Sunday, May 29, 2011

അലിന്‍ഡ് കൈക്കലാക്കാന്‍ സോമാനി ഗ്രൂപ്പ്

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ അലൂമിനിയം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (അലിന്‍ഡ്) കൈക്കലാക്കാന്‍ ഡല്‍ഹി ആസ്ഥാനമായ സോമാനി ഗ്രൂപ്പിന്റെ ഇടനിലക്കാര്‍ രംഗത്ത്. ഭരണ നേതൃത്വത്തിലുള്ളവര്‍ക്ക് ശതകോടികളുടെ വാഗ്ദാനമാണ് നല്‍കുന്നത്. ഇതിന്റെ മുന്നോടിയായി കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയെ കൈക്കലാക്കാന്‍ ശ്രമം തുടങ്ങി. അലിന്‍ഡിന്റെ മാന്നാര്‍ യൂണിറ്റിലെ ടെക്നിഷ്യന്‍ നിയമനം പൂര്‍ണമായും ഐഎന്‍ടിയുസി യൂണിയന്‍ നല്‍കിയ പട്ടികയില്‍നിന്ന് നടത്തി.

ഉരുക്ക്, ഊര്‍ജം, എന്‍ജിനിയറിങ് മേഖലയ്ക്കൊപ്പം റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം തുടങ്ങാന്‍ തീരുമാനിച്ച സോമാനി ഗ്രൂപ്പ് കുണ്ടറ, തിരുവനന്തപുരം, മാന്നാര്‍ , ഹൈദരാബാദ്, ഹിരാക്കുഡ്, കൊച്ചി എന്നിവടങ്ങളിലായി അലിന്‍ഡിനുള്ള 273.22 ഏക്കര്‍ ഭൂമി കൈക്കലാക്കാനാണ് ശ്രമിക്കുന്നത്. ഇതില്‍ 107.59 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ അലിന്‍ഡിന് പാട്ടത്തിന് നല്‍കിയതാണ്. ആസ്ഥാനം സ്ഥിതിചെയ്യുന്ന കുണ്ടറയില്‍ പാട്ടഭൂമിയായ 62.91 എക്കര്‍ ഉള്‍പ്പെടെ 63.31 ഏക്കര്‍ ഭൂമി അലിന്‍ഡിനുണ്ട്. തിരുവനന്തപുരത്ത് 3.50 ഏക്കര്‍ , മാന്നാറില്‍ 46.77 എക്കര്‍ , ഹൈദരാബാദില്‍ 98 എക്കര്‍ , ഹിരാക്കുഡില്‍ 44.68 ഏക്കര്‍ പാട്ടഭൂമി ഉള്‍പ്പെടെ 61.37 ഏക്കര്‍ , കൊച്ചിയില്‍ 26.75 സെന്റ് എന്നിങ്ങനെയാണ് അലിന്‍ഡിന്റെ ഭൂസ്വത്ത്. ഇതിന്റെ മതിപ്പുവില 1500 കോടി കവിയും.

പ്രധാന നഗരങ്ങളിലെ നിര്‍ണായക മേഖലയിലുള്ള ഭൂസ്വത്ത് കൈക്കലാക്കാന്‍ സോമാനി ഗ്രൂപ്പ് ഏറെ നാളായി ശ്രമിക്കുന്നു. ഗ്രൂപ്പിലെ കമ്പനിയായ പാരിജാത് ഗ്രൂപ്പിനെ അലിന്‍ഡിന്റെ പുനരുദ്ധാരണ പദ്ധതിയുടെ പ്രെമോട്ടാറാക്കിയാണ് ശ്രമം ആരംഭിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇവര്‍ക്കുവേണ്ടി ചില ഇടനിലക്കാര്‍ രംഗത്തെത്തിയിരുന്നു. വമ്പന്‍ വാഗ്ദാനങ്ങള്‍ നിരത്തിയവര്‍ക്കുമുന്നില്‍ പുനരുദ്ധരിക്കപ്പെടുന്ന കമ്പനിയുടെ 26 ശതമാനം ഓഹരി പങ്കാളിത്തമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കമ്പനിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ബോര്‍ഡ് ഓഫ് ഇന്‍ഡസ്ട്രീയല്‍ ഫിനാന്‍ഷ്യല്‍ റീകണ്‍സ്ട്രകഷന്‍ , അപ്പലേറ്റ് അതോറിട്ടി ഓഫ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ റീകണ്‍സ്ട്രക്ഷന്‍ തുടങ്ങി ട്രിബ്യൂണലുകള്‍ക്ക് മുന്നില്‍ വ്യവഹാരങ്ങള്‍ ഉന്നയിച്ച സോമാനി ഗ്രൂപ്പ് ഭരണമാറ്റത്തെ തുടര്‍ന്ന് വീണ്ടും രംഗത്തെത്തിയതിനുപിന്നില്‍ ലക്ഷ്യം വ്യക്തം.

അലിന്‍ഡിലെ തൊഴിലാളി സംഘടനകളെ വശത്താക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയായ അലിന്‍ഡ് എംപ്ലോയീസ് അസോസിയേഷന്റെ നേതാക്കളെ കയ്യിലെടുക്കുന്നത്. സംഘടനയുടെ നേതാക്കള്‍ ഇരുവരും കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗങ്ങളൊണെന്നതും കാര്യം എളുപ്പമാക്കി. ജീവനക്കാരെ തങ്ങളുടെ വരുതിയിലാക്കാന്‍ ശക്തി തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് സംഘടനാ നേതാക്കള്‍ സോമാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാന്നാര്‍ യൂണിറ്റില്‍ ആറ് ടെക്നീഷ്യന്‍മാരെ നിയമിക്കാന്‍ അലിന്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ നല്‍കിയ പട്ടിക അംഗീകരിച്ചത്. നിയമനം നല്‍കുന്നവര്‍ക്കൊപ്പം, മറ്റ് ജീവനക്കാരോടും കാര്യങ്ങള്‍ നടക്കണമെങ്കില്‍ അസോസിയേഷനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കമ്പനിയുടെ സ്വത്ത് കൈയ്യടക്കാനുള്ള സോമാനി ഗ്രൂപ്പിന്റെ ശ്രമങ്ങളെ തടയാന്‍ മുന്‍കാലങ്ങളിലെല്ലാം സംഘടനാ വ്യത്യാസമില്ലാതെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി രംഗത്തുണ്ടായിരുന്നു. ഇതാണ് കച്ചവടതാല്‍പര്യക്കാരെ വലയ്ക്കുന്ന പ്രധാന പ്രശ്നം.
(ജി രാജേഷ്കുമാര്‍)

ദേശാഭിമാനി 290511

1 comment:

  1. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ അലൂമിനിയം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (അലിന്‍ഡ്) കൈക്കലാക്കാന്‍ ഡല്‍ഹി ആസ്ഥാനമായ സോമാനി ഗ്രൂപ്പിന്റെ ഇടനിലക്കാര്‍ രംഗത്ത്. ഭരണ നേതൃത്വത്തിലുള്ളവര്‍ക്ക് ശതകോടികളുടെ വാഗ്ദാനമാണ് നല്‍കുന്നത്. ഇതിന്റെ മുന്നോടിയായി കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയെ കൈക്കലാക്കാന്‍ ശ്രമം തുടങ്ങി. അലിന്‍ഡിന്റെ മാന്നാര്‍ യൂണിറ്റിലെ ടെക്നിഷ്യന്‍ നിയമനം പൂര്‍ണമായും ഐഎന്‍ടിയുസി യൂണിയന്‍ നല്‍കിയ പട്ടികയില്‍നിന്ന് നടത്തി.

    ReplyDelete