Tuesday, May 31, 2011

2ജി: നഷ്ടം 1.90 ലക്ഷം കോടിയെന്ന് പിഎസി

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ സര്‍ക്കാരിന് നഷ്ടമായത് 1.90 ലക്ഷം കോടി രൂപയെന്ന് പബ്ലിക്് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) റിപ്പോര്‍ട്ട്. ബിജെപി നേതാവ് മുരളിമനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സമിതി സ്പീക്കര്‍ക്ക് സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടിലാണ് നഷ്ടം 1,90,000 കോടി രൂപയാണെന്ന് കണക്കാക്കിയത്. 122 2ജി ലൈസന്‍സ് നല്‍കിയതില്‍ 1.24 ലക്ഷം കോടി രൂപയും സിഡിഎംഎ സങ്കേതികവിദ്യയില്‍ നിന്ന് ജിഎസ്എം സര്‍വീസിലേക്ക് മാറാന്‍ അനുവാദം നല്‍കിയതുവഴി 36,000 കോടി രൂപയും ജിഎസ്എം ഓപ്പറേറ്റര്‍മാര്‍ക്ക് അധിക സ്പെക്ട്രം നല്‍കിയതില്‍ 30,000 കോടി രൂപയും നഷ്ടമുണ്ടായെന്നാണ് പിഎസി കണ്ടെത്തിയത്. 2ജി സ്പെക്ട്രം ഇടപാടില്‍ 1.91 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായെന്ന് സിപിഐ എം നേരത്തെ വെളിപ്പെടുത്തിയിരുന്നു. അത് ശരിവയ്ക്കുന്നതാണ് പിഎസിയുടെ കരട് റിപ്പോര്‍ട്ട്.

മൂന്നാം തലമുറ സ്പെക്ട്രം വില്‍പ്പനയുമായി താരതമ്യപ്പെടുത്തിയാണ് ഈ നഷ്ടം കണക്കാക്കിയത്. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്കനുസരിച്ച് 2008ല്‍ 122 2ജി ലൈസന്‍സ് നല്‍കിയതിലെ നഷ്ടം 1.76 ലക്ഷം കോടി രൂപയാണ്. നാല് രീതിയില്‍ കണക്കാക്കിയാല്‍ 57,000 കോടി രൂപ മുതല്‍ 1.76 ലക്ഷം കോടി രൂപ വരെ സര്‍ക്കാരിന് നഷ്ടം വന്നതായാണ് സിഎജി കണക്കാക്കിയിരുന്നത്. എന്നാല്‍ , കേന്ദ്ര വിജിലന്‍സ് കമീഷന്‍(സിവിസി) ചൂണ്ടിക്കാട്ടിയതനുസരിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് 22,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ്. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഇത് 30,000 കോടിയെന്നായി പുതുക്കി. ചുളുവിലയ്ക്ക് ഏകപക്ഷീയമായാണ് 2ജി ലൈസന്‍സ് നല്‍കിയതെന്നും ലേലം ചെയ്താണ് സ്പെക്ട്രം വിറ്റിരുന്നതെങ്കില്‍ അഞ്ചിരട്ടിയെങ്കിലും പണം ലഭിക്കുമായിരുന്നെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു. 3ജി സ്പെക്ട്രം വില്‍പ്പനയുമായി താരതമ്യം ചെയ്യാന്‍ കഴിയുന്നതാണ് 2ജി സ്പെക്ട്രം വില്‍പ്പന.

യഥാര്‍ഥ നഷ്ടം കണക്കാക്കുന്നതിന് പകരം പ്രശ്നത്തില്‍നിന്ന് കൈകഴുകുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ സമീപനം. 2ജി ലൈസന്‍സ് അനുവദിക്കുന്നതിലെ വന്‍ തട്ടിപ്പില്‍ ഉല്‍ക്കണ്ഠയുണ്ട്. 2ജി സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രികാര്യാലയത്തിന് പങ്കുണ്ട്. സ്പെക്ട്രം ഇടപാടില്‍ സര്‍ക്കാരിന് നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്ന ടെലികോംമന്ത്രി കപില്‍ സിബലിന്റെ വാദത്തെയും പിഎസി നിരാകരിച്ചു. ഇത്തരം പ്രസ്താവന നടത്തിയ മന്ത്രിയെ പിഎസി റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിക്കുന്നു. പിഎസി റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ അനുവദിക്കാതെ അവസാനയോഗം കോണ്‍ഗ്രസ് ഡിഎംകെ അംഗങ്ങള്‍ തടസ്സപ്പെടുത്തിയിരുന്നു. പിഎസി അംഗീകരിക്കാത്ത റിപ്പോര്‍ട്ട് സ്പീക്കര്‍ അംഗീകരിക്കുകയോ സ്വീകരിക്കുയോ ചെയ്യരുതെന്നാണ് ഭരണകക്ഷി അംഗങ്ങളുടെ നിലപാട്. എന്നാല്‍ , മുരളീമനോഹര്‍ ജോഷി തന്നെ വീണ്ടും പിഎസി ചെയര്‍മാനായത് ഭരണകക്ഷി അംഗങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി ദയാനിധിമാരന്‍ 700 കോടി വാങ്ങി: തെഹല്‍ക

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം ഇടപാടില്‍ കേന്ദ്ര ടെക്സ്റ്റൈല്‍മന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധിമാരനും കുടംബാംഗങ്ങള്‍ക്കും പങ്കെന്ന് വെളിപ്പെടുത്തല്‍ . സിബിഐ ഇതു സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കി വരികയാണെന്നും "തെഹല്‍ക" വാരിക പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഒന്നാം യുപിഎ സര്‍ക്കാരില്‍ ടെലികോംമന്ത്രിയായിരിക്കെ 2ജി സ്പെക്ട്രത്തോടെയുള്ള 14 യുനിഫൈഡ് അസസ്സ് സര്‍വീസ് ലൈസന്‍സ് നല്‍കുകവഴി മലേഷ്യന്‍ കമ്പനിയായ മാക്സിസ് ഗ്രൂപ്പില്‍നിന്ന് 700 കോടി രൂപ മാരന്റെ കുടുംബം നടത്തുന്ന സണ്‍ ടെലിവിഷനും റേഡിയോക്കും ലഭിച്ചുവെന്നതാണ് സിബിഐ അന്വേഷിക്കുന്നത്. ഡിബി റിയല്‍റ്റി ഗ്രൂപ്പ് 200 കോടി രൂപ കലൈഞ്ജര്‍ ടിവിക്ക് കൈമാറിയത് തെളിഞ്ഞതിനെത്തുടര്‍ന്നാണ് കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴി ജയിലിലായത്. 2006 നവംബറിലാണ് മലേഷ്യന്‍ കമ്പനിയായ മാക്സിസ് ഗ്രൂപ്പിന് 74 ശതമാനം ഓഹരിയുള്ള എയര്‍സെല്‍ ഗ്രൂപ്പിന് 14 ലൈസന്‍സ് മാരന്‍ നല്‍കിയത്. 1399 കോടി രൂപയ്ക്കായിരുന്നു ഇടപാട്്. 22,000 കോടി രൂപയെങ്കിലും വിലമതിക്കുന്നതാണ് ഈ ലൈസന്‍സ്. 2001ല്‍ ലേലത്തില്‍ അനുവദിച്ച ലൈസന്‍സ് ഫീസ് തന്നെയാണ് 2006ല്‍ ഈടാക്കിയത്. 2008ല്‍ ടെലികോംമന്ത്രിയായിരുന്ന എ രാജ ലൈസന്‍സ് നല്‍കിയതും ഇതേ തുകയ്ക്കായിരുന്നു.

2004ല്‍ മാരന്‍ ടെലികോംമന്ത്രിയായപ്പോള്‍ത്തന്നെ എയര്‍സെല്‍ ലൈസന്‍സിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ , പല കാരണങ്ങള്‍ പറഞ്ഞ് ലൈസന്‍സ് നല്‍കുന്നത് മാരന്‍ ബോധപൂര്‍വം നീട്ടിവച്ചു. 2006ലാണ് മലേഷ്യന്‍ ബിസിനസ് ഭീമനായ മാക്സിസ് ഗ്രൂപ്പിന്റെ ഉടമയായ അനന്തകൃഷ്ണന്‍ എയര്‍സെല്ലിന്റെ 74 ശതമാനം ഓഹരി വാങ്ങിയത്. ശ്രീലങ്കന്‍ തമിഴരാണ് അനന്തകൃഷ്ണന്റെ മാതാപിതാക്കള്‍ . സ്റ്റൈര്‍ലിങ് ഇന്‍ഫോടെക് ഉടമ ശിവശങ്കരനായിരുന്നു അതുവരെ എയര്‍സെല്ലിന്റെ ഉടമ. അദ്ദേഹം നല്‍കിയ അപേക്ഷയാണ് മാരന്‍ അവഗണിച്ചത്. ഓഹരികള്‍ അനന്തകൃഷ്ണന് വില്‍ക്കാന്‍ മാരന്‍ ഇടപെട്ടെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. 3390.82 കോടിരൂപ നല്‍കിയാണ് മാക്സിസ് ഗ്രൂപ്പ് ഈ ഓഹരികള്‍ വാങ്ങിയത്. അനന്തകൃഷ്ണന്‍ എയര്‍സെല്‍ ഏറ്റെടുത്ത് ആറു മാസത്തിനകമാണ് മാരന്‍ ലൈസന്‍സ് നല്‍കിയത്. പ്രത്യുപകാരമായാണ് നാലു മാസത്തിനുശേഷം അനന്തകൃഷ്ണന്റെ ഗ്രൂപ്പില്‍ ഒന്നായ സൗത്ത് ഏഷ്യ എന്റര്‍ടെയ്ന്‍മെന്റ് ലിമിറ്റഡ് എന്ന കമ്പനി 600 കോടി രൂപ സണ്‍ ഡയറക്ട് പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷേപിച്ചത്. ദയാനിധിമാരന്റെ സഹോദരന്‍ കലാനിധിമാരനും ഭാര്യ കാവേരിയും ഉടമകളായ ടെലിവിഷന്‍ സ്ഥാപനത്തിനാണ് പണം നല്‍കിയത്. കമ്പനിയുടെ 20 ശതമാനം ഓഹരികളുടെ വിലയാണിതെന്നാണ് വിശദീകരണം. സണ്‍ ടിവി 73.27 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ വര്‍ഷമാണ് 600 കോടി ലഭിച്ചത്.

2008 ഫെബ്രുവരിക്കും 2009 ഫെബ്രുവരിക്കും ഇടയില്‍ 100 കോടി രൂപകൂടി അനന്തകൃഷ്ണന്റെ മറ്റൊരു കമ്പനിയായ സൗത്ത് ഏഷ്യ മള്‍ട്ടിമീഡിയ മാരന്റെ സൗത്ത് ഏഷ്യ എഫ്എം റേഡിയോ കമ്പനിയില്‍ നിക്ഷേപിച്ചു. രണ്ടു നിക്ഷേപത്തിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ചട്ടങ്ങള്‍ ലംഘിച്ചതായും ആരോപണമുണ്ട്.

2ജി: സിഎജിക്കെതിരെ ഭരണകക്ഷി അംഗങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ 2ജി സ്പെക്ട്രം വില്‍പ്പനനയത്തെ ചോദ്യംചെയ്യുകയും സര്‍ക്കാരിനുണ്ടായ നഷ്ടം കണക്കാക്കുകയുംചെയ്ത സിഎജിയെ ജെപിസി യോഗത്തില്‍ ഭരണകക്ഷി അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. 800, 900, 1800 മെഗാഹേട്സ് 2ജി സ്പെക്ട്രം ലേലംചെയ്യാതെ ആദ്യം വരുന്നവര്‍ക്ക് ആദ്യം വില്‍ക്കുകയെന്നത്് ട്രായിയുടെ തീരുമാനമായിരുന്നു. അതിനെ ചോദ്യംചെയ്യാന്‍ സിഎജിക്ക് അധികാരമില്ലെന്നും ലേലത്തില്‍ വിറ്റാല്‍ ഇത്ര തുക ലഭിക്കുമായിരുന്നുവെന്ന നഷ്ടക്കണക്ക് പറഞ്ഞത് അവരുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണെന്നും ഭരണകക്ഷി അംഗങ്ങള്‍ വാദിച്ചു. റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദീകരിക്കാന്‍ സിഎജി വിനോദ്റായി നേരിട്ട് ഹാജരായ യോഗത്തിലാണ് ഭരണകക്ഷി അംഗങ്ങള്‍ അദ്ദേഹത്തെ ചോദ്യംചെയ്യുന്ന രീതിയില്‍ പെരുമാറിയത്. സിഎജിയുടെ അധികാരപരിധിയെക്കുറിച്ച് യോഗത്തില്‍ ചോദ്യം ഉയര്‍ന്നതായി ജെപിസി അധ്യക്ഷന്‍ പി സി ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ , സ്വന്തം നിലയില്‍ നഷ്ടത്തിന്റെ കണക്ക് അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം സിഎജിക്കുണ്ടെന്ന് ചോദ്യത്തിന് ഉത്തരമായി ചാക്കോ പറഞ്ഞു.

2ജി സ്പെക്ട്രം വില്‍പ്പനയിലൂടെ 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടായെന്നാണ് സിഎജി കണക്കാക്കിയത്. നഷ്ടം കണക്കാക്കാനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്ന് യോഗത്തില്‍ സിഎജി വ്യക്തമാക്കിയതായും ചാക്കോ പറഞ്ഞു. സിഎജി നാല് റിപ്പോര്‍ട്ടാണ് തിങ്കളാഴ്ചത്തെ യോഗത്തില്‍ പരിഗണിച്ചതെന്നും അതില്‍ രണ്ടെണ്ണത്തിന്റെ നടപടി റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ലെന്നും അറിയിച്ച ചാക്കോ അതുകൊണ്ടുതന്നെ സിഎജിയുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് അറിയിച്ചു. അതിനാല്‍ യോഗം ഉച്ചയോടെ നിര്‍ത്തിവച്ചു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കൂടിക്കാഴ്ച തുടരും. ജൂണ്‍ ഏഴിന് അടുത്ത യോഗം ചേരും. അന്ന് സിബിഐ ഡയറക്ടര്‍ എ പി സിങ് സമിതിക്കു മുമ്പില്‍ ഹാജരാകും. 2ജി സ്പെക്ട്രം വില്‍പ്പനയില്‍ 22,000 കോടി രൂപമാത്രമാണ് നഷ്ടമുണ്ടായതെന്ന നിഗമനത്തില്‍ സിബിഐ എങ്ങനെയെത്തിയെന്ന ചോദ്യം സ്വാഭാവികമായും ഉയരും. ജൂണ്‍ എട്ടിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വിഭാഗം എന്നിവ ജെപിസിക്ക് മുമ്പില്‍ ഹാജരാകും.

 സാക്ഷികളായി വിസ്തരിക്കേണ്ടവരുടെ പട്ടിക തയ്യാറായിട്ടില്ലെന്ന് ചാക്കോ പറഞ്ഞു. അടുത്ത യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. പ്രധാനമന്ത്രിയെ സമിതിക്ക് മുമ്പില്‍ വിളിപ്പിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് ചോദ്യത്തിന് ഉത്തരമായി ചാക്കോ പറഞ്ഞു. ടെലികോം വകുപ്പിനോട് 2ജി വില്‍പ്പനയിലുണ്ടായ യഥാര്‍ഥ നഷ്ടം ഉള്‍പ്പെടെ 140 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറുപടി പൂര്‍ണമായും ലഭിച്ചിട്ടില്ലെന്നും ചാക്കോ അറിയിച്ചു. ജെപിസിയുടെ പ്രവര്‍ത്തനം ആഗസ്തില്‍ പൂര്‍ത്തീകരിക്കുക വിഷമമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പെക്ട്രം കേസിലെ പണം തിരിമറി അന്വേഷിക്കാന്‍ സിബിഐ, ഇഡി സംഘം അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ബ്രിട്ടന്‍ , സൈപ്രസ്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളാണ് സംയുക്ത സംഘം സന്ദര്‍ശിക്കുക.

ദേശാഭിമാനി 310511

1 comment:

  1. 2ജി സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ സര്‍ക്കാരിന് നഷ്ടമായത് 1.90 ലക്ഷം കോടി രൂപയെന്ന് പബ്ലിക്് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) റിപ്പോര്‍ട്ട്. ബിജെപി നേതാവ് മുരളിമനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സമിതി സ്പീക്കര്‍ക്ക് സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടിലാണ് നഷ്ടം 1,90,000 കോടി രൂപയാണെന്ന് കണക്കാക്കിയത്. 122 2ജി ലൈസന്‍സ് നല്‍കിയതില്‍ 1.24 ലക്ഷം കോടി രൂപയും സിഡിഎംഎ സങ്കേതികവിദ്യയില്‍ നിന്ന് ജിഎസ്എം സര്‍വീസിലേക്ക് മാറാന്‍ അനുവാദം നല്‍കിയതുവഴി 36,000 കോടി രൂപയും ജിഎസ്എം ഓപ്പറേറ്റര്‍മാര്‍ക്ക് അധിക സ്പെക്ട്രം നല്‍കിയതില്‍ 30,000 കോടി രൂപയും നഷ്ടമുണ്ടായെന്നാണ് പിഎസി കണ്ടെത്തിയത്. 2ജി സ്പെക്ട്രം ഇടപാടില്‍ 1.91 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായെന്ന് സിപിഐ എം നേരത്തെ വെളിപ്പെടുത്തിയിരുന്നു. അത് ശരിവയ്ക്കുന്നതാണ് പിഎസിയുടെ കരട് റിപ്പോര്‍ട്ട്.

    ReplyDelete