Thursday, May 26, 2011

ശിവസേനാ നേതാവുമായി ബന്ധപ്പെട്ടു: ഹെഡ്‌ലി

ചിക്കാഗോ/മുംബൈ: ഭീകരാക്രമണത്തിനുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതിനായി മുംബൈയില്‍ എത്തിയപ്പോള്‍ ശിവസേന പി ആര്‍ ഒയെ കണ്ടിരുന്നെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി അമേരിക്കന്‍ കോടതിയില്‍ മൊഴിനല്‍കി. മുംബൈയിലെ ശിവസേന ആസ്ഥാനം രണ്ടുതവണ സന്ദര്‍ശിച്ചിരുന്നെന്നും പി ആര്‍ ഒയും ശിവസേന പ്രവര്‍ത്തകനുമായിരുന്ന രാജാറാം രിഗെയെയാണ് രണ്ടു തവണയും കണ്ടതെന്നും ഹെഡ്‌ലിയുടെ മൊഴിയില്‍ പറയുന്നു.

അതേസമയം ഹെഡ്‌ലി പറഞ്ഞ പേരില്‍ ശിവസേനയില്‍ ആരുമില്ലെന്നു പറഞ്ഞ പാര്‍ട്ടി പിന്നീട് വാക്കു മാറ്റി. ഹെഡ്‌ലി പറഞ്ഞ പേരിലുള്ള പ്രവര്‍ത്തകന്‍ ഉണ്ടെന്ന് ശിവസേന ഇന്നലെ സമ്മതിച്ചു. ലഷ്‌കറെ ത്വയിബ പ്രവര്‍ത്തകനായ ഹെഡ്‌ലിയെ 2008ല്‍ രണ്ടുതവണ കണ്ടിരുന്നതായും ചില ഇ മെയ്‌ലുകള്‍ കൈമാറിയിട്ടുണ്ടെന്നും ശിവസേന പ്രവര്‍ത്തകനായ രാജാറാം രിഗിയും വ്യക്തമാക്കി. ഹെഡ്‌ലിക്ക് ഔദ്യോഗികമായ ഒരു വിവരങ്ങളും നല്‍കിയിട്ടില്ലെന്നും ഹെഡ്‌ലിയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളും ഇയാള്‍ നിഷേധിച്ചിട്ടുണ്ട്. ഹെഡ്‌ലിയെ കണ്ട ദിവസങ്ങള്‍ ഓര്‍ക്കുന്നില്ലെന്നും മുംബൈയില്‍ തിരിച്ചെത്തിയശേഷം കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളോട് പറയാമന്നും മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ വെന്‍ഗുര്‍ലയിലുള്ള റിഗെ ഫോണില്‍ പറഞ്ഞു.

സിനിമാ നിര്‍മാതാവ് മഹേഷ് ഭട്ടിന്റെ മകനായ രാഹുല്‍ ഭട്ടിന്റെ സാന്നിധ്യത്തില്‍ ഹെഡ്‌ലിയെ കണ്ടിട്ടില്ല. വിലാസ് വര്‍കര്‍വി എന്നയാളാണ് ഹെഡ്‌ലിയെ തനിക്ക് പരിചയപ്പെടുത്തിയതെന്ന് രിഗെ കൂട്ടിച്ചേര്‍ത്തു. ഹെഡ്‌ലിയുടെ പരിപാടികളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ദാദറിലുള്ള ശിവസേന ഭവനില്‍ വരുന്ന മറ്റ് വിദേശികളെപ്പോലെയായിരുന്നു ഹെഡ്‌ലിയെന്നു രിഗെ കൂട്ടിച്ചേര്‍ത്തു.

ഹെഡ്‌ലിയുമായുള്ള കൂടിക്കാഴ്ച രഹസ്യമാക്കിവച്ചെന്ന ആരോപണത്തെ രിഗെ തള്ളിക്കളഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സി തന്നെ വിശദമായി ചോദ്യം ചെയ്തിരുന്നെന്നും അവരോട് എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞിട്ടുണ്ടെന്നും ഇതേക്കുറിച്ച് പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ടിരുന്നതായും നിങ്ങള്‍ ചോദിക്കുന്ന ആതേ ചോദ്യങ്ങളാണ് അവരെന്നോട് ചോദിച്ചതെന്നും രിഗെ പറഞ്ഞു. ഹെഡ്‌ലിയുമായി രണ്ടുതവണ കണ്ടുമുട്ടി. അയാള്‍ വിചാരിച്ചത് താന്‍ ശിവസേനയുടെ പി ആര്‍ എന്നാണ്. ശിവസേന കാര്യാലയം വിനോദസഞ്ചാര സ്ഥലമല്ലെന്ന് ഹെഡ്‌ലിയോട് പറഞ്ഞിരുന്നെന്നും എന്നാല്‍ ഭീകരാക്രണമണത്തിനുശേഷമാണ് അയാളുടെ യഥാര്‍ഥ ലക്ഷ്യം ബോധ്യമായതെന്നും രിഗെ വ്യക്തമാക്കി. രിഗെയിലൂടെ ശിവസേനയുമായി ചേര്‍ന്ന് ഒരു വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് പണം മുടക്കാന്‍ തയ്യാറാണെന്ന് ഹെഡ്‌ലി പറഞ്ഞിരുന്നു. എന്തെങ്കിലും ധാരണ ഉണ്ടാക്കുന്നതിന് മുന്‍പ് കമ്പനിയുടെ വിവരങ്ങള്‍ നല്‍കാനും ഹെഡ്‌ലി ആവശ്യപ്പെട്ടിരുന്നു.  രിഗെ പറഞ്ഞു.

ജനയുഗം 260511

1 comment:

  1. ഭീകരാക്രമണത്തിനുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതിനായി മുംബൈയില്‍ എത്തിയപ്പോള്‍ ശിവസേന പി ആര്‍ ഒയെ കണ്ടിരുന്നെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി അമേരിക്കന്‍ കോടതിയില്‍ മൊഴിനല്‍കി. മുംബൈയിലെ ശിവസേന ആസ്ഥാനം രണ്ടുതവണ സന്ദര്‍ശിച്ചിരുന്നെന്നും പി ആര്‍ ഒയും ശിവസേന പ്രവര്‍ത്തകനുമായിരുന്ന രാജാറാം രിഗെയെയാണ് രണ്ടു തവണയും കണ്ടതെന്നും ഹെഡ്‌ലിയുടെ മൊഴിയില്‍ പറയുന്നു.

    ReplyDelete