Sunday, May 29, 2011

അലിന്‍ഡ് ഏറ്റെടുക്കാനുള്ള ഓര്‍ഡിനന്‍സ് കേന്ദ്രം പൂഴ്ത്തി

കുണ്ടറയിലെ അലുമിനീയം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (അലിന്‍ഡ്) ഏറ്റെടുക്കാന്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് സംസ്ഥാന സര്‍ക്കാര്‍ അയച്ച ഓര്‍ഡിനന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പൂഴ്ത്തി. കമ്പനി ഏറ്റെടുക്കാന്‍ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച് ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ച് ഒരുവര്‍ഷമായെങ്കിലും ഇതുവരെ ഫയല്‍ രാഷ്ട്രപതിയുടെ ഓഫീസില്‍ എത്തിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ നിരന്തരം കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഫയല്‍ നീക്കം തടഞ്ഞതിനു പിന്നിലും കമ്പനി കൈക്കലാക്കാന്‍ ശ്രമിക്കുന്ന സോമാനി ഗ്രൂപ്പിന്റെ ശക്തമായ ഇടപെടലുണ്ടെന്നാണ് സൂചന.

2010 ജൂണ്‍ ഒമ്പതിനാണ് സംസ്ഥാന സര്‍ക്കാര്‍ അലിന്‍ഡ് ഏറ്റെടുത്തുക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ഏറ്റെടുത്ത് പുനരുദ്ധരിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെഎസ്ഐഡിസിയെയും ചുമതലപ്പെടുത്തി. ഈ ഓര്‍ഡിനന്‍സാണ് രാഷ്ട്രപതിയുടെ അംഗീകാരം കാത്തുകിടക്കുന്നത്. കുണ്ടറ അലിന്‍ഡിനെ 1987ലാണ് പീഡിതവ്യവസായമായി പ്രഖ്യാപിച്ചത്. കുണ്ടറയ്ക്കുപുറമെ മാന്നാര്‍ , വിളപ്പില്‍ശാല, ഹൈദരാബാദ്, ഹിരാകുഡ് (ഒഡീഷ) എന്നിവിടങ്ങളിലും കമ്പനിയുടെ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നു. പീഡിതവ്യവസായമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സോമാനി ഗ്രൂപ്പ് പ്രൊമോട്ടര്‍മാരായി രംഗത്തുവന്നെങ്കിലും പുനരുദ്ധരിക്കാന്‍ നടപടി എടുത്തില്ല. 1994ല്‍ സോമാനി ഗ്രൂപ്പ് പിന്‍വാങ്ങി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുണ്ടറയിലെയും ഒഡീഷയിലെയും യൂണിറ്റ് വില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും കഴിഞ്ഞില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം കമ്പനി തുറക്കാന്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

അതേസമയം, കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചശേഷം ട്രിബ്യൂണലുകള്‍ നടത്തുന്ന ഇടപെടലുകളും സംശയാസ്പദമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ബോര്‍ഡ് ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍ഷ്യല്‍ റീകണ്‍സ്ട്രക്ഷന്‍ (ബിഐഎഫ്ആര്‍) പുറപ്പെടുവിച്ച ഉത്തരവില്‍ കമ്പനിയുടെ മാനേജ്മെന്റില്‍നിന്ന് സോമാനി ഗ്രൂപ്പിനെ ഒഴിവാക്കാനായി പരസ്യം നല്‍കാന്‍ പ്രെമോട്ടറായ എസ്ബിടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. മാര്‍ച്ച് 21ന്റെ ബോര്‍ഡ് സിറ്റിങ്ങില്‍ ഈ വിധിക്ക് വീണ്ടും ഉറപ്പുനല്‍കി. എന്നാല്‍ , ബിഐഎഫ്ആറിന്റെ അപ്പലറ്റ് അതോറിറ്റി, സോമാനി ഗ്രൂപ്പ് കമ്പനിയില്‍ നടത്തിയ 10 വര്‍ഷത്തെ സാമ്പത്തികഇടപാടുകള്‍ അന്വേഷിക്കാന്‍ എസ്ബിടിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കേയാണ് ബിഐഎഫ്ആര്‍ ഒഴിവാക്കല്‍ ഉത്തരവ് ഇറക്കിയതെങ്കിലും, പിന്നീട് അപ്പലേറ്റ് അതോറിറ്റിയുടെ ഉത്തരവുണ്ടെന്ന്പറഞ്ഞ് പഴയ ഉത്തരവുകള്‍ മരവിപ്പിക്കുകയായിരുന്നു. അപ്പലറ്റ് അതോറിറ്റിയുടെ ഉത്തരവ് നിലനില്‍ക്കേ രണ്ടു ഉത്തരവുകള്‍ തുടരെത്തുടരെ ഇറക്കുകയും പിന്നീട് അപ്പലറ്റ് അതോറിറ്റിയുടെ ഉത്തരവുണ്ടെന്ന് പറഞ്ഞ് റദ്ദാക്കുകയുംചെയ്തത് സോമാനി ഗ്രൂപ്പിന്റെ ഇടപെടലുകള്‍ക്കൊണ്ടാണ്.

ദേശാഭിമാനി 300511

1 comment:

  1. കുണ്ടറയിലെ അലുമിനീയം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (അലിന്‍ഡ്) ഏറ്റെടുക്കാന്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് സംസ്ഥാന സര്‍ക്കാര്‍ അയച്ച ഓര്‍ഡിനന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പൂഴ്ത്തി. കമ്പനി ഏറ്റെടുക്കാന്‍ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച് ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ച് ഒരുവര്‍ഷമായെങ്കിലും ഇതുവരെ ഫയല്‍ രാഷ്ട്രപതിയുടെ ഓഫീസില്‍ എത്തിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ നിരന്തരം കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഫയല്‍ നീക്കം തടഞ്ഞതിനു പിന്നിലും കമ്പനി കൈക്കലാക്കാന്‍ ശ്രമിക്കുന്ന സോമാനി ഗ്രൂപ്പിന്റെ ശക്തമായ ഇടപെടലുണ്ടെന്നാണ് സൂചന.

    ReplyDelete