ജാതി-മതസംഘടനകളുടെ ഇടപെടല്‍കൊണ്ടുമാത്രം വോട്ട് മറിയില്ലെന്ന് നിയമസഭാ തെരഞ്ഞെടുപ്പു ഫലം തെളിയിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജാതി-മത സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് നല്ലതാണോയെന്ന് ഈ ജനവിധിയുടെ പശ്ചാത്തലത്തില്‍ പൊതുസമൂഹം ഗൗരവമായി ആലോചിക്കണം. രണ്ടുദിവസത്തെ സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച പ്രകടനമാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കാഴ്ചവച്ചതെന്ന് യോഗം വിലയിരുത്തിയതായി അദ്ദേഹം അറിയിച്ചു.
വിജയത്തിന് അടുത്തെത്തിയ പരാജയമാണ് എല്‍ഡിഎഫിനുണ്ടായത്. 68 സീറ്റ് ലഭിച്ച എല്‍ഡിഎഫിന് പിറവം, അഴീക്കോട്, പാറശാല സീറ്റുകള്‍ നഷ്ടപ്പെട്ടത് മൊത്തം 1775 വോട്ടിന്റെ വ്യത്യാസത്തിനാണ്. ജാതി-മത-സമുദായ സംഘടനകള്‍ തെരഞ്ഞെടുപ്പില്‍ വലിയതോതില്‍ എല്‍ഡിഎഫിന് എതിരായി ഇടപെട്ടു. ഇത്തരം സംഘടനകളുടെ ഇടപെടല്‍ വ്യത്യസ്ത രീതിയിലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ക്രൈസ്തവസഭകളില്‍ ചിലത് കടുത്ത എല്‍ഡിഎഫ് വിരോധം പ്രകടിപ്പിച്ചിരുന്നു. ഇടയലേഖനങ്ങളും മറ്റും തുടരെത്തുടരെ ഉണ്ടായി. എന്നാല്‍ ,അങ്ങനെയൊരു പ്രത്യക്ഷ ഇടപെടല്‍ ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ല. മാത്രമല്ല, ക്രൈസ്തവസഭകളില്‍ ഒട്ടുമിക്കതിനും പ്രത്യേക വിരോധം എല്‍ഡിഎഫിനോട് ഉണ്ടായിരുന്നു എന്നു പറയാനാകില്ല. എന്നാല്‍ , ചില സ്ഥലങ്ങളില്‍ ചില സംഘടനകള്‍ പരസ്യമായി പ്രവര്‍ത്തിച്ചു. എങ്കിലും എല്‍ഡിഎഫിനെതിരെ നിശബ്ദമായ പ്രവര്‍ത്തനമാണ് പൊതുവില്‍ നടന്നത്. തീരദേശങ്ങളില്‍ ഉള്‍പ്പെടെ ചിലയിടങ്ങളില്‍ ന്യൂനപക്ഷവിഭാഗങ്ങളില്‍ ഭൂരിപക്ഷം എല്‍ഡിഎഫിനെ അനുകൂലിക്കുന്ന സ്ഥിതിയും ഉണ്ടായി. അതിനു കാരണം എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ ജനക്ഷേമ നടപടികളാണ്. മത്സ്യത്തൊഴിലാളിവിഭാഗത്തില്‍ ഈ ആഭിമുഖ്യം കൂടുതല്‍ പ്രകടമായി.
മുസ്ലിം സംഘടനകളെ ഒന്നിച്ച് അണിനിരത്താന്‍ മുസ്ലിംലീഗ് വലിയ പരിശ്രമം നടത്തി. അത് പൂര്‍ണമായി വിജയിച്ചില്ലെങ്കിലും ഏറെക്കുറെ അവര്‍ക്ക് അതിനു കഴിഞ്ഞു. എല്‍ഡിഎഫിനെ അനുകൂലിക്കുന്നുവെന്ന് ചിത്രീകരിക്കപ്പെടുന്ന ചില മുസ്ലിം സംഘടനകള്‍ കോണ്‍ഗ്രസിനുവേണ്ടിയും യുഡിഎഫിനുവേണ്ടിയും ആര്‍ക്കും മനസ്സിലാകുന്ന രൂപത്തില്‍ ഇടപെട്ടു. എല്‍ഡിഎഫ് ഗവണ്‍മെന്റില്‍നിന്ന് പരാതിരഹിതമായ നല്ല സമീപനം ഉണ്ടായെന്ന് തെരഞ്ഞെടുപ്പിനു മുമ്പുവരെ പറഞ്ഞവര്‍ , ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവിരുദ്ധ നിലപാട് എടുത്തു. പക്ഷേ, ന്യൂനപക്ഷവിഭാഗമാകെ എല്‍ഡിഎഫ് വിരുദ്ധ നിലപാടിലായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ കോഴിക്കോട് ജില്ലയിലടക്കം വലിയ മുന്നേറ്റം ഇടതുപക്ഷത്തിന് ഉണ്ടാകുമായിരുന്നില്ല.
ചില സമുദായസംഘടനകളുടെ നിലപാട് കൊണ്ടുമാത്രം ഏതെങ്കിലും മുന്നണിക്കോ രാഷ്ട്രീയകക്ഷിക്കോ വോട്ടാകെ മറിയുമെന്നു കരുതുന്നത് അബദ്ധമാണ്. മാന്യമായ നിലപാട് സ്വീകരിച്ചുവരികയായിരുന്നു എന്‍എസ്എസ്. സമദൂരം പറയുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തിരുന്നു ആ സംഘടന. എന്നാല്‍ , ഇത്തവണ എല്‍ഡിഎഫിനെതിരെ പരസ്യനിലപാടെടുത്തു. ജനറല്‍സെക്രട്ടറിയുടെ ചുമതലയുള്ള സുകുമാരന്‍നായര്‍ പിന്നീട് അത് തുറന്നുപറയുകയും ചെയ്തു. ഇവിടെ വിചിത്രമായ ഒരു കാര്യം കാണാം. എന്‍എസ്എസ് നേതാവിന്റെ ഈ നിലപാട് തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞിരുന്നെങ്കില്‍ കാര്യം മാറിയേനെ എന്നാണ് എസ്എന്‍ഡിപി യോഗം നേതാവ് പ്രതികരിച്ചത്. കുറ്റബോധം കൊണ്ടു പറഞ്ഞതാണോ എന്നറിയില്ല. ധാരാളം മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനെ അവരുടെ ശേഷി ഉപയോഗിച്ച് പരാജയപ്പെടുത്താന്‍ എസ്എന്‍ഡിപി യോഗം പരിശ്രമിച്ചിട്ടുണ്ട്. ഇത്തരം കാപട്യം എസ്എന്‍ഡിപിയുടെ ഭാഗത്തുനിന്ന് മുമ്പും ഉണ്ടായിട്ടുണ്ട്. എന്‍എസ്എസിന്റെ ആസ്ഥാനമായ ചങ്ങനാശ്ശേരി മണ്ഡലത്തില്‍ , അവര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലെ വോട്ടര്‍മാര്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തെന്നു കാണാം. എന്‍എസ്എസ് നിലപാടു കൊണ്ട് കൊട്ടാരക്കരയിലെ ഫലത്തില്‍ എന്തു മാറ്റംവരുത്താന്‍ കഴിഞ്ഞു? ജാതി-മതസംഘടനകളുടെ സ്വാധീനത്തിനു കീഴ്പെട്ട യുഡിഎഫ്, മന്ത്രിസഭാരൂപീകരണത്തിലടക്കം അത് പ്രകടമാക്കിയിരിക്കുകയാണെന്ന് പിണറായി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ ജാതി-മത വിഭാഗങ്ങളുടെ ഫെഡറേഷന്‍ : പിണറായി
യുഡിഎഫ് സര്‍ക്കാര്‍ ജാതി-മത വിഭാഗങ്ങളുടെ ഫെഡറേഷനായി മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആരാണ് സംസ്ഥാനത്ത് ഭരണം നടത്താന്‍ പോകുന്നത്. യുഡിഎഫും കോണ്‍ഗ്രസുമാണോ, അതല്ല മറ്റു കേന്ദ്രങ്ങളാണോ. ബാഹ്യശക്തികള്‍ ഭരണംനടത്താന്‍ പോകുന്നു എന്ന കാര്യമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ സര്‍ക്കാര്‍ കേരളത്തിന് അപമാനമായി മാറി. ഒരു രാഷ്ട്രീയപാര്‍ടിക്ക് അഭിമാനിക്കാവുന്ന നിലയിലല്ല മന്ത്രിസഭ രൂപീകരിച്ചത്. ജാതി-മതാടിസ്ഥാനത്തില്‍ മന്ത്രിസ്ഥാനം വീതംവച്ചു. രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തിലാണോ മന്ത്രിമാരെ തീരുമാനിച്ചതെന്ന് പിണറായി ചോദിച്ചു. മന്ത്രിസ്ഥാനം കെ മുരളീധരന് കൊടുക്കേണ്ടെന്നല്ല, ശിവകുമാറിന് കൊടുക്കണമെന്നേ പറഞ്ഞുള്ളൂ എന്നാണ് ഒരു സംഘടനയുടെ വെളിപ്പെടുത്തല്‍ . ഇത്രയും അപമാനകരമായ അവസ്ഥ ഒരു പാര്‍ടിക്ക് വരാനുണ്ടോ. വിജിലന്‍സിനെ രാഷ്ട്രീയ ആയുധമാക്കുന്നതടക്കം അധികാരദുര്‍വിനിയോഗമാണ് അധികാരമേറ്റതുമുതല്‍ നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനവുമായി പോയാല്‍ യുഡിഎഫ് സര്‍ക്കാരിന് അധികം ആയുസ്സുണ്ടാകില്ലെന്ന് പിണറായി മുന്നറിയിപ്പ് നല്‍കി.
യുഡിഎഫ് നടപടികള്‍ മുഴുവനും ജനവിരുദ്ധം
ജനവിരുദ്ധമായ നടപടികളാണ് ഭരണത്തില്‍ വന്നതുമുതല്‍ യുഡിഎഫ് സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു ഗവണ്‍മെന്റിന് ചേരാത്ത നടപടികളുമായാണ് യുഡിഎഫിന്റെ ഭരണത്തുടക്കം. ഇതിനെതിരെ പൊതുസമൂഹത്തില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവരുമെന്ന് പിണറായി പറഞ്ഞു.
അധികാരവികേന്ദ്രീകരണം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണവകുപ്പ് വെട്ടിമുറിച്ചു. വിഭജിച്ച വകുപ്പിന്റെ ഏകോപനത്തിന് ഉപസമിതിയുണ്ടാക്കിയവര്‍ എങ്ങനെയാണ് ഇത് ഏകോപിപ്പിക്കാന്‍ പോകുന്നത്. മൃഗസംരക്ഷണം ഒരു മന്ത്രിക്കും ക്ഷീരം വേറൊരാള്‍ക്കുമാണ്. എത്ര പരിഹാസ്യമായ നിലപാടാണിത്. ഒരു ഗവണ്‍മെന്റിനു ചേരാത്ത നടപടികളുമായാണ് യുഡിഎഫിന്റെ ഭരണത്തുടക്കം. ഇതിനെതിരെ പൊതുസമൂഹത്തില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവരുമെന്ന് പിണറായി പറഞ്ഞു.
ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് പുനഃസ്ഥാപിക്കുമെന്നാണ് ആരോഗ്യമന്ത്രിയുടെ ആദ്യപ്രഖ്യാപനം. ആരോടാണ് ഈ സര്‍ക്കാരിന് പ്രതിബദ്ധത. ഈ പ്രഖ്യാപനത്തിനു പിന്നില്‍ അന്തര്‍നാടകം എത്ര വലുതാണ്. നേരത്തെ മന്ത്രിയായപ്പോള്‍ അഴിമതിക്കേസില്‍പെട്ട് പ്രതിയായി കോടതിമുമ്പാകെ നില്‍ക്കുകയാണ് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. അതേ അവസ്ഥ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണിത്. അഴിമതിക്കേസില്‍ പ്രതികളായ മൂന്നു പേരുണ്ട് യുഡിഎഫ് മന്ത്രിസഭയില്‍ . ഒരാള്‍ പല കേസില്‍ പ്രതിയാണ്. ഇവരെ മന്ത്രിമാരാക്കാന്‍ യുഡിഎഫിന് ഒരു ജാള്യവുമുണ്ടായില്ല. വിജിലന്‍സിനെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ്. അടൂര്‍ പ്രകാശിന്റെ കേസില്‍ പുനരന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ നേരിട്ട് ഉത്തരവിറക്കി. കോടതിയില്‍ ഇരിക്കുന്ന കേസാണിത്. അടൂര്‍ പ്രകാശിനെതിരെ പരാതി നല്‍കിയതിന് പുറത്താക്കിയ എന്‍ കെ അബ്ദുറഹിമാനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്ന വ്യവസ്ഥയുടെ ഭാഗമായാണ് പരാതിയില്ലെന്ന് നേരത്തെ എഴുതിക്കൊടുത്തത്. ഇത് വിജിലന്‍സ് അന്നേ പരിശോധിച്ചതാണ്. കോടതി തീരുമാനിക്കട്ടെ എന്ന നിലപാടാണ് അന്ന് വിജിലന്‍സ് എടുത്തത്. അത് അട്ടിമറിച്ചാണ് പുനരന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് മുന്നേറ്റത്തിന് പ്രധാന കാരണം ഭരണമികവ് : പിണറായി
എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ മികവുറ്റ പ്രവര്‍ത്തനമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ മികച്ച പ്രകടനത്തിന്റെ പ്രധാന കാരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പുഘട്ടത്തില്‍ എല്‍ഡിഎഫ് നല്ല ഐക്യത്തിലായിരുന്നു. ഇതു ജനങ്ങളില്‍ നല്ല മതിപ്പിന് ഇടയാക്കി. യുഡിഎഫിന്റെ ധാരാളം കൊള്ളരുതായ്മകള്‍ ഈ ഘട്ടത്തില്‍ ഉയര്‍ന്നുവന്നു. കെ കെ രാമചന്ദ്രന്‍ ഉയര്‍ത്തിയ ടൈറ്റാനിയം അഴിമതി, ഐസ്ക്രീം കേസ്, ഇടമലയാര്‍ കേസ് തുടങ്ങിയവ യുഡിഎഫ് അധികാരത്തില്‍വന്നാല്‍ എന്താകും സ്ഥിതി എന്ന ആശങ്ക നാട്ടില്‍ പരത്തി. ഇത് എല്‍ഡിഎഫ് വലിയതോതില്‍ പ്രചാരണത്തില്‍ ഉയര്‍ത്തി.
മുഖ്യമന്ത്രി എന്ന നിലയില്‍ വി എസ് അച്യുതാനന്ദന്‍ ഇക്കാര്യങ്ങള്‍ പൊതുവേദിയില്‍ ഉന്നയിച്ചപ്പോള്‍ ജനങ്ങളില്‍ നല്ല സ്വീകാര്യത ലഭിച്ചു. വി എസ് പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലികളില്‍ വലിയ ആള്‍ക്കൂട്ടമായിരുന്നു. ദേശീയനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ എല്‍ഡിഎഫ് യോഗങ്ങള്‍ക്കും നല്ല ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പിനുവേണ്ടി പാര്‍ടി നടത്തിയ തയ്യാറെടുപ്പുകളും സംഘടനാപ്രവര്‍ത്തനവും എല്‍ഡിഎഫ് വിജയത്തിലെ ഒരു ഘടകമാണ്. തെരഞ്ഞെടുപ്പിനു മുമ്പായി കോടിയേരി ബാലകൃഷ്ണനും സി ദിവാകരനും നയിച്ച എല്‍ഡിഎഫിന്റെ വികസനമുന്നേറ്റജാഥകള്‍ അക്ഷരാര്‍ഥത്തില്‍ നാടിനെ ഇളക്കിമറിച്ചതാണ്. എങ്കിലും ഞങ്ങള്‍ വിജയിക്കുമെന്ന് കണക്കുകൂട്ടിയ നെടുമങ്ങാട്, പറവൂര്‍ ഉള്‍പ്പെടെയുള്ള ചില സീറ്റുകളില്‍ പരാജയപ്പെട്ടത് എങ്ങനെയെന്ന് ഗൗരവത്തോടെ പരിശോധിക്കും. പ്രാദേശിക-ജില്ലാതലങ്ങളില്‍ ഇതിനുള്ള പരിശോധനകള്‍ ഉണ്ടാകും.
സംവരണ മണ്ഡലങ്ങളില്‍ 14ല്‍ പത്തിലും എല്‍ഡിഎഫാണ് ജയിച്ചത്. നാട്ടിലെ പട്ടിണിപ്പാവങ്ങളും തൊഴിലാളികളും എല്‍ഡിഎഫിനെ എങ്ങനെ കാണുന്നു എന്ന് ഇത് തെളിയിക്കുന്നു. തോട്ടം മേഖലയില്‍ അഭൂതപൂര്‍വമായ മുന്നേറ്റമുണ്ടായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് നല്ല പ്രതികരണമുണ്ടാക്കി. ബിജെപി ഇത്തവണ വോട്ടു സമ്പാദിക്കാന്‍ നല്ല പ്രവര്‍ത്തനം നടത്തിയിരുന്നു. അതിനുവേണ്ടി അഖിലേന്ത്യാനേതാക്കളടക്കം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ, എല്ലാ സ്ഥലത്തും ഇതിന്റെ ഫലം നേടിയിട്ടുണ്ടോ എന്ന് അവര്‍ പരിശോധിക്കണം. യുഡിഎഫിന് വോട്ട് വില്‍ക്കുന്ന ശീലം പല സ്ഥലത്തും ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ലായെന്ന് ഫലം വ്യക്തമാക്കുന്നു. കോഴിക്കോട് സൗത്ത്, തൃത്താല, കഴക്കൂട്ടം, പാറശാല, കോട്ടയം, പിറവം തുടങ്ങി നിരവധി മണ്ഡലങ്ങളില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കുറവായ വോട്ടാണ് ബിജെപി നേടിയത്. ഈ വ്യത്യാസമാണ് ഇവിടങ്ങളില്‍ യുഡിഎഫ് വിജയത്തിന് നിദാനമായത്. പ്രാദേശികമായി ചിലയിടങ്ങളില്‍ വോട്ടു കച്ചവടം നടന്നിട്ടുണ്ട്.
മുഖ്യമന്ത്രി എന്ന നിലയില്‍ മാത്രമാണോ തെരഞ്ഞെടുപ്പു പ്രചാരണത്തിലെ വി എസിന്റെ സാന്നിധ്യത്തെ പാര്‍ടി കാണുന്നതെന്ന ചോദ്യത്തിന്, ഈ തെരഞ്ഞെടുപ്പില്‍ പൊട്ടിവീണ ഒരു നേതാവല്ല വി എസ് എന്നായിരുന്നു മറുപടി. പതിറ്റാണ്ടുകളിലെ പോരാട്ടങ്ങളിലൂടെ വളര്‍ന്നുവന്ന നേതാവാണ്. സംഘടനാപ്രവര്‍ത്തനങ്ങളും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളും ആ ജീവിതത്തിന്റെ ഭാഗമായിരുന്നു. എംഎല്‍എ, പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി എന്നീ സ്ഥാനത്തെല്ലാം പ്രവര്‍ത്തിച്ചു. ഇതിന്റെയെല്ലാം ആകെത്തുകയാണ് വി എസ് എന്ന് പിണറായി വ്യക്തമാക്കി. ജോണ്‍ബ്രിട്ടാസ് കൈരളി വിട്ടപ്പോള്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ചാനലിലേക്കാണ് പോകുന്നതെന്ന് പറഞ്ഞിരുന്നില്ലെന്ന് ചോദ്യത്തിനു മറുപടിയായി പിണറായി പറഞ്ഞു. ഒരു നാഷണല്‍ നെറ്റ്വര്‍ക്കിലേക്ക് പോകുന്നെന്നാണ് പറഞ്ഞത്. കൈരളിയില്‍ സേവനമനുഷ്ഠിച്ച കാലത്തെ നല്ല പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് യാത്രയയപ്പു യോഗത്തില്‍ താന്‍ പങ്കെടുത്തത്- പിണറായി പറഞ്ഞു.
മാണിയുടെ ധവളപത്രം ഉദാരവല്‍കരണം തിരികെ കൊണ്ടുവരാന്‍ : പിണറായി
കെ എം മാണിയുടെ ധവളപത്രം മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണ നയം വാശിയോടെ തിരിച്ചു കൊണ്ടുവരുന്നതിന്റെ പ്രഖ്യാപനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് അധികാരമൊഴിയുമ്പോള്‍ 2100 കോടി രൂപയാണ് മിച്ചം. ജനോപകാരപ്രദമായ നയങ്ങളാണ് എല്‍ഡിഎഫ് നടപ്പാക്കിയത്. ജനവിരുദ്ധനയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഒരുക്കത്തിന്റെ പുകമറ മാത്രമാണ് ധവളപത്രം. ലാഭത്തിലായ പൊതുമേഖലാസ്ഥാപനങ്ങള്‍ തകര്‍ക്കുമെന്ന് അധികാരത്തില്‍ വന്ന് രണ്ടാം ദിവസമാണ് പ്രഖ്യാപിച്ചത്. പൊതുമേഖലയിലേക്ക് പണം ഒഴുക്കി എന്നാണ് യുഡിഎഫ് ആക്ഷേപം. ആരും പണമൊഴുക്കിയതല്ല, സാമൂഹികപ്രതിബദ്ധതയോടെ നയിച്ചതിനാലാണ് പൊതുമേഖല ലാഭത്തിലായത്-പിണറായി പറഞ്ഞു. യുഡിഎഫുമായുള്ള ബന്ധം പുനഃപരിശോധിക്കേണ്ടിവരുമെന്ന് സിഎംപിയും സോഷ്യലിസ്റ്റ് ജനതയും അഭിപ്രായപ്പെട്ടത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ രാഷ്ട്രീയം അല്‍പ്പമെങ്കിലുമുള്ളവര്‍ ഇങ്ങനെയൊരു കൂട്ടത്തില്‍പ്പെട്ടുപോയല്ലോയെന്ന് ചിന്തിക്കുന്നത് സ്വാഭാവികമാണെന്ന് പിണറായി പറഞ്ഞു.
ദേശാഭിമാനി 260511
ജാതി-മതസംഘടനകളുടെ ഇടപെടല്‍കൊണ്ടുമാത്രം വോട്ട് മറിയില്ലെന്ന് നിയമസഭാ തെരഞ്ഞെടുപ്പു ഫലം തെളിയിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജാതി-മത സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് നല്ലതാണോയെന്ന് ഈ ജനവിധിയുടെ പശ്ചാത്തലത്തില്‍ പൊതുസമൂഹം ഗൗരവമായി ആലോചിക്കണം. രണ്ടുദിവസത്തെ സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച പ്രകടനമാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കാഴ്ചവച്ചതെന്ന് യോഗം വിലയിരുത്തിയതായി അദ്ദേഹം അറിയിച്ചു.
ReplyDelete