Thursday, May 26, 2011

പത്താംതരം സാമൂഹ്യശാസ്ത്ര പുസ്തകം പിന്‍വലിക്കാന്‍ നീക്കം

പത്താംക്ലാസിലെ പരിഷ്കരിച്ച സാമൂഹ്യശാസ്ത്ര പാഠപുസ്തകം പിന്‍വലിക്കാന്‍ നീക്കം. കത്തോലിക്കാസഭയെ അവഹേളിക്കുന്ന പാഠഭാഗമുണ്ടെന്ന കെസിബിസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണിത്. ഇതിനുമുന്നോടിയായി പാഠപുസ്തകം പരിശോധിക്കാന്‍ ഡോ. എം ജി എസ് നാരായണന്‍ , ഡോ. ഡി ബാബുപോള്‍ , മതശാസ്ത്രജ്ഞന്‍ പ്രൊഫ. റെയ്മോന്‍ എന്നിവരടങ്ങിയ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

വ്യവസ്ഥാപിത ചിട്ടകള്‍ക്കുവിധേയമായി തെരഞ്ഞെടുത്ത 13 അംഗ സമിതിയാണ് പുസ്തകം തയ്യാറാക്കിയത്. തുടര്‍ന്ന് സാമൂഹ്യശാസ്ത്ര വിദഗ്ധരും അധ്യാപകരും അധ്യാപകസംഘടനാ നേതാക്കളും ചേര്‍ന്ന കരിക്കുലം സബ് കമ്മിറ്റിയും വിദ്യാഭ്യാസമന്ത്രി ചെയര്‍മാനും വിദ്യാഭ്യാസ സെക്രട്ടറി വൈസ് ചെയര്‍മാനും പി വത്സല, കെ ശങ്കരന്‍ , കോണ്‍ഗ്രസിന്റെ അധ്യാപകസംഘടനയായ ജിഎസ്ടിയു ജനറല്‍ സെക്രട്ടറി ജെ ശശി, മുസ്ലിംലീഗിന്റെ അധ്യാപകസംഘടനാ നേതാവ് സി പി ചെറിയ മുഹമ്മദ് തുടങ്ങിയവരടങ്ങിയ കരിക്കുലം കമ്മിറ്റിയും പുസ്തകം ഏകകണ്ഠമായി അംഗീകരിച്ചു. പാഠപുസ്തക കമീഷന്‍ ചെയര്‍മാന്‍ ഡോ. സി ജി രാമചന്ദ്രന്‍നായരും അംഗം ഫാ. അലക്സും ഒരുമാറ്റവും വരുത്താതെയാണ് പുസ്തകം അംഗീകരിച്ചത്. ചരിത്രത്തിന്റെ ക്രമാനുഗതമായ വളര്‍ച്ച വ്യക്തമാക്കുന്ന രീതിയാണ് പാഠപുസ്തകം പൊതുവില്‍ സ്വീകരിച്ചതെന്നും ഈ രീതി ചരിത്രപഠനത്തില്‍ താല്‍പ്പര്യമുണ്ടാക്കാന്‍ സഹായമാണെന്നും ലോകചരിത്രത്തെക്കുറിച്ച് സമഗ്രമായ ധാരണ ലഭിക്കാന്‍ പുസ്തകം സഹായിക്കുമെന്നുമാണ് കരിക്കുലം സബ് കമ്മിറ്റി വിലയിരുത്തിയത്. നിലവിലുള്ള എന്‍സിഇആര്‍ടി സിലബസിനേക്കാള്‍ മികച്ച ഉള്ളടക്കമുള്ള പുസ്തകത്തിലെ പാഠങ്ങള്‍ സമതുലിതവും കൂടുതല്‍ വിവരമുള്ളതുമാണെന്നും വിദഗ്ധസമിതിയും അഭിപ്രായപ്പെട്ടു.

നവോത്ഥാന കാലഘട്ടത്തിലെ നിലപാടുകള്‍ പരിശോധിച്ച് തെറ്റെന്ന് ബോധ്യപ്പെട്ടവ തിരുത്തിയും സഭയുടെ നേതൃത്വത്തിലുണ്ടായ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ തുറന്നുപറഞ്ഞും പൊതുസമൂഹത്തോട് പലപ്പോഴായി മാര്‍പാപ്പതന്നെ ക്ഷമ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പാഠപുസ്തകരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നവോത്ഥാനകാലഘട്ടം മാറ്റിനിര്‍ത്തി ചരിത്രം പഠിപ്പിക്കാനാകില്ല.വര്‍ഷങ്ങളായി സ്കൂളുകളിലും കോളേജുകളിലും കുടുതല്‍ തീവ്രമായ ഭാഷയില്‍ പഠിപ്പിച്ചിരുന്ന പാഠഭാഗങ്ങളാണ് ഇപ്പോള്‍ ലളിതവല്‍ക്കരിച്ച് പത്താംക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതേചരിത്രം എന്‍സിഇആര്‍ടി സിലബസ് പ്രകാരം സിബിഎസ്ഇതലത്തില്‍ സചിത്ര പാഠഭാഗങ്ങളോടെ പഠിപ്പിക്കുന്നുണ്ട്. പുസ്തകം പിന്‍വലിക്കാനുള്ള ഗൂഢനീക്കത്തിലും പുസ്തകം പരിശോധിക്കാന്‍ മതപണ്ഡിതനെ നിയമിച്ചതിലും അക്കാദമിക് സമൂഹത്തില്‍ പ്രതിഷേധമുയര്‍ന്നു. മതശാസ്ത്രജ്ഞരെ പുസ്തകം പരിശോധിക്കാന്‍ നിയോഗിക്കുന്നത് ഭരണഘടനാമൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
(കെ പ്രഭാത്)

deshabhimani 270511

1 comment:

  1. പത്താംക്ലാസിലെ പരിഷ്കരിച്ച സാമൂഹ്യശാസ്ത്ര പാഠപുസ്തകം പിന്‍വലിക്കാന്‍ നീക്കം. കത്തോലിക്കാസഭയെ അവഹേളിക്കുന്ന പാഠഭാഗമുണ്ടെന്ന കെസിബിസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണിത്. ഇതിനുമുന്നോടിയായി പാഠപുസ്തകം പരിശോധിക്കാന്‍ ഡോ. എം ജി എസ് നാരായണന്‍ , ഡോ. ഡി ബാബുപോള്‍ , മതശാസ്ത്രജ്ഞന്‍ പ്രൊഫ. റെയ്മോന്‍ എന്നിവരടങ്ങിയ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

    ReplyDelete