Saturday, May 28, 2011

കേന്ദ്ര പദ്ധതികളെയും അവതാളത്തിലാക്കും

തദ്ദേശവകുപ്പിന്റെ വിഭജനം കേന്ദ്രാവിഷ്കൃത പദ്ധതികളെയും അട്ടിമറിക്കും. കേന്ദ്രപദ്ധതികള്‍ മെച്ചപ്പെടുമെന്ന വാദം ഉന്നയിച്ചാണ് യുഡിഎഫ് വകുപ്പ് വിഭജനം നടത്തിയതെങ്കിലും ഫലം വിപരീതമാകും. ഗ്രാമവികസന വകുപ്പില്‍ യുഡിഎഫ് ഭരണത്തിലേതിനേക്കാള്‍ നേട്ടം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ നേടിയിരുന്നു. ഗ്രാമവികസന വകുപ്പുവഴി കൂടുതല്‍ കാര്യക്ഷമമായി കേന്ദ്രപദ്ധതികള്‍ നടപ്പാക്കാമെന്നാണ് പുതിയ ഗ്രാമവികസന മന്ത്രി കെ സി ജോസഫ് പറയുന്നത്. ഗ്രാമവികസന വകുപ്പ് തദ്ദേശസ്വയംഭരണ വകുപ്പില്‍ ലയിപ്പിച്ചതോടെ ജില്ലാ ഗ്രാമവികസന ഏജന്‍സികളും ഇല്ലാതായി. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ , ഓവര്‍സിയര്‍മാര്‍ , എന്‍ജിനിയര്‍മാര്‍ , മിസിസ്റ്റീരയില്‍ ജീവനക്കാര്‍ തുടങ്ങിയവയും പഞ്ചായത്തുകളുടെ ഭാഗമായി. ഗ്രാമവികസന വകുപ്പിന് ഇപ്പോള്‍ സ്വന്തമായി നിര്‍വഹണ സംവിധാനമില്ല. അതെല്ലാം പുനഃസ്ഥാപിക്കുകയെന്നതും പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ , എങ്ങനെയാണ് പദ്ധതി നടപ്പാക്കുയെന്ന ചോദ്യമുയരുന്നു.

പഞ്ചായത്തുകളുടെ കൈവശമുള്ള എന്‍ജിനിയറിങ് വിഭാഗത്തെ ഉപയോഗിച്ച് അവര്‍ ചെയ്യുന്നതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ മറ്റാര്‍ക്കും പദ്ധതി നടപ്പാക്കാന്‍ കഴിയില്ല. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ സര്‍ക്കാരിതര സംഘടനകളെ പദ്ധതി നിര്‍വഹണം ഏല്‍പ്പിക്കാനാണ് സാധ്യത. ഇതിലൂടെ ജനശ്രീമിഷനെ പദ്ധതി നടത്തിപ്പ് ഏല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

വികേന്ദ്രീകൃത ആസൂത്രണം എന്ന സങ്കല്‍പ്പത്തെതന്നെ അട്ടിമറിക്കുന്നതാണ് സംസ്ഥാനത്ത് നടപ്പാക്കിയ വെട്ടിമുറിക്കല്‍ . കേരളത്തിന്റെ മാതൃക വ്യാപകമായി അംഗീകരിക്കപ്പെടുന്ന അവസരത്തിലാണ് ഈ തിരിച്ചുപോക്ക്. കേന്ദ്ര സര്‍ക്കാരില്‍തന്നെ ഗ്രാമവികസന വകുപ്പും പഞ്ചായത്ത് രാജും ഒരു മന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. നിലവില്‍ വിലാസ് റാവു ദേശ്മുഖാണ് രണ്ടു വകുപ്പുകളും കൈകാര്യം ചെയ്യുന്നത്. മുമ്പ് സി പി ജോഷിയായിരുന്നു മന്ത്രി.

ഗ്രാമവികസന വകുപ്പില്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയതിനേക്കാള്‍ ഏറെ മെച്ചപ്പെട്ട നിലയില്‍ കേന്ദ്രപദ്ധതികള്‍ നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചിരുന്നു. ഗ്രാമീണ റോഡുകളുടെ വികസനത്തിനുള്ള പിഎംജിഎസ്വൈ പദ്ധതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍സര്‍ക്കാരിനേക്കാള്‍ മുന്നേറ്റമുണ്ടാക്കി. 2001-02ലെ യുഡിഎഫ് ഭരണത്തില്‍ 708.83 കിലോമീറ്റര്‍ റോഡിന് 168.95 കോടിയുടെ പദ്ധതിക്കാണ് അനുമതി നേടിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, 1879.19 കിലോമീറ്റര്‍ റോഡിന് 771.65 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി ലഭ്യമാക്കി. പിഎംജിഎസ്വൈയില്‍ നടപ്പാക്കിയ പദ്ധതിയിലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുന്നേറ്റം വ്യക്തമാണ്. യുഡിഎഫ് സര്‍ക്കാര്‍ 372.15 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കി. 78.29 കോടി ചെലവിട്ടു. എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ, നാലര വര്‍ഷത്തിനുള്ളില്‍തന്നെ 735 കിലോമീറ്റര്‍ റോഡുപൂര്‍ത്തിയാക്കി. 311.20 കോടി ചെലവിടാനും കഴിഞ്ഞു. ഇന്ദിരാ ആവാസ് യോജന, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയിലും ഗ്രാമവികസന മന്ത്രിയുണ്ടായിരുന്ന യുഡിഎഫ് കാലത്തേക്കാള്‍ എല്‍ഡിഎഫ് ഭരണം ഏറെ മുന്നേറ്റമുണ്ടാക്കി.
(ആര്‍ സാംബന്‍)

കേന്ദ്രസഹായം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കവരുന്നു: കെ സി ജോസഫ്

കണ്ണൂര്‍ : കേന്ദ്രം നല്‍കുന്ന ആനുകൂല്യങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്ന് ഗ്രാമവികസനമന്ത്രി കെ സി ജോസഫ്. കേന്ദ്രസഹായം പരമാവധി ലഭ്യമായാലേ കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാനാവൂ. കണ്ണൂര്‍ പ്രസ്ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശഭരണവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ മൂന്ന് മന്ത്രിമാരുടെ ചുമതലയിലായത് കേന്ദ്രസഹായം ലഭിക്കാന്‍ തടസ്സമാവില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. കൂടുതല്‍ സഹായം നേടിയെടുക്കാന്‍ വിഭജനം സഹായകമാവും. വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമുണ്ടാകില്ല. മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന ഉപസമിതി "സെയ്ഫ്റ്റി വാല്‍വ്" മാത്രമാണ്. സര്‍ക്കാരിന് ആറു മാസത്തെ സാവകാശമെങ്കിലും നല്‍കണമെന്ന് ജോസഫ് പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു. പൊതുവായ കാര്യങ്ങളില്‍ സര്‍ക്കാരിന് തനിച്ച് മുന്നാട്ടുപോകാനാവില്ല. പ്രതിപക്ഷവുമായി സഹകരിക്കും. എന്നാല്‍ , ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കില്ല. മലയോര അതോറിറ്റി, ഹില്‍ ഹൈവേ, മലയോര താലൂക്ക് രൂപീകരണം എന്നിവയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ദിനകരന്‍ കൊമ്പിലാത്ത് അധ്യക്ഷനായി. സെക്രട്ടറി ഒ സി മോഹന്‍രാജ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി 280511

1 comment:

  1. തദ്ദേശവകുപ്പിന്റെ വിഭജനം കേന്ദ്രാവിഷ്കൃത പദ്ധതികളെയും അട്ടിമറിക്കും. കേന്ദ്രപദ്ധതികള്‍ മെച്ചപ്പെടുമെന്ന വാദം ഉന്നയിച്ചാണ് യുഡിഎഫ് വകുപ്പ് വിഭജനം നടത്തിയതെങ്കിലും ഫലം വിപരീതമാകും. ഗ്രാമവികസന വകുപ്പില്‍ യുഡിഎഫ് ഭരണത്തിലേതിനേക്കാള്‍ നേട്ടം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ നേടിയിരുന്നു. ഗ്രാമവികസന വകുപ്പുവഴി കൂടുതല്‍ കാര്യക്ഷമമായി കേന്ദ്രപദ്ധതികള്‍ നടപ്പാക്കാമെന്നാണ് പുതിയ ഗ്രാമവികസന മന്ത്രി കെ സി ജോസഫ് പറയുന്നത്. ഗ്രാമവികസന വകുപ്പ് തദ്ദേശസ്വയംഭരണ വകുപ്പില്‍ ലയിപ്പിച്ചതോടെ ജില്ലാ ഗ്രാമവികസന ഏജന്‍സികളും ഇല്ലാതായി. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ , ഓവര്‍സിയര്‍മാര്‍ , എന്‍ജിനിയര്‍മാര്‍ , മിസിസ്റ്റീരയില്‍ ജീവനക്കാര്‍ തുടങ്ങിയവയും പഞ്ചായത്തുകളുടെ ഭാഗമായി. ഗ്രാമവികസന വകുപ്പിന് ഇപ്പോള്‍ സ്വന്തമായി നിര്‍വഹണ സംവിധാനമില്ല. അതെല്ലാം പുനഃസ്ഥാപിക്കുകയെന്നതും പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ , എങ്ങനെയാണ് പദ്ധതി നടപ്പാക്കുയെന്ന ചോദ്യമുയരുന്നു.

    ReplyDelete