Monday, May 30, 2011

തലതിരിഞ്ഞ വകുപ്പ് വിഭജനം

വകുപ്പുവിഭജനം വികസനത്തിനോ പണമുണ്ടാക്കാനോ എന്ന കാര്യം സജീവ ചര്‍ച്ചാവിഷയമാണല്ലോ. സാങ്കേതിക ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന യുഡിഎഫ് രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്തിട്ടും മന്ത്രിമാരുടെ പട്ടിക അപൂര്‍ണം. പ്രധാനികള്‍ പുറത്തുതന്നെ. മുഖ്യമന്തിയുടെ വാക്ക് കടമെടുത്താല്‍ സത്യപ്രതിജ്ഞ ചെയ്തവരേക്കാള്‍ പ്രഗത്ഭര്‍ പുറത്തുണ്ട്. അതില്‍ ചിലര്‍ മന്ത്രിമാരാകാതിരുന്നതില്‍ അവരേക്കാള്‍ ദുഃഖം മുഖ്യമന്ത്രിക്ക് തന്നെയാണ്. ബാഹ്യശക്തികളുടെ സമ്മര്‍ദം കൊണ്ടല്ല സതീശനും മുരളിയും മന്ത്രിമാരാകാതിരുന്നതെന്ന് സാരം. ലീഗിലെ മന്ത്രിമാരാകട്ടെ മുനീര്‍ ഒഴികെ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ശ്വവര്‍ത്തികളാണെന്ന ആക്ഷേപമുയര്‍ന്നു. മാണിയാകട്ടെ അര്‍ഹതപ്പെട്ട മൂന്നാം മന്ത്രിയെയും വകുപ്പിനെയും കുറിച്ച് ലീഗിനെപ്പോലെ പ്രഖ്യാപിക്കാതിരുന്നത് തന്റെ കൈയിലിരിക്കുന്ന വകുപ്പ് വിഭജിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ടല്ല, മറിച്ച് മകന് കേന്ദ്ര സഹമന്ത്രിസ്ഥാനത്തിനു വേണ്ടിയാണ്. ഭവനനിര്‍മാണ വകുപ്പ് വേണമെങ്കില്‍ ഫ്ളാറ്റുകളും വില്ലകളുമെന്ന നിലയില്‍ രണ്ടാക്കാന്‍ കഴിയുന്നതേയുള്ളൂ.

വകുപ്പുവിഭജനവും സംയോജനവും നാടിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കു വേണ്ടിയാണ് സാധാരണ നടത്താറ്. എന്നാല്‍ , യുഡിഎഫ് ഇത്തരമൊരു ശാസ്ത്രീയ കാഴ്ചപ്പാടോടെയല്ല വകുപ്പുവിഭജനം നടത്തിയത്. എതെങ്കിലും കമീഷന്‍ റിപ്പോര്‍ട്ടും ഇതിന് അടിസ്ഥാനമാക്കിയിട്ടില്ല. പഞ്ചായത്ത്, നഗരവികസനം, ഗ്രാമവികസനം എന്നീ വകുപ്പുകള്‍ക്കായി മൂന്നു മന്ത്രിമാരും ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകള്‍ക്ക് രണ്ടു മന്ത്രിമാരും പട്ടികജാതി-പിന്നോക്ക ക്ഷേമം, പട്ടികവര്‍ഗ ക്ഷേമം എന്നീ വകുപ്പുകള്‍ക്ക് രണ്ടു മന്ത്രിമാരും കേരളത്തിലുണ്ടായി. മൂന്നുമന്ത്രിമാര്‍ കൈകാര്യം ചെയ്യേണ്ട വകുപ്പുകള്‍ ഏഴു നേതാക്കള്‍ക്കുള്ള മന്ത്രിപ്പണിയാക്കിയാല്‍ യുഡിഎഫിലെ തര്‍ക്കം പരിഹരിക്കപ്പെടുമെന്നാണ് മുഖ്യമന്ത്രി കരുതിയത്. എന്നാല്‍ , "കൂനിന്മേല്‍ കുരു" പോലെ ഈ വിഭജനം യുഡിഎഫിലെ തര്‍ക്കം ശക്തിപ്പെടുത്തിയിരിക്കുന്നു. തദ്ദേശഭരണം മൂന്നു മന്ത്രിമാര്‍ക്ക് വീതംവച്ചു നല്‍കുക വഴി കോണ്‍ഗ്രസിനും ലീഗിനും കൂടുതല്‍ പേരെ മന്ത്രിമാരാക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ ഐക്യമല്ല ഭിന്നതയാണ് ശക്തിപ്പെട്ടത്. 1952ല്‍ വികസന ബ്ലോക്ക് കൃഷിവകുപ്പിന്റെ ഭാഗമായിരുന്നു. അന്ന് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വികസന ബ്ലോക്കുകള്‍ വഴി നടപ്പാക്കിയിരുന്നു. പിന്നീട് ഗ്രാമവികസന വകുപ്പ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ജില്ലാ ഗ്രാമവികസന ഏജന്‍സികളും ബ്ലോക്കുതല സമിതികളും ഉള്‍പ്പെടെയുള്ള ഉപദേശക സമിതികളുടെ സഹായത്തോടെ ഗ്രാമവികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. കോടിക്കണക്കിനു രൂപ വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കിവന്നത് ഈ സംവിധാനങ്ങള്‍ വഴിയായിരുന്നു. പൂര്‍ണമായും ഉദ്യോഗസ്ഥ മേധാവിത്തത്തോടെയാണ് അക്കാലത്ത് വികസന പദ്ധതികള്‍ ഗ്രാമവികസന വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കിയത്.

1996ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആസൂത്രണവും വികസനവും ഫണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയിലായി. ജനകീയാസൂത്രണത്തിലൂടെ അധികാര വികേന്ദ്രീകരണത്തിന് രാജ്യത്തു തന്നെ മാതൃക കേരളത്തിലുണ്ടായി. അധികാര വികേന്ദ്രീകരണത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച സെന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ കൂടി കണക്കിലെടുത്താണ് ഗ്രാമവികസന വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയോജിപ്പിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമായത്. ഇതുമൂലം കേന്ദ്ര ഫണ്ടിന്റെ വിനിയോഗം അഴിമതിരഹിതവും വികസനോന്മുഖമായും മാറി. ഇക്കാര്യത്തില്‍ ഏറ്റവും നല്ല ഉദാഹരണമാണ് തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പ്. ഇന്ത്യയില്‍ അഴിമതി രഹിതമായും കാര്യക്ഷമമായും തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയത് കേരളത്തിലാണെന്ന് കേന്ദ്രമന്ത്രിമാര്‍ക്കു പോലും പറയേണ്ടിവന്നു. എംപി/എംഎല്‍എമാരുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിക്കുന്നതിലും തദ്ദേശസ്ഥാപനങ്ങളുടെ മേല്‍നോട്ടം പലപ്പോഴും അഴിമതി തടയാന്‍ സഹായകമാണ്. ഗ്രാമവികസനം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റി പ്രത്യേക വകുപ്പും മന്ത്രിയും വന്നാല്‍ ഇപ്പോഴുള്ള സംവിധാനം തകരുമെന്നു മാത്രമല്ല പഴയ ഉദ്യോഗസ്ഥരാജിലേക്ക് തിരിച്ചുപോക്കായിരിക്കും സംഭവിക്കുക. സി എഫ് തോമസ് ഗ്രാമവികസന മന്ത്രിയായിരുന്ന 2001-06ല്‍ വയനാട്ടില്‍ ഗ്രാമവികസന വകുപ്പു മുഖേന നടപ്പാക്കിയ പദ്ധതി സംബന്ധിച്ച് നിയമസഭയില്‍ രേഖാമൂലം അഴിമതി ആരോപണം ഉന്നയിക്കേണ്ടിവന്ന ഈ ലേഖകന് ബോധ്യമായത് പണി നടത്താതെ പണം കൈക്കലാക്കിയത് കരാറുകാരും ഭരണരാഷ്ട്രീയക്കാരും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് എന്നതാണ്. എന്നാല്‍ , പിന്നീടു വന്ന പാലോളിക്കെതിരെ അഞ്ചു വര്‍ഷം ഒരു അഴിമതി ആരോപണവും ഉയര്‍ന്നുവന്നില്ല. പ്രധാനമന്ത്രിയുടെ കൈയില്‍ നിന്നു രണ്ടു തവണ ഏറ്റവും മികച്ച പഞ്ചായത്തീരാജ് ഭരണത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങാന്‍ പാലോളിക്ക് സാധിച്ചു. മൂന്നു വകുപ്പും ഒരു മന്ത്രിയുടെ കൈയിലായതു കൊണ്ടാണ് ഈ നേട്ടമുണ്ടായത്.

2001ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് അധികാര വികേന്ദ്രീകരണ നടപടികള്‍ തകര്‍ക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ ആദ്യം ചെയ്തത് ഗ്രാമവികസനത്തിന് പ്രത്യേകം മന്ത്രിയെ നിയോഗിക്കുകയായിരുന്നു. അപ്പോഴും തദ്ദേശവകുപ്പ് നഗരം, പഞ്ചായത്ത് എന്ന് രണ്ടാക്കിയിരുന്നില്ല. ഇപ്പോഴാകട്ടെ മൂന്നു വകുപ്പാക്കി എല്ലാം താറുമാറാക്കി. സുപ്രധാനമായ വ്യവസായം, ഐടി വകുപ്പുകള്‍ കുഞ്ഞാലിക്കുട്ടിയുടെ കൈയിലാണ്. ജോലിഭാരം ഏറെയുള്ള ഒരാള്‍ തന്നെ നഗരവികസന വകുപ്പു കൂടി ഏറ്റെടുത്തത് ദുരൂഹമാണ്. ഇതു നാടിനോടുള്ള കൂറും വികസനതാല്‍പ്പര്യവുമല്ല. തന്നെ ചാനലിലൂടെ ഒതുക്കാന്‍ ശ്രമിച്ച മുനീറിന്റെ ചിറകരിയാനുള്ള ഗൂഢതന്ത്രമാണ്. മാത്രവുമല്ല അതിനപ്പുറം എന്തോ ഒന്നാണ്. അത് വരുംദിവസങ്ങളില്‍ കണാനിരിക്കുന്നതേയുള്ളൂ. നഗരവികസനം കോടികള്‍ കൊണ്ടുള്ള "ഏര്‍പ്പാടു തന്നെയാണെന്ന" കാര്യമാണ് ഇവിടെ വ്യക്തമാകുന്നത്. കോടികളുടെ കേന്ദ്രഫണ്ട് ഒഴുകുന്നതാണ് നഗരകാര്യവകുപ്പ്. ജെഎന്‍ആര്‍യുഎം അടക്കമുള്ള കേന്ദ്ര പദ്ധതികളിലൂടെ കോടികള്‍ കൈകാര്യം ചെയ്യേണ്ട വകുപ്പാണ് ഇത്.

കേരളത്തിലെ അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും രാജ്യമാകെ മാതൃകയായി ഏറ്റെടുക്കുമ്പോഴാണ് ഇവിടെ തലതിരിഞ്ഞ വിഭജനം. എല്‍ഡിഎഫ് സര്‍ക്കാര്‍ തദ്ദേശവകുപ്പിലാകട്ടെ നഗര-ഗ്രാമവികസനം-പഞ്ചായത്ത് വകുപ്പുകളുടെ ഏകോപനത്തിന് ഒരു കോമണ്‍സര്‍വീസ് സെക്രട്ടറിയറ്റിലടക്കം രൂപീകരിച്ചിട്ടുണ്ട്. ഈ ഏകോപനവും ഉദ്യോഗസ്ഥ പുനര്‍വിന്യാസവും അവതാളത്തിലാകുമെന്നു മാത്രമല്ല ഓംബുഡ്സ്മാന്‍ , കിലെ, അപ്പലേറ്റ് അതോറിറ്റി, കുടുംബശ്രീ മിഷന്‍ , ശുചിത്വമിഷന്‍ , ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നീ സ്ഥാപനങ്ങള്‍ ഏതു മന്ത്രിയുടെ നിയന്ത്രണത്തിലായിരിക്കുമെന്ന് വ്യക്തവുമല്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിതല ഉപസമിതികൊണ്ടു മാത്രം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താനാകില്ല. ഇപ്പോള്‍ ഉദ്യോഗസ്ഥന്മാരെല്ലാം ഇരുട്ടില്‍ തപ്പുകയാണ്. ക്ഷീരവികസനവും മൃഗസംരക്ഷണവും രണ്ടു മന്ത്രിമാര്‍ കൈകാര്യം ചെയ്യുകവഴി ഭരണച്ചെലവുകള്‍ കൂട്ടാമെന്നല്ലാതെ എന്തുപ്രയോജനമാണ് ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പട്ടികജാതി- പട്ടികവര്‍ഗ, പിന്നോക്ക ക്ഷേമവകുപ്പ് ഒരു കുടക്കീഴിലായപ്പോള്‍ ഫണ്ട് വിനിയോഗം 92 ശതമാനംവരെ ആയിരുന്നെന്ന കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അനുഭവം ആവേശകരമായിരുന്നു. പ്രധാനികളായ കുറേപ്പേരെ മന്ത്രിമാരാക്കാന്‍ വകുപ്പുകള്‍ അശാസ്ത്രീയമായി വിഭജിക്കുകയല്ല മറിച്ച് നിരവധി വകുപ്പ് കൈയടക്കി വച്ചവര്‍ സ്വന്തം പാര്‍ടിക്കാര്‍ക്ക് പ്രസ്തുത വകുപ്പുകള്‍ നല്‍കുകയാണ് വേണ്ടത്.

മന്ത്രിമാരുടെ എണ്ണം മുന്നണി നിശ്ചയിച്ചു കഴിഞ്ഞാല്‍ വകുപ്പുവിഭജനം മുഖ്യമന്ത്രിയുടെ ജോലിയില്‍പ്പെടുന്ന കാര്യമാണ്. ഓരോ പാര്‍ടിയും സ്വമേധയാ വകുപ്പുകള്‍ തീരുമാനിക്കുകയും വിഭജിക്കുകയും ചെയ്യുന്ന പുതിയ രീതിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ലീഗിന് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ധൈര്യം ലഭിച്ചത് കോണ്‍ഗ്രസിന്റെ പരാജയം തന്നെയാണ്. ആ പരാജയം മൂടിവയ്ക്കാനുള്ള പാഴ്ശ്രമമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉപസമിതി രൂപീകരണം. എന്നാല്‍ , മറ്റു നാലുവകുപ്പ് വിഭജിച്ചതിന് ഏകോപന സമിതിയുണ്ടാക്കിയിട്ടുമില്ല. അത് കോണ്‍ഗ്രസ് മന്ത്രിമാര്‍ തമ്മില്‍ വിഭജിച്ചതാകാം കാരണം. ജനങ്ങളുടെ മുന്നില്‍ മന്ത്രി ഏതു പാര്‍ടിയില്‍ പെടുന്നുവെന്നതല്ല പ്രശ്നം. ഫലപ്രദമായ ഏകോപനവും അതുവഴി "ചുവപ്പുനാട"കളുടെ എണ്ണം വര്‍ധിപ്പിക്കാതെയുള്ള കാര്യക്ഷമമായ ഭരണവുമാണ്. ഇതിനെതിരായ വകുപ്പുവിഭജനം റദ്ദാക്കി തെറ്റുതിരുത്തുകയാണ് യുഡിഎഫ് നേതൃത്വം ചെയ്യേണ്ടത്.

എം വി ജയരാജന്‍ ദേശാഭിമാനി 300511

1 comment:

  1. വകുപ്പുവിഭജനം വികസനത്തിനോ പണമുണ്ടാക്കാനോ എന്ന കാര്യം സജീവ ചര്‍ച്ചാവിഷയമാണല്ലോ. സാങ്കേതിക ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന യുഡിഎഫ് രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്തിട്ടും മന്ത്രിമാരുടെ പട്ടിക അപൂര്‍ണം. പ്രധാനികള്‍ പുറത്തുതന്നെ. മുഖ്യമന്തിയുടെ വാക്ക് കടമെടുത്താല്‍ സത്യപ്രതിജ്ഞ ചെയ്തവരേക്കാള്‍ പ്രഗത്ഭര്‍ പുറത്തുണ്ട്. അതില്‍ ചിലര്‍ മന്ത്രിമാരാകാതിരുന്നതില്‍ അവരേക്കാള്‍ ദുഃഖം മുഖ്യമന്ത്രിക്ക് തന്നെയാണ്. ബാഹ്യശക്തികളുടെ സമ്മര്‍ദം കൊണ്ടല്ല സതീശനും മുരളിയും മന്ത്രിമാരാകാതിരുന്നതെന്ന് സാരം. ലീഗിലെ മന്ത്രിമാരാകട്ടെ മുനീര്‍ ഒഴികെ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ശ്വവര്‍ത്തികളാണെന്ന ആക്ഷേപമുയര്‍ന്നു. മാണിയാകട്ടെ അര്‍ഹതപ്പെട്ട മൂന്നാം മന്ത്രിയെയും വകുപ്പിനെയും കുറിച്ച് ലീഗിനെപ്പോലെ പ്രഖ്യാപിക്കാതിരുന്നത് തന്റെ കൈയിലിരിക്കുന്ന വകുപ്പ് വിഭജിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ടല്ല, മറിച്ച് മകന് കേന്ദ്ര സഹമന്ത്രിസ്ഥാനത്തിനു വേണ്ടിയാണ്. ഭവനനിര്‍മാണ വകുപ്പ് വേണമെങ്കില്‍ ഫ്ളാറ്റുകളും വില്ലകളുമെന്ന നിലയില്‍ രണ്ടാക്കാന്‍ കഴിയുന്നതേയുള്ളൂ.

    ReplyDelete