സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്‍പര്യങ്ങളല്ല യു ഡി എഫിനെ നയിക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്നതാണ് മന്ത്രിസഭാ രൂപീകരണവും വകുപ്പുവിഭജനവുമായും ബന്ധപ്പെട്ട് നടക്കുന്ന തര്‍ക്കങ്ങള്‍. ഘടകകക്ഷികളെയും ഓരോ പാര്‍ട്ടിക്കകത്തെയും ഗ്രൂപ്പുകളെയും യു ഡി എഫിനെ പിന്തുണയ്ക്കുന്ന സാമുദായിക ശക്തികളെയുമെല്ലാം തൃപ്തിപ്പെടുത്തുക എളുപ്പമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. യു ഡി എഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം മന്ത്രിസഭ രൂപീകരണവും വകുപ്പുവിഭജനവും നല്ലൊരു ഹാസ്യനാടകമായാണ് ജനങ്ങള്‍ കാണാറുള്ളത്. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ്സിന് മുന്‍കാലങ്ങളില്‍ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍ണായകസ്ഥാനമുണ്ടായിരുന്നു.
ഇത്തവണ ചിത്രം വ്യത്യസ്തമാണ്. 140 ല്‍ 72 സീറ്റ് മാത്രമുള്ള യു ഡി എഫില്‍ നിര്‍ണായക ഘടകമായി മാറിയത് 20 സീറ്റുള്ള മുസ്‌ലിം ലീഗാണ്. ഇതിന്റെ ബലത്തിലുള്ള വിലപേശലാണ് ഇപ്പോള്‍ നടക്കുന്നത്. ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടലില്‍ ചില പിഴവുകളുണ്ടായെന്നത് ശരിയാണ്. മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റായ ഇ അഹമ്മദിന് കേന്ദ്രത്തില്‍ കാബിനറ്റ് പദവി ലഭിക്കാന്‍ സംസ്ഥാന മന്ത്രിസഭയിലെ പ്രാതിനിധ്യം നാലില്‍ പരിമിതപ്പെടുത്താന്‍ ലീഗ് നേതൃത്വം സമ്മതിക്കുകയായിരുന്നു. അഹമ്മദിന് കാബിനറ്റ് പദവി ലഭിക്കില്ലെന്ന് ബോധ്യമായതോടെയാണ് ലീഗ് അഞ്ചു മന്ത്രിമാരുടെ പേര് പരസ്യമായി പ്രഖ്യാപിച്ചത്. മുന്‍ ധാരണപ്രകാരമുള്ള നാലു സ്ഥാനങ്ങള്‍ മാത്രമേ നല്‍കൂ എന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെ ലീഗ് വെട്ടില്‍ വീണിരിക്കുകയാണ്. കോണ്‍ഗ്രസ്സും ലീഗും പ്രഖ്യാപിത നിലപാടുകളില്‍ ഉറച്ചുനിന്ന് യു ഡി എഫ് മന്ത്രിസഭയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് തുടങ്ങിയ സ്ഥാനങ്ങള്‍ പങ്കുവച്ച് ഒത്തുതീര്‍പ്പുണ്ടാകും. അധികാരം നിലനിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും ലീഗും കോണ്‍ഗ്രസ്സും തയാറാകും. നേരത്തെ പ്രഖ്യാപിച്ച നിലപാടുകള്‍ ഉപേക്ഷിക്കുകയും ചെയ്യും.
മന്ത്രിസ്ഥാനങ്ങള്‍ പങ്കുവയ്ക്കുന്നതിനെ ചുറ്റിപ്പറ്റി കോണ്‍ഗ്രസ്സിലും ലീഗിലും മാണി കേരള കോണ്‍ഗ്രസ്സിലും നടക്കുന്ന തര്‍ക്കങ്ങളും ഗ്രൂപ്പുപോരുകളും യു ഡി എഫിലെ പതിവു കലാപരിപാടിയായി തുടരുകയും ചെയ്യും. അതിലൊന്നും ജനങ്ങള്‍ക്ക് വലിയ താല്‍പര്യമില്ല.എന്നാല്‍ വകുപ്പുകള്‍ വീതംവച്ചതില്‍ കാണിച്ച ഗുരുതരമായ തെറ്റ് സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ തിരിച്ചടിയാകും. തദ്ദേശസ്വയംഭരണ വകുപ്പ് മൂന്നായി ഭാഗിച്ച് മൂന്നു മന്ത്രിമാര്‍ക്കായി വീതംവച്ചിരിക്കുകയാണ്.
അധികാരവികേന്ദ്രീകരണത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും രാജ്യത്തിനാകെ മാതൃകയാകാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഒട്ടേറെ ദേശീയ പുരസ്‌കാരങ്ങള്‍ ഈ രംഗങ്ങളില്‍ കേരളം നേടി. തദ്ദേശസ്വയംഭരണ-ഗ്രാമവികസന വകുപ്പുകളുടെ ഏകോപിച്ച പ്രവര്‍ത്തനമാണ് ഈ നേട്ടങ്ങള്‍ക്ക് നിദാനം. ഒരു മന്ത്രിയുടെ മേല്‍നോട്ടത്തില്‍ ഫലപ്രദമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ കേരളത്തിനു കഴിഞ്ഞു. കേരളം ഈ രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ വകുപ്പ് തുണ്ടങ്ങളായി വിഭജിക്കാന്‍ മുതിരില്ലായിരുന്നു. ഗ്രാമവികസനം കോണ്‍ഗ്രസിലെ കെ സി ജോസഫിനു നല്‍കിയപ്പോള്‍ നഗരവികസനവും പഞ്ചായത്തും മുസ്‌ലീംലീഗിനു നീക്കിവച്ചു. മുസ്‌ലീംലീഗാകട്ടെ നഗരവികസനത്തെയും പഞ്ചായത്തിനെയും രണ്ടു മന്ത്രിമാര്‍ക്കായി വീതംവച്ചു. നഗരവികസനം പി കെ കുഞ്ഞാലിക്കുട്ടിയുടെ പക്കലും പഞ്ചായത്ത് എം കെ മുനീറിനും. നഗരവികസനവും പഞ്ചായത്തും ഒരു വകുപ്പായി പ്രവര്‍ത്തിച്ചാല്‍ മാത്രമെ ഇന്നു നടക്കുന്ന വികസന പദ്ധതികള്‍ ഫലപ്രദമാവുകയുള്ളു. കേന്ദ്രസര്‍ക്കാരില്‍നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന സഹായം ഫലപ്രദമായി വിനിയോഗിക്കാന്‍ ഇതനിവാര്യമാണ്. നഗരവികസനത്തിന്റെ നിയന്ത്രണം കുഞ്ഞാലിക്കുട്ടി കയ്യടക്കിയതിന്റെ പിന്നില്‍ പല താല്‍പര്യങ്ങളും കാണും. അതു എന്തുതന്നെയായാലും ഇപ്പോഴത്തെ വിഭജനത്തിന്റെ ബലിയാടാവുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനമായിരിക്കുമെന്നതില്‍ സംശയമില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തംകാലില്‍ നില്‍ക്കാന്‍ കഴിയുംവിധം ജീവനക്കാരുടെയും സാങ്കേതികവിദഗ്ധരുടെയും കോമണ്‍ സര്‍വീസുണ്ടാക്കുന്നതുള്‍പ്പെടെയുള്ള പരിപാടികള്‍ തകര്‍ക്കപ്പെടും.
ഘടകകക്ഷികളുടെയും ഗ്രൂപ്പുകളുടെയും സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെട്ട് നടത്തുന്ന അശാസ്ത്രീയമായ പങ്കുവയ്പ്പുകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് അനുഭവം തെളിയിക്കും.
janayugom editorial 250511
മന്ത്രിസ്ഥാനങ്ങള്‍ പങ്കുവയ്ക്കുന്നതിനെ ചുറ്റിപ്പറ്റി കോണ്‍ഗ്രസ്സിലും ലീഗിലും മാണി കേരള കോണ്‍ഗ്രസ്സിലും നടക്കുന്ന തര്‍ക്കങ്ങളും ഗ്രൂപ്പുപോരുകളും യു ഡി എഫിലെ പതിവു കലാപരിപാടിയായി തുടരുകയും ചെയ്യും. അതിലൊന്നും ജനങ്ങള്‍ക്ക് വലിയ താല്‍പര്യമില്ല.എന്നാല്‍ വകുപ്പുകള്‍ വീതംവച്ചതില്‍ കാണിച്ച ഗുരുതരമായ തെറ്റ് സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ തിരിച്ചടിയാകും. തദ്ദേശസ്വയംഭരണ വകുപ്പ് മൂന്നായി ഭാഗിച്ച് മൂന്നു മന്ത്രിമാര്‍ക്കായി വീതംവച്ചിരിക്കുകയാണ്.
ReplyDelete