Wednesday, May 25, 2011

കുടുംബശ്രീയെ തകര്‍ക്കുന്നു; ഉല്‍പ്പാദനമേഖലയ്ക്ക് തിരിച്ചടി

സ്ത്രീശാക്തീകരണത്തിലൂടെ സംസ്ഥാനത്തെ ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ നിര്‍ണായകശക്തിയായി മാറിയ കുടുംബശ്രീ മിഷനെ തകര്‍ക്കാന്‍ നീക്കം. കേന്ദ്രത്തില്‍നിന്ന് വരുന്ന കോടികളുടെ ദാരിദ്ര്യനിര്‍മാര്‍ജന ഫണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ജനശ്രീവഴി തിരിച്ചുവിടാനാണ് നീക്കം. തദ്ദേശവകുപ്പിനെ വിഭജിച്ച് രൂപീകരിച്ച ഗ്രാമവികസനവകുപ്പ് കോണ്‍ഗ്രസ് പിടിച്ചെടുത്ത് ജനശ്രീയുമായി ഏറെ ബന്ധമുള്ള കെ സി ജോസഫിനെ മന്ത്രിയാക്കുകയും ചെയ്തത് ഈ ലക്ഷ്യത്തോടെയാണ്. എം എം ഹസ്സന്‍ ചെയര്‍മാനായ ജനശ്രീ സുസ്ഥിര നഗരവികസന മിഷന് കേരളത്തില്‍ വേരൂന്നാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഭരണം ഉപയോഗിച്ച് ജനശ്രീയെ ശക്തിപ്പെടുത്താന്‍ നീക്കമാരംഭിച്ചത്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കുന്ന കുടുംബശ്രീ മിഷനെ ദുര്‍ബലപ്പെടുത്തലാണ് ഇതിന്റെ ആദ്യപടി. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിലവില്‍വന്ന കുടുംബശ്രീ സംവിധാനത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ മാറ്റംവരുത്തിയിരുന്നില്ല. തദ്ദേശവകുപ്പിനെ വെട്ടിമുറിക്കുന്നത് കുടുംബശ്രീയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാക്കും. തദ്ദേശമന്ത്രിയുടെ അധ്യക്ഷതയിലുള്ളതാണ് കുടുംബശ്രീയുടെ നിര്‍വാഹകസമിതി. പുതിയ സാഹചര്യത്തില്‍ സമിതി ഏതു മന്ത്രിയുടെ അധ്യക്ഷതയിലായിരിക്കുമെന്ന് വ്യക്തമല്ല.

ജില്ലാ മിഷനുകളാണ് നഗര- ഗ്രാമ വ്യത്യാസമില്ലാതെ കുടുംബശ്രീയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. പഞ്ചായത്തുകളും നഗരസഭകളും വ്യത്യസ്ത വകുപ്പുകളുടെ കീഴിലാകുന്നതോടെ പദ്ധതിനിര്‍വഹണം അവതാളത്തിലാകും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി, സ്വര്‍ണജയന്തി സ്വറോസ്ഗാര്‍ യോജന, പുതുതായി നിലവില്‍വന്ന നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍ തുടങ്ങിയ കേന്ദ്രപദ്ധതികളിലൂടെ കോടിക്കണക്കിന് ഫണ്ടാണ് പ്രതിവര്‍ഷം കേരളത്തില്‍ എത്തുക. കുടുംബശ്രീ മിഷനാണ് ഇവയുടെ നടത്തിപ്പില്‍ പ്രധാന പങ്കുവഹിക്കുന്നത്. ഈ സംവിധാനം അട്ടിമറിച്ച് സര്‍ക്കാരിതര സംഘടനകള്‍വഴി പദ്ധതി നടപ്പാക്കാണ് നീക്കം. ഇതോടെ പദ്ധതിനടത്തിപ്പിന്റെ സുതാര്യത നഷ്ടപ്പെടും.

ദേശീയ തൊഴിലുറപ്പുപദ്ധതിയില്‍മാത്രം ഈ വര്‍ഷം 1100 കോടിയുടെ പദ്ധതിയാണ് കേരളത്തില്‍ നടപ്പാക്കുന്നത്. തൊഴിലുകള്‍ കണ്ടെത്തല്‍ , ലേബര്‍ ബജറ്റ് തയ്യാറാക്കല്‍ എന്നിവയ്ക്കുപുറമെ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന "മേറ്റ്" തസ്തിക നികത്തുന്നതും കുടുംബശ്രീയാണ്. കേന്ദ്രഭരണത്തിലെ സ്വാധീനം ഉപയോഗിച്ച് ജനശ്രീ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കാന്‍ മുമ്പും കോണ്‍ഗ്രസ് നേതാക്കള്‍ ബാങ്കുകളുടെമേല്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ഇത് ശക്തമാകും. ഇത് 1400 കോടിയോളം ബാങ്ക് വായ്പയെടുത്തിട്ടുള്ള കുടുംബശ്രീയുടെ തിരിച്ചടയ്ക്കല്‍ശേഷിയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ നടപ്പാക്കുന്ന സൂക്ഷ്മവായ്പകളെയും ബാധിക്കും. തരിശുഭൂമിയില്‍ കൃഷിയിറക്കിയും മറ്റും കുടുംബശ്രീ കാര്‍ഷികമേഖലയില്‍ നടത്തിയ ഇടപെടലുകള്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിനൊപ്പം സംസ്ഥാനത്ത് നെല്ലിന്റെയും പച്ചക്കറിയുടെയും ഉല്‍പ്പാദനത്തില്‍ വന്‍ കുതിപ്പ് സൃഷ്ടിച്ചിരുന്നു. ദേശീയതലത്തില്‍തന്നെ പ്രകീര്‍ത്തിച്ച ഈ നേട്ടങ്ങള്‍ ഇല്ലാതാകുന്നത് സംസ്ഥാനത്തെ ഉല്‍പ്പാദനമേഖലയ്ക്കാകെ തിരിച്ചടിയാകും.
(ആര്‍ സാംബന്‍)

deshabhimani 250511

1 comment:

  1. സ്ത്രീശാക്തീകരണത്തിലൂടെ സംസ്ഥാനത്തെ ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ നിര്‍ണായകശക്തിയായി മാറിയ കുടുംബശ്രീ മിഷനെ തകര്‍ക്കാന്‍ നീക്കം. കേന്ദ്രത്തില്‍നിന്ന് വരുന്ന കോടികളുടെ ദാരിദ്ര്യനിര്‍മാര്‍ജന ഫണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ജനശ്രീവഴി തിരിച്ചുവിടാനാണ് നീക്കം. തദ്ദേശവകുപ്പിനെ വിഭജിച്ച് രൂപീകരിച്ച ഗ്രാമവികസനവകുപ്പ് കോണ്‍ഗ്രസ് പിടിച്ചെടുത്ത് ജനശ്രീയുമായി ഏറെ ബന്ധമുള്ള കെ സി ജോസഫിനെ മന്ത്രിയാക്കുകയും ചെയ്തത് ഈ ലക്ഷ്യത്തോടെയാണ്. എം എം ഹസ്സന്‍ ചെയര്‍മാനായ ജനശ്രീ സുസ്ഥിര നഗരവികസന മിഷന് കേരളത്തില്‍ വേരൂന്നാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഭരണം ഉപയോഗിച്ച് ജനശ്രീയെ ശക്തിപ്പെടുത്താന്‍ നീക്കമാരംഭിച്ചത്.

    ReplyDelete