Friday, May 27, 2011

അമരാവതി സമരത്തിന്റെ 50-ാം വാര്‍ഷികം ജൂണ്‍ 6 മുതല്‍ 17വരെ

ഐതിഹാസികമായ അമരാവതി സമരത്തിന്റെ 50-ാം വാര്‍ഷികം ജൂണ്‍ ആറുമുതല്‍ 17വരെ ജില്ലയുടെ വിവിധ സമരകേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികളോടെ ആചരിക്കും. 1961 മെയ് രണ്ടിനാണ് അയ്യപ്പന്‍കോവിലില്‍നിന്ന് കര്‍ഷകരെ കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചത്. ഒഴിപ്പിക്കപ്പെട്ട നാലായിരത്തോളം ആളുകളെ അമരാവതിയിലാണ് എത്തിച്ചത്. സര്‍വ്വവും നഷ്ടപ്പെട്ട കര്‍ഷകകുടുംബങ്ങള്‍ അനുഭവിച്ച നരകയാതന വിവരണാധീതമാണ്. നിരാലംബരായിക്കഴിഞ്ഞ ഇവര്‍ക്ക് ആശ്വാസം പകരാനാണ് എകെജി മരണംവരെ നിരാഹാരസത്യഗ്രഹത്തിന് 1961 ജൂണ്‍ ആറിന് തുടക്കം കുറിച്ചത്.

പാവങ്ങളുടെ പടത്തലവനായ എകെജിയുടെ സമരത്തോട് മുഖംതിരിഞ്ഞ സമീപനമായിരുന്നു ഭരണാധികാരികള്‍ക്ക്. സംസ്ഥാനത്തെമ്പാടും ദേശവ്യാപകമായും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു പ്രശ്നത്തില്‍ ഇടപെട്ടു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചനയ്ക്ക് തയ്യാറായി. കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്ന ഇഎംഎസും മന്ത്രി പി ടി ചാക്കോയും നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് ജൂണ്‍ 17ന് എ കെ ജിയുടെ ഐതിഹാസികമായ നിരാഹാരസമരം അവസാനിപ്പിച്ചു. പകരംഭൂമി, നഷ്ടപരിഹാരം, വീട് വയ്ക്കാന്‍ സഹായം, സൗജന്യ റേഷന്‍ , വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ എന്നിവ നല്‍കുന്നതിനും ഭാവിയില്‍ ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരത്തിനും പകരം ഭൂമിക്കും നിയമനിര്‍മാണം നടത്താനുംധാരണയുണ്ടായി. മാത്യു മണിയങ്ങാടന്‍ കമ്മീഷന്റെ നിയോഗവും റിപ്പോര്‍ട്ടും സമരത്തിന്റെ തുടര്‍ഫലങ്ങളാണ്.

സമരത്തിന്റെ അമ്പതാം വാര്‍ഷികം വിപുലമായ പരിപാടികളോടെ സമുചിതമായി ആചരിക്കുന്നതിനാണ് അഖിലേന്ത്യ കിസാന്‍സഭയും കേരള കര്‍ഷകസംഘവും തീരുമാനിച്ചിട്ടുള്ളതെന്ന് കര്‍ഷകസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരം ആരംഭിച്ച ജൂണ്‍ ആറിന് അമരാവതിയില്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജില്ലയിലെ കുടിയൊഴിപ്പിക്കല്‍ കേന്ദ്രങ്ങളായ ചുരുളി-കീരിത്തോട്, ആനച്ചാല്‍ , വണ്ണപ്പുറം, ഉപ്പുതറ എന്നിവിടങ്ങളില്‍ വിവിധ പരിപാടികളും സംഘടിപ്പിക്കും. സമരം ഒത്തുതീര്‍പ്പായ ജൂണ്‍ 17ന് അയ്യപ്പന്‍കോവിലിലെ മേരികുളത്ത് ബഹുജന പ്രകടനം, പൊതുസമ്മേളനം, സെമിനാറുകള്‍ , സമരസേനാനികളെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളാണ് നടക്കുക. വി എസ് അച്യുതാനന്ദന്‍ , പിണറായി വിജയന്‍ , കെ വരദരാജന്‍ , കോടിയേരി ബാലകൃഷ്ണന്‍ , പാലോളി മുഹമ്മദ് കുട്ടി, ഇ പി ജയരാജന്‍ , കെ വി രാമകൃഷ്ണന്‍ , ഗോപി കോട്ടമുറിക്കല്‍ , എം എം മണി, കെ കെ ജയചന്ദ്രന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഓരോ കേന്ദ്രത്തിലും സംഘാടക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മേരികുളത്ത് മെയ് 29ന് സംഘാടകസമിതി രൂപീകരണയോഗം ചേരും. ജൂണ്‍ ആറിന് ജില്ലയിലെമ്പാടും പതാകദിനമായി ആചരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എന്‍ ശിവരാജന്‍ , ടി കെ രാമചന്ദ്രന്‍ , എസ് ശ്രീധരന്‍ , വി കെ സോമന്‍ , കെ രാജ എന്നിവര്‍ പങ്കെടുത്തു.

deshabhimani 270511

1 comment:

  1. ഐതിഹാസികമായ അമരാവതി സമരത്തിന്റെ 50-ാം വാര്‍ഷികം ജൂണ്‍ ആറുമുതല്‍ 17വരെ ജില്ലയുടെ വിവിധ സമരകേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികളോടെ ആചരിക്കും. 1961 മെയ് രണ്ടിനാണ് അയ്യപ്പന്‍കോവിലില്‍നിന്ന് കര്‍ഷകരെ കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചത്. ഒഴിപ്പിക്കപ്പെട്ട നാലായിരത്തോളം ആളുകളെ അമരാവതിയിലാണ് എത്തിച്ചത്. സര്‍വ്വവും നഷ്ടപ്പെട്ട കര്‍ഷകകുടുംബങ്ങള്‍ അനുഭവിച്ച നരകയാതന വിവരണാധീതമാണ്. നിരാലംബരായിക്കഴിഞ്ഞ ഇവര്‍ക്ക് ആശ്വാസം പകരാനാണ് എകെജി മരണംവരെ നിരാഹാരസത്യഗ്രഹത്തിന് 1961 ജൂണ്‍ ആറിന് തുടക്കം കുറിച്ചത്.

    ReplyDelete