Tuesday, May 31, 2011

പാഠപുസ്തക പരിശോധന: അറിയിപ്പ് കിട്ടിയില്ലെന്ന് ബാബുപോള്‍

പത്താം ക്ലാസിലെ പരിഷ്കരിച്ച സാമൂഹ്യശാസ്ത്ര പുസ്തകം പരിശോധിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച പാഠപുസ്തക പരിശോധനാ കമ്മിറ്റിയില്‍നിന്ന് ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ പിന്മാറിയതോടെ കമ്മിറ്റിയില്‍ രണ്ടംഗങ്ങള്‍ മാത്രമായി. കത്തോലിക്കാസഭയെ അവഹേളിക്കുന്ന പാഠഭാഗമുണ്ടെന്ന കെസിബിസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാഠഭാഗം പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചത്. എം ജി എസ് നാരായണന് പുറമെ ഡി ബാബുപോള്‍ , മതശാസ്ത്രജ്ഞന്‍ പ്രൊഫ. റെയ്മോന്‍ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

എന്നാല്‍ , പാഠപുസ്തകം പരിശോധിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ജയിംസ് ഫോണില്‍ അറിയിച്ചതല്ലാതെ മറ്റു വിവരമൊന്നും ഇല്ലെന്ന് ഡോ. ഡി ബാബുപോള്‍ പറഞ്ഞു. കമ്മിറ്റി രൂപീകരിച്ചതായി ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ല. എം ജി എസ് കമ്മിറ്റിയോട് സഹകരിച്ചില്ലെങ്കിലും പുസ്തകം പരിശോധിച്ചശേഷം തന്റെ അഭിപ്രായം അദ്ദേഹവുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ സമ്മതമില്ലാതെയാണ് പാഠപുസ്തക കമ്മിറ്റിയില്‍ തന്നെ ഉള്‍പ്പെടുത്തിയതെന്ന് എം ജി എസ് നാരായണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മികച്ച ചരിത്രഗവേഷകരും അധ്യാപകരും ഉള്‍പ്പെട്ട പാഠപുസ്തക കമ്മിറ്റി തയ്യാറാക്കിയ പാഠപുസ്തകം പരിശോധിക്കാന്‍ അവരോളമെങ്കിലും ചരിത്രജ്ഞാനവും അധ്യാപന പരിചയവുമുള്ള ചരിത്രകാരന്‍ അധ്യക്ഷനായ സമിതിവേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പുസ്തകം പരിശോധിക്കാന്‍ മതപണ്ഡിതനെ നിയമിച്ചതില്‍ അക്കാദമിക് സമൂഹം വ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു.

ദേശാഭിമാനി 310511

2 comments:

  1. പത്താം ക്ലാസിലെ പരിഷ്കരിച്ച സാമൂഹ്യശാസ്ത്ര പുസ്തകം പരിശോധിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച പാഠപുസ്തക പരിശോധനാ കമ്മിറ്റിയില്‍നിന്ന് ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ പിന്മാറിയതോടെ കമ്മിറ്റിയില്‍ രണ്ടംഗങ്ങള്‍ മാത്രമായി. കത്തോലിക്കാസഭയെ അവഹേളിക്കുന്ന പാഠഭാഗമുണ്ടെന്ന കെസിബിസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാഠഭാഗം പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചത്. എം ജി എസ് നാരായണന് പുറമെ ഡി ബാബുപോള്‍ , മതശാസ്ത്രജ്ഞന്‍ പ്രൊഫ. റെയ്മോന്‍ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

    ReplyDelete
  2. കോളേജ് വിദ്യാഭ്യാസവകുപ്പില്‍ അഡീഷണല്‍ ഡയറക്ടര്‍ , ഡെപ്യൂട്ടി ഡയറക്ടര്‍ , പ്രിന്‍സിപ്പല്‍ ഒഴിവുകളും അധ്യാപക തസ്തിക ഒഴിവുകളും നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഉടന്‍ നികത്തണമെന്ന് എകെജിസിടി ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ജയകുമാര്‍ ആവശ്യപ്പെട്ടു. നിയമന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ എകെജിസിടി ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. മികച്ച ചരിത്രഗവേഷകരും അധ്യാപകരും ഉള്‍പ്പെട്ട പാഠപുസ്തക കമ്മിറ്റി രചിച്ച, പത്താംതരത്തിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തെച്ചൊല്ലി ഉയര്‍ന്നിട്ടുള്ള വിവാദങ്ങളെ ലാഘവബുദ്ധിയോടെ കണ്ട് ജാതിമതശക്തികളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തിലെ മതേതര സമതുലിതാവസ്ഥയെ അപകടപ്പെടുത്തുന്ന ഈ സമീപനം ഉപേക്ഷിക്കണം. വിദ്യാഭ്യാസമേഖലയിലേക്ക് സ്വകാര്യ കോര്‍പറേറ്റ് സംരംഭകരെ യഥേഷ്ടം സ്വാഗതം ചെയ്തുകൊണ്ടുള്ള വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന ആശങ്കാജനകവും പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുദ്ദേശിച്ചുള്ളതുമാണ്. വിദ്യാഭ്യാസമേഖലയെ ലാഭം കൊയ്യുന്നതിനുള്ള കച്ചവടമേഖലയാക്കി മൂലധനശക്തികള്‍ക്ക് കേരളത്തെ അടിയറവയ്ക്കാനുള്ള ഈ ശ്രമങ്ങളെ പ്രബുദ്ധകേരളം എതിര്‍ത്ത് തോല്‍പ്പിച്ച ചരിത്രമാണുള്ളതെന്നകാര്യം ബന്ധപ്പെട്ടവര്‍ വിസ്മരിക്കരുത്. ആരോഗ്യ വിദ്യാഭ്യാസമേഖലയില്‍ ഉന്നത നിലവാരത്തിലുള്ള ഗവേഷണവും അധ്യാപനവും ചികിത്സയും ഉറപ്പുവരുത്താനായി ഏര്‍പ്പെടുത്തിയ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനം എടുത്തുമാറ്റാനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete