Sunday, May 29, 2011

ജയലക്ഷ്മിക്കുള്ള യുഡിഎഫ് സ്വീകരണം അവസാന നിമിഷം ഒഴിവാക്കി

മന്ത്രിയായശേഷം ആദ്യമായി വയനാട്ടിലെത്തിയ പി കെ ജയലക്ഷ്മിക്ക് സ്വീകരണം പ്രഖ്യാപിച്ച ഡിസിസി നേതൃത്വം അവസാന നിമിഷം സ്വീകരണം ഒഴിവാക്കി മന്ത്രിയെ അപമാനിച്ചു. കല്‍പ്പറ്റയിലെ സ്വീകരണസമയത്തുതന്നെ ഡിസിസി നേതൃത്വം അറിയാതെ ബത്തേരിയില്‍ ശ്രേയസ്സ് സംഗമത്തില്‍ പങ്കെടുക്കാന്‍ മന്ത്രി സമ്മതിച്ചതും യുഡിഎഫ് സ്വീകരണം ഒഴിവാക്കശപ്പടാന്‍ കാരണമായി എന്നറിയുന്നു.

ആദിവാസികള്‍ക്കിടയില്‍നിന്ന് ആദ്യമായി മന്ത്രിയായ പി കെ ജയലക്ഷ്മിക്ക് കല്‍പറ്റയില്‍ യുഡിഎഫ് പൗരസ്വീകരണം ഒരുക്കുമെന്നായിരുന്നു ഡിസിസി നേതാക്കളുടെ അറിയിപ്പ്. മന്ത്രിയെ ലക്കിടിയില്‍നിന്ന് തുറന്ന വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കുമെന്ന വിവരം ഈ പ്രസ്താവനയിലൂടെയാണ് ഘടകകക്ഷി നേതാക്കള്‍പോലും അറിഞ്ഞത്. മന്ത്രിക്ക് സ്വീകരണം നല്‍കുന്നത് ആലോചിക്കാന്‍ യുഡിഎഫ് ജില്ലാ കമ്മിറ്റി ചേര്‍ന്നിട്ടുമില്ല. ടെലിഫോണില്‍പോലും ഘടകകക്ഷികളുമായി സ്വീകരണക്കാര്യം ചര്‍ച്ചചെയ്തുമില്ല. കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ച സ്വീകരണത്തില്‍നിന്ന് ഘടകകക്ഷികളെല്ലാം മാറിനില്‍ക്കുന്നതായി ബോധ്യപ്പെട്ടപ്പോള്‍ ഡിസിസി നേതാക്കളും ഉള്‍വലിഞ്ഞു. സ്വീകരണത്തിന്റെ പേരില്‍ ചിലര്‍ വന്‍തോതില്‍ പണപ്പിരിവ് നടത്തിയെങ്കിലും ഈ പണം ചെലവാക്കേണ്ടിവന്നില്ല. നേരത്തെ ഓര്‍ഡര്‍ കൊടുത്തത് അനുസരിച്ച് പന്തല്‍ക്കടക്കാര്‍ വിജയ പമ്പിനുസമീപം സ്റ്റേജ് സജ്ജമാക്കി. ഉച്ചയായിട്ടും പരിപാടി നടക്കാതായപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് പരിപാടി ഒഴിവാക്കിയത് പന്തലുകാര്‍ അറിഞ്ഞത്.

കല്‍പറ്റയില്‍ സ്വീകരണത്തിനായി സ്റ്റേജ് തയ്യാറാക്കിക്കൊണ്ടിരിക്കെയാണ് മന്ത്രി ഇതുവഴി കടന്നുപോയത്. കല്‍പറ്റയില്‍ ഇറങ്ങാതെ നേരെ ബത്തേരിയിലേക്കാണ് മന്ത്രി പോയത്. ഉച്ചതിരിഞ്ഞ് ഡിസിസി ഓഫീസിലെത്തിയ മന്ത്രിയെ അവിടെ സ്വകാര്യമായി സ്വീകരിക്കുകയായിരുന്നു. ഇവിടെയും ഘടകകക്ഷികളില്‍ പലതിന്റെയും പ്രധാന നേതാക്കള്‍ വിട്ടുനിന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരേക്കാള്‍ ആവേശം കാണിച്ച മുസ്ലീംലീഗ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തില്ല. കേരളാ കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ ഉള്‍പ്പെടെയുള്ളവരും വിട്ടുനിന്നു. മന്ത്രിയുടെ സ്വന്തം മണ്ഡലമായ മാനന്തവാടിയില്‍ മാത്രമാണ് സ്വീകരണം ഉണ്ടായത്. ഇവിടെ യുഡിഎഫ് താലൂക്ക് കമ്മിറ്റി നേരത്തെ തീരുമാനിച്ച പ്രകാരം മണ്ഡലം അതിര്‍ത്തിയായ പച്ചിലക്കാടുനിന്ന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് മാനന്തവാടിയിലേക്ക് ആനയിച്ചത്. ജില്ലയില്‍ ആദ്യമായെത്തിയ മന്ത്രിയുടെ പരിപാടി കോണ്‍ഗ്രസ് കമ്മിറ്റികളെപോലും മറികടന്ന് എ ഗ്രൂപ്പ് ഹൈജാക്ക് ചെയ്തതായാണ് ആരോപണം. ബത്തേരിയില്‍ ഡിസിസി അറിയാതെയാണ് മന്ത്രിയുടെ പരിപാടി നിശ്ചയിച്ചത്. വേണ്ടത്ര പരിചയമില്ലാത്ത മന്ത്രിയുടെ ബത്തേരി പരിപാടി നിശ്ചയിച്ചത് പേഴ്സണല്‍ സ്റ്റാഫിനെപ്പോലെ പെരുമാറുന്നവരാണ്. കല്‍പ്പറ്റയില്‍ യുഡിഎഫ് സ്വീകരണം നിശ്ചയിച്ചസമയം തന്നെയാണ് ബത്തേിരിയില്‍ ശ്രേയസ് സ്റ്റാഫ് സംഗമത്തിലും പങ്കെടുക്കാമെന്ന് സമ്മതിച്ചത്. ഇതാണ് ഡിസിസിയുടെയും യുഡിഎഫിന്റെയും അനിഷ്ടത്തിന് കാരണമായത്.

സമഗ്ര മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കും: മന്ത്രി ജയലക്ഷ്മി

മാനന്തവാടി: സംസ്ഥാനത്തിന്റെ സമഗ്രമാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പട്ടികവര്‍ഗ ക്ഷേമമന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു. മന്ത്രിയായതിന് ശേഷം ആദ്യമായി മാനന്തവാടിയിലെത്തിയ ജയലക്ഷ്മിക്ക് യുഡിഎഫ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. ജനങ്ങളുടെ ഏത് പ്രശ്നവും പരിഹരിക്കാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കും. പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ എപ്പോള്‍ വേണമെങ്കിലും തന്നെ സമീപിക്കാം. ജയലക്ഷ്മി പറഞ്ഞു. സ്വീകരണയോഗം മുസ്ലിം ലീഗ് ജില്ലാവൈസ് പ്രസിഡന്റ് പി പി വി മൂസ ഉദ്ഘാടനം ചെയ്തു. സി കുഞ്ഞബ്ദുള്ള അധ്യക്ഷനായി. കെ എല്‍ പൗലോസ്, കെ സി റോസക്കുട്ടി, ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി 290511

3 comments:

  1. മന്ത്രിയായശേഷം ആദ്യമായി വയനാട്ടിലെത്തിയ പി കെ ജയലക്ഷ്മിക്ക് സ്വീകരണം പ്രഖ്യാപിച്ച ഡിസിസി നേതൃത്വം അവസാന നിമിഷം സ്വീകരണം ഒഴിവാക്കി മന്ത്രിയെ അപമാനിച്ചു. കല്‍പ്പറ്റയിലെ സ്വീകരണസമയത്തുതന്നെ ഡിസിസി നേതൃത്വം അറിയാതെ ബത്തേരിയില്‍ ശ്രേയസ്സ് സംഗമത്തില്‍ പങ്കെടുക്കാന്‍ മന്ത്രി സമ്മതിച്ചതും യുഡിഎഫ് സ്വീകരണം ഒഴിവാക്കശപ്പടാന്‍ കാരണമായി എന്നറിയുന്നു.

    ReplyDelete
  2. ആദിവാസി വിഭാഗത്തില്‍പ്പെട്ട മന്ത്രി പി കെ ജയലക്ഷ്മിക്ക് കല്‍പറ്റയില്‍ സ്വീകരണം പ്രഖ്യാപിച്ച് പിന്നീട് ഒഴിവാക്കി അപമാനിച്ചതിന് യുഡിഎഫ് നേതൃത്വം മാപ്പ് പറയണമെന്ന് ആദിവാസി മഹാസഭഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായി വയനാട്ടിലേക്ക് എത്തുന്ന ജയലക്ഷ്മിയെ ലക്കിടിയില്‍ വെച്ച് സ്വീകരിച്ച് തുറന്ന വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കല്‍പറ്റയിലേക്ക് ആനയിക്കുമെന്നും യുഡിഎഫ് സ്വീകരണം നല്‍കുമെന്നുമാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചിരുന്നത്. എന്നാല്‍ ആദ്യമായെത്തിയ മന്ത്രിയെ സ്വീകരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ പോലും ലക്കിടിയിലുണ്ടായില്ല. കല്‍പറ്റ ടൗണില്‍ പൗരസ്വീകരണത്തിന് പാതികെട്ടിയ സ്റ്റേജ് പൊളിച്ചുനീക്കുകയായിരുന്നു. ആദിവാസികളോടുള്ള യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ശരിയായ നിലപാട്തന്നെയാണ് ഇതിലൂടെ വെളിപ്പെട്ടത്. സ്വീകരണം ഉണ്ടാവുമെന്ന് പത്രങ്ങളിലൂടെ അറിയിപ്പ് കൊടുത്ത ശേഷം അവസാന നിമിഷം ഇതില്‍ നിന്ന് പിന്മാറിയത് പട്ടികവര്‍ഗത്തില്‍പ്പെട്ട മന്ത്രിയെ പരസ്യമായി അപമാനിക്കുന്നതിന് തുല്യമായി. സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിക്കാന്‍ പോലും മന്ത്രിയെ അനുവദിക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ അവര്‍ക്കുള്ള മനോവിഷമം തുറന്നുപറഞ്ഞില്ലെന്ന് മാത്രം. കോണ്‍ഗ്രസിനെയും യു ഡി എഫ് നേതൃത്വത്തെയും നയിക്കുന്ന വരേണ്യവര്‍ഗ ചിന്താഗതിയുടെ ബഹിര്‍സ്ഫുരണമാണ് മന്ത്രി ജയലക്ഷ്മിയുടെ സ്വീകരണ പ്രഖ്യാപനത്തില്‍ ബോധ്യപ്പെട്ടത്. സ്വീകരണത്തിന്റെ പേരില്‍ പട്ടികവര്‍ഗത്തില്‍പ്പെട്ട മന്ത്രിയെ അവഹേളിക്കാന്‍ ശ്രമിച്ചവര്‍ ജില്ലയില്‍ നിലനില്‍ക്കുന്ന ആദിവാസി ഭൂമി പ്രശ്നം തീര്‍ക്കാനോ അന്യാധീനപ്പെട്ട ആദിവാസി ഭൂമി വീണ്ടെടുക്കല്‍ വിധികള്‍ നടപ്പാക്കാനോ സമ്മതിക്കില്ലെന്ന് വ്യക്തമാണെന്നും ആദിവാസി മഹാസഭഭ ജില്ലാ പ്രസിഡന്റ് നെടിയഞ്ചേരി വാസുവും സെക്രട്ടറി ടി മണിയും പറഞ്ഞു.

    ReplyDelete
  3. പട്ടികവര്‍ഗ -യുവജനക്ഷേമ മന്ത്രി പി കെ ജയലക്ഷ്മിയുടെ കാറില്‍ നിന്നും മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെ ഇറക്കിവിട്ടത് കോണ്‍ഗ്രസില്‍ വിവാദമാകുന്നു. വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകയായ തങ്കമ്മയേശുദാസിനെ തിങ്കളാഴ്ചയാണ് മന്ത്രിയുടെ കാറില്‍ നിന്നും ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ബലമായി ഇറക്കിവിട്ടത്. ജയലക്ഷ്മി മന്ത്രിയായതോടെ രൂപപ്പെട്ട ഉപജാപക സംഘം കോണ്‍ഗ്രസ് നേതാക്കളെ മന്ത്രിയില്‍ നിന്നും അകറ്റിനിര്‍ത്താന്‍ ശ്രമിച്ചുവരികയാണ്. എ ഗ്രൂപ്പിന്റെ നേതാവും ഡിസിസി ഭാരവാഹിയുമായ നേതാവാണ് മന്ത്രിയുടെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുത്തിരിക്കുന്നത്. ഈ നേതാവിന്റെ സമ്മതത്തോയെടാണ് തങ്കമ്മ,യേശുദാസിനെ ചില യൂത്ത് നേതാക്കള്‍ ബാലമായി ഇറക്കിവട്ടതും. മണ്ഡല പര്യടനത്തിനിടെയായിരുന്നു സംഭവം. മുന്‍ തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ തങ്കമ്മ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ അടുത്ത് പരാതിയുമായി എത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി തങ്കമ്മയെ ഒറ്റപ്പെടുത്താന്‍ ചില ശ്രമിച്ചുവരികയാണ്. അതിന്റെ ഭാഗമായായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് അംഗമായി വിജയിച്ചിട്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തങ്കമ്മയെ പരിഗണിക്കാതിരുന്നത്.

    ReplyDelete