊത്തിപ്പോകുന്ന കസ്തൂരിമാമ്പഴമായെന്ന് തിരിച്ചറിയുമ്പോഴാണ് അത്തരം അത്യപൂര്‍വനിമിഷങ്ങള്‍ സംജാതമാകുന്നത്. 'പറയാനും വയ്യ, പറയാതിരിക്കാനും വയ്യ' എന്ന മട്ടില്‍ വീര്‍പ്പുമുട്ടുമ്പോള്‍ നേരെ ചൊവ്വേ, മുഖാമുഖമിരുന്ന് പതിയെ പതിയെ പറഞ്ഞു തുടങ്ങും. അഭിമുഖമിരിക്കുന്നയാള്‍ ചെറുതായൊന്ന് ചൂണ്ടയിട്ടാല്‍ ഹൃദയം തുറന്ന്, കരള്‍ പിളര്‍ന്ന, ഞെട്ടിപ്പിക്കുന്ന കഥകള്‍ ഒന്നൊഴിയാതെ പറയും. കരള്‍ പിളര്‍ന്ന അനുഭവക്കഥകളുമായി കെ മുരളീധരന്‍, വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവര്‍ അരങ്ങിലെത്തി ദുഃഖിതരും നിരാശരുമായ നായകന്‍മാരുടെ വേഷം ഗംഭീരമാക്കുന്നു.
പെട്ടിയെടുപ്പുകാര്‍, കാല് തിരുമ്മല്‍കാര്‍ എന്നീ വിഭാഗങ്ങള്‍ എക്കാലവും കോണ്‍ഗ്രസില്‍ അത്യന്താപേക്ഷിതമായിരുന്നു. ഇപ്പോള്‍ പക്ഷെ, പെട്ടിയെടുപ്പുകാര്‍ക്കിടയിലും കാലുതിരുമ്മല്‍കാര്‍ക്കിടയിലും പോലും ടാലന്റ് ഹണ്ട് ആരംഭിച്ചിട്ടുണ്ട്. വഴക്കത്തോടെ കാല് തിരുമ്മുന്നവര്‍ താഴത്തു വച്ചാല്‍ ഉറുമ്പരിക്കുമെന്നും തലയില്‍ വച്ചാല്‍ പേനരിക്കുമെന്നും സദാ കരുതി പെട്ടിപിടിക്കുന്നവര്‍ക്ക് മുന്തിയ പരിഗണന എന്ന നില വന്നു. മുഖം കാളക്കൂറ്റനെ പോലെയാണെങ്കിലും 'മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍മുഖം' എന്ന് നല്ല ഈണത്തിലും താളത്തിലും ചൊല്ലണം. അഴിമതിയുടെ ദുര്‍ഗന്ധം വമിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ 'അങ്ങയെപ്പോലൊരു ആദര്‍ശധീരന്‍ ആരുണ്ടീയുലകില്‍' എന്ന് ഒച്ചയുയര്‍ത്തി പറയണം.
പെട്ടിയെടുപ്പ് ഡല്‍ഹിയില്‍ നടത്തുന്നവര്‍ കേരളത്തില്‍ വാഴിക്കപ്പെടും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആ കര്‍മ്മം സമുചിതമായി നിറവേറ്റുന്നവര്‍ മന്ത്രിസഭ മുതല്‍ പി സി സി, ഡി സി സി എന്നിത്യാദി അന്നഭോജനശാലകളില്‍ വരെ നിയോഗിക്കപ്പെടും.
ഈണത്തിലും താളത്തിലും പിന്നോക്കമാണ് കെ മുരളീധരനും വി ഡി സതീശനും പ്രതാപനും തേറമ്പിലും. മുരളിക്ക് ശബ്ദസൗകുമാര്യമില്ല, സതീശന് താളബോധമില്ല, പ്രതാപന് രണ്ടുമില്ല, തേറമ്പിലിന്റെ ശബ്ദം സ്‌ത്രൈണസ്വഭാവത്തിലുള്ളതായിപ്പോയി. അല്ലാതെ വാഴ്ത്തുപാട്ടുകള്‍ വില്ലടിച്ചാന്‍പാട്ടായി അവതരിപ്പിക്കാത്തതു കൊണ്ടല്ല സ്ഥാനഭംഗമുണ്ടായത്.
നിരാശാഭരിതരായ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഈ ദുരിതകാലത്ത് പ്രചുരപ്രചാരം നേടിയ വാചകങ്ങള്‍ 'സ്ഥാനത്തിനായി ഗ്രൂപ്പുകളിക്കാനില്ല, ആരുടെയും പിന്നാലെ പോകാനുമില്ല' എന്നിവയാണ്. ഇതിന്റെ പേറ്റന്റ് മറ്റു പലതിലുമെന്ന പോലെ കെ മുരളീധരനാണ്. സത്യപ്രതിജ്ഞാ ചടങ്ങ് കണ്‍കുളിര്‍ക്കെ നേരില്‍ കാണാന്‍ ഒരു പാസിനായി രാത്രി ഉറക്കമിളച്ച് കാത്തിരുന്നിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് വെളുപ്പിന് വണ്ടി കയറി ഉച്ചനേരത്ത് കോഴിക്കോട്ടിനിറങ്ങിയത്. മന്ത്രിക്കസേര തരാത്തവര്‍ അച്ഛന്റെ ചിത്രം ഓടയില്‍ വലിച്ചെറിഞ്ഞ് സായൂജ്യമടഞ്ഞവര്‍ മന്ത്രിയാവുന്നത് കാണാന്‍ പോലും കസേര നല്‍കില്ലെന്നു വന്നാല്‍ എന്തു ചെയ്യും! മന്ത്രിപ്പട്ടിക പുറത്തായപ്പോള്‍ പുറപ്പെടുവിച്ച പ്രസ്താവന മൂര്‍ച്ചകൂട്ടി തട്ടിവിട്ടു. അത് ഏറ്റുപാടാന്‍ സതീശന്‍മാരും പ്രതാപന്‍മാരും തേറമ്പില്‍മാരുമുണ്ടായി. ഇനിയും പ്രതീക്ഷ വിട്ടിട്ടില്ലാത്ത കാര്‍ത്തികേയന്‍ പൂജാമുറിയിലിരുന്ന് ആരും കേള്‍ക്കാതെ അത് ചൊല്ലുന്നുണ്ട് താനും. ഗ്രൂപ്പ് കളിച്ചിട്ടും കാര്യമില്ലെന്നും മന്ത്രിക്കസേര പോയിട്ട് എം എല്‍ എ സീറ്റ് പോലും കിട്ടീല്ലെന്നും എം എം ഹസന്‍ പല്ലുരുമ്മി, മുറുമുറുത്ത് മണ്ടിനടക്കുന്നതും കാണാതിരുന്നുകൂടാ. ഗ്രൂപ്പ് കളിച്ചാല്‍ നല്ലവന്റെ, കൂടെ നില്‍ക്കുന്നവനെ ഓര്‍മ്മിക്കുകയും ചെയ്യുന്നവന്റെ ഗ്രൂപ്പ് കളിക്കണം എന്നാണ് ഹസന്റെ മറച്ചുവയ്ക്കാനില്ലാത്ത ജീവിതത്തിന്റെ സന്ദേശം.
ഇനി ഒന്നും മറച്ചുവയ്ക്കാനില്ലാത്തതുകൊണ്ടാണ് വി ഡി സതീശന്‍ ചാനല്‍മുറികളിലിരുന്ന് ദുഃഖവും അമര്‍ഷവും സങ്കടവും മറച്ചുവയ്ക്കാനാവാതെ ക്ഷുഭിതനായത്; ഞാന്‍ മജ്ജയും മാംസവുമുള്ള മനഷ്യനാണെന്ന വലിയ സത്യം വെളിപ്പെടുത്തിയത്. മജ്ജയും മാംസവുമുള്ളതു കൊണ്ട് കുത്തിയാല്‍ നോവുമെന്നാണ് സതീശന്‍ പറഞ്ഞത്.
മന്ത്രിക്കസേരയില്‍ മോഹമില്ലെന്ന് പറയാന്‍ താന്‍ വിചാരവികാരങ്ങളില്ലാത്തവനല്ലെന്ന മറച്ചുവയ്ക്കാനില്ലാത്ത ജീവിത ഏട് സതീശന്‍ സമ്മാനിച്ചു. സമുദായനേതാക്കളുടെ വീടിനു മുന്നില്‍ കൂടിക്കിടക്കുന്നവരോടും പെട്ടിയെടുപ്പുകാരോടുമുള്ള നീരസം ചാനല്‍മുറിയിലെ വെള്ളിവെളിച്ചത്തിലിരുന്ന് മാലോകരെ അറിയിച്ചു.
രാഹുല്‍ഗാന്ധിയുടെ പെട്ടിയെടുത്താല്‍ കെ പി സി സി പ്രസിഡന്റാകാമെന്നും കെ പി സി സി പ്രസിഡന്റിന്റെ പെട്ടിയെടുത്താല്‍ കേന്ദ്ര ഊര്‍ജ്ജസഹമന്ത്രിയാവാമെന്നും സംസ്ഥാന ഗതാഗത-ആരോഗ്യമന്ത്രിമാരാവാമെന്നും വിവിധയിനം മീനുകള്‍ സോണിയാഗാന്ധിക്ക് എത്തിച്ചാല്‍ സ്വതന്ത്രചുമതലയുള്ള കേന്ദ്ര ഭക്ഷ്യമന്ത്രിയാകാമെന്നും സതീശന്‍ പറയാതെ പറഞ്ഞു. നിയമസഭയില്‍ ഉറങ്ങാതിരുന്നതാണ് തന്റെ അയോഗ്യതയെന്നും നിയമസഭയിലും പാര്‍ലമെന്റിലും കൂര്‍ക്കം വലിച്ചുറങ്ങുന്നതും ഉറക്കംവരാത്ത സമയത്ത് സഭാ ക്യാന്റീനില്‍ ചായ കുടിച്ചിരിക്കുന്നതുമാണ് മന്ത്രിക്കസേരയ്ക്കുള്ള യോഗ്യതയെന്നും സതീശന്‍ ഉച്ചത്തില്‍ വരുംകാല കോണ്‍ഗ്രസുകാര്‍ക്കായി പറഞ്ഞുവച്ചിട്ടുണ്ട്.
പ്രതാപശാലിയായ പ്രതാപനും മറച്ചുവയ്ക്കാനാവാത്ത ജീവിതം പുറത്തേയ്‌ക്കെടുത്തിട്ടുണ്ട്. നിയമസഭയിലെയും പാര്‍ലമെന്റിലെയും സന്ദര്‍ശക ഗ്യാലറികളില്‍ ഇരിക്കാന്‍ പോലും യോഗ്യതയില്ലാത്തവര്‍ മന്ത്രിമാരായി, അഴിമതിയുടെ കറപുരണ്ടവര്‍ മന്ത്രിമാരായി, പഴയതുപോലെ ഇപ്പോള്‍ വെട്ടിപ്പിടിക്കാന്‍ കഴിയാത്തതുകൊണ്ട് താന്‍ തഴയപ്പെട്ടു എന്നീ തുറന്നപുസ്തകത്തിലെ മുഴുത്ത സത്യങ്ങള്‍ പ്രതാപന്‍ ചാനലുകാരെ ക്ഷണിച്ചുവരുത്തി അറിയിച്ചുകൊണ്ടിരിക്കുന്നു.
വരാനിരിക്കുന്ന കോണ്‍ഗ്രസുകാര്‍ അത്യന്താധുനിക തിരുമ്മലിലും പെട്ടിയെടുക്കലിലും വൈദഗ്ധ്യം നേടാന്‍ ഇപ്പോള്‍ മന്ത്രിമാരായവരുടെ കീഴില്‍ പ്രത്യേക ട്യൂഷനു പോകേണ്ടതാണ്. ഭാവിക്ക് വേണ്ടിയാണ്, ജീവിതത്തില്‍ കുറച്ചൊക്കെ മറച്ചുവയ്ക്കാനും ജീവിതം അടഞ്ഞ പുസ്തകമായിരിക്കാനും വേണ്ടിയാണ്. ട്യൂഷന്‍ മാസ്റ്റര്‍മാര്‍ ക്യാപിറ്റേഷന്‍ ഫീസും അമിത ഫീസും കൊടിയ സംഭാവനയും വാങ്ങാതിരിക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അവര്‍ക്ക് മുകളില്‍ രാഹുല്‍ഗാന്ധിയും ശ്രദ്ധ ചെലുത്തുന്നതാണ്.
പെട്ടിപിടിപ്പുകാര്‍ക്ക് മാത്രമല്ല നല്ല കാലം. അഴിമതിവ്യവസായത്തില്‍ ധീരതയോടെ മുന്നേറുകയും പെണ്ണ് ധനമാണെന്ന പ്രാമാണിക തത്വത്തെ മാനിച്ച്, ധനം നല്‍കി പെണ്ണിനെ ഇരയാക്കുന്നതില്‍ പ്രഗത്ഭരായവരുടെയും മോഹനകാലം കൂടിയാണ് ഒരിക്കല്‍ക്കൂടി ആഗതമായിരിക്കുന്നത്. അഴിമതിയില്‍ ഏറ്റവും കുറഞ്ഞത് ഒരു വിജിലന്‍സ്‌കേസ്, മൂന്നിലേറെ ചെക്കുതട്ടിപ്പുകേസുകള്‍, പെണ്‍വാണിഭക്കേസില്‍ വൈമുഖ്യമില്ലായ്മ എന്നിവര്‍ക്ക് അധികാരസ്ഥാനങ്ങളിലേക്ക് മുന്‍ഗണനയുള്ള നല്ല കാലമാണ്. വിജിലന്‍സ് കേസുകളുടെ പുനരന്വേഷണം നടത്തി കുറ്റം ചാര്‍ത്തപ്പെട്ടവരെ ശുദ്ധരില്‍ ശുദ്ധരും സുപ്രിംകോടതി ജയിലിലടച്ചവരെ ജയിലില്‍ നിന്നു പുറത്താക്കി മഹാന്‍മാരില്‍ മഹാനുമാക്കുന്ന പ്രത്യേക പദ്ധതി 'അതിവേഗം, ബഹുദൂരം' എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ത്വരിതഗതിയില്‍ നടപ്പാക്കും. പെണ്‍വാണിഭക്കേസുകള്‍ കോടതിയില്‍ വാദിക്കാന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി അതേ കാര്യത്തില്‍ അവഗാഹമായ അറിവുള്ളവരെ നിയോഗിച്ച് മാതൃകയാവും.
തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും മന്ത്രിസഭാ രൂപീകരണഘട്ടമാവുമ്പോഴും ജ്യോതിഷത്തില്‍ വിശ്വാസമേറുന്നവരാണ് കോണ്‍ഗ്രസുകാരില്‍ ഭൂരിപക്ഷവും, കോണ്‍ഗ്രസിതരില്‍ ന്യൂനപക്ഷവും. ജ്യോതിഷികളുടെ ചാകരകാലത്ത് പെട്ടിപിടിപ്പു വിരുതന്‍മാരുടെയും അഴിമതിധീരന്‍മാരുടെയും മുന്നില്‍ കവടിനിരത്തി ജ്യോതിഷികള്‍ പ്രവചിക്കുന്നു: 'ദശാസന്ധിയും കണ്ടകശനിയും മാറി, ഇനി നിങ്ങള്‍ക്ക് ശുഭകാലം; സുവര്‍ണകാലം'.
ദിഗംബരന്‍ ജനയുഗം 300511
'എന്റെ ജീവിതം തുറന്ന പുസ്തകമാണ്', 'എനിക്ക് ജനങ്ങളില്‍ നിന്ന് ഒന്നും മറച്ചുവയ്ക്കാനില്ല' എന്നൊക്കെയുള്ള വാചകങ്ങള്‍ മുന്തിയ ഇനം രാഷ്ട്രീയനേതാക്കള്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞു തേഞ്ഞുപോയ ക്ലീഷേകളാണ്. ഇത്തരക്കാരുടെ ജീവിതം ഒരിക്കലും തുറക്കാത്തതും തുറന്നാല്‍ ജനം കണ്ണുപൊത്തുന്നതുമായ അത്യപൂര്‍വവും തരംതാണതുമായ പുസ്തകമായിരിക്കുമെന്ന് ഏറ്റവും കുറഞ്ഞത് കോണ്‍ഗ്രസുകാരും ലീഗുകാരും കേരള കോണ്‍ഗ്രസുകാരുമെങ്കിലും തെളിയിച്ചിട്ടുണ്ട്. മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് വിനീതരാവുന്നവര്‍ക്ക് മറച്ചുവയ്ക്കാന്‍ മാത്രമുള്ള അതിനിഗൂഢ ജീവിതമായിരിക്കും സ്വന്തം. അവയില്‍ അല്ലറചില്ലറ മറനീക്കി പുറത്തുവരുമ്പോള്‍ തന്നെ ജനം വല്ലാതെ നാണിച്ചുപോകുന്നു. 'നാണമാകുന്നു, മേനി നോവുന്നു' എന്ന പാട്ട് ഇത്തരം സന്ദര്‍ഭങ്ങളിലും പാടാവുന്നതാണെന്നാണ് അവരുടെ വിശ്വാസം.
ReplyDelete