Sunday, May 29, 2011

പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുത്: കെ എം സുധാകരന്‍

കള്ളുചെത്തുവ്യവസായത്തെ സംരക്ഷിക്കുകയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെങ്കില്‍ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് കള്ളുചെത്ത് വ്യവസായത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് കെ എം സുധാകരന്‍ ആവശ്യപ്പെട്ടു. കള്ളുവ്യവസായത്തെ തകര്‍ക്കുന്ന എല്ലാ നടപടികളെയും ഫെഡറേഷന്‍ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം എന്തായിരിക്കുമെന്നതിന്റെ സൂചന എക്സൈസ്മന്ത്രി കെ ബാബു കൊച്ചി പ്രസ്ക്ലബ്ബില്‍ നടത്തിയ മുഖാമുഖത്തില്‍നിന്നു വ്യക്തമായി. ബിവറേജസ് കോര്‍പറേഷന്‍ തുടങ്ങാന്‍ നിശ്ചയിച്ച ചില്ലറവില്‍പ്പനശാലയുടെ അനുമതി നിഷേധിച്ചതായും കൂടുതല്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ലഹരികൂടിയ വിദേശമദ്യത്തിന്റെ ഉപയോഗം തടയാനാണെങ്കില്‍ അതിനെ സ്വാഗതംചെയ്യും. അതല്ല ഉദ്ദേശിക്കുന്നതെന്ന് രണ്ടാമതു പറഞ്ഞതില്‍നിന്നു വ്യക്തമാണ്- സുധാകരന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനസര്‍ക്കാരിലേക്ക് ബിവറേജസ് കോര്‍പറേഷനില്‍നിന്ന് ലാഭവിഹിതമായും നികുതിയിനത്തിലും നിരവധി കോടികളാണ് ഒരുവര്‍ഷം ലഭിക്കുന്നത്. വിദേശമദ്യത്തിന്റെ ഉപയോഗം കൂടുന്നതിനാല്‍ സര്‍ക്കാരിനു കിട്ടുന്ന വരുമാനം വര്‍ഷംതോറും വര്‍ധിക്കുകയാണ്. 2009-10ല്‍ കെഎസ്ബിസിയുടെ മൊത്തം വിറ്റുവരവ് 5538.59 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.6 ശതമാനം വര്‍ധന. 2008-09ല്‍ വിറ്റുവരവ് 4631 കോടി രൂപയായിരുന്നു. 2009-10ല്‍ വില്‍പ്പനനികുതി, എക്സൈസ് ഡ്യൂട്ടി, കിസ്ത് എന്നീ ഇനങ്ങളില്‍ 4251 കോടി രൂപ സര്‍ക്കാരിലേക്കടച്ചു. മുന്‍വര്‍ഷം ഇത് 3621 കോടി രൂപയായിരുന്നു. 2008-09നെക്കാള്‍ 600 കോടിയോളം രൂപയാണ് 2009-10ല്‍ സര്‍ക്കാരിലേക്ക് കൂടുതല്‍ ലഭിച്ചത്. വിദേശമദ്യഷാപ്പുകള്‍ വര്‍ധിച്ചാല്‍ സര്‍ക്കാരിനാണ് നേട്ടമുണ്ടാകുന്നത്. മായംചേരാത്ത വിദേശമദ്യം ഉപഭോക്താക്കള്‍ക്കു ലഭിക്കുമെന്ന ഉറപ്പുമുണ്ട്.

കെഎസ്ബിസി തുടങ്ങേണ്ടിയിരുന്ന 15 വിദേശമദ്യഷാപ്പുകള്‍ക്കുപുറമെ കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ വിദേശമദ്യഷാപ്പുകള്‍ സഹകരണമന്ത്രിയും ഇടപെട്ട് തടഞ്ഞിട്ടുണ്ട്. കെഎസ്ബിസിയുടെ വില്‍പ്പനശാലകള്‍ കൂടുതല്‍ തുറക്കുന്നതു തടഞ്ഞാല്‍ ബാറുകളിലെ കച്ചവടം വര്‍ധിക്കും. അതിന്റെ നേട്ടം ബാര്‍ ഉടമകള്‍ക്കാണ്. ഉപഭോക്താക്കള്‍ക്ക് മായംചേരാത്ത മദ്യമാണ് ലഭിക്കുന്നതെന്ന് ഉറപ്പില്ല. ഇതുസംബന്ധിച്ച് പല ആക്ഷേപങ്ങളും ഉയര്‍ന്നിട്ടുണ്ട്. ബാറുകളില്‍ക്കൂടി വില്‍പ്പന നടത്തുന്ന വിദേശമദ്യത്തിന്റെ നികുതി സര്‍ക്കാരിലേക്ക് പൂര്‍ണമായും ലഭിക്കുന്നുവെന്ന് ഉറപ്പില്ല. സര്‍ക്കാര്‍ കര്‍ശനവും ശക്തവുമായ പരിശോധന നടത്തിയാല്‍ വലിയതോതിലുള്ള നികുതിവെട്ടിപ്പ് നടക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍കഴിയും- അദ്ദേഹം പറഞ്ഞു.

കള്ളുചെത്തുവ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞതിനെ സ്വാഗതംചെയ്യുന്നു. അതിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ഫെഡറേഷന്റെ എല്ലാ പിന്തുണയും ഉണ്ടാകും. കള്ളുവ്യവസായത്തെ സംരക്ഷിക്കുന്നതിന് ഒന്നാമതായി ചെയ്യേണ്ടത് വിദേശമദ്യത്തിന്റെയും വര്‍ധിച്ചുവരുന്ന വ്യാജമദ്യത്തിന്റെയും ഉപയോഗം തടയുകയാണ്. അതിനാല്‍ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് കൊടുക്കരുത്. കഴിയുന്നതും ഇന്നുള്ളതിന്റെ എണ്ണം കുറയ്ക്കണം. എല്ലാ മദ്യവും ചേര്‍ന്ന് ഒരാള്‍ക്ക് കൈവശംവയ്ക്കാവുന്ന മദ്യത്തിന്റെ അളവ് ഇപ്പോള്‍ 21 ലിറ്ററില്‍ കൂടുതലാണ്. അത് ദുരുപയോഗംചെയ്യുന്നു. ചില്ലറവില്‍പ്പന നടത്തുന്നതു തടയണം. ഫെഡറേഷനു പറയാനുള്ള കൂടുതല്‍ കാര്യങ്ങള്‍ മന്ത്രി വിളിക്കുന്ന യോഗത്തില്‍ വ്യക്തമാക്കും. ഫെഡറേഷന്റെ നിര്‍ദേശങ്ങളടങ്ങുന്ന മെമ്മോറാണ്ടം അടുത്തദിവസം മന്ത്രിക്കു സമര്‍പ്പിക്കുമെന്ന് സുധാകരന്‍ അറിയിച്ചു.

ദേശാഭിമാനി 290511

1 comment:

  1. കള്ളുചെത്തുവ്യവസായത്തെ സംരക്ഷിക്കുകയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെങ്കില്‍ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് കള്ളുചെത്ത് വ്യവസായത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് കെ എം സുധാകരന്‍ ആവശ്യപ്പെട്ടു. കള്ളുവ്യവസായത്തെ തകര്‍ക്കുന്ന എല്ലാ നടപടികളെയും ഫെഡറേഷന്‍ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം എന്തായിരിക്കുമെന്നതിന്റെ സൂചന എക്സൈസ്മന്ത്രി കെ ബാബു കൊച്ചി പ്രസ്ക്ലബ്ബില്‍ നടത്തിയ മുഖാമുഖത്തില്‍നിന്നു വ്യക്തമായി. ബിവറേജസ് കോര്‍പറേഷന്‍ തുടങ്ങാന്‍ നിശ്ചയിച്ച ചില്ലറവില്‍പ്പനശാലയുടെ അനുമതി നിഷേധിച്ചതായും കൂടുതല്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ലഹരികൂടിയ വിദേശമദ്യത്തിന്റെ ഉപയോഗം തടയാനാണെങ്കില്‍ അതിനെ സ്വാഗതംചെയ്യും. അതല്ല ഉദ്ദേശിക്കുന്നതെന്ന് രണ്ടാമതു പറഞ്ഞതില്‍നിന്നു വ്യക്തമാണ്- സുധാകരന്‍ ചൂണ്ടിക്കാട്ടി.

    ReplyDelete