Friday, May 27, 2011

ഭക്ഷണംതന്നെ പ്രധാനപ്രശ്നം

ഒരാള്‍ക്ക് ഒരുമാസം 31 രൂപ വാടകയ്ക്കും യാത്രയ്ക്കും; വിദ്യാഭ്യാസത്തിന് 18 രൂപ; മരുന്നിന് 25ഉം പച്ചക്കറിക്ക് 31.5ഉം രൂപ- ഇത്രയുമായാല്‍ അയാള്‍ ദരിദ്രനല്ല എന്നാണ് യുപിഎ സര്‍ക്കാര്‍ പറയുന്നത്. അതായത്, മാസത്തില്‍ 578 രൂപയെങ്കിലും വരുമാനമുള്ള ആളെ പാവപ്പെട്ടവന്‍ എന്ന് വിളിക്കാന്‍ പാടില്ലെന്ന്. നഗരത്തില്‍ ദിവസം 20 രൂപയും ഗ്രാമത്തില്‍ 15 രൂപയും വരുമാനമുണ്ടെങ്കില്‍ അത്തരക്കാര്‍ ദാരിദ്ര്യരേഖയ്ക്കു മുകളിലാണ് വരികയത്രേ. ഇങ്ങനെ പറയുന്ന അതേ ആസൂത്രണ കമീഷന്‍ മറ്റൊരു കണക്കുകൂടി അവതരിപ്പിക്കുന്നുണ്ട്. ഒരാള്‍ക്ക് ദിവസം കുറഞ്ഞത് 2400 കലോറി അടങ്ങുന്ന ഭക്ഷണമെങ്കിലുമുണ്ടെങ്കിലേ ജീവിക്കാനാകൂ എന്നതാണത്. അത്രയും ഭക്ഷണം കഴിക്കണമെങ്കില്‍ കുറഞ്ഞത് 44 രൂപ വേണം. താമസം, വസ്ത്രം, യാത്ര, വിദ്യാഭ്യാസം തുടങ്ങിയ ചെലവുകള്‍ വേറെയും വരും. യാഥാര്‍ഥ്യത്തില്‍നിന്ന് ബഹുദൂരം അകന്നുനില്‍ക്കുന്നതാണ് ആസൂത്രണ കമീഷന്റെതന്നെ കണക്കുകള്‍ എന്നര്‍ഥം. ഈ കണക്കുകളുടെ സാങ്കേതിക തടസ്സം പറഞ്ഞാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ഭക്ഷ്യ സുരക്ഷാ നിയമം കൊണ്ടുവരുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത്.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ നൂറുദിന കര്‍മപരിപാടിയില്‍പ്പെടുത്തിയതാണ് ഭക്ഷ്യ സുരക്ഷാ നിയമം. പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ രാഷ്ട്രപതി അത് പ്രഖ്യാപിച്ചതാണ്. ഇപ്പോള്‍ സര്‍ക്കാര്‍ വന്നിട്ട് രണ്ടുവര്‍ഷമായി. ഇതുവരെ നിയമം വന്നില്ല. കേരളത്തില്‍ രണ്ടുരൂപയ്ക്ക് അരി നല്‍കുന്ന പദ്ധതിയെ എല്‍ഡിഎഫിനോടുള്ള രാഷ്ട്രീയ വിരോധംകൊണ്ട് അട്ടിമറിക്കാന്‍ ശ്രമിച്ചവരാണ് കേന്ദ്ര യുപിഎയുടെ സംസ്ഥാന പതിപ്പായ യുഡിഎഫ്. അവര്‍ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനം ഒരുരൂപയ്ക്ക് അരി നല്‍കുമെന്നാണ്. ഇപ്പോള്‍ പറയുന്നു, ഓണമാകട്ടെ എന്ന്. ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നം ഭക്ഷണത്തിന്റേതുതന്നെയാണ്. അത് യുപിഎ സര്‍ക്കാരിനും കോണ്‍ഗ്രസിനും മനസ്സിലാകുന്നില്ല- അതല്ലെങ്കില്‍ അവര്‍ മനസ്സിലാക്കാത്തതായി ഭാവിക്കുന്നു. ദാരിദ്ര്യരേഖ തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കണമെന്നും ഏറ്റവും കടുത്ത ദാരിദ്ര്യം അനുഭവപ്പെടുന്ന 150 ജില്ലയില്‍ 50 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉടന്‍ വിതരണംചെയ്യണമെന്നുമാണ് ഇക്കഴിഞ്ഞ ദിവസം സുപ്രീംകോടതിക്ക് ആവശ്യപ്പെടേണ്ടിവന്നത്. സര്‍ക്കാര്‍ ഗോഡൗണുകളില്‍ ലക്ഷക്കണക്കിനു ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കുന്നു. അത് പാവങ്ങള്‍ക്ക് സൗജന്യമായി വിതരണംചെയ്യണമെന്നും ഏതാനും മാസംമുമ്പ് സുപ്രീംകോടതി നിര്‍ദേശിക്കുകയുണ്ടായി. ആ നിര്‍ദേശം അവഗണിച്ച് ആസൂത്രണ കമീഷന്റെ വിചിത്രമായ ദാരിദ്രരേഖാ നിര്‍ണയ മാനദണ്ഡത്തിനുവേണ്ടി വിയര്‍പ്പൊഴുക്കി വാദിക്കാനാണ് കോടതിയില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ തയ്യാറായത്.

രാജ്യത്തിന്റെ പല ഭാഗത്തും പട്ടിണിമരണങ്ങളുണ്ടാകുന്നു. "വളര്‍ന്നുപന്തലിച്ച" ഇന്ത്യന്‍ പൗരന്മാര്‍ പോഷകമൂല്യമുള്ള ആഹാരം ലഭിക്കാതെ മരിച്ചുവീഴുന്നു. സുപ്രീംകോടതി ചോദിച്ചു- എന്നിട്ടുമെന്തേ സര്‍ക്കാര്‍ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന 440 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണംചെയ്യാന്‍ സര്‍ക്കാര്‍ മടിക്കുന്നു എന്ന്. പഞ്ചാബിലും ഹരിയാനയിലും 55,000 ടണ്‍ ഭക്ഷ്യധാന്യമാണ് തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ടതിനാല്‍ പൂപ്പല്‍വന്നും തീപിടിച്ചും നശിച്ചത്. ഇക്കൊല്ലം റെക്കോഡ് വിളവെടുപ്പാണ് പ്രതീക്ഷിക്കുന്നത്. ആ നിലയ്ക്ക് 50 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം 150 ദരിദ്ര ജില്ലകളില്‍ സൗജന്യമായി വിതരണംചെയ്യണമെന്നും 50 ലക്ഷം ടണ്‍കൂടി അങ്ങനെ അതേ ആവശ്യത്തിന് മാറ്റിവയ്ക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെടുകയുണ്ടായി. ഇതൊന്നുംതന്നെ യുപിഎ സര്‍ക്കാരിന്റെ കര്‍ണങ്ങളില്‍ പതിച്ചതായി തോന്നുന്നില്ല. സാര്‍വത്രിക റേഷന്‍ സമ്പ്രദായമുണ്ടായിരുന്ന കേരളത്തിലെ പൊതുവിതരണത്തെ എങ്ങനെ കേന്ദ്രസര്‍ക്കാര്‍ കടന്നാക്രമിച്ചു എന്ന അനുഭവം നമുക്ക് മുന്നിലുണ്ട്. രാജ്യത്തിന്റെ സാഹചര്യങ്ങള്‍ക്കനുസൃതമുള്ളതും ശാസ്ത്രീയ മാനദണ്ഡങ്ങള്‍ക്കനുസൃതമായതുമായ ദാരിദ്ര്യ രേഖാ നിര്‍ണയം അസാധ്യമാക്കുംവിധമുള്ള ഇടപെടലാണ് യുപിഎ സര്‍ക്കാരില്‍നിന്നുണ്ടാകുന്നത്. ജനങ്ങളുടെ ക്ഷേമം നോക്കുന്നത് സര്‍ക്കാരിന്റെ ജോലിയല്ല എന്ന കാഴ്ചപ്പാടാണവരെ നയിക്കുന്നത്. സാമ്രാജ്യ ആഗോളവല്‍ക്കരണനയങ്ങളില്‍ മുറുകെപ്പിടിക്കുമ്പോള്‍ അവര്‍ക്ക് അതേ കഴിയൂ. രാജ്യത്താകമാനമുള്ള ജനങ്ങളെ യുപിഎ സര്‍ക്കാര്‍ പറ്റിക്കുമ്പോള്‍ ഒരുരൂപ അരിക്കാര്യം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മറന്നുപോയതില്‍ അത്ഭുതത്തിന് അവകാശമില്ല. ഗരീബി ഹഠാവോ മുദ്രാവാക്യം വിളിച്ച് ഇന്ത്യക്കാരനെ പറ്റിച്ച കോണ്‍ഗ്രസിന്റെ പാരമ്പര്യം ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ കളഞ്ഞുകളിക്കുമെന്നും കരുതാനാകില്ല. കേന്ദ്രസര്‍ക്കാര്‍ നടത്തിയ കൂറ്റന്‍ അഴിമതികളില്‍ ഒന്നിന്റെ-2 ജി സ്പെക്ട്രം അഴിമതിയുടെമാത്രം പണം മതി രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ .

കോടിക്കണക്കിനു പാവപ്പെട്ട ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുകയും അതിസമ്പന്നന്മാരെ ഊട്ടി വളര്‍ത്തുകയും അഴിമതികളിലൂടെ നാടിന്റെ അളവറ്റ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യുന്ന യുപിഎയില്‍നിന്നോ യുഡിഎഫില്‍നിന്നോ സാധാരണ ജനങ്ങള്‍ക്ക് അനുകമ്പ പ്രതീക്ഷിക്കാനാകില്ല. ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ക്ക് തരിമ്പെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ , ഭക്ഷ്യ സുരക്ഷാ നിയമം യാഥാര്‍ഥ്യമാക്കാന്‍ ഡല്‍ഹിയിലെ യജമാനന്മാരോട് ആവശ്യപ്പെടണം. അധികാരത്തര്‍ക്കവും ചക്കളത്തിപ്പോരും തീര്‍ക്കാന്‍ ഡല്‍ഹിക്ക് പറക്കുമ്പോള്‍ ജനങ്ങളുടെ ഇത്തരം പ്രശ്നങ്ങളില്‍ക്കൂടി ഇടയ്ക്ക് ശ്രദ്ധിക്കാന്‍ ദയവുണ്ടാകണം. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കാനാരംഭിച്ച രണ്ടുരൂപയ്ക്കുള്ള അരിവിതരണ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന എല്ലാവര്‍ക്കും ഒരുരൂപയ്ക്ക് അരിനല്‍കാന്‍ ഒട്ടും വൈകാതെ തയ്യാറാകണം. അതില്‍ വെള്ളം ചേര്‍ക്കാനുള്ള ഏതു ശ്രമവും ജനങ്ങള്‍ പൊറുപ്പിക്കില്ലെന്നു മനസ്സിലാക്കുന്നത് നന്ന്.

deshabhimani editorial 270511

1 comment:

  1. ഒരാള്‍ക്ക് ഒരുമാസം 31 രൂപ വാടകയ്ക്കും യാത്രയ്ക്കും; വിദ്യാഭ്യാസത്തിന് 18 രൂപ; മരുന്നിന് 25ഉം പച്ചക്കറിക്ക് 31.5ഉം രൂപ- ഇത്രയുമായാല്‍ അയാള്‍ ദരിദ്രനല്ല എന്നാണ് യുപിഎ സര്‍ക്കാര്‍ പറയുന്നത്. അതായത്, മാസത്തില്‍ 578 രൂപയെങ്കിലും വരുമാനമുള്ള ആളെ പാവപ്പെട്ടവന്‍ എന്ന് വിളിക്കാന്‍ പാടില്ലെന്ന്. നഗരത്തില്‍ ദിവസം 20 രൂപയും ഗ്രാമത്തില്‍ 15 രൂപയും വരുമാനമുണ്ടെങ്കില്‍ അത്തരക്കാര്‍ ദാരിദ്ര്യരേഖയ്ക്കു മുകളിലാണ് വരികയത്രേ. ഇങ്ങനെ പറയുന്ന അതേ ആസൂത്രണ കമീഷന്‍ മറ്റൊരു കണക്കുകൂടി അവതരിപ്പിക്കുന്നുണ്ട്. ഒരാള്‍ക്ക് ദിവസം കുറഞ്ഞത് 2400 കലോറി അടങ്ങുന്ന ഭക്ഷണമെങ്കിലുമുണ്ടെങ്കിലേ ജീവിക്കാനാകൂ എന്നതാണത്. അത്രയും ഭക്ഷണം കഴിക്കണമെങ്കില്‍ കുറഞ്ഞത് 44 രൂപ വേണം. താമസം, വസ്ത്രം, യാത്ര, വിദ്യാഭ്യാസം തുടങ്ങിയ ചെലവുകള്‍ വേറെയും വരും. യാഥാര്‍ഥ്യത്തില്‍നിന്ന് ബഹുദൂരം അകന്നുനില്‍ക്കുന്നതാണ് ആസൂത്രണ കമീഷന്റെതന്നെ കണക്കുകള്‍ എന്നര്‍ഥം. ഈ കണക്കുകളുടെ സാങ്കേതിക തടസ്സം പറഞ്ഞാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ഭക്ഷ്യ സുരക്ഷാ നിയമം കൊണ്ടുവരുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത്.

    ReplyDelete