Sunday, May 29, 2011

ബി.പി.എല്‍ സര്‍വേ, കൃഷി വകുപ്പ്, മേധാ പട്‌കര്‍, ലോക്പാല്‍ ബില്‍

ഭക്ഷ്യസുരക്ഷാനിയമം: ബി പി എല്ലുകാരെ കണ്ടെത്താന്‍ വീണ്ടും സര്‍വേ നടത്തും

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്താന്‍ രാജ്യത്താകമാനം വീണ്ടും സര്‍വെ നടത്തുമെന്ന് കേന്ദ്രഭക്ഷ്യ സഹമന്ത്രി കെ വി തോമസ് പറഞ്ഞു. കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ നിര്‍ദേശവും സുപ്രിം കോടതിയുടെ പ്രത്യേക മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും സര്‍വെ നടത്തുക. സര്‍വെ കാലതാമസം കൂടാതെ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി പി എല്‍ മാനണ്ഡങ്ങളില്‍ കാര്യമായ വ്യത്യാസം ഉണ്ടാകും. ബി പി എല്‍ മാനദണ്ഡത്തിലുള്ള സംസ്ഥാനത്തിന്റെ ആശങ്കകള്‍ പരിഹരിക്കും. മാതൃകാ ഭക്ഷ്യധാന്യ വിതരണം ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന രാജ്യത്തെ 150 ജില്ലകളില്‍ കേരളത്തില്‍ നിന്ന് വയനാട് ജില്ലയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാലായിരം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അധികമായി ഇവിടെ നല്‍കും. ഭക്ഷ്യ സുരക്ഷാ ബില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുമായും ഉദ്യാഗസ്ഥരുമായും അടുത്ത മാസം നാലിന് തിരുവല്ലയില്‍ വച്ച് ചര്‍ച്ച നടത്തും. കുന്നന്താനത്ത് ആരംഭിക്കുന്ന ഭക്ഷ്യ സംഭരണ ശാലയുടെ ശിലാസ്ഥാപനവും ഇതിനോടനുബന്ധിച്ച് നടക്കും. കുന്നന്താനം കൂടാതെ മീനങ്ങാടി ആറക്കുളം, ചിങ്ങവനം എന്നിവിടങ്ങളിലും ഭക്ഷ്യ സംഭരണ ശാലകള്‍ സ്ഥാപിക്കും. അയ്യായിരം മെട്രിക് ടണ്ണാണ് ഓരോന്നിന്റെയും സംഭരണ ശേഷി.

ഭക്ഷ്യസുരക്ഷാ ബില്ലിന്റെ കരട് തയ്യാറായിട്ടുണ്ട്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ബില്ലിന്റെ വ്യവസ്ഥകള്‍ പ്രകാരം ഭക്ഷ്യവിതരണ രംഗം അടിമുടി പരിഷ്‌കരിക്കും. ബില്‍ പ്രകാരം ഭക്ഷ്യ ലഭ്യത ഉറപ്പ് വരുത്തേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഭക്ഷ്യ കൂപ്പണ്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ സംസ്ഥാനങ്ങളാണ് നടപ്പാക്കേണ്ടത്. പല സംസ്ഥാനങ്ങള്‍ക്കും ഇതില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഭക്ഷ്യ ഗ്രാമപ്രദേശങ്ങളില്‍ 75 ശതമാനം പേര്‍ക്കും നഗര പ്രദേശങ്ങളില്‍ 50 ശതമാനം പേര്‍ക്കും ഭക്ഷ്യധാന്യം നിയമപരമായി ഉറപ്പാക്കും. ഒരു കുഞ്ഞിന്റെ ഭ്രൂണാവസ്ഥ മുതല്‍ 14 വയസ് ആകുന്നതുവരെയുള്ള ഭക്ഷ്യസുരക്ഷ ബില്ലില്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവില്‍ 83,000 കോടി രൂപയാണ് ഭക്ഷ്യ സബ്‌സിഡിയായി നല്‍കുന്നത്. ബില്‍പാസാകുന്നതോടെ ഇത് ഒരു ലക്ഷം കോടിക്ക് മുകളിലാകും.

ഭക്ഷ്യ ധാന്യങ്ങള്‍ അനിയന്ത്രിതമായി ഉപയോഗ ശൂന്യമാക്കുന്ന പ്രവണത തടയാന്‍ നടപടി സ്വീകരിക്കും. ഇതിനായി ഒരു കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. ഈ കമ്മിറ്റി നല്‍കുന്ന ശുപാര്‍ശ പ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ തടസ്സങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

കൃഷിവകുപ്പില്‍ 77 കോടിരൂപയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ സമഗ്രവികസനത്തിനായി 77 കോടി രൂപയുടെ പദ്ധതിക്ക് ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ അനുമതി നല്‍കി. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതിയില്‍ 65.45 കോടിരൂപ കേന്ദ്രവിഹിതവും, 11.55 കോടി രൂപ സംസ്ഥാന വിഹിതവുമാണ്. 
ഹോര്‍ട്ടികള്‍ച്ചര്‍ വിളകളുടെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിനും സംയോജിത വിളവെടുപ്പനന്തര പരിപാലനത്തിനുമുള്ള പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. ഇതിനായി 36.42 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.  നടീല്‍വസ്തുക്കളുടെ ഉത്പാദനവും വിതരണവും, ഉത്പാദനക്ഷമത കുറഞ്ഞതും രോഗബാധിതവുമായ കുരുമുളക്, കൊക്കോ, കമുക് എന്നീ വിളകളുടെ പുനരുദ്ധാരണം, ജലസ്രോതസുകളുടെ നിര്‍മാണം എന്നിവയ്ക്കായി 6.9 കോടിരൂപയുടെ പദ്ധതികള്‍ക്ക് അനുമതിലഭിച്ചു. 

സംരക്ഷിത കൃഷിക്കായി 2.32 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. തണല്‍വലകള്‍ സ്ഥാപിക്കുക, ഗ്രീന്‍ഹൗസ് നിര്‍മാണം എന്നിവയാണ് പദ്ധതി ഘടകങ്ങള്‍. ജൈവകൃഷി വികസനത്തിനായി 3.6 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നു. വാഴ, ഇഞ്ചി, പൈനാപ്പിള്‍, കുരുമുളക് എന്നിവയ്ക്ക് ജൈവകൃഷി പ്രാവര്‍ത്തികമാക്കുക, മണ്ണിരകമ്പോസ്റ്റ് യൂണിറ്റുകള്‍ നിര്‍മിക്കുക, ജൈവസര്‍ട്ടിഫിേക്കഷന്‍ ലഭിക്കുന്നതിനു വേണ്ടി ഗ്രൂപ്പടിസ്ഥാനത്തില്‍ സബ്‌സിഡി നല്‍കുക എന്നിവയാണ് പദ്ധതി ഘടകങ്ങള്‍. കുരുമുളക്, ഇഞ്ചി, കശുമാവ്, വാഴ, പച്ചക്കറി എന്നീ വിളകളില്‍ സംയോജിത രോഗകീടനിയന്ത്രണം, സംയോജിത വളപ്രയോഗം എന്നിവ നടപ്പിലാക്കുന്നതിന് ഹെക്ടര്‍ ഒന്നിന് 1000 രുപ നിരക്കില്‍ ധനസഹായം നല്‍കും. 
തേനീച്ചവളര്‍ത്തല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി 69.5 ലക്ഷം രുപയുടെ പദ്ധതി നടപ്പിലാക്കും.  തേനീച്ചകോളനികള്‍ സ്ഥാപിക്കുന്നതിന് ഹോര്‍ട്ടികോര്‍പ്പ് മുഖേനയാണ് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നത്.  മാനവവിഭവശേഷി വികസനം, നൂതനസാങ്കേതിക വിദ്യയുടെ വ്യാപനം, വിപണികളുടെ അടിസ്ഥാന സൗകര്യവികസനം എന്നിവയാണ് മറ്റ് പദ്ധതികള്‍.
ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ യന്ത്രവത്കരണത്തിനായി 97.5 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കുന്നു.  കൂടാതെ കുട്ടനാട്- ഇടുക്കി പാക്കേജുകള്‍ ,കാഷ്യു മിഷന്‍, ഹോര്‍ട്ടികള്‍ച്ചര്‍ സെന്‍സസ് എന്നിവയുടെ സുഗമമായ നടത്തിപ്പിനായി 18.68 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ലോക്പാല്‍ ബില്‍ അട്ടിമറിക്കാന്‍ ശ്രമമെന്ന് സമിതി അംഗം

ബംഗളൂരു: ലോക്പാല്‍ ബില്‍ അട്ടിമറിക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നുവെന്ന് ബില്‍ രൂപീകരണത്തിനായി നിയോഗിച്ച സമിതിയിലെ അംഗമായ അരവിന്ദ് കജ്രിവാള്‍ കുറ്റപ്പെടുത്തി. ബില്‍ രൂപീകരണത്തില്‍ അട്ടിമറി നടത്തുന്നതിനായുള്ള ഗൂഢാലോചന ശക്തമാണ്. കമ്മിറ്റിയിലുള്ള വ്യക്തികളെയാണ് ആദ്യം സ്വാധീനിക്കാന്‍ ശ്രമിച്ചതെങ്കിലും ഇപ്പോള്‍ ബില്ലിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പടര്‍ത്താനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. മാധ്യമങ്ങളിലും മറ്റും ബില്ലിനെ ചോദ്യം ചെയ്യ്തുകൊണ്ടുള്ള ചര്‍ച്ചകളും ലേഖനങ്ങളും പ്രത്യക്ഷപ്പെടുന്നത് ഇതിന്റെ തെളിവാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് കജ്രിവാളിന്റെ കുറ്റപ്പെടുത്തല്‍.

അതേസമയം ബില്‍ രൂപീകരണത്തിനു മുമ്പില്‍ തടസ്സങ്ങളൊന്നുമില്ലെന്ന് കരടു രൂപീകരണ സമിതിയിലെ അംഗമായ കര്‍ണാടക ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും തന്നെ ബില്ലിന് പ്രതികൂലമായ അഭിപ്രായവുമായി രംഗത്തെത്തിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതി തടയാന്‍ ലോക്പാല്‍ ബില്‍ രൂപീകരിക്കുകയല്ലാതെ രാജ്യത്തിനു മറ്റൊരു പോംവഴിയും മുന്നിലില്ലെന്ന് കിരണ്‍ബേദി അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ അഴിമതി വിരുദ്ധ കണ്‍വന്‍ഷനില്‍ ഇന്ത്യയില്‍ എത്രയും പെട്ടന്ന് അഴിമതി തടയുന്നതിനായുള്ള നിയമം പ്രാബല്യത്തില്‍ വരണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നുവെന്ന് അവര്‍ പറഞ്ഞു.

ആവശ്യങ്ങള്‍ അംഗീകരിച്ചു; മേധ നിരാഹാരം നിര്‍ത്തി

മുംബൈ: ചേരിനിവാസികളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍ ഒന്‍പതുദിവസമായി നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. മഹാരാഷ്ട്രാ സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് മേധ സമരം നിര്‍ത്തിയതെന്ന് അവരുടെ അനുയായികള്‍ അറിയിച്ചു. മേധയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് മഹാരാഷ്ട്രാ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

സര്‍ക്കാര്‍ വിജ്ഞാപനവുമായി മുംബൈ ജില്ലാ കലക്ടര്‍ നിര്‍മല്‍ ദേശ്മുഖ് മേധയെ സന്ദര്‍ശിച്ചതായി അവരുടെ സഹായിയായ മധുരേഷ് കുമാര്‍ പറഞ്ഞു. ഖാറിലെ ഗോലിബര്‍ ചേരിയില്‍നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ ഈ മാസം 20നാണ് മേധ നിരാഹാര സമരം തുടങ്ങിയത്. ഇവിടെ 140 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്കു കൈമാറിയിരുന്നു. ചേരിയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതെതിരെയാണ് മേധ സമരം തുടങ്ങിയത്. ഇവരുടെ കയ്യില്‍നിന്ന് ഒഴിഞ്ഞുപോവുന്നതിനുള്ള സമ്മത പത്രം വ്യാജമായി കമ്പനി കൈവശപ്പെടുത്തിയതായി മേധ ആരോപിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും അതുതീരുന്നതുവരെ ഒഴിപ്പിക്കലും ചേരിയിലെ നിര്‍മാണ പ്രവര്‍ത്തനവും നിര്‍ത്തിവയ്ക്കണമെന്നായിരുന്നു മേധയുടെ ആവശ്യങ്ങള്‍.

ജനയുഗം 290511

1 comment:

  1. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്താന്‍ രാജ്യത്താകമാനം വീണ്ടും സര്‍വെ നടത്തുമെന്ന് കേന്ദ്രഭക്ഷ്യ സഹമന്ത്രി കെ വി തോമസ് പറഞ്ഞു. കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ നിര്‍ദേശവും സുപ്രിം കോടതിയുടെ പ്രത്യേക മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും സര്‍വെ നടത്തുക. സര്‍വെ കാലതാമസം കൂടാതെ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി പി എല്‍ മാനണ്ഡങ്ങളില്‍ കാര്യമായ വ്യത്യാസം ഉണ്ടാകും

    ReplyDelete