Friday, May 27, 2011

തെരഞ്ഞെടുപ്പുഫലം വിലയിരുത്തുമ്പോള്‍ 1

പതിമൂന്നാം കേരളനിയമസഭാ തെരഞ്ഞെടുപ്പുഫലം വലതുപക്ഷ ശക്തികളെയും അവര്‍ക്കുവേണ്ടി പക്ഷം പിടിച്ച് പ്രചാരണം നടത്തിയവരെയും അത്ഭുതപ്പെടുത്തിയ ഒന്നായാണ് മാറിയത്. സാങ്കേതികമായി എല്‍ഡിഎഫിനേക്കാള്‍ സീറ്റ് യുഡിഎഫിനാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ മന്ത്രിസഭ രൂപീകരിക്കുന്നതിന് അവര്‍ക്ക് സാധ്യമാവുകയുംചെയ്തു. എന്നാല്‍ , രാഷ്ട്രീയമായി എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ കൂടുതല്‍ വിപുലപ്പെട്ടുവരുന്നു എന്നാണ് തെരഞ്ഞെടുപ്പുഫലം വിശകലനംചെയ്യുമ്പോള്‍ വ്യക്തമാകുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച വോട്ട് 41.95 ശതമാനമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും എല്‍ഡിഎഫ് വോട്ട്ശതമാനം 42.46 ആയി ഉയര്‍ന്നു. ഈ തെരഞ്ഞെടുപ്പില്‍ 45.13 ശതമാനം വോട്ട് നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. അതായത് 3.18 ശതമാനം വോട്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ ലഭിച്ചു. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള അന്തരം 1,55,571 വോട്ടിന്റേതു മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫിന് 72 സീറ്റും എല്‍ഡിഎഫിന് 68 സീറ്റും ലഭിച്ചത്.

പിറവം, മണലൂര്‍ , അഴീക്കോട്, പാറശാല, കോട്ടയം എന്നീ അഞ്ച് സീറ്റുകള്‍ എല്‍ഡിഎഫിന് നഷ്ടപ്പെട്ടത് 157 മുതല്‍ 711 വരെയുള്ള വോട്ടുകള്‍ക്കാണ്. ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണുന്ന മറ്റൊരു സവിശേഷത പ്രതിപക്ഷത്ത് ഇരിക്കുന്ന സിപിഐ എമ്മിനാണ് ഏറ്റവും കൂടുതല്‍ സീറ്റും വോട്ടിങ് ശതമാനവും ഉള്ളത് എന്നതാണ്. ഭരണപക്ഷത്തിരിക്കുന്ന മുന്നണിയിലെ വലിയ കക്ഷിക്കാണ് സീറ്റുകള്‍ കൂടുതല്‍ ലഭിക്കുക എന്ന പതിവ് ഇത്തവണ തെറ്റി. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ജനങ്ങള്‍ പിന്തുണയ്ക്കുന്നതിന് പ്രധാന കാരണമായിത്തീര്‍ന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളാണ്.

കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദലുയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് പകര്‍ന്നുനല്‍കിയത്. 2001-06ലെ യുഡിഎഫ് ഭരണവുമായി ഇതിനെ താരതമ്യപ്പെടുത്തിയ ജനങ്ങള്‍ എല്‍ഡിഎഫില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്ന നിലയും രൂപപ്പെട്ടുവന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റുകള്‍ ജനങ്ങള്‍ക്കിടയില്‍ മതിപ്പുളവാക്കി. യുപിഎ സര്‍ക്കാര്‍ നയംമൂലം രാജ്യവ്യാപകമായി ഉണ്ടായ വര്‍ധിച്ച വിലക്കയറ്റത്തിന്റെ കെടുതി കേരളത്തില്‍ അതേപോലെ അനുഭവപ്പെട്ടില്ല. വിലക്കയറ്റം തടുത്തുനിര്‍ത്താന്‍ ഉള്‍പ്പെടെ സ്വീകരിച്ച നടപടികളിലൂടെ ലഭിച്ച ആശ്വാസം ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നതിലേക്കാണ് നയിച്ചത്. ഇവ്വിധമുള്ള ഇടപെടലുകളിലൂടെയാണ് എല്ലാ ജാതി-മത ചിന്തകള്‍ക്കും അതീതമായി എല്‍ഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ച് നല്ല അഭിപ്രായം രൂപപ്പെടുത്തിയത്.

നടപ്പാക്കിയ ഭരണപരിഷ്കാരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഫലപ്രദമായി എത്തിക്കുന്നതിനും ഈ കാലഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. അതിന്റെ ഫലമായി ജനങ്ങള്‍ക്ക് വമ്പിച്ച നേട്ടം നല്‍കുന്ന ഈ സര്‍ക്കാരിനെ അധികാരത്തിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹം കൂടുതല്‍ ജനവിഭാഗങ്ങളില്‍ ഉയര്‍ന്നുവന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി എല്‍ഡിഎഫിനെ ജനങ്ങള്‍ വന്‍തോതില്‍ സഹായിക്കുന്ന നില രൂപപ്പെട്ടത്.

എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ തികഞ്ഞ ഐക്യത്തോടെയും സഹകരണത്തോടെയുമാണ് നേരിട്ടത്. വികസന മുന്നേറ്റ ജാഥയെ സ്വീകരിക്കാന്‍ കേരളത്തിലുടനീളം എത്തിയ വന്‍ജനാവലി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വര്‍ധിച്ച ജനപിന്തുണയാണ് വിളിച്ചോതിയത്. മറുവശത്ത് യുഡിഎഫ് ഒരു മുന്നണി എന്ന നിലയില്‍ കെട്ടുറപ്പോടെ പ്രവര്‍ത്തിക്കാന്‍പോലും പറ്റാത്ത നിലയിലാണുണ്ടായത്. കേരളാ കോണ്‍ഗ്രസ് എമ്മില്‍ ജോസഫ് ഗ്രൂപ്പ് ലയിച്ചതോടെ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി ആരാണ് എന്നതിനെ സംബന്ധിച്ച് തര്‍ക്കം ആദ്യഘട്ടത്തിലേ ഉയര്‍ന്നു. പ്രസ്താവനകളിലൂടെ യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മില്‍ ഒളിയമ്പുകള്‍ എയ്തു. സീറ്റ് ചര്‍ച്ച ആയപ്പോള്‍ ഈ തര്‍ക്കങ്ങള്‍ വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങി. ചിറ്റൂര്‍ സീറ്റിനെച്ചൊല്ലി സോഷ്യലിസ്റ്റ് ജനതയും കോണ്‍ഗ്രസും പരസ്യമായി പോര് നടത്തി. കേരളത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പുചരിത്രത്തില്‍ ഒരുപക്ഷേ ആദ്യമായി ഒരു മുന്നണിയിലെ ഘടകകക്ഷി തങ്ങള്‍ക്ക് നീക്കിവച്ച സീറ്റ് ആവശ്യമില്ലെന്ന് പ്രഖ്യാപിക്കുന്ന നിലയുമുണ്ടായി. സിഎംപിയും ജെഎസ്എസും സീറ്റ് ചര്‍ച്ചകളില്‍ യുഡിഎഫുമായി പിണങ്ങി. അന്തഃഛിദ്രങ്ങളുടെ കൂടാരമായി യുഡിഎഫ് മാറുന്നതാണ് ആ നാളുകളില്‍ കേരളം കണ്ടത്. ഇത് ആ മുന്നണിയില്‍നിന്ന് ഒരു വിഭാഗം ജനങ്ങളെ അകറ്റി. ഘടകകക്ഷികള്‍ തമ്മിലടിക്കുമ്പോള്‍തന്നെ യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിനകത്തും ഭിന്നത രൂക്ഷമായി.

ഡല്‍ഹിയില്‍ രമേശ് ചെന്നിത്തലയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ ഉമ്മന്‍ചാണ്ടി പരസ്യമായി ചെന്നിത്തലയ്ക്കെതിരെ രംഗത്തുവരുന്ന നിലയുണ്ടായി. മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള തര്‍ക്കം എന്ന നിലയില്‍ അത് വളര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന കെ കെ രാമചന്ദ്രന്‍ കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് നടന്ന അഴിമതിയെക്കുറിച്ച് പത്രസമ്മേളനം വിളിച്ച് തുറന്നടിച്ചു. ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയുമായി ബന്ധപ്പെട്ട് നല്‍കിയ കരാറിലൂടെ 256 കോടി രൂപയുടെ തട്ടിപ്പിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം കൊടുത്തുവെന്നാണ് ആരോപണമുണ്ടായത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതലയുള്ള മന്ത്രിയായിരുന്ന തന്നെ ക്രമവിരുദ്ധമായി ഒപ്പിടാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സമ്മര്‍ദം ചെലുത്തി എന്നാണ് അദ്ദേഹം പറഞ്ഞത്.

ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പുറത്തുവന്നത്. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരീ ഭര്‍ത്താവ് തന്നെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇത് മുസ്ലിംലീഗില്‍ കടുത്ത തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ എം കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷനാണ് സംപ്രേഷണംചെയ്തത്. അത് ലീഗില്‍ പ്രശ്നങ്ങള്‍ രൂപപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കാതിരിക്കാന്‍ ലീഗിനകത്ത് താല്‍ക്കാലിക ഒത്തുതീര്‍പ്പുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്തെന്നും മറ്റുമുള്ള കാര്യങ്ങള്‍ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് വെളിപ്പെട്ടത് യുഡിഎഫ് അധികാരം എങ്ങനെ ദുരുപയോഗിക്കുന്നു എന്നതിന്റെ തെളിവായാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചതോടെ യുഡിഎഫ് ഭരണം അഴിമതിയുടെ കൂത്തരങ്ങായിത്തീരുമെന്ന ചിന്ത ജനങ്ങളില്‍ പിന്നെയും ശക്തിപ്പെട്ടു.

ബാലകൃഷ്ണപിള്ള ജയിലിലായത് എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ പകപോക്കല്‍ നയംമൂലമാണെന്ന് വരുത്താന്‍ യുഡിഎഫ് ശ്രമിച്ചെങ്കിലും ജനങ്ങള്‍ അത്തരത്തില്‍ അതിനെ കാണാന്‍ തയ്യാറായില്ല. കൊട്ടാരക്കര മണ്ഡലത്തില്‍ ഉള്‍പ്പെടെ യുഡിഎഫിനുണ്ടായ പരാജയം അതാണ് തെളിയിക്കുന്നത്. യുഡിഎഫിനകത്തെ മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ സജീവമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് എല്‍ഡിഎഫിന് കഴിഞ്ഞു.

മുഖ്യമന്ത്രിയായിരുന്ന വി എസ് പങ്കെടുത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലികള്‍ ബഹുജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ മുഖ്യമന്ത്രിതന്നെ പൊതുവേദികളില്‍ ഉന്നയിച്ചപ്പോള്‍ പൊതുസമൂഹം ഗൗരവത്തോടെ ശ്രദ്ധിക്കുന്ന നിലയുണ്ടായി. ഇത്തരം പ്രചാരണങ്ങള്‍ എല്‍ഡിഎഫിന്റെ ബഹുജനപിന്തുണ വര്‍ധിക്കുന്നതിന് സഹായകമായിത്തീര്‍ന്നു.

ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന അഴിമതികളും നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാവിഷയമായി. 2-ജി സ്പെക്ട്രം, എസ് ബാന്‍ഡ്, ആദര്‍ശ് ഫ്ളാറ്റ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ അഴിമതിപ്രശ്നങ്ങള്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വികാരം ജനങ്ങളില്‍ സൃഷ്ടിച്ചു. ഈ ഘട്ടത്തിലാണ്, ഇടതുപക്ഷം നേരത്തെതന്നെ ഉന്നയിച്ചുപോരുന്ന ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ത്തി ഗാന്ധിയനായ അണ്ണാ ഹസാരെ ഡല്‍ഹിയില്‍ ഉപവാസ സമരം ആരംഭിച്ചത്. പ്രധാനമന്ത്രിയടക്കം പ്രതിക്കൂട്ടിലാകുന്ന തരത്തില്‍ അഴിമതി കൊടികുത്തിവാഴുകയാണ് രാജ്യത്ത് എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ നടന്ന ഇത്തരം സമരങ്ങള്‍ കോണ്‍ഗ്രസിനെതിരായ വികാരത്തെ ആളിക്കത്തിച്ചു.

ലോട്ടറിപ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല എന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് യുഡിഎഫ് നടത്തിയ പ്രചാരവേലയായിരുന്നു. എന്നാല്‍ , ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേന്ദ്രഗവണ്‍മെന്റ് നല്‍കിയ അഫിഡവിറ്റ് യുഡിഎഫ് പ്രചാരണത്തിന് വലിയ തിരിച്ചടിയായി. അക്ഷരാര്‍ഥത്തില്‍ യുഡിഎഫ് പ്രചാരണരംഗത്ത് പ്രതിരോധത്തിലായിരുന്നു. എന്നാല്‍ , അവരെ സംരക്ഷിച്ചുനിര്‍ത്തുന്നതിനുള്ള നിലപാടുകളാണ് പൊതുവില്‍ വലതുപക്ഷ മാധ്യമങ്ങള്‍ സ്വീകരിച്ചത്. യുഡിഎഫ് പ്രവര്‍ത്തകരുടെ സ്ക്വാഡുകള്‍ വീടുകളില്‍ പോയി വോട്ടര്‍മാരെ കാണുകയോ സംസാരിക്കുകയോ ചെയ്യുന്നില്ലെങ്കിലും ആ കുറവ് നിത്യേന തെറ്റായ പ്രചാരവേലയിലൂടെ നികത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇത്തരം മാധ്യമങ്ങള്‍ നടത്തി. എല്‍ഡിഎഫിനെതിരായ കല്ലുവച്ച നുണകളാല്‍ നിറഞ്ഞ പ്രചണ്ഡമായ പ്രചാരവേലകളാണ് മാധ്യമങ്ങളില്‍ ഒരു വിഭാഗം അഴിച്ചുവിട്ടത്.

വലിയ തോതിലുള്ള പണത്തിന്റെ കുത്തൊഴുക്ക് യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടായി. പല സ്ഥലങ്ങളിലും വന്‍തോതില്‍ മദ്യം ഒഴുക്കി വോട്ട് നേടുന്നതിനും യുഡിഎഫ് ശ്രമിച്ചു. പോളിങ്ങിന്റെ തലേദിവസം സംസ്ഥാനമാകെ അശ്ലീല പ്രസിദ്ധീകരണമായ "ക്രൈം" യുഡിഎഫ് വിതരണംചെയ്തു. ജനാധിപത്യപരമായ പ്രചാരണത്തെപ്പറ്റിയും ആശയപരമായ ചര്‍ച്ചയെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന യുഡിഎഫ് നേതാക്കള്‍ കാണിച്ച തരംതാണ ഈ നടപടി അവരുടെ നിലവാരത്തകര്‍ച്ചമാത്രമല്ല, എല്‍ഡിഎഫിനെതിരായി രാഷ്ട്രീയമായി അവര്‍ നിരായുധരായി എന്നും തെളിയിച്ചു. ഇതിനെയെല്ലാം മറികടന്ന് തത്വാധിഷ്ഠിതമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാണ് എല്‍ഡിഎഫ് പ്രചാരണരംഗത്ത് ഉറച്ചുനിന്നത്. രാഷ്ട്രീയമായി എല്‍ഡിഎഫിനെ നേരിടാനാവില്ലെന്ന് ബോധ്യപ്പെട്ടതോടെ ജാതി-മത ശക്തികളെ ആശ്രയിക്കുന്നതിനുള്ള നിലപാടിലേക്കും യുഡിഎഫ് നീങ്ങി.

പിണറായി വിജയന്‍ ദേശാഭിമാനി 270511

1 comment:

  1. പതിമൂന്നാം കേരളനിയമസഭാ തെരഞ്ഞെടുപ്പുഫലം വലതുപക്ഷ ശക്തികളെയും അവര്‍ക്കുവേണ്ടി പക്ഷം പിടിച്ച് പ്രചാരണം നടത്തിയവരെയും അത്ഭുതപ്പെടുത്തിയ ഒന്നായാണ് മാറിയത്. സാങ്കേതികമായി എല്‍ഡിഎഫിനേക്കാള്‍ സീറ്റ് യുഡിഎഫിനാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ മന്ത്രിസഭ രൂപീകരിക്കുന്നതിന് അവര്‍ക്ക് സാധ്യമാവുകയുംചെയ്തു. എന്നാല്‍ , രാഷ്ട്രീയമായി എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ കൂടുതല്‍ വിപുലപ്പെട്ടുവരുന്നു എന്നാണ് തെരഞ്ഞെടുപ്പുഫലം വിശകലനംചെയ്യുമ്പോള്‍ വ്യക്തമാകുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച വോട്ട് 41.95 ശതമാനമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും എല്‍ഡിഎഫ് വോട്ട്ശതമാനം 42.46 ആയി ഉയര്‍ന്നു. ഈ തെരഞ്ഞെടുപ്പില്‍ 45.13 ശതമാനം വോട്ട് നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. അതായത് 3.18 ശതമാനം വോട്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ ലഭിച്ചു. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള അന്തരം 1,55,571 വോട്ടിന്റേതു മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫിന് 72 സീറ്റും എല്‍ഡിഎഫിന് 68 സീറ്റും ലഭിച്ചത്.

    ReplyDelete