Wednesday, May 25, 2011

യുഡിഎഫില്‍ നീതികിട്ടിയില്ല: സിഎംപി

കണ്ണൂര്‍ : നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും സിഎംപിയോട് നീതി കാണിച്ചില്ലെന്ന് ജനറല്‍ സെക്രട്ടറി എം വി രാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ അനീതി പാര്‍ടിയെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. എന്നിരുന്നാലും കാല്‍നൂറ്റാണ്ടുകാലം നിലനില്‍ക്കുന്ന സൗഹൃദം ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ നിന്ന് സിഎംപിയെ ബോധപൂര്‍വം ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. അതിനാലാണ് യുഡിഎഫ് ജയിച്ചിട്ടും നിയമസഭയില്‍ സിഎംപിക്ക് പ്രാതിനിധ്യമില്ലാതെ പോയത്. ഇരുപത്തഞ്ച് വര്‍ഷം എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും യുഡിഎഫിനൊപ്പം നിന്ന സിഎംപിയെ കോണ്‍ഗ്രസ് പൂര്‍ണമായി അവഗണിച്ചു. കോണ്‍ഗ്രസിന് വ്യക്തമായ നയമില്ല. ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കും വ്യത്യസ്ത നയങ്ങളാണ്. യുഡിഎഫിന്റെ നയ വ്യതിയാനങ്ങളും തെറ്റായ നയങ്ങളും തിരുത്തിക്കാന്‍ ശ്രമിക്കും. അതിന് കഴിയാതെ വന്നാല്‍ എന്ത് വേണമെന്ന് ആലോചിക്കും. കോണ്‍ഗ്രസിന്റെ കാര്യസ്ഥ പണിക്കാരല്ല സിഎംപി. സിഎംപി സെന്‍ട്രല്‍ കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനാണ് രാഘവന്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.

യുഡിഎഫ് ബന്ധം ഗുണം ചെയ്തില്ല: സോഷ്യലിസ്റ്റ് ജനത

തൃശൂര്‍ : സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ ബലികഴിച്ച് യുഡിഎഫുമായി ബന്ധം തുടരുന്നതിനെതിരെ സോഷ്യലിസ്റ്റ് ജനത സംസ്ഥാന നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശം. യുഡിഎഫുമായുള്ള ബന്ധം ഗുണത്തേക്കാളുപരി ദോഷമാണെന്നും തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. യുഡിഎഫുമായുള്ള ബന്ധം തുടരുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 10നും 11നും പീച്ചിയില്‍ സംസ്ഥാന കമ്മിറ്റി ചേരാന്‍ തീരുമാനിച്ചു. ഒരു വ്യക്തിക്കുവേണ്ടി എല്‍ഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചത് ആത്മഹത്യാപരമാണെന്ന വിമര്‍ശമാണ് യോഗത്തിലുണ്ടായത്. യോഗത്തില്‍ പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിനെതിരെയാണ് കടുത്ത വിമര്‍ശം ഉയര്‍ന്നത്. വീരനുവേണ്ടിയാണ് എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ചതെന്ന് ചില അംഗങ്ങള്‍ തുറന്നടിച്ചു. പാര്‍ടി സെക്രട്ടറി ജനറല്‍ കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വീരേന്ദ്രകുമാറിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ക്ക് കരുത്തുപകരുന്നതായി യോഗം.

കഴിഞ്ഞമാസം ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലും ഭാരവാഹി യോഗത്തിലും യുഡിഎഫ് ബന്ധത്തെച്ചൊല്ലി കടുത്ത വിമര്‍ശം ഉയര്‍ന്നിരുന്നു. യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ കെ കൃഷ്ണന്‍കുട്ടി, വര്‍ഗീസ് ജോര്‍ജ്, ദാമോദരന്‍ , തോമസ് ബാബു, അബ്രഹാം പി മാത്യു, ആലുങ്കല്‍ ദേവസി, യുവജനത പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ, മന്ത്രി കെ പി മോഹനന്‍ എന്നിവരും പങ്കെടുത്തു. യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പിന്നീട് വീരേന്ദ്രകുമാര്‍ വാര്‍ത്താലേഖകരോടു പറഞ്ഞു. അട്ടപ്പാടിയില്‍ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെകാലത്ത് തയ്യാറാക്കിയ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

deshabhimani

2 comments:

  1. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും സിഎംപിയോട് നീതി കാണിച്ചില്ലെന്ന് ജനറല്‍ സെക്രട്ടറി എം വി രാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ അനീതി പാര്‍ടിയെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. എന്നിരുന്നാലും കാല്‍നൂറ്റാണ്ടുകാലം നിലനില്‍ക്കുന്ന സൗഹൃദം ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ നിന്ന് സിഎംപിയെ ബോധപൂര്‍വം ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. അതിനാലാണ് യുഡിഎഫ് ജയിച്ചിട്ടും നിയമസഭയില്‍ സിഎംപിക്ക് പ്രാതിനിധ്യമില്ലാതെ പോയത്.

    ReplyDelete